Image

പ്രേതബാധ (ഒരു പ്രേതകഥ:സുധീര്‍ പണിക്കവീട്ടില്‍)

Published on 31 October, 2019
പ്രേതബാധ (ഒരു പ്രേതകഥ:സുധീര്‍ പണിക്കവീട്ടില്‍)
Happy Halloween

"മുജേ പാന്‍ ഖിലാവോ, മീട്ടാ മീട്ടാ പാന്‍. ഫിര്‍ ബാത് കരോ" എനിക്ക് മുറുക്കാന്‍ തരു, നല്ല മധുരമുള്ള മുറുക്കാന്‍.  എന്നിട്ട് സംസാരിക്കു. ഓഫിസിലെ ദഫ്ത്തരി (മുതിര്‍ന്ന ശിപായി) പന്നലാല്‍ വായില്‍ നിന്നും ഒഴിയാത്ത മുറുക്കാന്‍ ചുണ്ടിലൂടെ ഒലിപ്പിച്ചുകൊണ്ട് പാടുന്ന  പല്ലവിയാണത്. അയാളെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാന്‍ മുറുക്കാന്‍ പൊതി കൊടുത്താല്‍ മതി.

അവര്‍ മൂന്നുപേര്, മൂന്നും മാനേജ്‌മെന്റ് ട്രെയിനികള്‍ അവരുടെ സൂപ്പര്‍വൈസര്‍ പറഞ്ഞതനുസരിച്ച് കുറെ മീട്ടാ പാനും കൊണ്ട് പന്നലാലിന്റെ മുന്നിലെത്തിയപ്പോഴും അയാള്‍ അത് തന്നെ പറഞ്ഞു. സാബ് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണം. ശരിയാക്കാം. അയാള്‍ മൂന്നുപേരെയും അടിമുതല്‍ മുടി വരെ നോക്കി. ഈ മൂന്ന് ചെറുപ്പക്കാരും   ത്രീ മസ്‌ക്കെറ്റിയേഴ്‌സിനെ പോലെ വിവിധ  സ്വഭാവക്കാരാണ്. ആന്‍ഡ്രുസ് ലേഡീസ് മാന്‍ ആണ്. സുന്ദരനാണ്. സ്ത്രീകളുടെ കൂടെ സമയം ചിലവഴിക്കുന്നത് ഏറെ പ്രിയം. അശോകന്‍ എന്നാണു കോളേജ് കുമാരികള്‍ വിളിച്ചിരുന്നത്.  ആ പേര് വടക്കേ ഇന്ത്യയില്‍ വന്നപ്പോള്‍ സഹായകമായി.  രാജേഷ് നല്ല വസ്ത്രങ്ങള്‍  ഇഷ്ടപ്പെടുന്ന, തണുത്ത ബിയര്‍ ഇഷ്ടപെടുന്നയാള്‍. സുനീഷ് എഴുത്തുകാരനാണ്. പ്രണയമാണ് വിഷയം. സുന്ദരിമാര്‍ ഇയാളെ പ്രേമിച്ചിരുന്നു.

പന്നലാല്‍ ചോദിച്ചു. "ഖാത്താ പീത്താ ഹേ". പുസ്തകങ്ങളില്‍ നിന്ന് മാത്രം ഹിന്ദി പഠിച്ചിട്ടുള്ള രാജേഷിനു സംസാരഭാഷ വശമില്ല. എന്നാലും തിന്നുകയും കുടിക്കുകയും ചെയ്യുമോ എന്നല്ലേ ചോദിച്ചത്  എന്ന ധാരണയില്‍  "പിന്നില്ലിയോ" എന്ന് വളരെ കൂളായി പറഞ്ഞുകൊണ്ട് തലയാട്ടി. പന്നലാല്‍ നെറ്റിചുളിക്കുന്നത് കണ്ട് ആന്‍ഡ്രുസ് ഇടപെട്ടു.  പന്നലാല്‍ ചോദിച്ചത് മദ്യവും മാംസവും കഴിക്കുമോ എന്നാണു. ഇവന്‍ ദില്ലിയില്‍ ആദ്യമായിട്ടാണ്. ഭാഷ വലിയ പിടിയില്ല. ഞങ്ങള്‍ കുടിക്കുകയോ വലിക്കുകയോ മാംസം കഴിക്കുകയോ ചെയ്യുന്നവരല്ല.

“ഒരിക്കലും പാടില്ല.” കാരണം ഞാന്‍ കാണിക്കാന്‍ പോകുന്ന വീടിന്റെ താഴത്തെ നിലയില്‍ ഒരു മദിരാശി കുടുംബമാണ്.  ബ്രാഹ്മണരാണ്.  വീടിന്റെ ഉടമസ്ഥനും ഒരു ശര്‍മ്മയാണ്. അയാള്‍ക്കും ഖാത്താ പീത്താ ആളുകളെ ഇഷ്ടമല്ല.

അടുത്ത ചോദ്യം "ചൊക്കരിയോം കോ ലൈന്‍ മാര്‍ത്ത ഹേ ". ആന്‍ഡ്രുസും സുനീഷും പൊട്ടിപ്പൊട്ടി ചിരിച്ചപ്പോള്‍ അര്‍ത്ഥം    മനസ്സിലാകാതെ രാജേഷ് വിഷണ്ണനായി.   എടേ പെണ്‍കുട്ടികളെ ലൈന്‍ അടിക്കുമോ എന്നാണു അയാള്‍ ചോദിച്ചത്. വിവരം മനസ്സിലാക്കിയപ്പോള്‍ രാജേഷ് ഞങ്ങളോട് മന്ത്രിച്ചു. ആന്‍ഡ്രുസ്സിനെ ഉദ്ദേശിച്ചായിരിക്കും. ആ വക കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത നല്ല സല്‍സ്വഭാവികളായ ചെറുപ്പക്കാരാണ് ഞങ്ങള്‍ എന്ന് സുനീഷ് പന്നലാല്‍ജിയെ അറിയിച്ചു.

“അങ്ങനെ ആകണം.” കാരണം ധാരാളം പെണ്‍കുട്ടികള്‍ ശര്‍മ്മ സാറിന്റെ വീട്ടിലും നിങ്ങള്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ താഴത്തെ നിലയിലും ഉണ്ട്. താഴത്തെ നിലയില്‍ താമസിക്കുന്നത് ശ്രീനിവാസ അയ്യര്‍ ആണ്. അയാള്‍ക്ക് കോളേജില്‍ പോകുന്ന രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്.
ദില്ലിയിലെ ചൂടില്‍ അല്‍പ്പം ബീയര്‍ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനു ജോലി ചെയ്യുന്നു. രാജേഷ് തന്റെ ദുഃഖം  പ്രകടിപ്പിച്ചു. ആന്‍ഡ്രുസ് സമാധാനിപ്പിച്ചു. നിനക്ക് ബാറില്‍ പോയി കുടിക്കാം. എന്റെ കാര്യമാണ് കഷ്ടമാകാന്‍ പോകുന്നത്. ചുറ്റിലും സുന്ദരിമാരായ പെണ്‍കുട്ടികള്‍ പക്ഷെ അവരെ നോക്കാനോ സംസാരിക്കാനോ പാടില്ല. എന്തായാലും അവിടെ ചെല്ലട്ടെ. പട്ടരെ ആദ്യം വളയ്ക്കാന്‍ നോക്കാം.

എന്തെങ്കിലും കേള്‍ക്കുമ്പഴേക്കും രണ്ടുപേരും മനസ്സില്‍ മനപായസ്സം ഉരുളിയോടെ തയ്യാറാക്കും. എന്നിട്ട് കുടിക്കാന്‍ പറ്റുമോ എന്നാലോചിച്ച് വിഷമിക്കും.  സുനീഷ് അവരെ കളിയാക്കി പന്നലാലിനോട് "ചലോ യാര്‍" എന്ന് പറഞ്ഞു. രാജേഷ് എന്താണെന്ന് ആംഗ്യം കാട്ടി.  "പോകാം ചങ്ങാതിയെന്നു" സുനീഷ് വിവരിച്ചു.  ആന്‍ഡ്രുസ് പന്നാലാലിനോട് സംശയം ചോദിച്ചു. തമിഴത്തികള്‍ക്ക് മലയാളം അറിയോ? എന്തായാലും രാജേഷ് ഹിന്ദിയറിയാതെ കഷ്ടപ്പെടും. നീ കഥകളി പഠിക്കാന്‍ നോക്ക്.എല്ലാവരും ശ്രീനിവാസ അയ്യരുടെ വസതിയുടെ മുകളിലെ നിലയിലേക്ക് പുറപ്പെട്ടു.

നടക്കുന്നതിനിടയില്‍ പന്നലാല്‍ പാന്‍ തിന്നുകൊണ്ട് പറഞ്ഞു. ശര്‍മ്മ സാഹിബിനു നാല് പെണ്‍കുട്ടികള്‍, രണ്ടെണ്ണം കോളേജില്‍ മറ്റേത് സ്കൂളില്‍ , അയ്യര്‍ സാഹിബിനു രണ്ട് പെണ്‍കുട്ടികള്‍. ആന്‍ഡ്രുസ് എരുവ് വലിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. പന്നലാല്‍ അത് ശ്രദ്ധിക്കാതെ മൂന്നുപേരെയും ഉപദേശിച്ചു. നല്ല അച്ചടക്കമുള്ളവരാകണം. ഓഫീസിലെ സാഹേബ് പറഞ്ഞതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത് ഒപ്പിച്ചുതരുന്നത്. രാജേഷിനു അതുകേട്ട് നിക്കക്കള്ളിയില്ലാതായി. അവന്‍ ആന്‍ഡ്രുസിനോട് പറഞ്ഞു "അളിയോ ഇവളുമാരെ വളയ്ക്കാന്‍ കോളേജ് കാലത്തെ പരിശീലനം പോരായിരിക്കും.  എഴുത്തുകാരന്‍ അതിനോട് ഉടനെ പ്രതികരിച്ചു. പെമ്പിള്ളേരെ വളയ്ക്കരുത്.. മന്ദഹാസ പൂക്കള്‍ നീട്ടികൊണ്ട്, അനുരാഗലോലരായി അവര്‍ അടിവച്ചടിവച്ച് വരണം. അപ്പോഴാണ് കാമദേവന്‍ പൂവും പ്രസാദവും വര്‍ഷിക്കുന്നത്.  So many beautiful women and so little time എന്ന് പറഞ്ഞ പോലെയാകും നമ്മുടെ താമസം.

മൂന്നുപേരെയുംകൊണ്ട് വീടിന്റെ മുകളിലെ മുറികള്‍ കാണിക്കാന്‍ എത്തിയപ്പോള്‍ ശ്രീനിവാസ അയ്യരും ഭാര്യ തൈലാംബാളും ഇറങ്ങിവന്നു. പന്നലാല്‍ അവരോട് നമസ്കാരം പറഞ്ഞു. മൂന്നുപേരെ ചൂണ്ടിക്കൊണ്ട് " യെ ചൊക്രാ ലോക് ഉപര്‍ രഹേഗ" ആ പറഞ്ഞതത്തിന്റെ അര്‍ത്ഥം രാജേഷിനു മനസ്സിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് മനസ്സിലായി. ഈ പിള്ളേര് മുകളില്‍ താമസിക്കും എന്ന് മലയാളത്തില്‍ തര്‍ജ്ജിമ ചെയ്യുമ്പോള്‍ കുഴപ്പമില്ലെങ്കിലും ചൊക്രാ എന്ന വാക്ക് സാധാരണ വേലക്കാരന്‍ ചെക്കന്മാരെ ഉദ്ദേശിച്ചാണ്. പന്നലാല്‍ ഒരു കിഴവനായതുകൊണ്ട് അവര്‍ ക്ഷമിച്ചു. ശ്രീനിവാസ അയ്യര്‍ "വണക്കം" പറഞ്ഞു. മലയാളത്തുകാരാണ് അല്ലെ എന്ന് ചോദിച്ചു.

മേലെ മുറിയെല്ലാം കണ്ടിട്ട്  വരിക. നല്ല മണീസ് കാപ്പി കുടിക്കാം. മേലെ മുറി നോക്കുന്നതിനേക്കാള്‍ അയല്‍വീട്ടിലെ  ശര്‍മ്മാജിയുടെ പെണ്മക്കള്‍ കണ്‍വെട്ടത്തുണ്ടോ എന്നായിരുന്നു ചെറുപ്പക്കാര്‍ ശ്രദ്ധിച്ചിരുന്നത്. പന്നലാല്‍ പറഞ്ഞതൊന്നും അവര്‍ കേട്ടില്ല. കറുത്ത് നീണ്ടുള്ള നയനങ്ങള്‍ കടാക്ഷമെറിയുന്നുണ്ടോ, ജാലക തിരശീലകള്‍ ഇളകുന്നുണ്ടോ, കൈവളകള്‍ കിലുങ്ങുന്നുണ്ടോ, ചുണ്ടില്‍ നിന്നും ചിരിമണികള്‍ പൊഴിയുന്നുണ്ടോ എന്നൊക്കെ അവര്‍ ഉത്സാഹത്തോടെ നോക്കി.  മുറികള്‍ നോക്കിയെന്നു വരുത്തി അവരെല്ലാവരും അയ്യരുടെ ക്ഷണം സ്വീകരിച്ചെത്തി. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ മക്കളില്‍ മൂത്ത അലമേലു എത്തി നോക്കി പോയി. ആന്‍ഡ്രുസ്സിന്റെ കണ്ണുകളില്‍ ഒരു ഇടിവാള്‍ മിന്നി.

ചന്ദന നിറമുള്ള, നല്ല ഉയരമുള്ള, സുന്ദരനായ ആന്‍ഡ്രുസ് ഒരു നമ്പൂതിരിയാണെന്നാണ് അയ്യര്‍ കരുതിയത്. അതുകൊണ്ട് അശോകന്‍ എന്നത് ചുരുക്കി അച്യുതന്‍ നമ്പൂതിരിയെന്ന് അയാള്‍ വിളിച്ചു . അശോകന്‍ അത് തിരുത്താന്‍ പോയില്ല. അതുകൊണ്ട് ഒരു ചെറിയ ഉപദ്രവമുണ്ടായി."തിരുമേനിക്ക് ഈ ബാധയൊക്കെ ഒഴിപ്പിക്കാന്‍ അറിയോ? എന്റെ മകളുടെ ദേഹത്ത് ഒരു ബാധ കൂടിയിട്ടുണ്ട്. എന്റെ വീട് തഞ്ചാവൂര്‍. അവിടെ കഴിഞ്ഞ അവുധിക്ക് പോയപ്പോള്‍ എന്റെ പാട്ടി മരിച്ചുപോയി. അലമേലുവിനു ഒത്തിരി ഇഷ്ടമായിരുന്നു അവരെ.അവരുടെ മരണാന്തരകര്‍മ്മങ്ങള്‍ കഴിഞ്ഞ ഞങ്ങള്‍ തിരിച്ചെത്തിയ രാത്രി അലമേലു പൊട്ടിക്കരഞ്ഞു. പാട്ടി അവളുടെ അടുത്ത് ഇരിക്കുന്ന പോലെ തോന്നിയത്രേ. അതിനുശേഷം അവള്‍ മൂകയായി ഇരിക്കുകയും, ചിരിക്കുകയും, കരയുകയും ഒക്കെ പതിവായി. പല മന്ത്രവാദികളെയും കാണിച്ചു. ഒരു ആശ്വാസവുമുണ്ടായില്ല.

ഇത് തന്നെ തരാമെന്നു കരുതിയ ആന്‍ഡ്രുസ് താന്‍ നമ്പൂതിരിയല്ലെന്നു പറഞ്ഞില്ല. തന്നെയുമല്ല ഇല്ലത്ത് അഫന്റെ കൂടെ ചില മന്ത്രവാദങ്ങള്‍ ചെയ്ത പരിചയമുണ്ടെന്നും അയ്യരോട് പറഞ്ഞു. കൂട്ടുകാരായ രാജേഷും, സുനീഷും  കൂടി ചില പ്രേതങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. രണ്ടാഴ്ച്ച്ചക്കാലം ബാധയേറ്റ പെണ്‍കുട്ടിയുമായി ഇടപഴകണം. ഞങ്ങള്‍ മുകളില്‍ താമസിക്കുന്നത്‌കൊണ്ട് അത് പ്രശ്‌നമല്ല. പിന്നെ ഒരു പൂജ അതോടെ ബാധ അപ്രത്യക്ഷ്യമാകും. അതുകേട്ട് സംതൃപ്തനായ അയ്യര്‍ പൂജക്കായി ഒരുക്കങ്ങള്‍ ആരംഭിക്കാമെന്നു സമ്മതം മൂളി. അതിന്റെ പ്രാരംഭ നടപടിക്കായി അലമേലുവുമായി സംസാരിച്ചു. അതിന്റെ പ്രാരംഭ നടപടിക്കായി അലമേലുവുമായി സംസാരിച്ചു.

“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു”...എന്ന് പാടി അലമേലു ഇനി പറയാന്‍ പോകുന്ന കഥകള്‍  ഓര്‍ത്ത് പ്രേമം തലക്ക് പിടിച്ചവനായി ആന്‍ഡ്രുസ് കൂട്ടുകാരെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. നമ്മുടെ മുന്നില്‍ ഒരു ദൗത്യം ഉണ്ട്. താഴെ അലമേലുവിനു പ്രേതബാധയുണ്ടെന്നു അയ്യര്‍ സാര്‍ പറയുന്നു. ഞാന്‍, അതായത് അച്യുതന്‍ നമ്പൂതിരി അത് ഒഴിപ്പിക്കുന്നു. അതിനായി രണ്ടാഴ്ച്ച അലമേലുവുമായി സഹൃദം. അവളുടെ വീട്ടില്‍ വച്ച് തന്നെ. നിങ്ങള്‍ സഹകരിക്കണം. മന്ത്രവാദത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത നീ എന്ത് ചെയ്യാന്‍ പോകുന്നു. രാജേഷിന്‍റെ പരിഹാസം. ആന്‍ഡ്രുസ് സംഗതികള്‍  വിവരിച്ചു."പ്രണയത്തിന്റെ ചുക്കും ചുണ്ണാമ്പും എനിക്കറിയാമല്ലോ. നമ്മുടെ സുനീഷിന്റെ ഒരു കഥയില്‍ അവന്‍ ഒരു ബാധ ഒഴിപ്പിക്കുന്ന കാര്യം പറയുന്നുണ്ട്. അത് നമുക്ക് ഇവിടെ പ്രായോഗികമാക്കാം. എന്റെ കഥ വായിച്ച് പുലിവാലില്‍ പോയി പിടിക്കണ്ടെന്നു സുനീഷ് മുന്നറിയിപ്പ് നല്‍കി. "നിങ്ങള്‍ കൂടെ നില്‍ക്കുക, ബാക്കി കാര്യം ഞാന്‍ ഏറ്റു". ആന്‍ഡ്രുസ് സുനീഷിനോട് മന്ത്രവാദത്തിനുള്ള സാമഗ്രികളുടെ ലിസ്റ്റ് ഉണ്ടാക്കി അയ്യര്‍ സാറിനെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. അലമേലുവുമായി ദിവസത്തില്‍ രണ്ട് നേരം സംസാരിച്ചു. ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി നടത്തുന്ന ഈ കൂടിക്കാഴ്ച്ച്ചകള്‍ക്ക് അവളുടെ കുടുംബം പിന്തുണ നല്കിയിരുന്നത്‌കൊണ്ട് ആന്‍ഡ്രസ്സിന്റെ പ്രേമനൗകയില്‍ അലമേലു ഉല്ലാസവതിയായി സഞ്ചരിച്ചു.

പൂജാ ദിവസം സമാഗതമായി. സുനീഷ് ചാര്‍ത്തികൊടുത്ത ലിസ്റ്റ് പ്രകാരം നാനാവര്‍ണ്ണത്തിലുള്ള പൊടികള്‍, സാംബ്രാണി, കര്‍പ്പൂരം ചുവന്ന പട്ടിന്റെ കഷ്ണം തുടങ്ങി എല്ലാം അയ്യര്‍ ഒരുക്കി. ആന്‍ഡ്രുസ്സിനൊപ്പം മറ്റു മൂന്നുപേരും പൂജാരികള്‍ മുണ്ടു ഉടുക്കുന്ന പോലെ ഉടുത്ത് മേലാസകലം ഭസ്മവും ചന്ദനവും പൂശി  അയ്യരുടെ വീട്ടില്‍ എത്തി. അലമേലുവിനു രണ്ട് ദിവസമായി ബാധ ഉപദ്രവം കൂടുതലായിരുന്നു. വെറുതെ ചിരിക്കുക, ദൂരേക്ക് നോക്കി സംസാരിക്കുക, പിന്നെ കരയുക. അയ്യരും കുടുംബവും പൂജയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കയാണ്. കഥയെഴുതുന്ന സുനീഷിന്റെ സഹായത്തോടെ ആന്‍ഡ്രുസ് ഒരു കളമെഴുതി. നിലവിളക്കുകള്‍ കത്തിച്ച് വച്ചു. ഇടക്കിടെ മണിയടിച്ച് പുഷ്പദളങ്ങള്‍ വിതറി. കര്‍പ്പൂരം കൊണ്ട് അലമേലുവിനെ ആര്‍ത്തി ഉഴിഞ്ഞു. അലമേലുവിന്റെ കണ്ണുകളുടെ ഭാവം മാറുന്നു. പ്രണയത്തിന്റെ തുഷാരബിന്ദുക്കളല്ല മറിച്ച് രൗദ്ര ഭാവമാണ്. അത് ആന്‍ഡ്രുസ്സിനെ ഭയപ്പെടുത്തുന്നുണ്ട്. ഇടവും വലവും കൂട്ടുകാര്‍ ഉള്ള ഉറപ്പില്‍ അയാള്‍ മന്ത്രം ജപിച്ചു.

മന്ത്രങ്ങളുടെ അആഇ അറിയാത്ത ആന്‍ഡ്രുസ് മന്ത്രം എന്ന പേരില്‍ ചുണ്ടനക്കുന്നത് " പെരിയാറേ പെരിയാറേ പര്‍വത നിരയുടെ പനിനീരെ എന്ന പാട്ടാണ്. അലമേലുവിനോട് ആന്‍ഡ്രുസ് പറഞ്ഞു. "ഇതാ പാട്ടി നിങ്ങളില്‍ പ്രവേശിച്ചിരിക്കയാണ്. അവരെ ഞാന്‍ ആവാഹിക്കാന്‍ പോകുന്നു. അലമേലു പൊട്ടിപൊട്ടിച്ചിരിച്ചപ്പോള്‍ രാജേഷ് ഓര്‍ത്തു. "നീ പോടാ ചെക്കാ, എന്നെ നീ ആവാഹിക്കെ" എന്ന് പാട്ടി തള്ള പറയുകയായിരിക്കും. ആന്‍ഡ്രുസ് അര്‍ദ്ധനിമീലിത നേത്രങ്ങളോടെ മുന്നില്‍അഗ്‌നികുണ്ടില്‍ കുറച്ച് കര്‍പ്പൂരം അര്‍പ്പിച്ച്. കര്‍പ്പൂരം ആളിക്കത്തി. സുഗന്ധം പരന്നു.സുനീഷ് കൈകൊണ്ട് അടച്ചുപിടിച്ചിരിക്കുന്ന കുടുക്ക ആന്‍ഡ്രുസ് വാങ്ങി.തന്റെ കൈപ്പടങ്ങള്‍ കൊണ്ട് അതിനെ പൊത്തിപ്പിടിച്ചു. പിന്നെ അത് അലമേലുവിന്റെ ദേഹത്ത് ഉഴിഞ്ഞു. അലമേലുവിനോട് പറഞ്ഞു. " ഇതാ പാട്ടിയെ ഞാന്‍ ആവാഹിക്കുന്നു. അയാള്‍ വീണ്ടും മന്ത്രം ഉരുവിട്ടു, കടലിനക്കരെ പോണോരെ...ചുറ്റും കൂടിയവര്‍ ഏതോ മന്ത്രം ഉരുവിടുകയാണെന്നു ധരിച്ചു. ആന്‍ഡ്രുസ് അലമേലുവിന്റെദേഹത്തോക്ക് ഭസ്മം എറിഞ്ഞു. തീയില്‍ കര്‍പ്പൂരം അര്‍പ്പിച്ച് പുകയുണ്ടാക്കി. ഇതാ പാട്ടി ഈ കുടുക്കയില്‍. രാജേഷ്, ആ ചുവന്ന പട്ടു തുണി തരു. അതുകൊണ്ട് അയാള്‍ കുടുക്കയുടെ വായ കെട്ടി. കൂടിനിന്ന എല്ലാവരെയും നോക്കി. ഞാന്‍ പാട്ടിയെ ഈ കുടുക്കയിലാക്കിഞാന്‍ . അലമേലു കൗതുകത്തോടെ നോക്കി. ഇതാ ഈ കുടുക്കക്കുള്ളില്‍ പാട്ടിയുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാം. അയാള്‍ കുടുക്കയുടെ വായ കെട്ടിയ പട്ടു തുണി അല്‍പ്പം കീറി അതിലേക്ക് പൂജക്കായി വച്ചിരുന്ന കനല്‍ക്കട്ടകള്‍ ഇട്ട് കുടുക്ക താഴെ വച്ചു . കുടുക്ക വട്ടം കറങ്ങാന്‍ തുടങ്ങി. ആന്‍ഡ്രുസ് പറഞ്ഞു അലമേലു ഇനി പേടിക്കണ്ട. പാട്ടി ഈ കുടുക്കയിലുണ്ട്. ഇത്  ഞങ്ങള്‍ കൊണ്ടുപോയി കടലില്‍ ഒഴുക്കും. അലമേലുവിനു വിശ്വാസമായി. അയ്യര്‍ സാര്‍ ഒരുക്കിയിരുന്ന വിഭവ  സമൃദ്ധമായ സദ്യയും അയ്യര്‍ നല്‍കിയ ദക്ഷിണയും സ്വീകരിച്ച് ആന്‍ഡ്രുസും കൂട്ടുകാരും അവരുടെ മുറിയിലേക്ക് പോയി. അയ്യര്‍ മകളോട് ചോദിച്ചു. എങ്ങനെ തോന്നുന്നു. സുഖം തോന്നുന്നു അപ്പാ.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അയ്യര്‍ വീണ്ടും ആന്‍ഡ്രുസ്സിനെ സമീപിച്ചു. അലമേലുവിനെ പാട്ടി പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലെന്നു തോന്നുന്നു. ഇപ്പോഴും അവള്‍ ഓര്‍ത്ത് ചിരിക്കയും, ആലോചനാമഗ്‌നയായി ഇരിക്കയും ചെയ്യുന്നു. ചിലപ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ പോലും കേള്‍ക്കുന്നില്ല. രാജേഷ്  അയ്യര്‍ സാറിനോട് പറഞ്ഞു. ഇപ്പോള്‍ ബാധ പാട്ടിയുടെ അല്ല. ഇപ്പോള്‍ ദാ ഇവന്റെ ബാധയാണ് കൂടിയിരിക്കുന്നത്. മകളെ അച്യുതന്‍ നമ്പൂതിരിക്ക് വേളി കഴിച്ചുകൊടുത്താല്‍ എല്ലാം ശുഭമാകും.

ശുഭം




Join WhatsApp News
പാവം കോഴിടെ തല 2019-10-31 13:23:03
 പെരുന്നാള്‍ വന്നാലും നോമ്പ് വീടിയാലും മന്ത്രവാദി വന്നാലും പാവം കോഴിന്റെ തല പോകും എന്ന പോലെ ആണെല്ലോ സാറിന്റെ കഥകള്‍ - സരസു.
josecheripuram 2019-10-31 14:25:46
your imagination is excellent,I think this story is very apt for a movie.There romance,suspense,humor,happy ending.My friend keep writing.
കള്ളിയങ്കാട്ട് നീലി 2019-10-31 22:44:11

ആ.... ആ.... ആ...

നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ 
നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ 

മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെൻ നൃത്ത രംഗം (മലങ്കാറ്റു.. )
കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം
ഒഴുകി വരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ 
നിഴലായ്..... 

നറുംപൂനിലാവിൻ വിരൽത്താളമേറ്റി
പനങ്കാടു പോലും മയങ്ങുന്ന നേരം (നറുംപൂനിലാവിൻ..)
ഒടുങ്ങാത്ത ദാഹത്തിൻ പ്രതിച്ഛായയെന്നിൽ
വളർത്തുന്നൂ വീണ്ടും പ്രതികാരമോഹം
ഒഴുകിവരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ 

Anthappan 2019-10-31 16:14:38
My next door neighbor is a witch,
And she lives way down in a ditch.
Her clothing is a little strange,
Because she never wants to change.
She has a black robe and a black hat,
Green skin and a smelly black cat.
A big fat wart grows on her nose,
And seventeen pimples on her toes.

But...her food is EVEN worse,
Because she eats it course by course.
Her first course is seven dead bats,
Laid on top of seven rats.
Then she has twenty flies
With lots and lots of llama eyes.
Her main course is a horrible soup,
Because it's made with doggie poop.
But worst of all is her dessert.
It's little children rolled in dirt.

Last night she had a witch's feast
And turned into a greedy beast.
I think she cooked my best friend Tilly
And ate her with some peas and broccoli. (Posted by Anthappan)
 
മതം, മന്ത്രം, വിഡ്ഢികള്‍ 2019-11-01 05:34:44
എഴുതുവാന്‍ കഴിവുള്ള സുധീര്‍ മാഷ്! വീണ്ടും, മനുഷനെ രസിപ്പിക്കാന്‍ പ്രേമം, പരിഹാസം, ഫലിതം അങ്ങനെ പലതും ഭംഗിയില്‍ ചാലിച്ചു നല്ല ഒരു കഥ.
 മന്ത്രത്തില്‍ വിശ്വസിക്കുന്നവന്‍ മത വിശ്വാസിയും മണ്ടനും ആയി മാറിയ പരിണാമ കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക