Image

പുനര്‍ജ്ജനി (കവിത: റൂബി നിലമ്പൂര്‍)

Published on 02 November, 2019
പുനര്‍ജ്ജനി (കവിത: റൂബി നിലമ്പൂര്‍)
വിശുദ്ധിയുടെ തോടിനുള്ളില്‍
വീര്‍പ്പുമുട്ടി മരിക്കും മുമ്പേ
എനിക്കൊന്ന് സ്വതന്ത്രയാവണം

മുടിച്ചുരുളുകളില്‍ നിറയെ
ചെമ്പരത്തിപ്പൂ ചൂടണം
ഉടലില്‍ ഉന്മാദിയുടെ 
 ചേല ചുറ്റണം.

വഴിതെറ്റിയിറങ്ങിയ കാട്ടുകോഴികണക്കെ
വിചിത്രപ്പെട്ട്
കാടന്വേഷിച്ചോടണം

ഹൃദയത്തെ  നോവിച്ച്
സിരകളിലൂടോടുന്ന
വിധേയത്വ രക്തത്തെ
ഊറ്റിയെടുത്ത്
കാറ്റില്‍ പറത്തണം

എനിക്ക്  ഞാനാവണം
പച്ചയായ നേരാവണം.

അരുതുകള്‍ മാറാലകെട്ടിയ
 ഉമ്മറങ്ങളെ തച്ചുടച്ച്
നാളും നാവേറും നോക്കാതെ
കടുംതുടി കൊട്ടിപ്പാടണം

വ്യവസ്ഥിതികളുടെ വരികള്‍
തെറ്റിച്ചെഴുതണം
 ചില അടിമത്തങ്ങള
പച്ചക്ക് കൊളുത്തണം

ഉന്മാദികളായ പൂക്കള്‍
നൃത്തംചെയ്യുന്ന താഴ്‌വരയില്‍
ചിലമ്പുകെട്ടിയ  പാദങ്ങളാല്‍
സ്വാതന്ത്ര്യത്തിന്റെ ദ്രുതതാളം
 ചവിട്ടിയാടണം

ഒഴുകിത്തീരുന്ന ചോരയുടെ
അവസാനതുള്ളിയില്‍ 
വിരല്‍ തൊട്ട് ചില
അക്ഷരങ്ങള്‍ കുറിക്കണം

കാല്‍ക്കീഴിലമര്‍ന്ന
മണ്ണായ് മാറും മുമ്പേ
അരുതുകള്‍കൊണ്ട്
ചിറകെട്ടിയ കാലത്തെ
തുറന്നു വിടണം

പുനര്‍ജ്ജനിയുടെ
തീപ്പന്തങ്ങള്‍ ഉടലില്‍
 കൊളുത്തണം

പ്രണയം പുരട്ടിയ
ചുണ്ടുകളില്‍ അപ്പോഴും
ഒരുപാതി ചുംബനം
ബാക്കിവെക്കണം.

ഒടുവിലെല്ലാം മറന്ന്
ഒന്നാര്‍ത്തു ചിരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക