Image

അമ്മ ദൈവങ്ങളാകേണ്ടിവരുന്ന സ്ത്രീ ജീവിതങ്ങള്‍! (കവിത.എം. എ)

Published on 18 October, 2019
അമ്മ ദൈവങ്ങളാകേണ്ടിവരുന്ന സ്ത്രീ ജീവിതങ്ങള്‍! (കവിത.എം. എ)
ദൈവം പദവി എനിക്ക് വേണ്ടാ.. പിന്നെ സര്‍വം സഹയെന്നും ആത്മ ത്യാഗി എന്നുമുള്ള വിശേഷണങ്ങള്‍ വേണ്ടേ വേണ്ട.. അതെ, ഞാനും അമ്മയാണ്.. പക്ഷെ അമ്മ മാത്രമല്ല.. ഞാനും മകളാണ്.. പക്ഷെ മകള്‍ മാത്രമല്ല.. എല്ലാ വികാരങ്ങളുമുള്ള പച്ചയായ ഒരു മനുഷ്യ സ്ത്രീയായി ജീവിച്ചു മരിക്കാനാണെനിക്കിഷ്ടം..
സ്ത്രീകളുടെ സമയവും, സ്‌നേഹവും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി മാത്രം മാറ്റിവയ്ക്കുന്നതിനോട് ഒരു യോജിപ്പുമില്ല..

മനുഷ്യരില്‍ നന്മയും തിന്മയും ഉള്ളത് പോലെ തന്നെ, അമ്മമാരിലും അതെ വിഭിന്ന സ്വഭാവഗതികള്‍ കാണാം.. പക്ഷെ അമ്മ എന്തെങ്കിലും അരുതായ്മ അറിഞ്ഞോ അറിയാതെയോ ചെയ്താല്‍ സമൂഹം അവള്‍ക്കു നേരെ എറിയുന്ന കല്ലുകളുടെ വലുപ്പം കൂടുതലല്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. കാരണം സമൂഹം അമ്മമാരില്‍ നിന്നും അമിതമായി പ്രതീക്ഷിക്കുന്നു.

എന്ത് കൊണ്ടാണ് ഇന്നും നാം അമ്മമാരെ മക്കളില്‍ നിന്നും വേര്‍പെടുത്തി കാണാത്തത്? എന്ത് കൊണ്ടാണ് നാം അവരെ സന്തോഷത്തിനും സംതൃപ്തിയ്ക്കും അതീതരായി കാണുന്നത്? എന്ത് കൊണ്ടാണ് മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്ന് പറയുന്ന അമ്മമാരെ ദൈവിക സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നത്? എന്ത് കൊണ്ടാണ്, ഇതിനോടൊന്നും യോജിക്കാന്‍ സാധിക്കാത്ത എനിക്ക് കുറ്റബോധം തോന്നുന്നത്?

അത് മനസ്സിലാക്കാന്‍ എനിക്ക് ഒരു ഇരുപതു വര്‍ഷം പിന്നിലേയ്ക്ക് പോകണം.. കല്യാണം കഴിഞ്ഞു മൂന്നാലു വര്‍ഷം കഴിഞ്ഞിട്ടും എന്റെ രണ്ടാമത്തെ മാസ്‌റ്റേഴ്‌സ് ഡിഗ്രി കഴിയുന്നവരെ ഒരു കാരണവശാലും കുട്ടികള്‍ ഉണ്ടാവല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്..പിന്നെ എല്ലാം കഴിഞ്ഞു settle ആയി എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് കുഞ്ഞുണ്ടാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചത് എന്ന് എനിക്ക് നന്നായി അറിയാം.. അപ്പൊ മക്കളെ നോക്കാനും സ്‌നേഹിക്കാനും അല്ല ഞാന്‍ അമ്മയായതു.. എന്റെതെന്നു പറയാന്‍, ഞാന്‍ മനസ്സില്‍ കണ്ട 'അമ്മ' ആകാന്‍, എന്റെ പാരന്റിങ് രീതി ആണ് ബെറ്റര്‍ എന്ന് സ്വയം ബോധ്യപ്പെടുത്താന്‍, എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും മാത്രമായി തന്നെ ആണ് ഞാന്‍ എന്റെ കുഞ്ഞുങ്ങളെ ഈ ഭൂമിയില്‍ കൊണ്ടുവന്നത്..അല്ലാതെ അവരുടെ ആത്മാക്കള്‍ ഈ ഭൂമിയിലേയ്ക്ക് വരാന്‍ എന്നോട് കേണപേക്ഷിച്ചിട്ടല്ല...അതിനാല്‍ ഞാന്‍ അനുഭവിച്ച പ്രസവ വേദനയ്ക്കും, ഏറ്റവും കഠിനം എന്ന് ഇപ്പോഴും ഞാന്‍ കരുതുന്ന മുലയൂട്ടലുകള്‍ക്കും ഉറക്കമിളച്ച രാത്രികള്‍ക്കും എല്ലാം കാരണം ഞാന്‍ തന്നെയാണ്.

 വേണമെങ്കില്‍ എനിക്ക് ഈ 'അമ്മ' പദവി കുറച്ചു ഈസി ആയി എടുക്കാമായിരുന്നു.. എല്ലാ ദിവസവും ഒരു മണിക്കൂര്‍ റീഡിങ് ടൈം ഒരുമാസം പ്രായമായ കുഞ്ഞിന് വേണ്ടായിരുന്നിരിക്കും..എല്ലാ ദിവസവും നാല്‍പ്പതു മിനിറ്റ് ബബിള്‍ ബാത്ത് അനാവശ്യമായിരുന്നിരിക്കും..പക്ഷെ ഞാന്‍ അതൊക്കെ ചെയ്തത് എനിക്ക് വേണ്ടിയായിരുന്നു.. കുഞ്ഞുങ്ങള്‍ എനിക്ക് ഒരു പ്രൊജക്റ്റ് ആയിട്ടാണ് തോന്നിയിരുന്നത് .. അത് ഭംഗിയാക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.. കുഞ്ഞുങ്ങള്‍ എന്നോടൊരിക്കലും അവര്‍ക്കു ഇങ്ങനെയുള്ള അമ്മയെയാണ് ആവശ്യം എന്ന് പറഞ്ഞിട്ടില്ലല്ലോ..

പിന്നെ എങ്ങനെയാണ് അമ്മമാര്‍ക്ക് അവരുടെ മേല്‍ ഇത്ര ആധിപത്യം? ഇടയ്ക്കു വൈറല്‍ ആയ ഒരു പോസ്റ്റ് വായിച്ചു.. ഞങ്ങള്‍ കുട്ടികളെ തല്ലും, വേറെ ആരും തല്ലണ്ട എന്ന്..ചെറിയ കുട്ടികളും മനുഷ്യന്മാരാണ്.. നല്ലോണം അടി കിട്ടി വളര്‍ന്നത് കൊണ്ട് തന്നെ, എനിക്ക് അതിനോട് ഒരു യോജിപ്പും ഇല്ല..അമ്മമാര്‍ മനസ്സിലാക്കണം, നിങ്ങള്‍ അടിച്ചു എന്നത് കൊണ്ട്, ആരെയും നിങ്ങള്‍ക്ക് നന്നാക്കാന്‍ പറ്റുന്നില്ല.. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് സമയം പഠിച്ചോണ്ടിരുന്നപ്പോള്‍ ഉറക്കം തൂങ്ങിയതിനു കുട കൊണ്ട് അടി വാങ്ങിയ ആളാണ് ഞാന്‍.. ആ അടി കിട്ടിയപ്പോള്‍ മനസ്സില്‍ അനുഭവിച്ച ദേഷ്യം, വെറുപ്പ്, അതിന്നും എനിക്കോര്‍മ്മയുണ്ട്..എല്ലാം ഉപേക്ഷിച്ചു നാട് വിട്ടാലോ എന്ന് തോന്നിയ നിമിഷം.. പിന്നെ, ദൈവാനുഗ്രഹം കൊണ്ട്, പക തീര്‍ക്കാന്‍ ഞാന്‍ എന്റെ ജീവിതം തന്നെ ഉപയോഗിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ  എനിക്ക് മനസ്സിലായി..എന്നാലും, ഇപ്പോഴും എന്റെ അമ്മ വിശ്വസിക്കുന്നു, ആ അടിയുടെ ചൂടുകാരണമാണ് ഞാന്‍ എന്തൊക്കെയോ ആയതെന്നു.. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...

സ്‌നേഹം കൊണ്ടും, ബഹുമാനം കൊണ്ടും, അവരിലുള്ള വിശ്വാസം എത്ര വലുതാണെന്ന് കാണിച്ചു കൊണ്ടുമുള്ള പാരന്റിംഗ് സ്‌റ്റൈലില്‍ മാത്രമേ വിശ്വാസമുള്ളൂ.. അത് പോലെ കുഞ്ഞുങ്ങള്‍ വളര്‍ന്നു പോയി, സ്വതന്ത്രരായി, എന്നൊന്നും പറഞ്ഞു വിഷമിക്കാന്‍ ഞാന്‍ ഇല്ല.. അവര്‍ കോളേജിലേക്ക് പോയി കഴിഞ്ഞാല്‍ കിട്ടാവുന്ന അധിക സമയത്തില്‍ ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഇപ്പോഴേ തയ്യാറാക്കി വച്ചിട്ടുണ്ട്..അത് എന്റെ അമ്മ സ്ഥാനത്തെ മങ്ങല്‍ ഏല്‍പ്പിക്കുന്നുവെന്നു ഞാന്‍ കരുതുന്നില്ല.. അത് കൊണ്ട് തന്നെ ഞാന്‍ അറിയാതെ എന്നില്‍ നിറയുന്ന കുറ്റബോധത്തിനു ഒട്ടും പ്രസക്തിയില്ല...

കുട്ടികള്‍ക്ക് യഥേഷ്ടം സ്‌നേഹം നല്‍കുക.. പിന്നെ അവരെയും എല്ലാ അവകാശങ്ങളുമുള്ള പൗരരായി കാണുക.. അമ്മമാരുടെ കയ്യിലെ കളിപ്പാട്ടം അല്ല അവര്‍.. നാളെയുടെ വാഗ്ദാനങ്ങളാണ്..ആ ബഹുമാനം എന്നും ഉണ്ടായിരിക്കണം..അമ്മമാരെ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കൂടി ജീവിക്കുക.. കുട്ടികളുടെ മേലുള്ള അനാവശ്യ പ്രഷര്‍ കുറയ്ക്കാന്‍ അത് ഒരുപാട് സഹായിക്കും.. അവര്‍ വളരട്ടെ.. സ്വതന്ത്രരായി.. ആത്മ വിശ്വാസത്തോടെ... ഒന്ന് തളര്‍ന്നാല്‍ ഓടി വരാന്‍ ഒരു സ്ഥലം എന്നും അവര്‍ക്കായി കരുതിയിട്ടുണ്ട് എന്ന് അവരെ ഓര്‍മ്മിപ്പിക്കുക.. നമ്മുടെ മക്കള്‍ ഒരിക്കലും സ്‌നേഹത്തിനായി ദാഹിക്കാതിരിക്കട്ടെ! 

കവിത.എം. എ: തിരുവനന്തപുരം സ്വദേശി. ജലശുദ്ധീകരണ മേഖലയില്‍ എഞ്ചിനീയര്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിനിന്നും എന്‍വിറോണ്മെന്റല്‍ എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ താമസം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക