Image

അല്‍ഷൈമേഴ്‌സ് (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 21 September, 2019
അല്‍ഷൈമേഴ്‌സ് (രമ പ്രസന്ന പിഷാരടി)
ഓര്‍മ്മകള്‍ യാത്രയാകുന്ന തീരങ്ങളില്‍
ഓര്‍മ്മപ്പിശകുമായെത്തുന്നു അല്‍ഷൈമേഴ്‌സ്
തീര്‍ഥയാത്രയ്ക്ക് പോകും വഴിയങ്ങനെ
മാത്രകളല്ലാം  മറന്നു പോകുന്നുവോ
മസ്തിഷ്‌ക്കകത്തി ഞാറ്റുവേലക്കിളി
മൗനത്തിലേയ്ക്ക് നടന്നു പോകുന്നുവോ
ആകുലതന്തുക്കളില്‍ അമലോയ്ഡിന്‍
ആധിക്യമെന്ന് ശാസ്ത്രം പറയുന്നുവോ
മഞ്ഞള്‍ത്തരിയ്ക്കുമാ ബ്രഹ്മിയ്ക്കുമപ്പുറം
ബ്രഹ്മാണ്ഡമാകെ പുകഞ്ഞു നീറുന്നുവോ
ഒരോ മരുന്നിന്‍ കടുത്ത ഗന്ധത്തിലും
ഓര്‍മ്മകള്‍ ആകുലപ്പെട്ട് നില്‍ക്കുന്നുവോ
നിര്‍ണ്ണയം തേടും ശിരോരേഖകള്‍ക്കുള്ളില്‍
നിസ്സംഗമൗനം  തപസ്സു   ചെയ്യുന്നുവോ
പേരു     മറന്നോരു ഗോപുരസ്തൂപത്തില്‍
പോരിലോ  ഓര്‍മ്മതന്‍ തൂവെണ്‍പിറാവുകള്‍
അര്‍ഥം മറക്കും ശിരസ്സിന്റെ വേദിയില്‍
നൃത്തമാടുന്നുവോ കോലങ്ങള്‍ തെയ്യങ്ങള്‍
നിത്യവുമോരോ പുലരിയ്ക്കുമപ്പുറം
ചക്രവാളം കാണുമസ്തമയം പോലെ
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ മായും വിശാലമാം
ഭൂപടം  നീര്‍ത്തും   മനസ്സിന്റെ   പക്ഷികള്‍
ധ്യാനം  ശിരസ്സിന്‍  മഹാധ്യാനഭാവത്തിലീണം
മറന്നോരുടുക്കുകള്‍, വാക്കുകള്‍..
ഓര്‍മ്മകള്‍ യാത്രയാകുന്ന തീരങ്ങളില്‍
ഓര്‍മ്മപ്പിശകുമായെത്തുന്നു അല്‍ഷൈമേഴ്‌സ്
ഓര്‍മ്മയില്‍   നിന്നോര്‍മ്മ  മാഞ്ഞുപോയീടുന്ന
പ്രാണന്റെയോരോ  നിഗൂഢാര്‍ദ്രനോവുകള്‍....

Join WhatsApp News
P R G 2019-09-21 10:08:38
തലച്ചോറിനെ താളംതെറ്റിച്ച് ഓർമ്മകൾ മറവിയുടെ മാറാലകെട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥ.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക