Image

ഇന്നലെകളിലൂടെ(കവിത: സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 09 November, 2019
ഇന്നലെകളിലൂടെ(കവിത: സുനീതി ദിവാകരന്‍)
ഇന്നലെകളുടെ നിഴലുകള്‍ വിടാതെ പിന്‍തുടരുകയാണ്....
അതുകൊണ്ടുതന്നെയാവാം
പെരുന്നാളെന്നു പറഞ്ഞാല്‍ ഇന്നും
ഖൈറുന്നീസയുടെ വീട്ടില്‍ നിന്നും പകര്‍ച്ച തരുന്ന
നെയ്‌ച്ചോറും ഗോതമ്പുപായവും മാത്രമാകുന്നത്.
അമ്പലത്തിലെ താലപ്പൊലിക്ക്
തലയെടുപ്പുള്ള ആനയെക്കാളും
കൗതുകത്തോടെ കണ്ടിരുന്ന ഉടുത്തൊരുങ്ങി
സുന്ദരിയായ രാജശ്രീ ടീച്ചറെ
ഇന്നും മറക്കാന്‍ കഴിയാത്തത്
സ്ഥിരമായി സ്‌ക്കൂളില്‍ പോകാറുണ്ടായിരുന്ന
'പി ടി എന്‍' ബസ്സും
കണക്കറിയാത്ത കുട്ടിയെ കണക്കു പഠിപ്പിയ്ക്കാന്‍ 
വെറുതെ മിനക്കെട്ടിരുന്ന സാലി ടീച്ചറെയും
ഇന്നും മറന്നിട്ടില്ല
അഖണ്ഡനാമ ദിവസങ്ങളില്‍
അമ്പലത്തില്‍ നിന്നുയര്‍ന്നു കേട്ടിരുന്ന
ഭൂതനാഥ സദാനന്ദാ യ്ക്ക് അന്നത്തെ ആവേശം
ഇന്നില്ലെന്നു കേള്‍ക്കുമ്പോള്‍
ഉള്ളിലൊരു വിങ്ങല്‍.
പൊതിതുറക്കാതെതന്നെ മണത്തറിയാറുള്ള
കടമാവു മിക്‌സ്ചറിന്റെയും
ഉച്ചനേരങ്ങളില്‍ കലക്കിക്കുടിച്ചിരുന്ന
പഞ്ചസാരവെള്ളത്തിന്റെയും രുചി
ഇന്നും നാവിന്റെ തുമ്പിലുണ്ട്.
ഡിഡി വണ്ണില്‍ ഞായറാഴ്ച രാത്രികളില്‍
കാണാറുള്ള ഹിന്ദി സിനിമകളും
കാത്തിരുന്നു കിട്ടാറുള്ള ഓണപ്പുടവകളും
മനസ്സിലിന്നും ഒരു കുളിരായി പെയ്യാറുണ്ട്.
്അടുക്കളയുടെ കിഴക്കു ഭാഗത്തു പൂക്കാറുള്ള
ഗന്ധരാജന്റെ തീക്ഷണ സുഗന്ധം
സന്ധ്യാനേരങ്ങളില്‍ ഇന്നും ഓര്‍ത്തെടുക്കാറുണ്ട്
മറക്കാനേ കഴിയില്ലെങ്കിലും
എണ്ണിയെണ്ണി പറയാനാവാത്ത
ഓര്‍മ്മകള്‍ ഇനിയുമെത്ര....
മുറ്റത്തും, തൊടിയിലും, കുളത്തിലുമൊക്കെ
ഒപ്പം കളിച്ചുവളര്‍ന്ന സഹോദരക്കൂട്ടങ്ങളും,
കാലമെത്തും മുമ്പേ കാലയവനികയ്ക്കുള്ളില്‍
മറഞ്ഞ പ്രിയപ്പെട്ടവരും,
കഷ്ടപ്പാടിന്റെ കണക്കുപറയാതെ
കഷ്ടപ്പെട്ടു വളര്‍ത്തിയ അച്ഛനും, അമ്മയും
ഇന്നലെകളെ മറക്കാനേ കഴിയുന്നില്ല.....
മറവിരോഗത്തില്‍ മനശ്ശാന്തി തേടുന്ന 
മഹാഭാഗ്യവാന്മാര്‍ക്കിടയില്‍
മനക്കണ്ണുകളാല്‍ ഇന്നലെകളെ
കണികണ്ടുണരുന്ന, ഒരു 
ഗുഹാതുരയായി ഈ ഞാനും....

ഇന്നലെകളിലൂടെ(കവിത: സുനീതി ദിവാകരന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക