Image

കുഞ്ഞു നക്ഷത്രം (കഥ: ജെസ്സി ജിജി)

Published on 12 October, 2019
കുഞ്ഞു നക്ഷത്രം (കഥ: ജെസ്സി ജിജി)
നിലാവിന്റെ നറുപുഞ്ചിരിയെ മറച്ചുകൊണ്ട് അങ്ങിങ്ങു കാര്‍മേഘങ്ങള്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടെങ്കിലും, ആ മേഘക്കീറുകള്‍ക്കിടയിലൂടെ കുഞ്ഞു നക്ഷത്രം ഭൂമിയിലേക്കുറ്റുനോക്കി . തനിക്കു പ്രിയപ്പെട്ടതെന്തോ തിരയുന്ന കുട്ടിയെപ്പോലെ , മേഘക്കീറുകള്‍ക്കിടയിലൂടെ തന്റെ കുഞ്ഞു രശ്മികള്‍ പൊഴിച്ച് , തെളിഞ്ഞുനിന്നു. ദൂരെ ഒരു താരാട്ടു പാട്ടിന്റെ ഈണം കേള്‍ക്കുന്നുണ്ടോ. കുഞ്ഞുതാരകം കാതോര്‍ത്തുനിന്നു.

"  മോളൂ വേഗം ഉറങ്ങിക്കോ , ഇനി നാളെ നമുക്ക് അമ്പിളിയമ്മാവനേം നക്ഷത്രങ്ങളെയും ഒക്കെ കാണാം"
 അമ്മെ നോക്കിക്കേ,  ഒരു കുഞ്ഞു നക്ഷത്രം . അതിനെ എനിക്ക് പിടിച്ചുതരുമോ? " നാളെയാവട്ടെ . നമുക്ക് കുഞ്ഞമ്മാവന്റെ വീട്ടില്‍ നിന്ന് ആ വലിയ കോവണി എടുത്തിട്ട് പിടിക്കാം കേട്ടോ. ഇപ്പം ഉറങ്ങാം . " സത്യമായിട്ടും പിടിച്ചുതരുമോ". ഇപ്പോള്‍ ഉറങ്ങിയാല്‍' കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തു 'അമ്മ മോളെയും കൊണ്ട് അകത്തേക്ക്.

ആഴ്ചകളുടെ ഇതളങ്ങള്‍ കൊഴിഞ്ഞുവീഴവേ , ആകാശത്തു കണ്ണുനട്ട് നില്‍ക്കുന്ന കുഞ്ഞുമിഴികള്‍ വലിയ നക്ഷത്രത്തെ തിരയാന്‍ തുടങ്ങി. "ചിറ്റേ ,എന്റെ 'അമ്മ നക്ഷത്രമായി എന്നെ കാണാന്‍ വരുമോ? എന്നിട്ടു ഞാന്‍ കാണുന്നില്ലല്ലോ. " വന്നു കിടന്നോ, ഇല്ലെങ്കില്‍ ഞാന്‍ കതകടക്കും". ആ കുഞ്ഞുമിഴികള്‍ നിറഞ്ഞതുകണ്ടു, അമ്പിളിയമ്മാവന്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു.

 കുഞ്ഞുനക്ഷത്രം മേഘക്കീറുകള്‍ക്കിടയില്‍ കൂടി കണ്ണുചിമ്മി താഴേക്ക് നോക്കി. അങ്ങ് താഴെ ആ വീട്ടില്‍ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നു. താഴെ ചിറ്റ, കൈവിലങ്ങുകള്‍ അണിഞ്ഞു. " അതെ ഞാന്‍ തന്നെയാ അത് ചെയ്തത്.അമ്മയെയും  മകളെയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ......" മിഴികള്‍ പൂട്ടി കുഞ്ഞുനക്ഷത്രം മേഘക്കീറുകള്‍ക്കിടയില്‍ ഒളിക്കാന്‍ വെമ്പല്‍ പൂണ്ടപ്പോള്‍ , അമ്മനക്ഷത്രം മിന്നി മിന്നി കുഞ്ഞുനക്ഷത്രത്തോടു ചേര്‍ന്ന് നിന്നു. അത് കണ്ടുനില്‍ക്കാനാവാതെ മേഘക്കീറുകള്‍ മഴയായി ഭൂമിയിലേക്ക് പതിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക