Image

ഹൈദി (HEIDI) (2015) (ലോക സിനിമകള്‍)

Published on 10 November, 2019
ഹൈദി (HEIDI) (2015) (ലോക സിനിമകള്‍)
അഡ്വെഞ്ചര്‍ / ഡ്രാമ / ഫാമിലി
സംവിധായകന്‍: അലൈന്‍ സ്‌പോനേര്‍
അഭിനേതാക്കള്‍: അനുക്ക് സ്‌റ്റെഫിന്‍,  അന്നാ ചിന്‍സ്,  ലിലിയന്‍ നൈഫ്, ബ്രൂണോ ഗാന്‍സ്. 
രാജ്യം: സ്വിറ്റ്‌സര്‍ലന്‍ഡ്,  ജര്‍മ്മനി
ഭാഷ: സ്വിസ്,  ജര്‍മന്‍

ചിലയാളുകള്‍ക്കുചുറ്റും നന്മയുടെയും, സന്തോഷത്തിന്റെയും നിഷ്കളങ്കതയുടെയും ഒരാവരണമുണ്ടാകും. അത് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അത് പ്രസരിക്കുകയും ചെയ്യും. ഒട്ടുമിക്ക കുട്ടികളും അങ്ങനെയാണ്. അവരുടെ നിഷ്ക്കളങ്കതയിലേക്ക് കണ്ണോടിക്കുമ്പോള്‍  നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ബാല്യവും ബാല്യത്തിലെ നന്മകളും  തിരിച്ചറിയാന്‍ നമുക്കാവും.

ജോഹന്ന സ്‌പൈരിയുടെ പ്രശസ്തമായ 'ഹൈദി' എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 2015ല്‍ അലൈന്‍ സ്‌പോനേര്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഒരു സിനിമ എന്നതില്‍ ഉപരി ഇതൊരു യാത്ര ആണ്.  കുഞ്ഞായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഹൈദി എന്ന കൊച്ചുപെണ്‍കുട്ടിയെ അവളുടെ ചെറിയമ്മ ഒരു പ്രത്യേക സാഹചര്യത്തില്‍ മുത്തച്ഛനായ ആല്‍പ്‌സിനെ ഏല്‍പ്പിക്കുന്നു. ഗ്രാമവാസികള്‍ പോലും വെറുപ്പോടെയും പേടിയോടെയും കാണുന്ന ആളാണ് മുത്തച്ഛന്‍ ആല്‍പ്‌സ്. കുഞ്ഞു ഹൈദിയുടെ നിഷ്കളങ്ക സ്‌നേഹത്തിനു മുന്നില്‍ പുറമെ പരുക്കനായ മുത്തച്ഛന്‍ കാണെക്കാണെ മഞ്ഞു പോലെ ഉരുകുന്നത് ഹൃദ്യമായ ഒരു കാഴ്ച ആണ്. ഹൈദിയുടെ പുഞ്ചിരി മുത്തച്ഛന്റെ പരുക്കന്‍ പുറന്തോടിനെ പൊട്ടിച്ചു ദൂരെയെറിഞ്ഞു! എന്നാല്‍ പെട്ടെന്നൊരു ദിവസം മുത്തച്ഛന്റെ എതിര്‍പ്പിനെ വകവെക്കാതെ നഗരത്തിലെ സമ്പന്നഗൃഹത്തിലെ ഒരു പെണ്‍കുട്ടിയ്ക്ക് കൂട്ടുകാരിയാക്കാന്‍ വേണ്ടി ഹൈദിയുടെ ചെറിയമ്മ അവളെ വില്‍ക്കുന്നു. തന്റെ പ്രിയപ്പെട്ട മുത്തച്ഛനെയും താഴ്‌വരയെയും വിട്ട് ഹൈദിക്കു പോകേണ്ടി വരുന്നു! അവിടെ ഹൈദിയെ  കാത്തിരുന്നത് ചലനശേഷിയില്ലാത്ത ക്ലാര എന്ന പെണ്‍കുട്ടിയായിരുന്നു. അധികം താമസിക്കാതെ തന്നെ അവരിരുവരും ഏറ്റവുമടുത്ത കൂട്ടുകാരായി. എന്നാല്‍ ആ വലിയ കൊട്ടാരം പോലത്തെ വീട്ടില്‍ താമസിക്കുമ്പോഴും ഹൈദിയുടെ മനസ് അങ്ങകലെ മലയടിവാരത്തു ഏകനായി താമസിക്കുന്ന മുത്തച്ഛന്റെ അടുത്തായിരുന്നു. ഫ്രാങ്ക്ഫൂട്ടിലെ കൊട്ടാര ജനാലകള്‍ തുറന്നു ആല്‍പ്‌സ് പര്‍വതം തേടുന്ന ഹൈദി നമ്മിലും ഗൃഹാതുരത ഉണര്‍ത്തുന്നു. ഹൈദിയുടെ അസ്വസ്ഥമായ മനസ്സിലൂടെ ചിത്രം യാത്ര ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്നത് അഭൗമമായ ഒരു അനുഭൂതിയാണ്. സമ്പന്ന ഗൃഹത്തിലെ ചിട്ടവട്ടങ്ങള്‍ ഇഷ്ട്ടപ്പെടാത്ത ഹൈദി തന്റെ കൂട്ടുകാരിയെ പിരിയേണ്ടി വരുന്ന വിഷമം ഉള്ളിലൊതുക്കി മുത്തച്ഛന്റെ അരികിലേക്ക് മടങ്ങിയെത്തുന്നു! എന്നാല്‍ ക്ലാരക്ക് ഹൈദിയെ പിരിഞ്ഞിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അധികം താമസിക്കാതെ ക്ലാരയും ഹൈദിയുടെ മലയടിവാരത്തുള്ള കൊച്ചു വീട്ടിലേക്കു വിരുന്നുകാരിയായി എത്തുകയാണ്.

''ഹൈദി” നീ എത്ര നിഷ്കളങ്കയായ കുഞ്ഞു സുന്ദരി'' അനാഥത്വം നിഴലിച്ച ആ കുഞ്ഞു കണ്ണുകള്‍ നോക്കി  നമ്മള്‍ എത്രയോ പ്രാവശ്യം പറഞ്ഞു പോകും. പ്രഭുകുമാരിയുടെ വീട്ടില്‍ നിന്ന് മലയടിവാരത്തുള്ള കൂട്ടുകാരന്‍  പീറ്ററിന്റെ മുത്തശ്ശിക്കായി ഹൈദി  എടുത്ത് സൂക്ഷിച്ച ആ പഞ്ഞിക്കെട്ട് പോലുള്ള ബണ്ണിന്റെ മണവും രുചിയും കാഴ്ചക്കാരുടെ ഓര്‍മ നശിക്കുന്ന കാലം വരെ മനസില്‍ ഉണ്ടാകും. എത്ര ലളിതവും, അനായാസവുമായാണ് അനുക്ക് സ്‌റ്റെഫിന്‍ എന്ന കുഞ്ഞു പെണ്‍കുട്ടി ഹൈദിയെ അവിസ്മരണീയമാക്കിയത്. പീറ്റര്‍ എന്ന തല തെറിച്ച കുഞ്ഞു സുന്ദരനും,  ക്ലാരയെന്ന നൊമ്പരപ്പെടുത്തുന്ന പ്രഭുകുമാരിയും,  പരുക്കന്‍ രൂപത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട് പിന്നീട് ഇങ്ങോട്ട് നന്മ നിറഞ്ഞ മുത്തച്ഛനും കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഒരു ഫീല്‍ ഗുഡ് സിനിമ സമ്മാനിച്ചു... ഇവര്‍ നാലുപേരും ഏറെക്കാലം മനസ്സില്‍ നിന്ന് മാഞ്ഞു പോകാതെ നില്‍ക്കും!

ഈ സിനിമയുടെ ഛായാഗ്രഹണത്തിനെ പറ്റി രണ്ടു വാക്കു പറയാതെ അവസാനിപ്പിക്കാനാവില്ല. ഓരോ ഫ്രെയിമും ഓരോ നിശ്ചല ചിത്രങ്ങളാക്കി മാറ്റിയാല്‍ ലോകത്തില്‍ ഇന്നുവരെ നടന്നതില്‍ വെച്ച് ഏറ്റവും മികച്ച ചിത്ര പ്രദര്‍ശനം നടത്താം. അത്രക്കും കാഴ്ചയുടെ മികച്ച അനുഭവം തരുകയാണ് ഈ സിനിമ നമ്മള്‍ക്ക്.

ഹൈദി (HEIDI) (2015) (ലോക സിനിമകള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക