Image

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സുപ്പീരിയര്‍ ജനറലിന്റെ കത്ത്

Published on 18 October, 2019
സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സുപ്പീരിയര്‍ ജനറലിന്റെ  കത്ത്
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും ഭീഷണി കത്തുമായി സഭ. സഭാ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തുപോകുകയോ അല്ലെങ്കില്‍ സഭക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയവ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുകയോ ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സഭാംഗങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പൊലീസിന് നല്‍കിയ പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയാറല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. സഭാംഗങ്ങളില്‍ പലതരത്തിലുള്ള ഭീഷണിയുള്ളതിനാലാണ് പരാതി നല്‍കിയത്. തനിക്കെതിരെ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ദുഷ്പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. താന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് സഭ ആവശ്യപ്പെടുന്നത്. തന്നോട് സഭാംഗങ്ങള്‍ നടത്തിയ ദ്രോഹങ്ങള്‍ക്ക് അവരാണ് ക്ഷമചോദിക്കേണ്ടതെന്നും എന്തുവന്നാലും മഠം വിട്ടിറങ്ങില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കുകയും ഇരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭയില്‍ നിന്നുള്ള പ്രത്യക്ഷ എതിര്‍പ്പുകള്‍ ശക്തമായത്. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക