Image

ദുര്‍ഗ്ഗ (കഥ: റാണി ബി മേനോന്‍)

Published on 26 October, 2019
ദുര്‍ഗ്ഗ (കഥ: റാണി ബി മേനോന്‍)
ദുര്‍ഗ്ഗാ , ദുര്‍ഗ്ഗമ
"എന്താടീ പെണ്ണേ എന്താ ഉദ്ദേശം"
എന്തൊക്കെയോ ഓര്‍ത്തുകൊണ്ട് താഴേയ്ക്കു നോക്കി നടന്നിരുന്ന ഞാന്‍ ഞെട്ടി തലയുയര്‍ത്തി നോക്കി.
അമ്പരപ്പും അമര്‍ഷവും നോട്ടത്തിലുണ്ടായിരുന്നിരിക്കണം.
എന്നോടത്രയ്ക്ക് സ്വാതന്ത്ര്യമെടുക്കാന്‍ മാത്രം അടുപ്പമുള്ളവരാരുമുള്ളിടത്തല്ല ഞാന്‍ അപ്പോള്‍ നിന്നിരുന്നത് .
നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് വലിയ കുങ്കുമപ്പൊട്ടും തിളങ്ങുന്ന വലിയ മുക്കുത്തിയുമാണ് .
ആ കണ്ണുകളില്‍ കണ്ട ആത്മവിശ്വാസം എന്റെ മനസ്സിലെ ധാര്‍ഷ്ട്യം കുത്തനെ കുറച്ചു
നന്നായി തടിച്ച, കടും നിറമുള്ള ചേല ചുറ്റിയ ഒരു എണ്ണക്കറുമ്പി.
"എന്നോടാവില്ലെ"ന്ന് ചുറ്റും തിരിഞ്ഞുനോക്കാനൊരുമ്പെടുമ്പോള്‍ അല്പം ഉരത്ത ആ ശബ്ദം വീണ്ടും ചാട്ടുളിപോലെ എന്റെ കര്‍ണ്ണപുടങ്ങളെ ആക്രമിച്ചു.
"നീയെന്താ തിരിഞ്ഞും മറിഞ്ഞും നോക്കണേ, നിന്നോടു തന്നെയാ ചോദിച്ചത്, ദിവസവും ഇങ്ങോട്ട് വലിഞ്ഞു കയറുന്നേന്റെ ഉദ്ദേശമെന്താന്ന്" .
എനിക്ക് വല്ലാതെ ദേഷ്യം വന്നു . "എന്തായാലും നിങ്ങള്‍ക്കെന്താ?"
"നിങ്ങളാരാ?"
"എന്താ പേര് "?
"ഞാന്‍ ദുര്‍ഗ്ഗ"
"ചേരുന്ന പേരുതന്നെ കണ്ടാലും തോന്നും"
എന്റെ വാക്കുകളിലെ പരിഹാസം മറയ്ക്കാനൊന്നും ശ്രമിച്ചില്ല ഞാന്‍
"എന്താ നിനക്കൊരു പുച്ഛം"?
"ഈ തള്ളയെ ഇന്നു ഞാന്‍ .... " മനസ്സില്‍ ഞാന്‍ പല്ലിറുമ്മി
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഞാനൊരിക്കലും ലംഘിക്കാറില്ല, ടീച്ചറായ അമ്മയുടെ ശിക്ഷണമാണു കാരണം . ചിലപ്പോഴെങ്കിലും അതൊരു പരിമിതിയോ ബാദ്ധ്യതയോ ആയി തോന്നിയിട്ടുണ്ട്
പക്ഷേ ഒരിക്കലും അമ്മ വരച്ച ഒരു ലക്ഷ്മണ രേഖയും ഇതുവരെ ഞാന്‍ ലംഘിച്ചിട്ടില്ല ആഗ്രഹമുണ്ടായാല്‍ പോലും കഴിയാഞ്ഞിട്ടാണ്, കാരണം അമ്മ സ്വന്തം ജീവിതം കൊണ്ടാണ് ആ രേഖ വരച്ചിട്ടത്.
"ഉദ്ദേശമെന്തായാലും, നിങ്ങളോട് പറയാന്‍ യാതൊരുദ്ദേശവുമില്ല"
ഞാന്‍ തിരിച്ചടിച്ചു.
ഇനി നിന്നാല്‍ ശരിയാവില്ല, ഞാന്‍ മുന്നോട്ട് നടന്ന് പടികള്‍ കയറാന്‍ തുടങ്ങി .
"നീയന്വേഷിച്ചു നടക്കുന്നത് എന്നെയാണ്"
"നിങ്ങളെയോ?
"എനിക്കറിയുക പോലുമില്ലാത്ത നിങ്ങളെ, ഞാനെന്തിനന്വേഷിച്ചു വരണം?"
"ഇതാപ്പോ നന്നായത്" അവരുറക്കെ ചിരിക്കാന്‍ തുടങ്ങി
"പൊട്ടി"
"അറിയാത്തവരെ അല്ലേ ആളുകള്‍ പിന്നെ അന്വേഷിച്ചു പോവുക?"
എന്നെ ഒരുതരം ഭയം കീഴടക്കാന്‍ തുടങ്ങി .
എനിക്കെത്രയും പെട്ടെന്ന് ഇവിടം വിട്ടു പോണം.
ഞാന്‍ തിരിച്ചിറങ്ങി പിന്‍ തിരിഞ്ഞു നടന്നു
പിറകില്‍ ചിരി മുഴങ്ങി
"നീയെന്തിനാ വന്നതെന്നെനിക്കറിയാം. പരിഭ്രമിക്കുകയൊന്നും വേണ്ട"
ഞാന്‍ തീരുമാനം മാറ്റി അവര്‍ക്കടുത്തേയ്ക്കു ചെന്നു. അവര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്തുകയാണുദ്ദേശം
ഞാന്‍ തുടങ്ങി
"നിങ്ങള്‍ക്കെത്രവയസ്സായി?"
ആദ്യം മാനസികമായി കീഴടക്കണം, പിന്നെ ഹാസ്യം, രൗദ്രം ...... എന്തുമാവം.
തിയറി ക്ലാസ്സിലെ പാഠങ്ങള്‍ കാതില്‍ മുഴങ്ങി
"എനിക്കൊരഞ്ഞൂററുന്നൂറ്....."
"ആ ആര്‍ക്കറിയാം അഞ്ഞൂറ്റമ്പതോ മറ്റോ കഴിഞ്ഞകഴിഞ്ഞപ്പോള്‍ എണ്ണുന്നതു നിര്‍ത്തി "
ഇപ്പോ സൈക്യാട്രിസ്റ്റ് കളിക്കുന്നത് ആയമ്മയാണ്
രൗദ്രമോ ബീഭത്സമോ, ഞാന്‍ പാളി നോക്കി
ഭാഗ്യം , "ശാന്ത"മാണ് ആയമ്മ തിരഞ്ഞെടുത്തതെന്നു തോന്നുന്നു
ഞാന്‍ നയത്തിന്റെ പാത തിരഞ്ഞെടുത്തു
"നിങ്ങളെന്തു ചെയ്യുന്നു"?
"അങ്ങിനൊന്നുമില്ല"
"ഈ സ്ഥലം പെണ്‍കുട്ടികള്‍ക്കത്ര നന്നല്ല "
എന്റെ ചെറുപ്പകാലത്ത് ഒരുത്തനെന്റെ പിറകേ നടന്നു ശല്യം ചെയ്തുകൊണ്ടിരുന്നു. ഒരെണ്ണമോറന്‍, കണ്ടാലൊരു പോത്തിനെപ്പോലിരിക്കും
ഞാനൊഴിഞ്ഞു മാറി നടന്നു, പിന്നെ നയത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു ,
സഹികെട്ടപ്പോള്‍ ഒരുനാള്‍ .....
കയ്യില്‍ കിട്ടിയത് പശുവിനെ കെട്ടുന്ന കുറ്റിയാണ്.
അടിച്ചു ഭ്രാന്തെടുത്തപോലെ
പിന്നൊന്നും ഓര്‍മ്മയിലില്ല
തളര്‍ന്നു പോയിരുന്നൂ ഞാന്‍
ബോധം തെളിഞ്ഞു ഉണര്‍ന്നു നോക്കുമ്പോള്‍ ഗ്രാമം മുഴുവന്‍ എന്റെ ചുറ്റും
ആരവം അത്ഭുതം ആനന്ദം അഭിനന്ദനം......
ആരും കുറ്റപ്പെടുത്തിയില്ല ഗ്രാമമുഖ്യന്റെ പത്‌നി കൈനീട്ടി
പിടിച്ചെഴുന്നേറ്റപ്പോള്‍ കണ്ണീരോടെ ചേര്‍ത്ത് നിര്‍ത്തി
എനിക്കൊന്നും മനസ്സിലായില്ല
പൊടുന്നനെ ഞാനാ കാഴ്ച്ച കണ്ടു ചത്തു മലച്ചു കിടക്കുന്ന മഹിഷാകാരനെ
എനിക്ക് ആദ്യം തോന്നിയ ഭയം ആശ്വാസത്തിനും സഹതാപത്തിനും വഴിമാറി
കൊല എന്റെ ഉദ്ദേശമായിരുന്നില്ല
സ്വയരക്ഷയും ഭയവും മാത്രം
എന്താണു ചെയ്യുന്നതെന്ന അറിവുമില്ലായിരുന്നു
പക്ഷേ പിന്നീട് ഞാനറിഞ്ഞു ആ ഗ്രാമം മുഴുവന്‍ അവനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നെന്ന്
അവന്റെ ഭീമമായ ശരീരത്തില്‍ അവരെല്ലാം ചവിട്ടുകയും തൊഴിക്കുകയും ചെയ്തു
ജീവിച്ചിരുന്നപ്പോള്‍ അവന്റെ മുഖത്ത് നോക്കാന്‍ ഭയന്നിരുന്നവര്‍ തുറന്നു മലര്‍ന്നു കിടന്ന കണ്ണുകളിലേക്ക് നീട്ടിത്തുപ്പി അരിശം തീര്‍ത്തു
അങ്ങിനെ ചെയ്യാതേ, എന്ന എന്റെ അപേക്ഷ വനരോദനമായി.
പക്ഷേ അവിടുന്നങ്ങോട്ട് എന്റെ ഒരു വാക്കിനും വിലയുണ്ടായില്ല
എന്റെ പിന്നീടുള്ള ജീവിതത്തില്‍ ഒരിയ്ക്കലും എനിക്കൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.
ചെമ്പട്ടില്‍ പൊതിഞ്ഞ് പൊന്നില്‍ മൂടി പല്ലക്കിലേറ്റി, അവരെന്നെ ക്ഷേത്രം പണിഞ്ഞു പ്രതിഷ്ഠിച്ചു. കുറ്റിക്ക് അത്ര ചന്തം പോരാത്തതിനാല്‍ അതു പരിഷ്കരിച്ചു.
അവരെന്നെ അവരുടെ പെണ്‍മക്കളുടെ രക്ഷാദേവതയായി അവരോധിച്ചു.
എന്റെ പശുക്കിടാങ്ങള്‍ അനാഥരായി അലഞ്ഞു നടന്നു
ചിലതിനെ പുലി പിടിച്ചു ,
ചിലത് വിശന്നു ചത്തു.
സ്വന്തം പൈക്കിടാങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍, അങ്ങിനെ ഈ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ രക്ഷകിയായി;
അവരുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും, പ്രണയങ്ങളുടെ കാവലാളുമായി.
"നിനക്കു ചിരിക്കാന്‍ തോന്നുന്നില്ലേ""
"ഇല്ല ", ഞാന്‍ പറഞ്ഞു

"സെയ്ഞ്ച് ഇല്യാ, പരവാ ഇല്ലേ" "മറുപടി വരുമ്പോത് കുടുത്തിടുങ്കോ" "
"ങേ" ഇതെന്തു മറിമായം?
ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് സ്ക്കൂട്ടര്‍ സ്റ്റാന്റിനു മുന്നിലാണ്, കയ്യില്‍ കൂപ്പണുണ്ട്
മുന്നില്‍ നില്‍ക്കുന്നത് .......
ആദ്യം കണ്ണില്‍ പെട്ടത് വലിയ കുങ്കുമപ്പൊട്ടാണ്, പിന്നാലെ വലിയ തിളങ്ങുന്ന മുക്കുത്തി, തടിച്ച ശരീരത്തില്‍ വാരി വലിച്ചുടുത്ത കടും നിറമുള്ള ചേല.
എണ്ണക്കറുപ്പ്.....
പക്ഷേ സ്പഷ്ടവും ശുദ്ധവുമായ മലയാള ഭാഷയ്ക്കുപകരം തമിഴും മലയാളവും പിന്നേയുമെന്തൊക്കെയോ കലര്‍ന്ന വികലമായ ഭാഷയും ഉച്ചാരണവും
"എന്നമ്മാ എന്നാ മിടു മിടാ നോക്കര്‍ത്?"
"തല സുത്തര്‍താ?"
"അങ്കേ കൊഞ്ചമാ ഒക്കാറ്ന്തിട്ടു പോങ്കോ"
"നെക്ഷ്ട്"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക