Image

മരട്: ഉടമസ്ഥാവകാശ രേഖയില്ലാതെ 197 അപ്പാര്‍ട്‌മെന്റുകള്‍, പൊളിക്കലിനു 2 കോടി

Published on 10 October, 2019
മരട്: ഉടമസ്ഥാവകാശ രേഖയില്ലാതെ 197 അപ്പാര്‍ട്‌മെന്റുകള്‍, പൊളിക്കലിനു 2 കോടി
കൊച്ചി: മരടില്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഫ്‌ലാറ്റുകളില്‍ ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 197 അപ്പാര്‍ട്‌മെന്റുകള്‍. 140 അപ്പാര്‍ട്‌മെന്റുകള്‍ക്കു മതിയായ രേഖകളില്ലെന്ന് നഗരസഭ ആദ്യംതന്നെ കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധനയിലാണ് 57 എണ്ണത്തിനു കൂടി ഉടമസ്ഥാവകാശ രേഖകളില്ലെന്നു കണ്ടത്. 4 ഫ്‌ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാര്‍ട്‌മെന്റുകളാണുള്ളത്. ഇതില്‍ പകുതിയിലേറെയും ശരിയായ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തവയാണ്. 2 അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ത്ത 17 എണ്ണമുണ്ട്. ശരിയായ ഉടമസ്ഥാവകാശ രേഖകളുള്ള അപ്പാര്‍ട്‌മെന്റുകളുടെ ഉടമകള്‍ക്കു മാത്രമേ സുപ്രീം കോടതി നിര്‍ദേശിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുള്ളൂ.

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയില്‍ താഴെ. അതേസമയം, പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടില്ല. അതിനു പ്രത്യേക ടെന്‍ഡര്‍ വിളിക്കും. പൊളിക്കല്‍ കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയ കമ്പനികളില്‍ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും.

ഫ്‌ലാറ്റ് പൊളിക്കലിനു വിദഗ്‌ധോപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള എന്‍ജിനീയര്‍ എസ്.ബി. സര്‍വാതെയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഇരുനൂറോളം ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. നാളെ കൊച്ചിയിലെത്തുന്ന സര്‍വാതെ ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും കരാര്‍ ഏതു കമ്പനിക്കു നല്‍കണമെന്നു തീരുമാനിക്കുക.

കരാര്‍ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കാനാണു നേരത്തേ തീരുമാനിച്ചതെങ്കിലും വൈകിയേക്കും. പരിചയ സമ്പത്തുള്ള ആളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണു സര്‍വാതെയുടെ ഉപദേശം തേടുന്നതെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതല വഹിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഫ്‌ലാറ്റ് നിര്‍മാതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 15 പേരെ ഇന്നു ചോദ്യം ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക