Image

പാലാരിവട്ടം അഴിമതിയില്‍ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റം മാത്രം: ഹൈക്കോടതി

Published on 10 October, 2019
പാലാരിവട്ടം അഴിമതിയില്‍ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റം മാത്രം: ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ ഇതിനകം വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ വാഹന നീക്കത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ദേശീയപാതയില്‍ പണിത മേല്‍പാലം ഗതാഗതത്തിനു തുറന്നതിനു തൊട്ടുപിന്നാലെ തകരാറിലായത് അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. അമിത ലാഭമുണ്ടാക്കാന്‍ അപകടകരമായ രീതിയില്‍ നിലവാരമില്ലാതെ പാലം പണിതുവെന്നു കരുതാന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്തു കുറ്റകരമായ വീഴ്ചയുണ്ടായില്ലെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു.
പലാരിവട്ടം കേസില്‍ ജാമ്യം ലഭിച്ച ബെന്നി പോള്‍ മൂവാറ്റുപുഴ സബ് ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു.

ആഴത്തില്‍, വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉത്തരവാദികളെ എല്ലാം കണ്ടെത്താനായിട്ടില്ല. ദൃഢനിശ്ചയത്തോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി ഫലപ്രാപ്തിയില്‍ എത്തിക്കണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ബൈപാസില്‍ പാലാരിവട്ടം ജംക്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് മേല്‍പാലം നിര്‍മിച്ചത്. തിങ്ങി ഞെരുങ്ങിയ നഗര റോഡുകളില്‍ നിന്നു രക്ഷപ്പെടാനുള്ള ബൈപാസിലാണു പാലം. 3 പ്രധാന എന്‍എച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗമാണിവിടം. ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കി, മേല്‍പാലം തകരാറിലായത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക