Image

ആഗ്രഹങ്ങള്‍ ബാക്കിയാക്കി റെജി ചെറിയാന്റെ വിടവാങ്ങല്‍ (അനില്‍ പെണ്ണുക്കര)

Published on 13 September, 2019
ആഗ്രഹങ്ങള്‍ ബാക്കിയാക്കി റെജി ചെറിയാന്റെ വിടവാങ്ങല്‍ (അനില്‍ പെണ്ണുക്കര)
അനുശോചനങ്ങള്‍ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുന്ന ഒരു വാട്‌സ് ആപ് ഗ്രൂപ്പ്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം നാലേമുക്കാലിന് ഫോമായുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് രൂപം കൊടുത്ത വാട്‌സ് ആപ് കൂട്ടായ്മ. ഒരു പക്ഷെ ഒരാളിന്റെ മരണത്തില്‍ അനുശോചിക്കുവാനും വിഷമങ്ങള്‍ പങ്കുവയ്ക്കുവാനും രൂപം കൊടുത്ത ഗ്രൂപ്പില്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുന്ന ബീപ്പ് ശബ്ദം ഇന്ന് അന്തരിച്ച ഫോമാ നേതാവ് റെജി ചെറിയാനെക്കുറിച്ചുള്ള ഓരോ കുറിപ്പുകള്‍ ആണ്. അദ്ദേഹത്തെ അടുത്തറിയുന്ന ഓരോ ആളിനെയും ഉള്ളു പിടഞ്ഞ നിമിഷങ്ങള്‍.

Tribute  to Regi Cherian എന്ന ഗ്രൂപ്പിലേക്കയക്കുന്ന സന്ദേശങ്ങള്‍ ഓരോന്നും ഹൃദയം നോവാതെ ആര്‍ക്കും വായിക്കാനാവില്ല. തുടരെ തുടരെ വരുന്ന ബീപ്പ് ശബ്ദമാണ് ഫോണിലേക്ക് എന്നെയും കണ്ണോടിപ്പിച്ചത്. കുറെ സമയത്തേക്ക് തരിച്ചിരുന്ന നിമിഷങ്ങള്‍. വിശ്വസിക്കാനാവാത്ത ഒരു വാര്‍ത്ത. പല മരണ വാര്‍ത്തകളും അങ്ങനെ തന്നെയാണ്.ആദ്യം വിശ്വസിക്കില്ല. അല്പം കഴിഞ്ഞു നമ്മള്‍ അതുമായി പൊരുത്തപ്പെടും. പക്ഷെ ഈ മരണ വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ ഒട്ടും സാധിക്കുന്നില്ല.

ഒരാഴ്ച മുന്‍പും മെസഞ്ചറില്‍സംസാരിച്ചു പോയ ആള്‍. അടുത്ത ഫോമാ ഇലക്ഷന് മത്സരിക്കണം. കഴിഞ്ഞ തവണ ഉണ്ടായ പരാജയം ഒക്കെ സംസാരിച്ചു. ആഗ്രഹങ്ങള്‍ അത്ര വലുതൊന്നും ആയിരുന്നില്ല അദ്ദേഹത്തെ സംബന്ധിച്ച്. അടുത്ത ഇലക്ഷന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്ന ഒരാള്‍.
പക്ഷെ ഇത്ര പെട്ടന്ന് ...
ഒട്ടും പ്രതീക്ഷിക്കാതെ ..
മനസിനെ നൊമ്പരപ്പെടുത്തിയ ഒരു വിയോഗം .
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു എല്ലാവരും പറയും.

പക്ഷെ ഈ മരണം ഒരു വല്ലാത്ത ശൂന്യത അവശേഷിപ്പിക്കുന്നു നമ്മുടെയെല്ലാം മനസില്‍. ഒരു മരണത്തിനു മുന്നില്‍ അമ്പരന്നു നില്‍ക്കുന്ന കുറെ ചങ്ങാതിമാര്‍. അവരെല്ലാം ഒന്നും സംസാരിക്കാതെ അങ്ങനെ ..ആ ഓര്‍മ്മയില്‍ ..

ഫേസ് ബുക്കില്‍ പല രാഷ്ട്രീയ പോസ്റ്റുകള്‍ക്കും റെജി ചെറിയാന്‍ നല്‍കുന്ന മറുപടികള്‍ വളരെ ശ്രദ്ധേയമായിരുന്നു. മുള്ളും മുനയുമൊക്കെ വച്ചെഴുതുന്ന മറുപടികള്‍. കഴിഞ്ഞ ഫോമാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം കുറച്ചുകാലത്തേക്ക് മൗനം. വീണ്ടും സജീവമായി ഫോമയുടെ അടുത്ത ഭരണ സമിതിയുടെ അമരത്തേക്ക് വരാന്‍ ആഗ്രഹം. ആഗ്രഹമാകട്ടെ അദ്ദേഹംഒട്ടും മറച്ചു വച്ചതുമില്ല. എന്തുകൊണ്ടും അതിനെല്ലാം അര്‍ഹതയുള്ളഒരാള്‍. മികച്ചസംഘാടകന്‍. സഹൃദയന്‍ ...

പക്ഷെ മരണം വന്ന് ഇന്ന് അദ്ദേഹത്തോട് പറഞ്ഞു .
വരൂ പോകാം ....
അദ്ദേഹം പോയി ....
നമ്മളൊക്കെ ഒരിക്കല്‍ ചെല്ലുന്ന ഒരു ലോകത്തേക്ക് ...അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു ഇടങ്ങളെ കുറിച്ച് നമ്മളെല്ലാം എഴുതുന്നു, പറയുന്നു, വിതുമ്പുന്നു ....

വിട ..
ഇനി അങ്ങനെ ഒരു കോളില്ല...
മെസഞ്ചറില്ല..
കുറിക്കുകൊള്ളുന്നമറുപടിയുമായി ഫേസ് ബുക്കുമില്ല ...
പക്ഷെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഉണ്ടാക്കിയ വാട്‌സ് ആപ് ഗ്രൂപ് ഇപ്പോഴും ബീപ്പ് ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു ...
ആരും ആ ഷോക്കില്‍ നിന്നും മുക്തരായിട്ടില്ല ...
പലര്‍ക്കും ഈ നിമിഷം വരെ ഈ മരണം ഉള്‍ക്കൊള്ളാനുമായിട്ടില്ല ..

എന്തെല്ലാം ഓര്‍മ്മകളാണ്
മരിച്ചു പോയ മനുഷ്യരെക്കുറിച്ചു നമ്മള്‍ പങ്കുവയ്ക്കുന്നുന്നത് ...
ആഗ്രഹങ്ങള്‍ ബാക്കിയാക്കി വിട്ടുപോയ മനുഷ്യരെക്കുറിച്ചു കാലം ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ...

റെജി ചെറിയാന് ഇ-മലയാളിയുടെ ആദരാഞ്ജലികള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക