Image

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു

Published on 10 October, 2019
രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
സൂറത്ത്: കോണ്‍ഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദ് കോടതിയാണ് കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ വാദിച്ച രാഹുല്‍ ​ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പരിഗണിക്കുമ്ബോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി രാഹുലിന് ഇളവും നല്‍കിയേക്കും.

ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോളാറില്‍തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ​ഗാന്ധി നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് ആണ് കേസ് നല്‍കിയത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുല്‍ ​ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തിയുണ്ടാക്കിയെന്നു പൂര്‍ണേഷ് മോദി ഹര്‍ജിയില്‍ പറയുന്നു.

ഇതേ പരാമര്‍ശത്തിന്റെ പേരില്‍ നേരത്ത ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പട്ന കോടതി രാഹുലിന് അന്ന് ജാമ്യം നല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക