Image

ശീര്‍ഷകമില്ലാതെ (ഷാജു വി. വി)

Published on 27 October, 2019
ശീര്‍ഷകമില്ലാതെ (ഷാജു വി. വി)
പ്രതിച്ഛായയുടെ ഭാരമില്ലാതെയായി
സ്വതന്ത്രനായുറങ്ങുന്ന
ശാന്തനായ യാത്രികനെ
നിര്‍ന്നിമേഷയായി,
പ്രത്യേകിച്ചു മമതയോ
ജിജ്ഞാസയോ
വെറി പിടിച്ച കൗതുകമോ ഇല്ലാതെ
ചുമ്മാ മരച്ചുവട്ടില്‍
നോക്കിയിരിക്കുന്ന,
ആരെയുമൊന്നിനെയും
പ്രതിബിംബിക്കാനിച്ഛയോ
ആര്‍ത്തിയോ
സ്വന്തമാന്തരിക ദ്രവ്യ
ഉണ്‍മാഭാരമോ ഇല്ലാത്ത
ഒരു കണ്ണാടി!

അരികില്‍ ഒരു വികാരവുമില്ലാതെ
ഇരുവരിലേക്കും
കണ്ണുകള്‍ പാന്‍ ചെയ്യുന്ന
വയസ്സന്‍ പട്ടി
മൂളുന്ന പാട്ടിന്റെ പുറത്ത്
നൃത്തം ചെയ്യുന്ന
ചാരനിറമാര്‍ന്ന ശലഭം.

മരത്തില്‍ തൂങ്ങിക്കിടക്കുന്ന
വവ്വാലിന്റെ കാഴ്ചയുടെ
ആംഗിളില്‍ പിടിക്കുന്ന
ഈ പടത്തിന്
എന്തുശീര്‍ഷകമാണ്
കൊടുക്കേണ്ടത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക