Image

ഭീതിവിതയ്ക്കുന്ന മാവോയിസ്റ്റുകള്‍ കൊല്ലുന്നു, കൊല്ലപ്പെടുന്നു (ശ്രീനി)

Published on 30 October, 2019
ഭീതിവിതയ്ക്കുന്ന മാവോയിസ്റ്റുകള്‍ കൊല്ലുന്നു, കൊല്ലപ്പെടുന്നു (ശ്രീനി)
പാലക്കാട്ടെ മഞ്ചക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒക്‌ടോബര്‍ 29ന് നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ മണിവാസകം ആണ് അവസാനം മരിച്ചത്. തമിഴ്‌നാനാട് സ്വദേശിയായ മണിവാസകം കബനിദളം എന്ന ഗ്രൂപ്പിന്റെ പ്രധാന നേതാവാണ്. അതേസമയം മഞ്ചക്കണ്ടി വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റുകള്‍ക്കായി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അഗളിയിലെ ഉള്‍വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇതുവരെ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം കബനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ ചിതറിയോടെയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കായി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ  തെരച്ചില്‍ തുടരുകയാണ്. കൊലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇതിനായി മഞ്ചക്കണ്ടി വനത്തിലേക്ക് പോയ ഉദ്യോഗസ്ഥനും പ്രദേശവാസിയുമാണ് വെടിയൊച്ച കേട്ടത്. അതേസമയം മഞ്ചക്കണ്ടി മേഖലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസികപറയുന്നു.

അട്ടപ്പാടി വനമേഖലയിലെ മേലെ മഞ്ചിക്കണ്ടി വനത്തില്‍ താത്കാലിക ക്യാമ്പ് ഒരുക്കുന്നതിന് മാവോവാദി സംഘത്തെ പ്രേരിപ്പിച്ചത് തുലാമഴയുടെ കാഠിന്യമാണ്. സാധാരണ ഒരാഴ്ചയിലേറെ ഒരിടത്തും തങ്ങാത്ത സ്വഭാവമാണ് മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേത്. ഇത് തണ്ടര്‍ ബോള്‍ട്ട് സംഘത്തെ കുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 22നാണ് സംഘം മഞ്ചിക്കണ്ടി വനമേഖലയില്‍ തമ്പടിച്ചതെന്ന് കരുതുന്നു. ഇതിനുശേഷം വൈകുന്നേരങ്ങളില്‍ തുലാമഴ ശക്തമാവുകയും സംഘത്തിന്റെ യാത്രകള്‍ തടസ്സപ്പെടുകയും ചെയ്തു.

താരതമ്യേന സുരക്ഷിതമായ മഞ്ചിക്കണ്ടി വനമേഖലയില്‍ തമ്പടിക്കുന്നതിന് സംഘത്തെ പ്രേരിപ്പിച്ചത് ഇതാണത്രേ. ഒറ്റുകാരുള്ള ആദിവാസി ഊരുകളെ ഒഴിവാക്കി ആരുടെയും കണ്ണില്‍പ്പെടാതെ എത്രകാലം വേണമെങ്കിലും കാട്ടില്‍ കഴിയാന്‍ പരിശീലനം കിട്ടിയവരാണ് മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള സംഘം. വനപാലകരുടെ നിരീക്ഷണ ക്യാമറകളുള്ള ഇടങ്ങള്‍ വരെ വ്യക്തമായി പഠിച്ചശേഷമാണ് ഇവര്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇവരെ കുരുക്കാന്‍ കേരള-തമിഴ്‌നാട് പോലീസ് സേനകള്‍ മാസങ്ങളായി തീവ്രശ്രമം നടത്തുകയായിരുന്നു. സമീപത്തെ ആദിവാസി ഊരുകളിലെത്തി ഭക്ഷണം ശേഖരിച്ച് മടങ്ങുന്നതൊഴിച്ചാല്‍ മറ്റു പ്രവര്‍ത്തനങ്ങളൊന്നും കുറച്ചു ദിവസങ്ങളായി സംഘം നടത്തിയിരുന്നില്ല. പശ്ചിമഘട്ട വനമേഖലകളില്‍ ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

തുടര്‍ച്ചയായി മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരങ്ങളും ഇത് തെളിയിക്കുന്നതരത്തിലുള്ള പോസ്റ്ററുകളും ലഘുലേഖകളും കഴിഞ്ഞ അഞ്ചുമാസമായി അട്ടപ്പാടി മേഖലയില്‍ ഇടവിട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. തണ്ടര്‍ബോള്‍ട്ടും തമിഴ്‌നാട് പ്രത്യേക ദൗത്യസേനയും അട്ടപ്പാടി വനമേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ പ്രവര്‍ത്തനം നാടുകാണി വനമേഖലയിലേക്ക് മാറിയെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. മഴക്കാലം സുരക്ഷിത സമയമായാണ് മാവോവാദികള്‍ കണക്കാക്കുന്നത്. ദൗത്യസേനകള്‍ക്കും വനപാലകര്‍ക്കും  എത്തിപ്പെടാന്‍ കഴിയാത്ത ഈ സമയത്താണ് സംഘം താത്കാലിക ടെന്റുകളും മറ്റുമൊരുക്കി താമസിക്കുക.

മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. മരിച്ച മണിവാസകം എ.കെ 47 തോക്ക് ഉപയോഗിച്ചിരുന്നു. മൃതദേഹത്തിനടുത്തു നിന്ന് ഈ തോക്ക് കിട്ടിയിട്ടുണ്ട്. നാടന്‍ തോക്കും കണ്ടെത്തി. മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള അന്വേഷണമുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പോലീസ് ഏറ്റുമുട്ടലുകളില്‍ മരണമുണ്ടായാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ചോ മറ്റ് സ്വതന്ത്ര ഏജന്‍സിയോ അന്വേഷിക്കണമെന്നത് നിര്‍ബന്ധമാണ്. മജിസ്റ്റീരിയല്‍ തലത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇത്തരം സംഭവങ്ങളില്‍ 16 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിശദമായ മാര്‍ഗനിര്‍ദേശമിറക്കിയിട്ടുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

 കൊല്ലപ്പെട്ട മണിവാസകം മാവോവാദി സംഘടനയുടെ അമരക്കാരിലൊരാള്‍ തന്നെ. തമിഴ്‌നാട്ടുകാരനായ ഇയാള്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. മണിവാസകത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ തമിഴ്‌നാട് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നിന്ന് ജീവനോടെ പിടികൂടാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. മാണി, അപ്പു എന്നീ പേരുകളും ഇയാള്‍ക്കുണ്ട്. 2016-ല്‍ നിലമ്പൂര്‍ വരയന്‍മലയിലുണ്ടായ ഏറ്റുമുട്ടല്‍ സ്ഥലത്തും മണിവാസകത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കക്കുന്ന ശിരുവാണി ദളത്തിലെ അംഗമാണ്. മാവോവാദി കേന്ദ്ര കമ്മറ്റിയംഗം കുപ്പു ദേവരാജിന്റെ മരണശേഷം കേരളത്തിലെ ചുമതല മണിവാസകത്തിന് നല്‍കി. പ്രവര്‍ത്തകരെ അനുനയിപ്പിക്കാനും സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും മണിവാസകത്തിന് പ്രത്യേകം മികവുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

കര്‍ണാടകത്തില്‍ നിന്നുള്ള വി.ജി കൃഷ്ണമൂര്‍ത്തി കേരളത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്തതോടെയാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ ചുമതല മണിവാസകത്തിന് നല്‍കിയത്. മലയാളം കൂടി അറിയുന്ന ഇയാള്‍ക്ക് അട്ടപ്പാടി ഊരുകളിലെ ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നു. ഒക്‌ടോബര്‍ 28 തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മണിവാസകത്തിന് പരിക്കേറ്റതായി സൂചനയുണ്ടായിരുന്നു. വിവരമറിഞ്ഞ് തമിഴ്‌നാട് പോലീസിലെ രഹസ്യവിഭാഗം കേരളത്തിലേക്ക് തിരിച്ചെങ്കിലും മരിച്ചതറിഞ്ഞ് മടങ്ങുകയായയിരുന്നു

ഒക്‌ടോബര്‍ 16 ന് കാളികാവ് മേഖലയില്‍ കണ്ട അതേ സംഘമാണ് അട്ടപ്പാടിയിലെത്തിയതെന്ന് ഉറപ്പായിയെന്നതാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് ഉത്തേജനം നല്‍കിയത്. മണിവാസകം, കാര്‍ത്തി, ശ്രീമതി, ചന്തു, രമ, അരവിന്ദ് എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് കാളികാവില്‍ കണ്ടത്. ഒക്‌ടോബര്‍ 28നും പോലീസിനു നേരെ ആക്രമണമുണ്ടായി. അതുകൊണ്ടുതന്നെ ആയുധം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ കര്‍ണാടക സ്വദേശി ചന്തു സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്കും പരിക്കേറ്റതായി സൂചനയുണ്ട്. ചന്തുവും ശ്രീമതിയും രക്ഷപ്പെട്ടെന്ന് കരുതുന്നതിനാല്‍ പരിശോധന തുടരുകയാണിപ്പോള്‍.

തീര്‍ച്ചയായും മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിതവഴിയുണ്ട്. അതാണ് പശ്ചിമഘട്ടമലനിരകള്‍. കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെത്തവണ ഇവിടെ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ചെങ്കുത്തായ മലനിരകളും കുന്നുകളും സംരക്ഷിത വന പ്രദേശവുമാണ് മാവോവാദികള്‍ക്ക് സുരക്ഷിത വഴിയൊരുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും പരിചയസമ്പന്നര്‍ക്ക് വനങ്ങള്‍ താണ്ടി അട്ടപ്പാടിയിലെത്താം.

കര്‍ണാടക ഭാഗത്തുള്ള മാവോവാദി സംഘത്തിന് വയനാട്, മേപ്പാടി, കാളികാവ് വഴി തമിഴ്‌നാട് കേരള അതിര്‍ത്തിയായ ശിശുപ്പാറയിലെത്താം. ഇവിടെ നിന്ന് എളുപ്പത്തില്‍ സൈലന്റ് വാലിയിലെ ആനവായ് ഊരിന് മുകളിലെ വനത്തിലുമെത്താം. തമിഴ്‌നാട് ഭാഗത്തുള്ള മാവോവാദി സംഘത്തിന് അപ്പര്‍ ഭവാനി ഡാം പരിസരം വഴി മഞ്ചൂര്‍ എത്തിയശേഷം  ബെങ്കിതപാല്‍, നാടുകാണി വഴി ശിശുപ്പാറയില്‍ എത്താം.

ഇവിടെ നിന്ന് ആനവായ് ഭാഗത്തേക്ക് കാട്ടുപാതയുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ മുള്ളി മുതല്‍ സൈലന്റ് വാലി വരെയുള്ള വനമേഖല കേരളവും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. പരമ്പരാഗത ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന തുടുക്കി, ഗലസി, കടുകുമണ്ണ, കരുവാര, ഇടവാണി തുടങ്ങിയ ഇടങ്ങളിലാണ് മാവോവാദി സാന്നിധ്യം കൂടുതലായുള്ളത്. ഷോളയൂര്‍ പഞ്ചായത്തില്‍ വരടിമല ഭാഗത്തും മാവോവാദികളെത്താറുണ്ട്.

***
ഇപ്പോള്‍ അറിഞ്ഞത്...അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചുകൊന്ന മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീമതി, കാര്‍ത്തി എന്നിവരുടെ പോസ്റ്റ് മോര്‍ട്ടമാണ് കഴിഞ്ഞത്. ശ്രീമതിയുടെ ശരീരത്തില്‍ നിന്നും 5 വെടിയുണ്ടകളാണ് കണ്ടെത്തിയത്. വെടിവെപ്പില്‍ കാര്‍ത്തിക്കിന്റെ ഇടത് കൈപ്പത്തി തകര്‍ന്നതായും വലത് നെഞ്ചിലൂടെ വെടിയുണ്ട കടന്ന് പോയതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിയമപ്രകാരമല്ല നടക്കുന്നതെന്ന് ആരോപിച്ച് കാര്‍ത്തിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയായെങ്കിലും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ഉടന്‍ വിട്ടു നല്‍കില്ലെന്ന് പൊസീസ് അറിയിച്ചു. ഇക്കാര്യം പൊലീസ് ബന്ധുക്കളെ അറിയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക