Image

രാഷ്ട്ര പിതാവും ഹിന്ദുത്വ ആചാര്യനും തുലനം ചെയ്യപ്പെടുമ്പോള്‍-(ഡല്‍ഹികത്ത് : പി.വിതോമസ്)

പി.വിതോമസ്) Published on 21 October, 2019
രാഷ്ട്ര പിതാവും ഹിന്ദുത്വ ആചാര്യനും തുലനം ചെയ്യപ്പെടുമ്പോള്‍-(ഡല്‍ഹികത്ത് : പി.വിതോമസ്)
രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം ഒക്ടോബര്‍ 2ന് ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. ഗവണ്‍മെന്റ് ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഗൃഹമന്ത്രി അമിത്ഘായും ആണ് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളും ഗാന്ധിജയന്തി

അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു വിവാദ പുരുഷനായി നിലകൊള്ളുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യത്തെ വക്താവാണ് സവര്‍ക്കര്‍. നാലിലേറെ ഘട്ടങ്ങളില്‍ അദ്ദേഹം ജയില്‍ മോചനത്തിനായി ബ്രിട്ടീഷുകാരോട് മാപ്പിരന്ന് അടിയറവ് പറഞ്ഞിട്ടുള്ളതാണ്. മഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തിന് വിരുദ്ധമാണ് സവര്‍ക്കര്‍. മഹാത്മജിയെയും, സവര്‍ക്കറിനെയും തുലനം ചെയ്ത ഒരേ തട്ടില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുക വഴി ബി.ജെ.പി. അതിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് തുറന്നു കാട്ടിയിരിക്കുന്നത്. മഹാരാഷ്ട്രക്കാരനായ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന വാഗ്ദാനം ചെയ്യുക വഴി സംസ്ഥാന തെരഞ്ഞെടുപ്പ് ജയിക്കുവാന്‍ ബി.ജെ.പി. നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായിട്ടേ ഇതിനെ കാണുവാന്‍ സാധിക്കുകയുള്ളൂ.

മഹാത്മജി മതതീവ്രവാദികളുടെ ഗൂഢാലോചനയുടെയും വെടിയുണ്ടയുടെയും ഇരയായി കൊല്ലപ്പെട്ടിട്ട് 71 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ത്യാഗോജ്ജ്വമായ  ആ ജീവിത ഇതിഹാസം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെയും പ്രചോദനാത്മകമായ തുടിക്കുന്ന ഒരു ഏടാണ്. ദക്ഷിണാഫ്രിക്കയില്‍ (1893-1915) 22 വര്‍ഷത്തെ  ഐതിഹാസികമായ  സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയില്‍ 33 വര്‍ഷത്തെ(1915-1948) സ്വാതന്ത്ര്യ സമരജീവിതത്തിലൂടെയും മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച ബാപ്പു എന്ന മഹാത്മജിയെ ഇന്ത്യയും ലോകവും ഇന്നും ആരാധിക്കുന്നു, സ്മരിക്കുന്നു. പക്ഷെ, ഇന്ത്യയില്‍ ഇന്ന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്‍തുടരപ്പെടുന്നുണ്ടോ? മത്സരിച്ചുള്ള ഗാന്ധിജയന്തി ആഘോഷങ്ങളുടെ കഥ അവിടെ നില്‍ക്കട്ടെ. പൊതു മലവിസര്‍ജ്ജന വിമുക്ത ഭാരതത്തിന്റെ സന്ദേശമാണ് മഹാത്മാഗാന്ധിയെ സ്മരിച്ചുകൊണ്ട് മോഡി രാജ്യത്തിന് നല്‍കിയത്. പക്ഷെ, ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് രണ്ട് ദളിതരെ ഇതേ കുറ്റത്തിന് പരസ്യമായി ആള്‍ക്കൂട്ടക്കൊല നടത്തിയതും ഇതേ രാജ്യത്തു തന്നെയാണ്. മൊഹമ്മദ് അഖലാക്കും പെഹലുഖാനും ആള്‍ക്കൂട്ടകൊലക്ക് ഇരയായതും ഇവിടെത്തന്നെ. തലമുറകള്‍ മാറിയപ്പോഴും ഭരണം മാറിയപ്പോഴും തലമുറക്കുള്ളിലൂടെ രാഷ്ട്രീയ ജീവിതമൂല്യങ്ങള്‍ മാറി മറിഞ്ഞപ്പോഴും ഇന്ത്യയില്‍ ഗാന്ധിജിയും ഗാന്ധിസവും വിസ്മരിക്കപ്പെടുകയോ വര്‍ജ്ജിക്കപ്പെടുകയോ ആണ് ചെയ്തിരിക്കുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തില്‍ അധോലോക രാജാക്കന്മാര്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരോ, എം.പി.മാരോ, എം.എല്‍.എ.മാരോ ആവുകയില്ലായിരുന്നു, ഭരണാധികാരികള്‍ കൂട്ടുനിന്ന 1984-ലെ സിക്ക് വിരുദ്ധ കൂട്ടക്കൊലയും 2002- ലെ ഗുജറാത്ത് മോഡല്‍ വംശഹത്യയും സംഭവിക്കുകയില്ലായിരുന്നു. അതുപോലെ തന്നെ ദേശീയ വിദേശീയ തലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച അഴിമതി കേസുകള്‍ക്ക്  സ്ഥാനം ഉണ്ടാവുകയില്ലായിരുന്നു. മഹാത്മജിയുടെ ഇന്ത്യയില്‍ ജനപ്രതിനിധികളുടെ ആര്‍ഭാടവും ധൂര്‍ത്തും അനധികൃത രീതിയിലുള്ള സ്വത്ത് സമ്പാദനവും ഉണ്ടാകുമായിരുന്നില്ല. ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് അദ്ദേഹം നയിച്ച ഒരു പാര്‍ട്ടി തീവ്രഹിന്ദുത്വത്തിന്റെ ആശയം വിളംബരം ചെയ്യുന്ന മറ്റൊരു പാര്‍ട്ടിയുടെ മുമ്പില്‍ അടി പതറുമായിരുന്നില്ല. ഗാന്ധി- മതനിരപേക്ഷതയോടുള്ള
അവഹേളനവും അദ്ദേഹത്തിന്റെ ഇന്ത്യയില്‍ സംഭവിക്കുകയില്ലായിരുന്നു. കോണ്‍ഗ്രസ്സ് കുടുംബഭരണത്തിന്റെ കയ്യിലും ആകുമായിരുന്നില്ല.

വര്‍ണ്ണവിവേചനത്തിനെതിരെയുള്ള ദക്ഷിണാഫ്രിക്കയിലെ പോരാട്ടങ്ങള്‍ കഴിഞ്ഞഅ മഹാത്മജി ഇന്ത്യയുടെ രാഷ്ട്രീയ വിഹായസില്‍ ഉദിച്ചുയര്‍ന്ന് അസ്തമിക്കുന്നത് ലോക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും സംഭവബഹുലവും ആയ ഒരു കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്റെ പാരമ്യതയില്‍ എത്തുകയും സ്വാതന്ത്ര്യം യഥാര്‍ഥ്യമാകുകയും ചെയ്തു.

രണ്ട് മഹായുദ്ധങ്ങളുടെ തീരാത്ത കെടുതികളില്‍ വെന്തുനീറുകയായിരുന്നു ലോകം, പ്രത്യേകിച്ചും യൂറോപ്പ്. അതിഭീകരമായ അസ്ഥിത്വ വ്യഥയും മൂല്യച്യുതിയും യൂറോപ്പിനെ ഉലച്ചു. അപ്പോഴാണ് റോമെയ്ന്‍ റോളണ്ടിന്റെ അഭിപ്രായപ്രകാരം, ക്രിസ്തുവിന്റെ സന്ദേശങ്ങളെ മറക്കുകയോ വഞ്ചിക്കുകയോ ചെയ്ത പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ ആ സന്ദേശങ്ങളെ പുനരാവിഷ്‌കരിച്ചുകൊണ്ട് ഒരു പുതിയ അവതാരമായി ഗാന്ധി വരുന്നത്. ഗാന്ധിജിയുടെ അഹിംസക്കും മറ്റു സിദ്ധാന്തങ്ങള്‍ക്കും അത്രമാത്രം പ്രസക്തി അപ്പോള്‍ തകര്‍ന്നു തരിപ്പണമായ യൂറോപ്പിനുണ്ടായിരുന്നു. മഹാത്മജിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് റോളണ്ട് (ബാപ്പു വധിക്കപ്പെട്ടപ്പോള്‍) എഴുതി: മഹാത്മജിയുടെ നാമം പുണ്യാത്മാക്കളുടെ ഗണത്തില്‍ പെടുന്നു. അദ്ദേഹത്തിന്റെ പുണ്യപ്രഭ ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട യൂറോപ്പിന് അസാധ്യമായ ഒരു അത്ഭുതം പോലെയാണ് മഹാത്മജി ഭവിച്ചത്.

മഹായുദ്ധത്തിന്റെ കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് യൂറോപ്പ് നില്‍ക്കുകയായിരുന്നു. അടുത്ത യുദ്ധത്തിന്റെ ഇടിമുരള്‍ച്ചയും വിപ്ലവത്തിന്റെ മണിമുഴക്കവും എല്ലാം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. വ്യാകുലതയും നിരാശയും ഗര്‍ഭം ധരിച്ച, പ്രകാശത്തിന്റെ ഒരു കിരണം പോലും ഇല്ലാത്ത ഒരു നീണ്ട രാത്രിയില്‍ യൂറോപ്പ് വീര്‍പ്പുമുട്ടുമ്പോഴാണ്  റോളണ്ടിന്റെ ഭാഷയില്‍ അര്‍ദ്ധനഗ്നനായ ഈ ദുര്‍ബല മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ ആയുധമാകട്ടെ അഹിംസയും യുക്തിയും സ്‌നേഹവും. വിനയവും ലാളിത്യവും കൊണ്ട് ഗാന്ധിജി യൂറോപ്പിനെ കീഴടക്കി. റോളണ്ടിന്റെ അഭിപ്രായ പ്രകാരം ക്രിസ്തുവിന്റെ തിരിച്ചുവരവായിരുന്നു യൂറോപ്പ് ഗാന്ധിജിയിലൂടെ ദര്‍ശിച്ചത്. മഹാത്മജിയുടെ വധത്തിനുശേഷം മുഖപ്രസംഗം എഴുതിക്കൊണ്ട് ലണ്ടന്‍ ടൈംസ് രേഖപ്പെടുത്തി: ഇന്ത്യ അല്ലാതെ ഒരു രാജ്യത്തിനും, ഹിന്ദുയിസമല്ലാതെ(ഹിന്ദുത്വ അല്ല) ഒരു മതത്തിനും ഒരു ഗാന്ധിക്ക് ജന്മം കൊടുക്കുവാന്‍ ആകുമായിരുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പതനോന്മുഖമായ പ്രയാണത്തില്‍ ഉത്കണ്ഠാകുലരായ ചിന്തകര്‍ മഹാത്മജിയെ ക്രൂസ്സോയുടെയും ടോള്‍സ്‌റ്റോയിയുടെയും പുനര്‍ജന്മമായി കണ്ടു. മനുഷ്യ സംസ്‌കാരത്തിന്റെ വ്യാമോഹങ്ങളെയും വ്യര്‍ത്ഥതയെയും പാവങ്ങളെയും നിരാകരിച്ചുകൊണ്ട് മനുഷ്യനോട് പ്രകൃതിയിലേക്കും ലളിതമായ ജീവിതത്തിലേക്കും മടങ്ങുകയെന്ന് മഹാത്മജിയുടെ ആഹ്വാനം അവരെ ആവേശം കൊള്ളിച്ചു. 'സ്വഛ് ഭാരത്'  പൊതുമലവിസര്‍ജ്ജവിമുക്ത ഭാരത്' എന്നിവ പോലെ വെറും പൊള്ളയായ തെരഞ്ഞെടുപ്പ് പ്രചരണ ആയുധങ്ങള്‍ ആയിരുന്നില്ല ഗാന്ധിജിയുടെ ആഹ്വാനങ്ങള്‍.

 ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും വിദ്യാഭ്യാസം കഴിഞ്ഞ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 24- ാം വയസ്സില്‍(1893) ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറുമ്പോള്‍ വെറും ഒരു സാധാരണ അഭിഭാഷകനായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനവും വ്യക്തിപരമായ അനുഭവങ്ങളും ഇന്ത്യാക്കാര്‍ അവിടെ അനുഭവിക്കുന്ന യാതനകളും ആണ് അഭിഭാഷകനായ ഗാന്ധിയെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് ആകാന്‍ പ്രേരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഭരണാധികാരികളില്‍ നിന്നും അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ആദ്ദേഹത്തിന് കൂടുതല്‍ കരുത്ത് നല്‍കി. മൂന്ന് വര്‍ഷത്തെ താമസത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറായ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ഇന്ത്യാക്കാരായ  സുഹൃത്തുക്കള്‍ ന്ല്‍കിയ ഒരു യാത്രയയപ്പ് പൊടുന്നനെ ഒരു ആക്ഷന്‍ കമ്മിറ്റി മീറ്റിംഗ് ആക്കി മാറ്റിയതും അത് 20 വര്‍ഷം നീണ്ടു നിന്ന് പ്രക്ഷോപകരമായ ഒരു ആഫ്രിക്കന്‍ ജീവിതത്തിന് വഴിതെളിച്ചതും രസകരമായ സംഭവമാണ് ഗാന്ധിജിയുടെ ജീവിതത്തില്‍. ഈ 20 വര്‍ഷത്തെ അഗ്നിയില്‍ സ്ഫുടം ചെയ്തതാണ് മഹാത്മാ ഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും. യാത്രയയപ്പ് അത്താഴവേളയില്‍ 'നാറ്റല്‍ മെര്‍ക്കുറി' എന്ന പത്രത്തില്‍ നാറ്റല്‍ ഗവണ്‍മെന്റ് ഇന്ത്യാക്കാരുടെ വോട്ടവകാശം റദ്ദു ചെയ്യാന്‍ ഒരു ബില്ല് അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത ഗാന്ധിജിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതും സംഭവങ്ങളുടെയും ചരിത്രത്തിന്റെയും ഗതി അപ്പാടെ മാറ്റിയതും. ദക്ഷിണാഫ്രിക്കയിലെ തീവ്രമായ അന്തരീക്ഷത്തില്‍ നിന്നും അദ്ദേഹം ആറു മാസത്തെ അവധി എടുത്ത് ഇന്ത്യയിലെത്തി. കസ്തൂര്‍ബാ ഗാന്ധി ഉള്‍പ്പെടുന്ന സ്വന്തം കുടുംബവുമായി പൂര്‍വ്വാധികം ശക്തിയോടെ സമരസന്നദ്ധനായി മടങ്ങുകയായിരുന്നു ലക്ഷ്യം. ഈ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് നടത്തിയ ചില പ്രസ്താവനകള്‍ റോയ്‌റ്റേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍ വലിയപ്രശ്‌നങ്ങള്‍ ഉളവാക്കി. അത് വകവെയ്ക്കാതെ ഗാന്ധിജി തന്റെ സന്ദര്‍ശനം തുടരുകയും രാജ്‌കോട്ടില്‍ ആയിടെ ഉണ്ടായ പ്ലേഗിന് ഇരയായ ഗ്രാമീണരുടെ രക്ഷക്കായി വേണ്ട നടപടികള്‍ സ്വീകരിച്ചും ബോധവല്‍ക്കരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിച്ചു.

ഇന്ത്യാക്കാരുടെ ഒരു അടിയന്തര സന്ദേശത്തെ തുടര്‍ന്ന് ഗാന്ധി കസ്തൂര്‍ബയും മക്കളുമായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. അദ്ദേഹത്തെ ആക്രമിക്കുവാന്‍ യൂറോപ്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. അടിയും തൊഴിയും കല്ലേറും ആവോളം കിട്ടി. എല്ലാത്തിനും സാക്ഷി കസ്തൂര്‍ബയും മക്കളും. പക്ഷെ അധികാരികള്‍ മുമ്പാകെ അവരെ തിരിച്ചറിയാന്‍ ഗാന്ധിജി വിസമ്മതിക്കുകയും, അവര്‍ ആരും തന്നെയായാലും അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലെന്ന്  പറഞ്ഞുകൊണ്ട താന്‍ അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഗാന്ധിയിലെ മഹാത്മാവിന്റെ ജനനം ഇവിടെ നിന്നും ആയിരുന്നു. പിന്നീട് സത്യാഗ്രഹവും അറസ്റ്റും ജയില്‍ വാസവും സന്തത സഹചാരിയായി. എല്ലാത്തിനും മൂകസാക്ഷി കസ്തൂര്‍ബ. ചിലപ്പോള്‍ പരസ്പരം കലഹിക്കും. ഒരവസരത്തില്‍ മറ്റുള്ളവരുടെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതില്‍ കസ്തൂര#്ബ മടികാണിച്ചപ്പോള്‍ ഗാന്ധി കസ്തൂര്‍ബയെ മര്‍ദ്ദിക്കുകയും വീടിനു വെളിയിലേക്കു വലിച്ചിഴക്കുകയും ഉണ്ടായി. വഴക്കിന്റെ അവസാനത്തില്‍ ഇണങ്ങുകയും ചെയ്തു. ഗാന്ധിജിയുടെ സമരത്തിലും സഹനത്തിലും സമ്പൂര്‍ണ്ണപിന്തുണ നല്‍കുകയും എന്നത് നിരക്ഷരയെങ്കിലും ഭര്‍തൃസ്‌നേഹിയായ കസ്തൂര്‍ബയുടെ സ്വഭാവമായിരുന്നു. ഗാന്ധിജിയുടെ സമരത്തിലും സഹനത്തിലും സമ്പൂര്‍ണ്ണ പിന്തുണ നല്‍കുകയും എന്നത് നിരക്ഷരയെങ്കിലും ഭര്‍തൃസ്‌നേഹിയായ കസ്തൂര്‍ബയുടെ സ്വഭാവമായിരുന്നു.
1914 ജനുവരിയില്‍ ഗാന്ധിയെ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് ജയില്‍ വിമുക്തനാക്കി. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ആവശ്യങ്ങളും ഭരണാധികാരികള്‍ അംഗീകരിച്ചു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ മിഷന്‍ അവസാനം കാണുകയായിരുന്നു. 1914 ജൂലൈ യില്‍ ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുന്നതിനു മുമ്പ് ഗാന്ധിജി താന്‍ ജയിലില്‍ വച്ച് നിര്‍മ്മിച്ച ഒരു ജോഡി പാദരക്ഷ ജനറല്‍ സ്്മട്ട് എന്ന ഭരണാധികാരിക്ക് സമ്മാനമായി കൊടുത്തയച്ചു. ഈ ജനറല്‍ സ്മട്ട് എപ്പോഴും ഗാന്ധിജിയുടെ പ്രധാന പീഡകന്‍ ആയിരുന്നു. മഹാത്മജിയുടെ ഈ സമ്മാനത്തെക്കുറിച്ച് പില്‍ക്കാലത്ത് ജനറല്‍ സ്മട്ട് അനുസരിച്ചത് ഇങ്ങനെയാണ്. അതിനുശേഷം ഒട്ടേറെ വേനല്‍കാലത്ത് ആ പാദരക്ഷ ധരിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് തോന്നി ആ വലിയ മനുഷ്യന്‍ നിര്‍മ്മിച്ച ഈ പാദരക്ഷയില്‍ നില്‍ക്കുവാനുള്ള യോഗ്യത എനിക്കില്ലെന്ന്.

1915 ജനുവരിയില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ഗാന്ധിജിയെ കാത്തിരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്ന കൊടുങ്കാറ്റുകളുടെ കൊടുങ്കാറ്റായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ, സൂര്യന്‍ അസ്്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും ഹിംസയിലൂടെ ഇന്ത്യന്‍ക്ക് സ്വാതന്ത്ര്യം നേടി എടുക്കുകയെന്ന ചരിത്രപരമായ ദൗത്യം ആയിരുന്നു അര്‍ദ്ധനഗ്നനായ ആ ഫക്കീറില്‍ നിക്ഷ്പ്തമായിരുന്നത്. ഗാന്ധിജി സാവധാനം കോണ്‍ഗ്രസ്സിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും നടുനായകത്വത്തിലേക്ക് ഉയര്‍ന്നു. അതായത് ഏതാണ്ട് 1919-ല്‍. 1919 മുതല്‍ 1948-ല്‍ മതതീവ്രവാദിയുടെ വെടിയുണ്ടയ്ക്ക് ഇരയാവുന്ന ഇവരെ അദ്ദേഹം സമരങ്ങളുടെയും സംഭവങ്ങളുടെയും കേന്ദ്രബിന്ദുവായി, ഒരു രാഷ്ട്രത്തിന്റെയും. അത് നിരക്ഷരരും നിര്‍ധനരും  ശബ്ദമില്ലാത്തവരും ആയ ജനകോടികളുടെ ഭാഗധേയം നിയന്ത്രിച്ചു, നിര്‍ണ്ണയിച്ചു. 1915 മെയ് മാസത്തില്‍ ഗുജറാത്തിലെ സബര്‍മ്മതി നദിയുടെ കരയില്‍ ആദ്യത്തെ സത്യാഗ്രഹ ആശ്രമം സ്ഥാപിക്കുന്നതും, 1916 ഫെബ്രുവരിയില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പ്രഥമ പൊതു പ്രഭാഷണം നടത്തുന്നതും, 1917-ല്‍ ചമ്പാരനില്‍ ആദ്യത്തെ സത്യാഗ്രഹം നടത്തുന്നതും കത്തിപടരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അഗ്നികുണ്ഠത്തിലേക്കുള്ള ചുവടുവെയ്പുകളായിരുന്നു. ബനാറസ് യൂണിവേഴ്‌സിറ്റി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സര്‍വ്വാഭരണ ഭൂഷിതരായെത്തിയ നാട്ടുരാജാക്കന്‍മാരെയും രാജകുമാരന്‍മാരെയും നോക്കി നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുവെച്ച് ജനസേവ നടത്താതെ ഇന്ത്യക്ക് സ്വാതന്ത്ര്യം ഇല്ല എന്നു ഗാന്ധിജി പറഞ്ഞത് അവരെ ക്ഷോഭിപ്പിക്കുകയും പ്രതിഷേധ സൂചകമായി അവര്‍ യോഗം ബഹിഷ്‌കരിച്ചതും ചരിത്രമാണ്.
ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സമരം ഐതിഹാസികമായി. ഫാക്ടറികളും വിദ്യാലയങ്ങളും സമരകലുഷിതമായി. ഉദ്യോഗസ്ഥന്‍മാര്‍ കീര്‍ത്തിമുദ്രകള്‍ വലിച്ചെറിഞ്ഞു. ഗ്രാമങ്ങള്‍ തോറും ചര്‍ക്കയുടെ ശബ്ദം വേദോച്ചാരണം പോലെ ഉയര്‍ന്നു. അഹിംസയും നിസ്സഹകരണ പ്രസ്ഥാനവും പുതിയ മുദ്രാവാക്യങ്ങളായി. ജയിലുകള്‍ ദേശസ്‌നേഹികളുടെ ഭവനങ്ങളായി. ഇതിനിടയില്‍ ചൗരിചൗരാപോലുള്ള അക്രമ സംഭവങ്ങള്‍ ഗാന്ധിജിയെ തളര്‍ത്തി. ഹിന്ദു- മുസ്ലീം വിഭജനം യഥാര്‍ത്ഥ്യമായി. കോണ്‍ഗ്രസ്സ് പിളര്‍പ്പിന്റെ വക്കിലെത്തി. ഗാന്ധിജി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. ഏകദേശം അഞ്ച് വര്‍ഷത്തോളം അദ്ദേഹം മതസൗഹാര്‍ദ്ത്തിലും ഹരിജനങ്ങളുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചു. എന്നാല്‍ 1929-ല്‍ പൂര്‍ണ്ണ സ്വരാജിലൂടെ 1930-ല്‍ ഉപ്പുസത്യാഗ്രഹത്തിലൂടെയും അദ്ദേഹം വീണ്ടും സ്വാതന്ത്ര്യസമരത്തിന്റെ എരിതീയിലേക്കു എടുത്തുചാടി ഭരണാധികാരികള്‍ക്ക് ചെറുത്തു നില്‍ക്കാനാവാത്ത ശക്തിയായി.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും(1942 ആഗസ്റ്റി) ഗാന്ധിജിയുടെ അറസ്റ്റും കസ്തൂര്‍ബയോടൊപ്പമുള്ള ആഗാഖാന്‍ കൊട്ടാരത്തിലെ അവാസന ജയില്‍വാസവും അവിടെ വെച്ച്  സന്തതസഹചാരിയായ മഹാദേവ് ദേശായിയുടെ മരണവും തുടര്‍ന്ന് കസ്തൂര്‍ബായുടെ മരണവും ഗാന്ധിജിയെ സുദീര്‍ഘമായ ഒരു സമര കഥയുടെ അന്ത്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
ഗാന്ധിജി സ്വന്തം ചര്‍ക്കയില്‍ നൂറ്റെടുത്ത ചുവന്ന കരയുള്ള സാരിയില്‍ പൊതിഞ്ഞ കസ്തൂര്‍ബയുടെ ശരീരം ജയില്‍ പരിസരത്തു തന്നെ എരിഞ്ഞടങ്ങിയപ്പോള്‍ 62 വര്‍ഷത്തെ  ദൈര്‍ഘ്യമുള്ള ഒരു ബന്ധത്തെ ഓര്‍മ്മിച്ചുകൊണ്ട് മഹാത്മ നെടുവീര്‍പ്പിട്ടു:' 62 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം ഇത് അന്തിമ വേര്‍പാടാണ്. എന്തിനായിരുന്നു ഈ തിടുക്കം?' ആഗാഖാന്‍ കൊട്ടാര ജയില്‍ സ്ഥിതി ചെയ്തിരുന്ന പൂനെയില്‍ തന്നെയാണ് ഗാന്ധി വധ ഗൂഢാലോചന നടന്നതും അതും സവര്‍ക്കറിന്റെ ഭവനത്തിലും എന്നാണ് പരാജയപ്പെട്ടുപോയ പ്രോസിക്യൂഷന്റെ ആരോപണം. അന്ന് വൈകുന്നരവും കസ്തൂര്‍ബയുടെ ശവദാഹം കഴിഞ്ഞ് പതിവുപോലെ രാത്രിയില്‍ ഗാന്ധിജിയുടെ മുറിയില്‍ നിന്നും ചര്‍ക്കയുടെ ശബ്ദം കേള്‍ക്കാമായിരുന്നു.(മഹാത്മാ ഗാന്ധിയുടെ ലാസ്റ്റ് ഇബ്രിസണ്‍മെന്റ്-ദ ഇന്‍സയ്ഡ് സ്‌റ്റോറി.- സുശീല നയ്യാര്‍).

വളരെ വ്യത്യസ്തമായ, അവിശ്വസനീയമായ ഒരു ജീവിതമാണ് ഇന്ത്യാവിഭജനത്തോടെയും അതിനുശേഷവുമുണ്ടായ മതകലാപത്തോടെയും ഒരു സംഘം മതഭീകരരുടെയും ഗൂഢാലോചനയില്‍ തകര്‍ന്നത്. ദേവത്വം വരിച്ച, ഈ രാഷ്ട്രീയ-സാമൂഹ്യ നേതാവിന് ലോകചരിത്രത്തില്‍ ഒരു സമാന്തരം ഉണ്ടോ, ഉണ്ടാകുമോ? തലമുറകളും യുഗങ്ങളും കഴിഞ്ഞാല്‍ പോലും.
ഇന്ത്യക്ക് രണ്ട് പുരാണങ്ങള്‍ ആണ് ഉള്ളത്. മഹാഭാരതവും, രാമായണവും. ഇന്ത്യക്ക് ഒരേ ഒരു ഇതിഹാസമേയുള്ളൂ. മഹാത്മാഗാന്ധി. അദ്ദേഹമാണ് ഭാരതരത്‌നം.

Join WhatsApp News
benoy 2019-10-21 21:31:35
എന്തുചെയാം തോമസ് സാറേ, ഇന്ത്യൻ ജനത വിധിയെഴുതിക്കഴിഞ്ഞു. അടുത്ത ഒരു പത്തു വര്ഷത്തേക്കു യാതൊരുപ്രയോജനവുമില്ലാതെ ഇങ്ങനെ ബി ജെ പി വിരോധം എഴുതിക്കൊണ്ടിരിക്കാം. പിന്നെ കുറെ മലയാളികളെ "ഉദ്ബുദ്ധരാക്കിയെന്നു" വേണമെങ്കിൽ ആശ്വസിക്കാം.  അങ്ങനെയെങ്കിലും അല്പം സമാധാനം  താങ്കൾക്കുണ്ടാകുന്നതിൽ സന്തോഷം. ഇനിയിപ്പോൾ താങ്കളെപ്പോലുള്ള കോൺഗ്രസ് അനുഭാവികൾക്കു ഇതൊക്കെയേ പണിയുണ്ടാകൂ.
VJ Kumr 2019-10-21 15:15:28
കോൺഗ്രസ് തകർന്നടിയും,​ മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ.

Can you tolerate??????
VJ Kumr 2019-10-22 14:12:59
ജമ്മു∙ കശ്മീരിലെ മുഖ്യധാരാ പാർട്ടികളുടെ നേതാക്കൾ, ഹുറിയത്, മത നേതാക്കൾ തുടങ്ങിയവർക്കൊന്നും ഭീകരത
കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. കശ്മീരിലെ സാധാരണക്കാരുടെ
മക്കളാണു കൊല്ലപ്പെടുന്നത്.   ശക്തരായ വിഭാഗക്കാരുടെ കുട്ടികൾ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലാണ്....
Read more at: https://www.manoramaonline.com/news/latest-news/2019/10/22/none-of-them-lost-their-own-to-terrorism-jk-governor.html

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക