Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 38: ജയന്‍ വര്‍ഗീസ്)

Published on 26 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 38: ജയന്‍ വര്‍ഗീസ്)

ചാത്തമറ്റത്തെ ഗവര്‍മെന്റ് സ്ക്കൂളില്‍ എന്റെ രണ്ടു കുട്ടികളും പഠിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സ്കൂളില്‍ വച്ചു നടന്ന ഒരു പേരന്റ്‌സ് ആന്‍ഡ് ടീച്ചേര്‍സ് അസോസിയേഷന്‍ യോഗത്തില്‍ ഞാന്‍ പങ്കെടുക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആ യോഗം ഐകകണ്‌ഠേന എന്നെ പി. ടി. എ. യുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ അന്നും, ഇന്നും തീരെ താല്പര്യമില്ലാതിരുന്ന ഞാന്‍ ആ തീരുമാനത്തെ എതിര്‍ത്തുവെങ്കിലും, പേരന്റ്‌സിന്റെയും, ടീച്ചേഴ്‌സിന്റെയും ഭാഗത്തു നിന്നുള്ള സ്‌നേഹ പൂര്‍വമായ നിര്‍ബന്ധത്തെ തുടര്‍ന്ന് ആ സ്ഥാനം സ്വീകരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

പൊതുവേ ഇടതു പക്ഷക്കാര്‍ എന്ന് നാട്ടുകാര്‍ വിലയിരുത്തുന്ന അഞ്ചാറു യുവാക്കളായിരുന്നു പി. ടി. എ. യിലെ പേരന്റ്‌സ് പ്രതിനിധികള്‍. സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ മാറി നിന്ന ഒരാളായിരുന്നു ഞാനെങ്കിലും, മനുഷ്യത്വത്തോട് കൂടുതല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നത് ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു എന്നത് കൊണ്ടാവാം, എന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ജനം എന്നേയും ഒരു ഇടതു പക്ഷക്കാരനായിട്ടാണ്
കണ്ടിരുന്നത്.

( സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചു മനം നൊന്തു പിന്മാറിയ ഒരാളാണ് ഞാന്‍. അടിയന്തിരാവസ്ഥക്ക് ശേഷം വന്ന തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു റോഡിലിറങ്ങുകയും, എന്റെ സുഹൃത്തിനോടൊത്ത് ( പേര് പറയുന്നില്ല. ) രാത്രികളില്‍ നാട് നാടാന്തരം സ്വയം എഴുതിയ പോസ്റ്ററുകള്‍ ഒട്ടിച്ചു നടക്കുകയും ചെയ്തിരുന്നു ഞാന്‍. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് വച്ച് നീട്ടിയ ഒരധികാര സ്ഥാനം ഏറ്റു വാങ്ങിക്കൊണ്ട് സുഹൃത്ത് കാലുമാറി എതിര്‍ ചേരിയിലായപ്പോള്‍ സ്ഥാന മാനങ്ങളില്‍ താല്പര്യമില്ലാതിരുന്ന ഞാന്‍ ഒറ്റപ്പെട്ടു.

കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്ന ഞാന്‍ എന്റേതായ ചെറിയ പ്രവര്‍ത്തനങ്ങള്‍ അതിനു വേണ്ടിയും നടത്തിയിരുന്നു. കേരള സര്‍ക്കാര്‍ ' കര്‍ഷക തൊഴിലാളി യൂണിയന്‍ ' രൂപീകരിക്കുന്ന കാലത്ത് ബഹുമാന്യനായ ശ്രീ മാത്തച്ചന്‍ മാന്പിള്ളിയോടൊപ്പം ഞാനും പ്രവര്‍ത്തിച്ചിരുന്നു. കടവൂര്‍ വില്ലേജിന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്നു ഞാന്‍. വില്ലേജിന്റെ തെക്കുഭാഗത്തുള്ള കാളിയാര്‍ പുഴയുടെ തീരത്തുള്ള ' തെക്കേ പുന്നമറ്റം ' എന്ന സ്ഥലത്ത് കര്‍ഷക തൊഴിലാളി യൂണിയന്റെ ആദ്യ യൂണിറ്റ് രൂപീകരിക്കുവാന്‍ എന്നെ ചുമതലപ്പെടുത്തി. നാടക കൃത്തും, അക്കാദമി അവാര്‍ഡ് വിന്നറുമൊക്കെയായ ഒരാളാണ് യൂണിറ്റ് രൂപീകരിക്കാന്‍ വരുന്നത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു എന്നാണു ഞാന്‍ മനസിലാക്കിയത്. യാത്രാ സൗകര്യം തീരെ ഇല്ലാതിരുന്ന യോഗ സ്ഥലത്തേക്ക് സൈക്കിളിന്റെ പിറകിലിരുത്തി എന്നെ കൊണ്ട് പോകാനായി രണ്ടു പേരെ അയക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ ഓഫര്‍. ' രാത്രി ഏഴുമണിക്ക് തന്നെ ഞാന്‍ യോഗസ്ഥലത്ത് എത്തിക്കൊള്ളാം ' എന്ന എന്റെ ഉറപ്പിന്മേല്‍ അകന്പടി വേണ്ടെന്നു തീരുമാനിക്കപ്പെട്ടു.

മുന്‍പ് ഞങ്ങള്‍ ' അശനി ' യുടെ റിഹേഴ്‌സല്‍ നടത്തിയിരുന്ന ട്രീസയുടെ വീടിന്റെ എതിര്‍ ദിശയില്‍ മൂന്നു മൈല്‍ ഉള്ളിലായിരുന്നു ഈ സ്ഥലം. നേരത്തെ തന്നെ കടവൂരില്‍ ബസ് ഇറങ്ങിയ ഞാന്‍ മൂന്നു മൈല്‍ നടന്ന് കൃത്യ സമയത്ത് തന്നെ യോഗ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഒരു കര്‍ഷകത്തൊഴിലാളിയുടെ വീട്ടു മുറ്റത്തോട് ചേര്‍ന്നുള്ള ചെത്തിയൊരുക്കിയ ഒരു ഒരു ഇടമായിരുന്നു യോഗ സ്ഥലം. രണ്ടു ബെഞ്ചുകള്‍ ഒരരികില്‍ ഇട്ടിട്ടുണ്ട്. നൂറിലധികം വരുന്ന ജനം നിലത്തെ പൊടിയില്‍ ആണ് ഇരിക്കുന്നത്. മുഷിഞ്ഞു നാറിയ അവരുടെ കീറത്തുണികള്‍ ഇനി മുഷിയാനില്ലാത്തതു കൊണ്ട് അവര്‍ക്ക് പേടിക്കേണ്ടതില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. കൈതയോല കൊണ്ട് സ്വയം നെയ്‌തെടുക്കുന്ന ചെറിയ ' വട്ടി ' യില്‍ നിന്ന് ( മോഡേണ്‍ വാനിറ്റി ബാഗിന്റെ മിനി രൂപം ) മുറുക്കാന്‍ സ്വയം ചവച്ചും, മറ്റുള്ളവര്‍ക്ക് പങ്കുവച്ചും കാത്തിരിക്കുന്ന കുറേ വൃദ്ധര്‍. സര്‍ക്കാര്‍ അവര്‍ക്ക് കൊടുക്കാന്‍ പോകുന്ന പെന്‍ഷന്‍ വാങ്ങിച്ചു കൊടുക്കാന്‍ വരുന്ന ദൈവദൂതനാണ് ഞാന്‍ എന്ന ഭാവത്തില്‍ എന്നെ കണ്ടതേ അവര്‍ പിടഞ്ഞെണീറ്റുപ്പോള്‍ സത്യമായും എനിക്ക് വിഷമം തോന്നി.

യോഗം ആരംഭിച്ചു. രണ്ടു ബഞ്ചുകളിലായി ഞാനുള്‍പ്പടെ അഞ്ചാറു പേര്‍ ഇരുന്നു. ബാക്കിയുള്ളവര്‍ നിലത്തെ പൊടിയില്‍. ഒരു കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഞാന്‍ സംസാരിച്ചു. ഒരു ജീവിത കാലമത്രയും മണ്ണില്‍ നിന്ന് പൊന്നു വിളയിക്കുകയും, തങ്ങള്‍ വിളയിച്ചതില്‍ നിന്ന് ചെറിയൊരു ഭാഗം മാത്രം ഏറ്റു വാങ്ങിക്കൊണ്ട് കാലഘട്ടത്തെ തീറ്റിപ്പോറ്റുകയും ചെയ്ത നിങ്ങളാണ് ചരിത്രത്തിന്റെ യഥാര്‍ത്ഥ സൃഷ്ടാക്കള്‍ എന്ന് ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായോ എന്തോ? ആരാലും അവഗണിക്കപ്പെട്ട് അവശരും, രോഗികളും ആയിത്തീര്‍ന്ന നിങ്ങളെ ഒരു ജനകീയ സര്‍ക്കാര്‍ ആദരിക്കാന്‍ പോവുകയാണെന്നും, അതിനുള്ള ആദ്യ പടിയാണ് ഇവിടെ നടക്കുന്ന യൂണിയന്‍ രൂപീകരണം എന്നും ഞാന്‍ വിശദീകരിച്ചു. ( ഇതിനിടയില്‍ ചെറുപ്പക്കാരായ രണ്ടു പ്രവര്‍ത്തകര്‍ ശ്രോതാക്കളുടെ ഇടയിലൂടെ നടന്ന് എന്തോ സംസാരിക്കുന്നതും, തങ്ങളുടെ വട്ടികള്‍ തുറന്ന് ശ്രോതാക്കള്‍ അവര്‍ക്കെന്തോ നല്‍കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. )

കടവൂര്‍ വില്ലേജിലെ കര്‍ഷക തൊഴിലാളി യൂണിയന്റെ ആദ്യത്തെ യൂണിറ്റ് രൂപീകരണവും കഴിഞ്ഞു ഞാന്‍ മടങ്ങുകയാണ്. സമയം രാത്രി ഒന്പതിനോട് അടുത്തിട്ടുണ്ടാവും. എനിക്ക് കൂട്ട് വരാം എന്ന് പറഞ്ഞവരെ ഒഴിവാക്കി ഒറ്റക്ക് നടക്കുകയാണ് ഞാന്‍. നല്ല നിലാവ്.
" മാനത്തൂന്നും മണലോരത്തി, ന്നഴകിടുമന്പിളി യമ്മാവന്‍,
മാരിക്കാറിനു മറവില്‍ കയറിയ , നേരത്താരും കാണാതെ "
കാമുകിയെ ചുംബിച്ച കാര്യം കവിതയിലെഴുതിയ പെരുന്പടവം തോമസ് എന്ന എന്റെ സുഹൃത്തിന്റെ കവിതയിലേപ്പോലത്തെ നിലാവ് പരന്നൊഴുകുകയാണ്. ഒരു മൈലോളം ഞാന്‍ നടന്നു കാണണം; പെട്ടന്ന് രണ്ടുപേര്‍ പിറകെ ഓടിയെത്തുന്നത് ഞാന്‍ കണ്ടു. അത് ശ്രദ്ധിക്കാതെ മുന്നോട്ടു നടക്കുന്ന എന്റെയൊപ്പം അവര്‍ കിതച്ചു കൊണ്ട് ഓടിയെത്തി. യോഗസ്ഥലത്തു കണ്ട ചെറുപ്പക്കാരാണ്. " എന്താ? "എന്ന എന്റെ ചോദ്യത്തിന് " സഖാവെന്താ പറയാതെ പോന്നത്? " എന്ന അവരുടെ പരിഭവം.

അവര്‍ രണ്ടു പേരും എന്റെ വശങ്ങളിലായി നിന്ന് ഞങ്ങള്‍ സംസാരിച്ചു കൊണ്ട് നടക്കുകയാണ്. പെട്ടന്നൊരാള്‍ എന്റെ വലതു കൈ കവര്‍ന്നെടുത്തു. ഒരു ചെറു ചിരിയോടെ അയാള്‍ എന്റെ വിരലുകള്‍ നിവര്‍ത്തിയെടുത്തു കൊണ്ട് അതില്‍ എന്തോ ഒരു ചുരുള്‍ വച്ചുതന്നു. കൈ പിന്‍വലിച്ചു ഞാന്‍ നോക്കിയപ്പോള്‍, രൂപകള്‍ ഒരു ചുരുളാക്കിയതാണ് അതെന്ന് നിലാവെളിച്ചത്തില്‍ എനിക്ക് മനസിലായി. പുറത്തെ നോട്ട് ചുവന്ന കളറില്‍ ആയിരുന്നത് കൊണ്ട് അത് ഇരുപത്തിന്റെയോ, അന്പത്തിന്റെയോ നോട്ടായിരിക്കും എന്ന് എനിക്കറിയാന്‍ കഴിഞ്ഞു. " ഇതെന്തിനാ? " എന്ന എന്റെ ചോദ്യത്തിന് " ഞങ്ങള്‍ ഇങ്ങനെ കൊടുക്കാറുണ്ട് " എന്നുത്തരം.

അവശരും, വൃദ്ധരും,രോഗികളും, അഗതികളുമായ ആ നിസ്സഹായരുടെ അരവട്ടിയില്‍ സൂക്ഷിക്കപ്പെട്ട സ്വപ്നങ്ങള്‍ അവിടെ നിന്ന് കവര്‍ന്നെടുത്തിട്ടാണ് ചുവന്ന നോട്ടു ചുരുളായി എന്റെ കൈയില്‍ എത്തിയതെന്ന് ഞാനറിഞ്ഞപ്പോള്‍ തീക്കനല്‍ പോലെ അതെന്റെ കയ്യിലിരുന്ന് പൊള്ളി.

"എനിക്ക് വേണ്ട " എന്ന് പറഞ്ഞു കൊണ്ട് ചുരുള്‍ തന്നയാളുടെ കൈയില്‍ത്തന്നെ ബലമായി ഞാനതു തിരിച്ചേല്‍പ്പിച്ചു. അത് വാങ്ങുന്‌പോള്‍ അപമാനിതനായ ഒരാളുടെ ജാള്യത നിലാവെളിച്ചത്തില്‍ ഞാനയാളുടെ മുഖത്തു കണ്ടു. ഒരു പക്ഷെ തന്ന തുക കുറഞ്ഞു പോയത് കൊണ്ടാവാം ഞാനതു തിരിച്ചേല്‍പ്പിച്ചത് എന്നാവാം അയാള്‍ ധരിച്ചിരിക്കുക. കാരണം നിലവിലുള്ള ഒരു രീതി നിഷേധിച്ച ആദ്യ മനുഷ്യന്‍ എന്ന നിലയിലാവും എന്നെ അയാള്‍ വിലയിരുത്തുക. അതിനുള്ള ഏക കാരണം ഇതല്ലാതെ അയാളുടെ ചിന്തയില്‍ മറ്റൊന്നാവാനും ഇടയില്ലല്ലോ?

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനാലോചിക്കുകയായിരുന്നു: ഇത്തരം കണ്ണുനീര്‍ത്തുള്ളികള്‍ നക്കിക്കുടിച്ചു കൊണ്ടായിരിക്കണം, രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും ഇടനിലക്കാര്‍ കൊഴുത്തു തടിക്കുന്നത്. ഇത് ചെയ്യാതെ ഈ രംഗങ്ങളില്‍ നിന്നവര്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങി തകര്‍ന്നു തരിപ്പണമായിട്ടുമുണ്ടാവും.. ഒരാള്‍ രാഷ്ട്രീയക്കാരന്റെയോ, മതക്കാരന്റെയോ കുപ്പായമണിയുന്നത് ഏതൊരു ദാരിദ്രാവസ്ഥയില്‍ നിന്ന് ആയിരുന്നാലും കാലങ്ങള്‍ക്കു ശേഷം അയാള്‍ വന്പിച്ച സാമൂഹ്യ മാന്യതയുടെ തണലില്‍ അടിപൊളിയന്‍ സുഖ ജീവിതം നയിക്കുന്നതാണ് നമ്മള്‍ കണ്ടു വരുന്നത്. അപ്പോളും അയാളുട കൈകളില്‍ ' ജനസേവനം ' എന്ന വലിയ ബാനര്‍ ഉയര്‍ത്തി പിടിച്ചിട്ടുമുണ്ടാവും.

" ഇതില്‍ ഏതാണ് നിനക്ക് വേണ്ടത് ? " എന്ന ഒരു ചോദ്യം എന്റെ ഉള്ളില്‍ നിന്ന് ആരോ എന്നോട് ചോദിച്ചു. " രണ്ടും എനിക്ക് സ്വീകാര്യമല്ല " എന്ന ഉത്തരം ഞാന്‍ പറഞ്ഞു. " എന്നാല്‍ ഈ വഴി വിട്ടേക്കുക " എന്ന് അകത്തെ ആള്‍. അങ്ങിനെ ആ വഴി ഞാന്‍ ഉപേക്ഷിച്ചു. കടവൂര്‍ വില്ലേജ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോര്‍ഡിനേറ്റര്‍ എന്ന സ്ഥാനത്തു നിന്ന് രാജി വച്ചു കൊണ്ടുള്ള രേഖ മാത്തച്ചന്‍ മാന്പിള്ളിയെ ഏല്‍പ്പിച്ചു കൊണ്ട് ഞാന്‍ തലയൂരിപ്പോന്നു. എന്റെ വഴിയായ സാഹിത്യത്തിലൂടെ എന്റെ ആശയങ്ങള്‍ ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ പറയുന്നത് എന്റെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ആകാവുന്നിടത്തോളം ഞാന്‍ ശ്രമിച്ചിരുന്നു എന്ന ന്യായീകരണം എനിക്കുണ്ടെങ്കിലും, ആരെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നതായി ഇന്ന് വരെയും എനിക്ക് തോന്നിയിട്ടില്ല. ആകാശം ഇടിഞ്ഞു വീണാല്‍ താങ്ങാനായി തന്റെ കൊച്ചു കാലുകള്‍ ഉയര്‍ത്തി മലര്‍ന്നു കിടന്നുറങ്ങുന്ന കല്ലിറങ്ങാണികളെപ്പോലെ ഞാനും യാത്ര തുടരുകയാണ്, തുടരുകയാണ്. )

പി. ടി. എ. യുടെ മുന്‍കാല പ്രസിഡണ്ടുമാരുടെ പേരില്‍ അഴിമതിയുടെ കറ പുരണ്ട ചരിത്രമാണ് ഞങ്ങളുടെ സ്കൂളിനുള്ളത്. അവര്‍ വലിയ സാമൂഹ്യ പദവികള്‍ ഉള്ളവരായിരുന്നിട്ടു കൂടി അവരുടെ അഴിമതിക്കഥകള്‍ ജനം പറഞ്ഞു നടന്നിരുന്നു. അഴിമതി രഹിതമായി എന്തെങ്കിലും ചെയ്‌യണം എന്നൊരാശയം പൊതുവായി ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ചുറുചുറുക്കുള്ള യുവാക്കളായിരുന്നു എന്റെ സഹ പ്രവര്‍ത്തകര്‍. ഗ്രാമീണ ദരിദ്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ യൂണിഫോറം നടപ്പിലാക്കിയിരുന്നത് കൊണ്ട് യൂണിഫോറം വാങ്ങാന്‍ കഴിവില്ലാത്തവരുടെ കുട്ടികള്‍ ഇപ്പോഴും അതില്ലാതേയോ, കീറിത്തുടങ്ങിയ ഉള്ള പഴയത് ധരിച്ചു കൊണ്ടോ ആണ് സ്കൂളില്‍ വരുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി.

ടീച്ചേഴ്‌സിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നാല്‍പ്പതോളം കുട്ടികള്‍ക്ക് യൂണിഫാറം ഇല്ലെന്നു വ്യക്തമായി. ഇത്രയും കുട്ടികള്‍ക്ക് യൂണിഫോറം കൊടുക്കണമെങ്കില്‍ നല്ലൊരു തുക വേണം പി. ടി. എ. യുടെ ഫണ്ടില്‍ പണമൊന്നുമില്ല. നീലയും , വെള്ളയുമാണ് യൂണിഫോറം കളര്‍. യൂണിഫോറം തുണികള്‍ക്കു മറ്റു തുണികളേക്കാള്‍ വില അല്‍പ്പം കൂടുതലുമാണ്. എന്റെ അക്ഷരങ്ങള്‍ എന്നെ സഹായിച്ച സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. ഹൃദയ സ്പര്‍ശിയായ വാക്കുകളില്‍ ഒരു നോട്ടീസ് ഞങ്ങള്‍ തയാറാക്കി. അതില്‍ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് സ്കൂളുകളില്‍ യൂണിഫോറം നടപ്പാക്കുന്നതെന്നും, അതില്‍ത്തന്നെ യൂണിഫോറം വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ കൂടുതല്‍ ക്രൂരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും, ഇത് ഗുരുതരമായ അപകര്‍ഷതാ ബോധത്തിനാണ് അത്തരം കുട്ടികളെ വിധേയരാക്കുന്നതെന്നും, ഭാവിയിലെ ക്രിമിനലുകള്‍ രൂപം പ്രാപിക്കുന്നത് ഇത്തരക്കാരില്‍ നിന്നാണെന്നും, ഇപ്പഴേ അത് തടയുന്നതിനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ഒക്കെ ആ നോട്ടീസില്‍ ഉണ്ടായിരുന്നു.

നാട്ടിലെയും, സമീപ പ്രദേശങ്ങളിലെയും പള്ളികള്‍, ക്ഷേത്രങ്ങള്‍, മോസ്കുകള്‍, ക്‌ളബ്ബുകള്‍, ലൈബ്രറികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയ പൊതു സ്ഥാപങ്ങള്‍ക്കെല്ലാം ഒരു നോട്ടീസും, ഒരു കുട്ടിക്കെങ്കിലും യൂണിഫോറം സ്‌പോണ്‍സര്‍ ചെയ്യണമെന്നുള്ള പി. ടി. എ. യുടെ അപേക്ഷയും നേരിട്ട് എത്തിച്ചു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് കമ്മറ്റിയിലുള്ള ഞങ്ങള്‍ എല്ലാവരും കൂടി കളക്ഷന് വേണ്ടി ഇതേ സ്ഥാപനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള സഹകരണമാണ് ലഭിച്ചത്. ഏകദേശം ആവശ്യത്തിനുള്ള പൈസയൊക്കെ കിട്ടി. എറണാകുളത്തെ ഹോള്‍സെയില്‍ തുണി വ്യാപാരികളില്‍ നിന്ന് എന്റെ പരിചയം ഉപയോഗപ്പെടുത്തി തുണി മൊത്തവിലക്കു വാങ്ങിക്കൊണ്ടു വന്നു. അങ്ങിനെ നാല്‍പ്പതു കുട്ടികള്‍ക്കുള്ള യൂണിഫോറം തുണിയും, തയ്യല്‍ക്കൂലിക്കുള്ള അഞ്ചു രൂപ വീതവും വിതരണം ചെയ്തു. തുണി വിതരണം കഴിഞ്ഞപ്പോള്‍ തങ്ങളുടെ കുട്ടികള്‍ക്കും യൂണിഫോറമില്ലാ എന്ന് പറഞ്ഞു കൊണ്ട് രണ്ടു അമ്മമാര്‍ വരികയും, അവര്‍ക്കുള്ള തുണി എന്റെ കടയില്‍ നിന്ന് സൗജന്യമായി കൊടുക്കുകയും ചെയ്തു. അങ്ങിനെ നാല്‍പ്പത്തി രണ്ടു കുട്ടികള്‍ക്ക് യൂണിഫോറം വിതരണം ചെയ്യുവാന്‍ കഴിഞ്ഞു.

നിലവിലുള്ള രീതിയിലാണെങ്കില്‍ കോളാന്പി മൈക്കിലൂടെ കൊട്ടി ഘോഷിക്കപ്പെടുകയും, മന്ത്രിയെ കിട്ടിയില്ലെങ്കില്‍ ചുരുങ്ങിയത് ഒരു എം. എല്‍, എ. എങ്കിലും തൊള്ള തുറക്കുകയും ചെയ്യപ്പെടുമായിരുന്ന ഈ തുണി വിതരണം യാതൊരു പൊതു ചടങ്ങുകളുമില്ലാതെ ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഞങ്ങളും, അധ്യാപകരും, രക്ഷാകര്‍ത്താക്കളില്‍ ചിലരും മാത്രം ചേര്‍ന്നാണ് നടത്തിയത്. ( ഞങ്ങളുടെ തുണിക്കടയില്‍ ഞങ്ങളും തയ്യല്‍ നടത്തിയിരുന്നു എന്നതിനാല്‍, ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഇടത്ത് തയ്യല്‍ നടത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തോടെ ഞാന്‍ മുന്‍കൈ എടുത്താണ് തയ്യല്‍ക്കൂലിക്കുള്ള തുക കൂടി ചേര്‍ത്തു തുണി വിതരണം നടത്തിയത്. )

ഇതൊരു വലിയ സംഭവമായി എണ്ണപ്പെട്ടു. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. മറ്റുള്ള ചില സ്കൂളുകള്‍ ചെറിയ നിലയില്‍ ഇതൊക്കെ നടത്തിയിട്ടുണ്ടെങ്കിലും, ഒരു സര്‍ക്കാര്‍ സ്കൂളില്‍ യൂണിഫോറം ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും തയ്യല്‍ക്കൂലിയോടു കൂടി യൂണിഫോറം തുണി വിതരണം നടന്നത് ഈ സ്കൂളില്‍ മാത്രമായിരുന്നു. പി. ടി. എ. യുടെ ഈ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും നല്ല വാക്കുകളില്‍ നന്ദി രേഖപ്പെടുത്തുന്ന കത്തുകളും പി. ടി. എ. യുടെ പേരില്‍ ഞങ്ങള്‍ അയച്ചു കൊടുക്കുകയുമുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക