ഇട്ടിമാണിയിലെ ലാലേട്ടന്റെ മാര്‍ഗംകളിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വൈറല്‍ഹിറ്റ്. ഈ ചുവടുകള്‍ക്ക് ചുണ്ടനക്കിയത് ഒരു പുതുമുഖ ഗായികയാണ്, വടകരക്കാരി ദേവിക സൂര്യപ്രകാശ്. ദേവിക ഷാര്‍ജയിലെ ഔവ്വര്‍ ഓണ്‍ ഇംഗഌഷ് മീഡിയം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
ഇട്ടിമാണിയുടെ ഓഡിയോ ടെസ്റ്റിനായി ദേവിക കൊച്ചിയിലെത്തിയത് സ്‌കൂളില്‍ അവധിയെടുത്തുകൊണ്ട്. ദുബായില്‍ നടന്ന നിരവധി സംഗീത മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുകയും എണ്ണമറ്റ പുരസ്‌കാരങ്ങളും കീര്‍ത്തിപത്രങ്ങളും ഇതിനകം കരസ്ഥമാക്കാന്‍ ഭാഗ്യം സിദ്ധിച്ച ദേവിക ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകന്‍ ശങ്കര്‍ മഹാദേവനൊപ്പം ഗായികയായി ഇട്ടിമാണിയില്‍ പാട്ടുപാടാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പറയുന്നു. ഇതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ ദേവിക പറയും, 'എല്ലാം ഈശ്വര നിശ്ചയം'.
ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കിയ സംവിധായകരായ ജിബി, ജോജു എന്നിവരെ ദേവിക കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ബിജു നാരായണന്‍, ജി വേണുഗോപാല്‍, ജാസിഗിഫ്‌റ് തുടങ്ങിയ പ്രമുഖ ഗായകര്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ച ദേവികയുടേതായി ഇരുപതിലേറെ ആല്‍ബങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ദേവിക സൂര്യപ്രകാശ് എന്ന യുട്യൂബ് ചാനലില്‍ ആയിരങ്ങളാണ് ഇപ്പോള്‍ ഫോളോവേഴ്‌സ് ആയുള്ളത്.
ദുബായിയിലെ ബിസിനസ്സുകാരനും പ്രവാസി വെല്‍ഫെയര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി എംപി സൂര്യപ്രകാശ്, റിഷില ദമ്പതിമാരുടെ മകളാണ് ഈ അനുഗ്രഹീത കലാകാരി. ഇതേ ചിത്രത്തില്‍ തന്നെ ഗായകന്‍ നജീം അര്‍ഷാദിന്റെ കൂടെ മറ്റൊരു ഗാനവും കൂടി ദേവികയുടേതായുണ്ട്. തുടക്കത്തില്‍ത്തന്നെ ഒരേ ചിത്രത്തില്‍ ഫാസ്‌റ് സോങ്ങും മെലഡിയും പാടാന്‍ അവസരം ലഭിച്ച ആഹഌദത്തിമിര്‍പ്പിലും വിനയാന്വിതയാണ് ഈശ്വര വിശ്വാസിയായ ഈ കൊച്ചുമിടുക്കി.
സംഗീതത്തില്‍ ബാബുകൊട്ടാരക്കര, രഘുനാഥ് കണ്ണൂര്‍ എന്നിവരാണ് ദേവികയുടെ ഗുരുക്കന്മാര്‍. ഇപ്പോള്‍ രഘുനാഥ് കണ്ണൂരിന്റെ ശിക്ഷണത്തില്‍ കര്‍ണ്ണാടക സംഗീത പഠനം തുടരുന്നു. ആശിര്‍വ്വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ദേവികയുടെ ഗാനാലാപനം ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞു. ദേവിക നാട്ടിലെത്തുമ്പോള്‍ ഊഷ്മളമായ വരവേല്‍പ്പുനല്‍കാനുള്ള ഒരുക്കത്തിലാണ് സ്വന്തം നാട്ടുകാരായ കടത്തനാട്ടിലെ കലാസ്വാദകരും കലാസാംസ്‌കാരിക സംഘടനകളും. ദേവികയുടെ അനിയത്തി ദക്ഷിണയും ചേച്ചിയുടെ പാതപിന്തുടരുന്ന മികച്ച ഗായിക.