Image

തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്‌, മുസ്ലിംകള്‍ക്ക്‌ പകരം ഭൂമി നല്‍കും; അയോദ്ധ്യ കേസില്‍ ചരിത്രപ്രധാന വിധിയുമായി സുപ്രീം കോടതി

Published on 09 November, 2019
തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്‌, മുസ്ലിംകള്‍ക്ക്‌ പകരം ഭൂമി നല്‍കും;  അയോദ്ധ്യ കേസില്‍  ചരിത്രപ്രധാന വിധിയുമായി സുപ്രീം കോടതി
see the verdict
ന്യൂ ഡല്‍ഹി : 134 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം അയോദ്ധ്യകേസില്‍ വിധിയായി. ഭൂമിയില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമി ആര്‍ക്ക് ലഭിക്കും എന്ന വിഷയത്തിലായിരുന്നു പ്രധാനമായും വാദം കേട്ടത്.

തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും എന്ന് പറഞ്ഞാണ് വിധി പ്രസ്താവം ആരംഭിച്ചത്. മുസ്ലിം പള്ളി പണിയാനായി പകരം അഞ്ചേക്കര്‍ ഭൂമി നല്‍കും. അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാര്‍ വിധി ഒപ്പിട്ടത്. വിധി പൂര്‍ണമായി വായിക്കാന്‍ അര മണിക്കൂര്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇതിന് തീര്‍പ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
സുന്നി വഖഫ് ബോര്‍ഡുമായുള്ള കേസിലാണ് ആദ്യം വിധി പറഞ്ഞത്. ഇതിലാണ് സ്ഥലത്തില്‍ ഇവരുടെ അവകാശവാദം തള്ളിയത്. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്നും എന്നാല്‍ രാമജന്മ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും കോടതി നിര്‍ണായക നിരീക്ഷണം നടത്തിയിരുന്നു.

രാവിലെ 10.30നാണ് കേസില്‍ വിധി വായിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് തര്‍ക്കഭൂമിയിലും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നു.

രാജ്യമൊട്ടാകെ മുള്‍മുനയില്‍ നില്‍ക്കവെയാണ് സുപ്രീം കോടതി രാജ്യം ഉറ്റുനോക്കിയ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിന്റെ സങ്കീര്‍ണത മനസിലാക്കിയാണ് അവധി ദിവസമായിട്ടും കേസിന്റെ വിധി വന്നിരിക്കുന്നത്.

അയോധ്യ വിധിയില്‍ താന്‍ തൃപ്തനല്ലെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക് ഭരണഘടനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള്‍ നിരസിക്കണം .- ഒവൈസി പറയുന്നു.

സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയോധ്യ വിധിയുടെ മറവില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. നബി ദിന റാലികള്‍ക്ക് വിലക്ക് ഇല്ലെങ്കിലും മറ്റ് ജാഥകള്‍ നടത്താന്‍ പാടില്ലെന്നും ഡിജിപി അറിയിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് കേരളാ പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ വാര്‍ത്താ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Join WhatsApp News
Indian 2019-11-09 12:17:40
പ്രതീക്ഷിച്ച വിധി. ആർ.എസ്.എസ./വി.എച്ച്.പി./ബി.ജെ.പിക്ക് ആഹ്ലാദിക്കാം.
സുപ്രീം കോടതിയുടെ വിശ്വാസ്യത എങ്ങനെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക