Image

മകള്‍ (കഥ: വിജി ശങ്കര്‍)

Published on 27 October, 2019
മകള്‍ (കഥ: വിജി ശങ്കര്‍)
നേരം ഇരുട്ടി തുടങ്ങിയിരുന്നു. നഗരത്തില്‍ പക്ഷെ തിരക്ക് തുടങ്ങുകയായിരുന്നു. മകളുടെ കൈയും പിടിച്ചു നടക്കുമ്പോള്‍ അവള്‍ക്കു ഭീതി തോന്നി. ഒരു തരം  വേവലാതി. വയറിന്നുള്ളില്‍ നിന്നും വളര്‍ന്നു അത് തന്‍റെ കൈകാലുകളെ കെട്ടിയിടുമെന്ന തോന്നല്‍. ആ തോന്നല്‍ കുടഞ്ഞു കളയാനെന്ന പോലെ, അവളൊന്നു നിവര്‍ന്നു നടന്നു. കൂടെ നടക്കുന്ന മകളുടെ കൈകള്‍ അവള്‍ മുറുകെ പിടിച്ചിരുന്നു. കൗമാരം കഴിഞ്ഞ മകള്‍ മടി മൂലം കുറെ പ്രാവശ്യം കൈ വിടുവിക്കാന്‍ നോക്കിയെങ്കിലും അവള്‍ പിടി വിട്ടതേയില്ല. നാട്ടിലേക്കുള്ള ബസ് വരുന്ന സ്‌റ്റോപ്പില്‍ അവള്‍ മകളെ ഒതുക്കി നിര്‍ത്തി. അവിടെയും അവള്‍ മകളുടെ അടുത്ത് തന്നെ നിന്നു.

അവസാനം ബസ് വന്നു. ഉള്ളിലെ തിരക്ക് പോരാഞ്ഞു പുറത്തു കാത്തു നിന്നവര്‍ മുഴുവന്‍ അതില്‍ കയറി പറ്റി. കൂട്ടത്തില്‍ അവളും മകളും കയറി. തിരക്കിനിടയില്‍  മകളുടെ പിന്നില്‍ ത്തന്നെ നില്‍ക്കാന്‍ അവള്‍ ശ്രദ്ധിച്ചു. ഇരുട്ടു പരന്നു കഴിഞ്ഞിരുന്നു. ഇത്രയും വൈകിക്കേണ്ടായിരുന്നു..., അവള്‍ സ്വയം ശപിച്ചു. നഗരത്തില്‍ മകളുടെ കോളേജ്  അഡ്മിഷനു വന്നതായിരുന്നു അവര്‍. എല്ലാം കഴിഞ്ഞു ഒരു ബന്ധു വീട്ടിലെ സന്ദര്‍ശനം കൂടി കഴിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. നാളെ പോവമെന്ന അവരുടെ വാക്ക് കേട്ടാല്‍ മതിയായിരുന്നു.

വഴിയില്‍  കണ്ട ഒരു സുഹൃത്ത് ആണ് കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചത്. അഞ്ചു കൊല്ലം ഒന്നിച്ചു പഠിച്ച ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍. പഠിത്തം കഴിഞ്ഞു കുറച്ചു കാലം സൗഹൃദം നില നിര്‍ത്തി. പിന്നീട് കാലത്തിന്‍റെ കുത്തൊഴുക്കില്‍ അതെല്ലാം നഷ്ടമായി. ഇന്നിപ്പോള്‍ പൊടുന്നനെ അവളെ മുന്നില്‍ കണ്ടപ്പോള്‍ ഒരു ഊഹം വെച്ചു അവളെ വിളിച്ചതായിരുന്നു സുഹൃത്ത്. ഒരു പാടുകാലം പിന്നിലേക്ക് പോയ അവര്‍ പലതും സംസാരിച്ചു. പക്ഷെ അപ്പോഴെല്ലാം കൂടെയുള്ള മകളുടെ ഓര്‍മ്മ അവളെ ഉലയ്ക്കുണ്ടായിരുന്നു. നേരം വൈകുന്നെന്നും, പോവട്ടെയെന്നുമുള്ള അവളുടെ അഭ്യര്‍ത്ഥനകളെല്ലാം സുഹൃത്തിന്‍റെ പൊട്ടിച്ചിരിയിലും പരിഹാസത്തിലും മുങ്ങി പോയി.

"നിനക്കെന്തു പറ്റി?, നമ്മുടെ കൂട്ടത്തില്‍ ഏറ്റവും ധീര നീയായിരുന്നില്ലേ? ആ നീയാണിതെന്നു വിശ്വസിക്കാനേ പറ്റുന്നില്ല. നേരം വൈകുന്നു എന്ന് പറഞ്ഞു നീ പേടിക്കുമ്പോള്‍ എനിക്ക് തമാശ തോന്നുന്നു". പിന്നെയും സുഹൃത്ത് എന്തൊക്കെയോ പറഞ്ഞു. നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയി ഒന്നിച്ചു ഭക്ഷണം കഴിച്ചു. പിരിയുമ്പോള്‍ പക്ഷെ അവള്‍ക്കും വേദന തോന്നി. പാവം, ഒരു പാട് കാലം കഴിഞ്ഞു കണ്ട സുഹൃത്തിനോട് നീതി പുലര്‍ത്താന്‍ തന്‍റെ അനാവശ്യമായ ഭീതി തടസ്സം നിന്നതായി അവള്‍ക്കു ബോദ്ധ്യപ്പെട്ടു. എന്താണ്  താന്‍ ഇങ്ങിനെ ആയതെന്നു ഒരുപാടു തവണ അവള്‍ സ്വയം ചോദിച്ചിട്ടുണ്ട്. എവിടെയാണ് എനിക്കെന്നെ നഷ്ടപ്പെട്ടത്?, എന്‍റെ മനസ്സിന്‍റെ ധൈര്യമെല്ലാം എവിടെയാണ് ചോര്‍ന്നു പോയത്? വര്‍ത്തമാന കാലത്തെ വാര്‍ത്തകളെല്ലാം തന്‍റെ ഭയം ന്യയീകരിക്കുന്നവയാണ്. എപ്പോഴും എവിടെയും പെണ്‍കുട്ടികള്‍ നിഷ്കരുണം ഉപദ്രവിക്കപ്പെടുന്നു. തെരുവില്‍, വിദ്യാലയങ്ങളില്‍, സ്വന്തം വീടുകളില്‍ പോലും അവര്‍ സുരക്ഷിതരല്ല. ഇത്തരം വാര്‍ത്തകള്‍ വായിച്ചു വായിച്ചു അവളുടെ തലച്ചോറാകെ മരവിച്ചിരിക്കുകയായിരുന്നു. ഈയിടെയായി അവള്‍ പത്രങ്ങള്‍ വായിക്കുകയോ, വാര്‍ത്തകള്‍ കാണുകയോ ചെയ്യാറില്ല. എന്തിനു വീണ്ടും വീണ്ടും മനസ്സിന്‍റെ ധൈര്യം കളയണം?...

ബസ് അരിച്ചരിച്ചു നീങ്ങുന്നത് പോലെ അവള്‍ക്കു തോന്നി. ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി ആകാവുന്നത്ര ആളുകളെ കുത്തി കയറ്റി ഞരങ്ങലും മൂളലുമായി ഇരുട്ടിനെ കീറി മുറിച്ചു ബസ് ഓടികൊണ്ടിരുന്നു. അവള്‍ മകളെ നോക്കി. ഒരു ഭയവുമില്ലാതെ അവള്‍ പുറത്തെ കാഴ്ചകള്‍ കാണുകയാണ്. വീട്ടില്‍  നിന്നും ഇറങ്ങുമ്പോള്‍ ഭര്‍ത്താവു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങള്‍ അവളെ വീണ്ടും അലോസരപ്പെടുത്താന്‍ തുടങ്ങി. "ഒട്ടും വൈകരുത്, കൂടെയൊരു പെണ്‍കുട്ടിയാണ്, കാലം നന്നല്ല" എന്നിങ്ങനെ അയാള്‍ പറഞ്ഞ കാര്യങ്ങളത്രയും അവളിലെ ഭീതി വളര്‍ത്താന്‍ മാത്രം ഉതകുന്നവയായിരുന്നു.

പൊടുന്നനെ ഒരു വലിയ ശബ്ദത്തോടെ ബസ് നിന്നു. അവള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ആളുകള്‍ ഉറക്കെ സംസാരിക്കുന്നതും ഇറങ്ങി നോക്കുന്നതും കണ്ട അവള്‍ വീണ്ടും മകളുടെ കൈ മുറുകെ പിടിച്ചു. അടുത്തു നിന്ന മദ്ധ്യവയസ്കന്‍ പറഞ്ഞു  "നാശം,വണ്ടി കേടു വന്നെന്നു തോനുന്നു". അവള്‍ക്കു കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ തോന്നി. ഇനിയെന്തു ചെയ്യും? എന്‍റെ മകള്‍.., അവളെയും കൊണ്ട് ഈ പാതി വഴിയില്‍, രാത്രിയില്‍ ഞാന്‍ എവിടെ പോകും? അവളുടെ കാലുകള്‍ കുഴഞ്ഞു. അവളുടെ പാരവശ്യം കണ്ടു മകളും സഹയാത്രികനും അവളെ ഒരിടത്തിരുത്തി. "നിങ്ങള്‍ക്ക്  എവിടെയാണ് പോവേണ്ടത്?"  അയാള്‍ ചോദിച്ചു. വിവശയായ അവളെ നോക്കി മകള്‍ തങ്ങള്‍ക്കു പോകേണ്ട സ്ഥലം പറഞ്ഞു. അതൊരുപാട് ദൂരെയല്ലെയെന്നും, ഇനി അങ്ങോട്ടേക്ക് വണ്ടികളൊന്നുമില്ലെന്നും അയാള്‍ പറയുന്നത് അവള്‍ അബോധാവസ്ഥയിലെന്ന പോലെ കേട്ടു. ആ അപരിചിതന്‍ തങ്ങളുടെ കാര്യത്തില്‍ എന്തിനിത്ര താത്പ്പര്യപ്പെടുന്നു എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു വീണ്ടും അവശത തോന്നി. ഒന്നുമോര്‍ക്കാതെ അവള്‍ മകളുടെ കൈ പിടിച്ചു ധൃതിയില്‍ ബസില്‍ നിന്നിറങ്ങി, പിന്നില്‍ ആ യാത്രക്കാരനുമുണ്ടായിരുന്നു. അയാള്‍ വീണ്ടും അവരോടു പറഞ്ഞു  "പറയുന്നത്  കേള്‍ക്കൂ, നിങ്ങള്‍ക്ക് ഇന്നിനി വേറെ വണ്ടിയില്ല, എന്‍റെ വീട് ഇവിടെ അടുത്താണ്, ഇന്നവിടെ താമസിച്ചു രാവിലെ പോകാം".

അയാളുടെ നിര്‍ത്താതെയുള്ള അഭ്യര്‍ഥന അവളുടെയും മകളുടെയും ഭീതി വളര്‍ത്തി. "ഇല്ല, ഞങ്ങള്‍ വരുന്നില്ല, ഞങ്ങള്‍ എങ്ങിനെയെങ്കിലും പൊക്കോളാം, നിങ്ങള്‍ പൊക്കോളൂ" എന്ന അവരുടെ മറുവാക്കുകള്‍ക്കൊന്നും അയാള്‍ ചെവി കൊടുക്കുന്നേയുണ്ടായിരുന്നില്ല. "വരൂ,എന്‍റെ വീട്ടിലേക്കു വരൂ, ഈ രാത്രി ഇനി യാത്ര ചെയ്യേണ്ട" എന്നയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പറയുന്നതിനിടയില്‍ തന്നെ, അയാള്‍ മകളുടെ കൈകളില്‍ പിടിച്ചു വലിക്കുന്നത് ഉള്‍ഭയത്തോടെ അവള്‍ കണ്ടു. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് അവള്‍ ഉറക്കെ നിലവിളിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചയാള്‍ ഞെട്ടി തിരിഞ്ഞു. നിലവിളി കേട്ട് ഓടിക്കൂടിയ ജനം എന്തോ വിക്കി വിക്കി പറയാന്‍ ശ്രമിക്കുന്ന അമ്മയെയും പേടിച്ചരണ്ടു നില്‍ക്കുന്ന മകളെയും അവളുടെ കൈകള്‍ പിടിച്ചു നില്‍ക്കുന്ന ആളെയും കണ്ടു. എന്താണ് സംഭവിച്ചതെന്ന  ചോദിച്ച ജനത്തിനോട് അവള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു  "ഇയാള്‍ എന്നെയും അമ്മയെയും അയാളുടെ വീട്ടിലേക്കു കൂടെ പോവാന്‍ നിര്‍ബന്ധിക്കുന്നു, ഞാനും അമ്മയും ഇല്ലെന്നു പറഞ്ഞിട്ടും ഇയാള്‍ സമ്മതിക്കുന്നില്ല..."

പിന്നീടു ഒന്നും അവള്‍ക്കു പറയാനായില്ല. ഇരയുടെ മേല്‍ ചാടി വീഴുന്ന വിശന്ന മൃഗത്തെ പോലെ ജനം അയാളുടെ മേല്‍ ചാടി വീണു. തലങ്ങും വിലങ്ങും അയാളെ അടിക്കുകയും ചവിട്ടുകയും ചെയ്തു. രക്തമൊലിക്കുന്ന മുഖത്തോടെ അയാള്‍ അപ്പോഴും പിറുപിറുക്കുണ്ടായിരുന്നു... "എന്നെ വിശ്വസിക്കൂ, ഞാന്‍ അവരെ രക്ഷിക്കാനാണ് ശ്രമിച്ചത്, അല്ലെങ്കില്‍ നിങ്ങളാരെങ്കിലും അവരെ വീട്ടിലെത്തിക്കൂ...".

ബോധം നഷ്ടപ്പെടുന്ന അയാളുടെ നെഞ്ചില്‍ നാളെ തെരുവോരത്തെവിടെയെങ്കിലും പിച്ചിക്കീറി ഉപേക്ഷിക്കപ്പെടാവുന്ന തന്‍റെ മകളുടെ അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെയും അവളുടെ അമ്മയുടെയും രൂപം കൂര്‍ത്ത കുപ്പിച്ചില്ല് പോലെ തുളഞ്ഞു കയറി .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക