Image

ദുബായ് കെഎംസിസി ലൈബ്രറിക്ക് സാംസ്‌കാരിക നായകരുടെ പിന്തുണ

Published on 09 November, 2019
ദുബായ് കെഎംസിസി ലൈബ്രറിക്ക് സാംസ്‌കാരിക നായകരുടെ പിന്തുണ


ദുബായ്: കെ.എം.സി.സിയില്‍ അതിവിപുലമായ സൗകര്യത്തോടെ ആരഭിക്കുന്ന അച്ചടിഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരില്‍ നിന്നും സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചുകൊണ്ട് കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എംഎല്‍എ നിര്‍വഹിച്ചു.

വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്ത് അജ്ഞരായ മനുഷ്യര്‍ക്ക് അതിജീവിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധൈഷണിക യുദ്ധങ്ങളുടെ കാലത്ത് ഓരോ മനുഷ്യനും സ്വയം കരുതിവയ്‌ക്കേണ്ട ആയുധം അറിവാണെന്നും വായന ഒരു കാലത്തും മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈദ്ധാന്തികനും എഴുത്തുകാരനും കോഴിക്കോട് സര്‍വകലാശാലാ തത്വശാസ്ത്ര വിഭാഗം തലവനുമായിരുന്ന ഡോ.പി.കെ പോക്കര്‍ മുഖ്യാതിഥിയായിരുന്നു. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും കുത്തകവല്‍ക്കരിക്കപ്പെടുന്ന കാലത്ത്, പുസ്തക വായന പോലും ക്രിമിനല്‍ കുറ്റമായി മാറുകയാണെന്നും അറിവും ചിന്തയും കൈമുതലുള്ള എല്ലാവിഭാഗം ജനങ്ങളും ഒന്നായി നില്‍ക്കേണ്ട കാലമാണിതെന്നും പി.കെ. പോക്കര്‍ പറഞ്ഞു.

കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ഡയസ് ഇടിക്കുള, എം.പി രാമചന്ദ്രന്‍, അനൂപ് കീച്ചേരി എന്നിവര്‍ സംസാരിച്ചു. ഡോ.പി.കെ പോക്കര്‍, സൈനുദ്ധീന്‍ പുന്നയൂര്‍ക്കുളം, അനൂപ് കീച്ചേരി, ഗായിക പ്രിയ അച്ചു, റയീസ് തലശേരി, സൈനുദ്ദീന്‍ ചേലേരി, രമേശ് പെരുമ്പിലാവ്, ദീപ ചിറയില്‍, സോണി വേലൂക്കാരന്‍, ഡയസ് ഇടിക്കുള, ആര്‍തര്‍ വില്യം,ദീപ ചിറയില്‍,ചാക്കോ ഊളക്കാടന്‍ , അബ്ദുള്ള ആറങ്ങാടി, സമീര്‍ വേങ്ങാട്, ഫാറൂഖ് കല്യാശേരി, മുസ്തഫ വള്ളിക്കുന്ന്, അബ്ദുള്ളക്കുട്ടി ചേറ്റുവ, എം.പി രാമചന്ദ്രന്‍, അമീന്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ എം.കെ മുനീറിന് കൈമാറി.

സംസ്ഥാന ഭാരവാഹികളായ ഹംസ തോട്ടി, അഡ്വ. ഖലീല്‍ ഇബ്രാഹിം, ഒ.കെ ഇബ്രാഹിം, ഒ.മൊയ്തു, ഹസന്‍ ചാലില്‍, ഹനീഫ ചെര്‍ക്കള, നിസാമുദ്ദീന്‍ കൊല്ലം, മജീദ് മടക്കിമല, അബൂബക്കര്‍ കരേക്കാട്, എന്‍.കെ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. കെഎംസിസി സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ഇ.ആര്‍ അലി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ സ്വാഗതവും ഖാദര്‍ കുട്ടി നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക