Image

പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ? (ശിവകുമാര്‍)

Published on 10 October, 2019
പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ? (ശിവകുമാര്‍)
ജീവിതത്തില്‍ പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ് ഈ ചോദ്യം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന പരിഹാരങ്ങള്‍ പറഞ്ഞാലുടന്‍, മിക്കവരും ചോദിക്കുന്നത് ഇത് തന്നെയാവും. 

പരിഹാരം പലതുണ്ടാവാം. പക്ഷേ പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ ഉദ്ധേശിക്കുന്ന പരിഹാരം തന്നെ വേണമെന്ന നിര്‍ബന്ധമാണ് ഇത്തരം ചോദ്യങ്ങളെ സൃഷ്ടിക്കുന്നത്.

കാര്യങ്ങള്‍ നടത്തണമെന്ന് നമ്മള്‍ ആഗ്രഹിച്ചാല്‍, തീര്‍ച്ചയായും നടക്കും. വെറും ആഗ്രഹം മാത്രം പോര, മറിച്ച് തീവ്രമായ ആഗ്രഹവും പ്രയത്‌നവും വേണമെന്ന് മാത്രം. എങ്കില്‍ പ്രശ്‌നങ്ങള്‍ നമ്മുക്ക് മുന്നില്‍ വഴി മാറുന്നത് കാണാന്‍ കഴിയും.  പ്രതിബന്ധമായി നില്‍ക്കുന്ന മലയെ തുരന്നും, തടസ്സമായ നദികളെ വരുതിയിലാക്കിയും കരകാണാത്ത സമുദ്രത്തിന്റെ വിരിമാറിലൂടെ ജെത്രയാത്ര നടത്തിയും, ആകാശത്തെ തന്നെ കാല്‍ക്കീഴിലാക്കിയുമാണ്  നമ്മള്‍ മനുഷ്യര്‍ ഇവിടം വരെയെത്തിയത്..

നമ്മുടെ മുന്നിലുള്ള ഓരോ തടസ്സങ്ങളും നമ്മുക്ക് കഴിവ് തെളിയിക്കുവാനുള്ള ഓരോരോ അവസരങ്ങളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.  നിത്യജീവിതത്തിലെ മിക്ക കാര്യങ്ങളിലും നമ്മള്‍ ചെയ്യേണ്ടതും അതുതന്നെ. ആഗ്രഹിച്ചാല്‍, നമ്മള്‍ അത് നടത്തുക തന്നെ ചെയ്യും.

ഫാല്‍ കിര്‍ക്ക് വീല്‍

യു കെ യിലെമ്പാടുമായി 3500 ഗാ നീളത്തില്‍ ജലസേചനത്തിനും ഒപ്പം  ജലഗതാഗതത്തിനും ഉപയോഗിക്കാവുന്ന ധാരാളം കനാലുകളുണ്ട്.  പക്ഷേ കനാലുകള്‍ പലതും ഭൂപ്രകൃതിയനുസരിച്ച് പല നിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്. അതിലെ പ്രധാന കനലായ യൂണിയന്‍ കനാലും 4വേ & ക്ലൈഡ് കനാലും തമ്മില്‍ 79 അടിയുടെ ഉയര വ്യത്യസമുണ്ട്.

അപ്പോള്‍ ഒരു കനാലിലൂടെ വരുന്ന ബോട്ടിന് മറ്റൊരു കനാലിലേക്ക് കടക്കാന്‍ കഴിയില്ലല്ലോ? അപ്പോള്‍ എന്തു ചെയ്യാന്‍ പറ്റും? പെട്ടന്ന് തോന്നുന്ന പരിഹാരം, ബോട്ടും ഒപ്പം അതിലുള്ള ആളുകളും / ചരക്കും തൂക്കിയെടുത്ത് 79 അടി മുകളിലുള്ള കനാലിലേക്ക് വയ്ക്കുക എന്നതാവുമല്ലോ?

ഈ ആശയത്തെ, പ്രാക്ടിക്കലി നടക്കാത്തത് എന്ന് പറഞ്ഞ് അവര്‍ വിട്ടു കളഞ്ഞില്ല. മറിച്ച് എന്‍ജിനീയര്‍മാര്‍ കറങ്ങുന്ന ഒരു ബോട്ട് ലിഫ്റ്റ്  ഉണ്ടാക്കി, താഴെയുള്ള ബോട്ടുകളെ എടുത്ത് മുകളിലും മുകളിലൂടെ വരുന്നവയെ താഴത്തും എടുത്ത് വയ്ക്കാന്‍ തുടങ്ങി. ഫാല്‍കിര്‍ക്ക് വില്‍ എന്നറിയപ്പെടുന്ന ഈ ബോട്ട് ലിഫ്റ്റ് ആണ് ആദ്യ ചിത്രം. 2002ലാണ് ഇത്തരം ബോട്ട് ലിഫ്റ്റ് നിര്‍മ്മിച്ചത്. അത് വരെ വളരെ ശ്രമകരമായ ലോക്ക് ലിഫ്റ്റ് സംവിധാനമാണ് (പാനമ കനാലിലെ രീതി) ഉപയോഗിച്ചിരുന്നത്. ഇപ്പോഴാകട്ടെ, വെറും നാല് മിനുട്ട് കൊണ്ട് ബോട്ട് മുകളിലെത്തും.

വെര്‍ട്ടിക്കല്‍ ഷിപ്പ് ലിഫ്റ്റ്

കനാലിലെ ബോട്ടുകള്‍ക്ക് മാത്രമല്ല, നദിയിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിലും ചിലപ്പോള്‍ ഇത്തരം നിരപ്പ് വ്യത്യാസങ്ങള്‍  പ്രശ്‌നമാവാറുണ്ട്.

2015ല്‍ കമ്മീഷന്‍ ചെയ്ത, ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്‌റ്റേഷന്‍  നിര്‍മ്മിച്ചിരിക്കുന്നത് ചൈനയിലെ യാങ്‌സേ നദിക്ക് കുറുകെ അണ കെട്ടിയാണ്. 594 അടി ഉയരത്തില്‍ അണ കെട്ടിയപ്പോള്‍, പുഴയുടെ അണക്കെട്ടിന് മുകളിലുള്ള ജലനിരപ്പും, താഴെ പുഴയിലെ ജലനിരപ്പും തമ്മിലുള്ള വ്യത്യാസം ശരാശരി 371 അടിയായി മാറി. അപ്പോള്‍ നദിയിലൂടെ വരുന്ന കപ്പലുകള്‍ എങ്ങിനെ മുകളിലേക്കു പോകും?  അതും 38 നില കെട്ടിടത്തിന്റെ ഉയരത്തിലേക്ക്.

പ്രാക്ടിക്കലായി നടക്കുന്ന കാര്യം എന്താണ്?  ലിഫ്റ്റ് ഉണ്ടാക്കുക തന്നെ. ചൈനീസ് എന്‍ജിനീയര്‍മാര്‍ കുത്തനെ ഉയരുന്ന ലിഫ്റ്റ് നിര്‍മ്മിച്ച്  അതും നടപ്പിലാക്കി.( രണ്ടാമത്തെ ചിത്രം.) നമ്മള്‍ ഉപയോഗിക്കുന്ന ലിഫ്റ്റിന്റെ മാതൃകയില്‍ 3000000 സഴ ഭാരമുള്ള കപ്പലുകളെ വരെ നിഷ്പ്രയാസം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാന്‍ വേണ്ടതാവട്ടെ വെറും 30 മിനുട്ട് സമയം മാത്രം.

റാക്ക് റെയില്‍ ഷിപ്പ് ലിഫ്റ്റ്

ഇത് പോലെ തന്നെ, റഷ്യക്ക് ബോട്ടുകളെയും കപ്പലുകളെയും  341 അടിയോളം ഉയര്‍ത്തേണ്ട ആവശ്യം വന്നപ്പോള്‍ അവര്‍ ചെയ്തത്, കുന്നു കയറുന്ന ട്രെയിനുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പല്‍ചക്രമുള്ള റെയിലുകളിലൂടെ കപ്പലും വെള്ളവുമടക്കം, ചരിവിലൂടെ  വലിച്ച് കയറ്റുകയായിരുന്നു.

ഇതിനൊക്കെ പുറമേ പരമ്പരാഗത ലോക്ക് ലിഫ്റ്റുകളും പല സ്ഥലങ്ങളിലും ഇന്നും ഉപയോഗിച്ച് വരുന്നുണ്ട്.

അതായത്, മനസ്സു വച്ചാല്‍  മിക്ക കാര്യങ്ങളും  പ്രാക്ടിക്കലായി നടത്താം. പക്ഷേ, ഒഴിവ് കഴിവുകള്‍ പറയാതെ, മനസ്സു വയ്ക്കണമെന്ന് മാത്രം. മനുഷ്യന്റെ ആത്മവിശ്വാസത്തിന് മുന്നില്‍ കീഴടങ്ങാത്തവ ചുരുക്കമാണ്.



പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ? (ശിവകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക