Image

'നീലപ്പെണ്‍കുട്ടി'യുടെ ആത്മഹത്യ: പ്രതിക്ഷേധം ഇരമ്പുന്നു

Published on 15 September, 2019
'നീലപ്പെണ്‍കുട്ടി'യുടെ ആത്മഹത്യ: പ്രതിക്ഷേധം ഇരമ്പുന്നു
ടെഹ്‌റാന്‍ : ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വനിതകള്‍ക്കു വിലക്കുള്ളതിനാല്‍ ആണ്‍വേഷം ധരിച്ചെത്തി അറസ്റ്റിലായ സഹര്‍ ഖുദൈരിയുടെ ആത്മഹത്യയ്ക്കു പിന്നാലെ, അവളുടെ 'കുറ്റസമ്മതം' പുറത്തുവിട്ട് ഇറാന്‍ അധികൃതര്‍.

വിലക്കു ലംഘിച്ചു കളി കാണാനെത്തിയ പെണ്‍കുട്ടി, ചോദ്യം ചെയ്യലില്‍ തെറ്റു സമ്മതിച്ചിരുന്നതായാണ് അധികൃതര്‍ പറയുന്നത്. വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാല്‍ ശിക്ഷ വിധിച്ചിരുന്നില്ലെന്നും അറിയിച്ചു. 6 മാസം ജയിലില്‍ കഴിയേണ്ടിവരുമെന്ന് സഹറിനോട് അധികൃതര്‍ പറഞ്ഞിരുന്നെന്ന വാര്‍ത്തകളും നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കോടതിക്കു പുറത്ത് സഹര്‍ പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ മരിച്ചു. നീല ജഴ്‌സി അണിയുന്ന ഇസ്തിഗ്‌ലാല്‍ ടീമിന്റെ ആരാധിക ആയിരുന്നതിനാലാണു സഹര്‍ 'നീലപ്പെണ്‍കുട്ടി' എന്നറിയപ്പെട്ടത്.

സഹറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇറാനിലെ സ്ത്രീസമത്വത്തിനു വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ഫിഫ ഇടപെടണമെന്നും ഇറാന് വിലക്കേര്‍പ്പെടുത്തണമെന്നും വരെ ആവശ്യമുയര്‍ന്നിട്ടുണ്ട്.  1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമാണ് സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.

'നീലപ്പെണ്‍കുട്ടി'യുടെ ആത്മഹത്യ: പ്രതിക്ഷേധം ഇരമ്പുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക