Image

പരസ്യബോര്‍ഡ് വീണ് അപകടം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Published on 14 September, 2019
പരസ്യബോര്‍ഡ് വീണ് അപകടം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ചെന്നൈ: പാര്‍ട്ടി പരസ്യബോര്‍ഡ്  ഇളകിവീണ് സ്കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. പൊതുസ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017ല്‍ ഉത്തരവിറക്കിയിട്ടും അത് പാലിക്കാത്തതിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം ബോര്‍ഡുകള്‍ ഇനി എത്രപേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. കഴിഞ്ഞദിവസം മരണപ്പെട്ട ശുഭശ്രീയുടെ കുടുംബത്തിന് താത്കാലിക നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ഈ തുക നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എം.സത്യനാരായണനും എന്‍. ശേഷയ്യയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ ഒരു പ്രസ്താവനയെങ്കിലും പുറത്തിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായോ എന്നും കോടതി ചോദിച്ചു. രാജ്യത്ത് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ല, ഇനിയും റോഡുകളില്‍ പെയിന്റടിക്കാന്‍ സര്‍ക്കാരിന് എത്ര ലിറ്റര്‍ ചോരയാണ് വേണ്ടതെന്നും ഇത് ഉദ്യോഗസ്ഥരുടെ തികഞ്ഞ ഉദാസീനതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് എ.ഐ.എ.ഡി.എം.കെ.യുടെ ഹോര്‍ഡിങ് ഇളകിവീണാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍നിന്ന് താഴെവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ശുഭശ്രീ തല്‍ക്ഷണം മരിച്ചു. എ.ഐ.എ.ഡി.എം.കെ. നേതാവിന്റെ വീട്ടിലെ വിവാഹത്തോടനുബന്ധിച്ചാണ് റോഡിലെ ഡിവൈഡറുകളില്‍ ഹോര്‍ഡിങുകള്‍ സ്ഥാപിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക