Image

ഈ അമ്മ മനസ്സിന് ഉത്തരം കിട്ടുന്നില്ല, ഉറങ്ങാനുമാവുന്നില്ല (ബിന്ദു രാമചന്ദ്രന്‍)

Published on 31 October, 2019
ഈ അമ്മ മനസ്സിന് ഉത്തരം കിട്ടുന്നില്ല, ഉറങ്ങാനുമാവുന്നില്ല (ബിന്ദു രാമചന്ദ്രന്‍)
പണ്ടൊരിക്കൽ അടുക്കളയിൽ എന്തോ തിരക്കിലായിരുന്നു ഞാൻ. ചുറ്റും കലപില കൂട്ടി ഏഴു വയസ്സുകാരി മോളും ഒപ്പമുണ്ട്.

ഇടയ്ക്കപ്പോഴോ ഒരു മൗനം മുറിയിൽ നിറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്..
അവളെ കാണുന്നില്ല.

എന്റെ കൺവെട്ടത്തു നിന്നു മാറാത്തവളാണ്.
കുളിക്കാൻ പോകുമ്പോൾ പോലും കുറഞ്ഞത് പത്തു പ്രാവശ്യം അനുവാദം വാങ്ങുന്നവൾ.

എവിടെപ്പോയി ?

ഒച്ച കൂട്ടി ഞാൻ വിളിച്ചു. "വാവേ."

അനക്കമില്ല. ഓരോ മുറികളിലും കേറി ഇറങ്ങി നോക്കി. കാണുന്നില്ലല്ലോ.

മുറ്റത്തേക്ക് ചാടി ഇറങ്ങി നീട്ടി വിളിച്ചു.. "വാവേ. "

മറുപടിയില്ല.
ഇപ്പോ കയ്യിൽ കിട്ടിയാൽ എണ്ണം പറഞ്ഞു പൊട്ടിക്കുന്ന അടികൾ ഉറപ്പിച്ചു വച്ചു.
ഉച്ചത്തിൽ അലറി. .." വാ..വേ "

മറുവിളി ഇല്ലാതായതോടെ എന്റെ ഒച്ച മുറിഞ്ഞതും അതൊരു കരച്ചിലായതും പെട്ടന്നായിരുന്നു.
അലറി വിളിച്ചു പുറത്തേക്കോടി ഇടറോഡിലെത്തി ഞാൻ നിന്നതോർമയുണ്ട്.
ഇടതും വലതും വഴിപിരിയുന്നിടത്തു എത്തിയപ്പോൾ മനസ്സു നിറയെ ഇന്നലെ വീട്ടിലെത്തിയ നാടോടി കൂട്ടമായിരുന്നു.
ഇനി അവരെങ്ങാനും...
ഇടത്തേക്ക് വീടുകൾ കുറവ്. പിന്നിലായി കാപ്പിത്തോട്ടം. നട്ടുച്ചയ്ക്കുപോലും വെയിലു മടിച്ചെത്തുന്നിടം. അതിനുള്ളിലേക്ക് ഒരു ചെരിപ്പു പോലുമില്ലാതെ ഭ്രാന്തിയെപ്പോലെ ഞാനോടി. കരഞ്ഞു വിളിച്ചു കൊണ്ട്, കൺ കണ്ട ദൈവങ്ങ ളോടിരന്നു പ്രാർത്ഥിച്ച്....

എത്ര നേരം എന്നറിയില്ല.
പെട്ടെന്നോർത്തു.. ഇനി അവർ (??)
കുഞ്ഞിനെ വലത്തേ റോഡിലേക്ക് കൊണ്ടു പോയി വണ്ടി പിടിച്ചിട്ടുണ്ടാവുമോ ??

എന്റെ തൊണ്ടയിൽ നിന്നാണോ എന്നു ഞാൻ സംശയിച്ചു പോയ ഏതോ ഒരൊച്ചയിട്ടു ഞാൻ തിരിഞ്ഞോടി.

കുത്തനെയുള്ള ഇറക്കം കടന്നു റോഡിലെത്തിയതും അലമുറയിട്ടു കൊണ്ടാണ്.
"എന്റെ മോളേക്കണ്ടോ "എന്നു എതിരെ വന്നവരോടൊക്കെ ചോദിച്ചു. അവരും പകച്ചു പോയി. നാടോടികളെപ്പറ്റി അവരാരോ എന്തോ പറയുന്നുണ്ടായിരുന്നു.

എന്തിനു ഞാൻ തിരിഞ്ഞു വീട്ടിലേക്കോടി എന്നറിയില്ല. പോലീസിനെ അറിയിക്കാനോ ? ബന്ധുക്കളെ വിളിക്കാനോ , ? പൈസ എടുത്തു വീട് പൂട്ടി അന്വേഷിച്ചിറങ്ങാനോ , ?? ഇന്നുമറിയില്ല.

മുറ്റത്തെത്തിയപ്പോൾ കുഴഞ്ഞു വീണു പോയി. ആ കിടപ്പിലും നാലുചുറ്റും പരതുകയായിരുന്നു . കുറച്ചകലെയുള്ള വലിയ ഊഞ്ഞാലിനിടയിൽ രണ്ടു കുഞ്ഞിക്കാലുകൾ കണ്ടതങ്ങനെയാണ്.

ഓടി അടുത്തപ്പോൾ കണ്ടത് അവൾ സുഖമായുറങ്ങുന്നതാണ്. കെട്ടിപ്പിടിച്ചു പതം പറഞ്ഞു കരയുന്ന എന്നെ തുറിച്ചു നോക്കി ഉറക്കം വിട്ടെഴുന്നേറ്റ രണ്ടു കണ്ണുകളിൽ ഈശ്വരനെ കണ്ടത് എന്റെ അമ്മ മനസ്സ്‌ !!

വർഷങ്ങൾക്കിപ്പുറം അവൾ ലണ്ടനിൽ പഠിക്കാൻ പോയി. ദിവസവും രാത്രി ഇന്ത്യൻ സമയം 12 മണി അടുപ്പിച്ചു ഒന്നു skype ൽ വന്നു കണ്ടിട്ടെ ഉറങ്ങാറുള്ളൂ.
ഒരു ദിവസം അതുണ്ടായില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല. Phone switched off.

ഉറങ്ങാതെ കാത്തിരുന്നു. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും വിളിയായി. ഏതാണ്ട് രണ്ടു മണി ആയപ്പഴേക്കും .മനസ്സു പെരുമ്പറ കൊട്ടാൻ തുടങ്ങി.
ആരെ വിളിക്കണമെന്നും എന്തു ചെയ്യണമെന്നും ഒരു പിടിയുമില്ല. നേരെ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കയറി accomodation incharge ൽ തുടങ്ങി യൂണിവേർസിറ്റി ഡീൻ, ഇന്ത്യൻ students അസോസിയേഷൻ തുടങ്ങി ഒരു ആറേഴു പേർക്ക് മെയിൽ അയച്ചു. ഇന്ത്യൻ highcommission മെയിൽ id എടുത്തു. ജീവിതത്തിൽ ഒരിക്കലും depend ചെയ്യില്ലെന്ന് ആണയിട്ടിരുന്ന ഒരു IAS ബന്ധുവിന്റെ നമ്പർ തപ്പിയെടുത്തു. വാശിയും വിരോധവും നാണവും മാനവും കളഞ്ഞു വിളിക്കാൻ തുടങ്ങി. അതിനിടെ ലൈബ്രറിയിൽ പോയിരുന്നു എന്നും ചാർജ്ജ് തീർന്ന ഫോൺ റൂമിൽ ആയിപ്പോയിരുന്നു എന്നും പറഞ്ഞു അവൾ വിളിച്ചപ്പോഴാണ് കഴിഞ്ഞ പത്തുമിനിറ്റിനകം ഞാൻ തുടങ്ങി വച്ച അന്വേഷണ പരമ്പരകൾ തിരിച്ചടിക്കാൻ തുടങ്ങിയത്.

ഒടുവിൽ കാര്യ കാരണ സഹിതം extremly sorry to disturb you at this odd hour.. എന്ന ക്ഷമാപണം ഓരോരുത്തർക്കും എഴുതി നിറുത്തുമ്പോൾ വെളുപ്പിന് 5 മണി.

"ഞാനൊന്നു വിളിക്കാൻ വൈകിയപ്പോൾ അമ്മ രണ്ടു രാജ്യങ്ങൾ തമ്മിൽ ഇപ്പൊ യുദ്ധമുണ്ടാക്കിയേനെ" എന്നു മോൾ ചിരിച്ചു കൊണ്ട് പരിഭവിച്ചു.

"കടലേഴും നീന്തിയാണെങ്കിലും നിന്നെ ഞാൻ കണ്ടു പിടിച്ചേനെ. " എന്നു വിമ്മി കരഞ്ഞു പറഞ്ഞത് എന്റെ അമ്മ മനസ്സ്.

രണ്ടു വർഷങ്ങൾക്കപ്പുറം മോളെ പെണ്ണ് കാണാൻ ആദ്യമായും അവസാനമായും വന്നവനെ വിളിച്ച് അടുത്തിരുത്തി പറഞ്ഞതിത്ര മാത്രം
" അവൾ പാവമാണ്. ഒന്നും മിണ്ടില്ല. പക്ഷെ ഞാൻ അങ്ങനെയല്ല. അവൾടെ കണ്ണു നിറഞ്ഞാൽ എനിക്ക് സഹിക്കില്ല ".

ഇതിലും ചേർച്ചയുള്ളൊരു ബന്ധം കിട്ടാനിടയില്ലെന്നുറപ്പായിട്ടും
ഉറച്ച സ്വരത്തിൽ ഇത്രയും പറഞ്ഞതു എന്റെ അമ്മ മനസ്സ്.

പറഞ്ഞു വരുന്നതെന്താണെന്നു വച്ചാൽ, മകളെ ഉപദ്രവിക്കുന്നത് നേരിട്ടു കണ്ടെന്നു പറയുന്ന , എന്നിട്ടുമയാളെ വീട്ടിൽ കയറ്റുകയും നിരന്തരം ഇടപെടുകയും ചെയ്ത ആ അമ്മയെ , അവരുടെ ഗതികേടിനെ, നിരുത്തരവാദിത്വത്തെ, ആ നിസ്സാരവൽക്കരണത്തെ , ആ നിസ്സംഗതയെ , ആ നിവർത്തികേടിനെ ആ സമരസപ്പെടലിനെ പ്രതി ഉത്തരം തേടുകയാണ് ഇന്ന് ഈ 'അമ്മ മനസ്സ്.

പെറ്റെണീറ്റ പൂച്ച പോലും ഈറ്റപ്പുലിയാകുന്നതും, വിശപ്പും ദാഹവും സഹിച്ചു പക്ഷികൾ പോലും കൂട്ടിൽ അട ഇരിക്കുന്നതും പ്രാണിലോകത്തിലെ നേർക്കാഴ്ചകളാണ്. ശാരീരികമായ കടന്നാക്രമണ്ങ്ങളും ചൂഷണവും 'വലിയ' ശെരികെടുകളായി കണക്കിലെടുക്കാത്ത ഒരു സാമൂഹിക പശ്ചാത്തലം ഈ കേസിൽ അവിടുണ്ടായിരിക്കാം എന്ന് അനുമാനിച്ചു കൂടെ ?
അതല്ലെങ്കിൽ ആ അമ്മയും തനിക്കാവും വിധം തന്റെ കണ്മണികളെ കാത്തുസൂക്ഷിച്ചിട്ടുണ്ടാവില്ലേ ? ദിവസവും അടുപ്പെരിക്കാനുള്ള നെട്ടോട്ടത്തിനിടെ ആ പിഞ്ചു കണ്ണുകളിൽ കനലെരിയുന്നത് ഒരിക്കലെങ്കിലും അവർ കണ്ടിട്ടുണ്ടാവില്ലേ . ? കുട്ടികൾ ജന്മം തന്ന മതാപിതാക്കളുടെ തിലുപരി " state property" ആകുമ്പോൾ അവരുടെ സുരക്ഷ ഒരു സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമല്ലേ.. ?
ഒരദ്ധ്യപികയോ , അയൽക്കാരനോ , ആരെങ്കിലും , എപ്പോഴെങ്കിലും എന്തെങ്കിലും ഒരസ്വാഭാവികത അവരിൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ ??
ഈ അമ്മ മനസ്സിന് ഉത്തരം കിട്ടുന്നില്ല, ഉറങ്ങാനുമാവുന്നില്ല..
ഈ അമ്മ മനസ്സിന് ഉത്തരം കിട്ടുന്നില്ല, ഉറങ്ങാനുമാവുന്നില്ല (ബിന്ദു രാമചന്ദ്രന്‍)
Join WhatsApp News
josecheripuram 2019-10-31 12:32:49
We are not concerned about our poor neighbors,we are worried about religion&politics.Children are the future of our country.If we don't protect them we have no future.
josecheripuram 2019-10-31 13:26:12
It's easy to rap up a case telling that it's a suicide.If it's not a suicide,who is the culprit?Police has to work so hard to find the criminal,frame a charge sheet,collect evidence,go to court,face Judge.Finally the case may win or not.Why to go all these trouble,just write suicide and close the case.
josecheripuram 2019-10-31 18:16:10
In most of the cases the police write it off,to avoid further work.When things like this appear due to pressure they unwillingly investigate,but the evidences are there no more.The case of sister"Abaya".No matter who investigate,there no evidence.Minutes later evidence disappear,then you are talking about years?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക