Image

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ആരംഭിച്ചു

Published on 29 October, 2019
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ആരംഭിച്ചു
റിയാദ് : റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10.45 ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് വളരെ തിരക്കേറിയ പരിപാടികളാണ്. സൗദിയിലെ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. തന്ത്രപ്രധാനമായ ചില കരാറുകളിലും ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി ഇന്ന് രാത്രി മടങ്ങും. 

രാജാവും കിരീടാവകാശിയും കൂടാതെ ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, തൊഴില്‍ മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജ്ഹി, കാര്‍ഷിക പരിസ്ഥിതി ജല വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫാദലി തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ വൈകീട്ട് 5.30 ന് നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ക്ഷണപ്രകാരം എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. സൗദി ഉന്നത ഉദ്യോഗസ്ഥര്‍ മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം പ്രധാനമന്ത്രി കിംഗ് സഊദ് അതിഥി മന്ദിരത്തിലാണ് വിശ്രമിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക