Image

സിസ്റ്റര്‍ മേരി മൈക്കിള്‍ സിഎംസി (മൈക്കിളമ്മ,100) നിര്യാതയായി

Published on 11 November, 2019
സിസ്റ്റര്‍ മേരി മൈക്കിള്‍ സിഎംസി (മൈക്കിളമ്മ,100) നിര്യാതയായി
ചങ്ങനാശേരി: സിസ്റ്റര്‍ മേരി മൈക്കിള്‍ സിഎംസി (മൈക്കിളമ്മ, 100, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി) നവംബര്‍ ഒമ്പതിനു രാത്രി ഒമ്പതിനു നിര്യാതയായി. സര്‍വീസില്‍ നിന്നും വിരമിച്ചശേഷം ചങ്ങനാശേരി സിഎംസി കോണ്‍വെന്റിലെ മൗണ്ട് കാര്‍മല്‍ മഠത്തിലായിരുന്നു ശുശ്രൂഷയും വിശ്രമജീവിതവും. രണ്ടുമാസം മുന്‍ ഒരു വീഴ്ചയെതുടര്‍ന്ന് സിസ്റ്റര്‍ കടപ്പിലാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. 11.11 ല്‍ 101 വയസിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണു നിത്യ ഭാഗ്യത്തിലേക്കു വിളിക്കപ്പെട്ടത്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

സഹോദരങ്ങള്‍: തോമസ് തോമസ് (റിട്ട.ഓഫീസര്‍,സെന്‍ട്രല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്), പരേതരായ തോമസ് മാത്യു(ഉണ്ണൂണ്ണി ), മറിയമ്മ ജോസഫ് വെട്ടികാട് കടുത്താനം, തോമസ് എബ്രഹാം (റിട്ട.സ്‌റ്റോഴ്‌സ് ഓഫീസര്‍, ഇന്‍ഡ്യന്‍ നേവി), ഫാ.ജി.ടി.ഊന്നുകല്ലിലില്‍, സി.സബീന എഫ്‌സിസി, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍.

1919 നവംബര്‍ 11ന് അയിരൂര്‍ ഛായല്‍ പള്ളിക്കു സമീപമുള്ള പുരാതനമായ ഊന്നുകല്ലില്‍ തായില്ലം കൊച്ചിട്ടികൊച്ചുമേരി ദന്പതികളുടെ ഒന്പതു മക്കളില്‍ മൂത്ത മകളായാണ് കുഞ്ഞമ്മ എന്ന സിസ്‌ററര്‍ മൈക്കിളിന്റെ ജനനം. ഏഴാം കഌസുവരെ നാട്ടിലെ സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്നു കുഞ്ഞമ്മയെ മാതാപിതാക്കള്‍ 1934 ജൂണ്‍ എട്ടിന് ചങ്ങനാശേരി മൗണ്ട് കാര്‍മല്‍ മഠത്തോടു ചേര്‍ന്നുള്ള ബോര്‍ഡിംഗ് ഹൗസിലാക്കി സെന്റ് ജോസ്ഫ്‌സ് സ്‌കൂളില്‍ ഫോര്‍ത്ത് ഫോറത്തിലും ചേര്‍ത്തു.

സ്‌കൂള്‍ പഠനം പൂര്‍ത്തിയായ ഉടന്‍ 1937 ഡിസംബര്‍ എട്ടിന് ഇതേ മഠത്തില്‍ ചേര്‍ത്തു. ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജെയിംസ് കാളാശേരിയാണ് മിഖായേല്‍ മാലാഖയുടെ പേരായ മൈക്കിള്‍ എന്ന നാമം സിസ്റ്ററിനു നല്‍കിയത്.

റോമില്‍വച്ചു ദിവംഗതനായ ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ഭൗതികാവശിഷ്ടം ചങ്ങനാശേരിയിലെത്തിച്ചപ്പോള്‍ സിസ്റ്റര്‍ ഒരു ഗാനമെഴുതി ആലപിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

സിഎംസി ഹോളി ക്വീന്‍സ് പ്രോവിന്‍സിലെ ഏറ്റവും മുതിര്‍ന്ന സന്യാസിനികൂടിയായ മൈക്കിളമ്മ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സസ്റ്റര്‍ ടോംസി ഉള്‍പ്പെടെ അധ്യാപകരുടെയും സന്യാസിനികളുടെയും ഗുരുനാഥയുമാണ് മൈക്കിളമ്മ.

അരനൂറ്റാണ്ടു മുമ്പ് ചങ്ങനാശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഌറ്റിനം ജൂബിലി സംഘടിപ്പിക്കുന്‌പോള്‍ അന്നു ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്‌ററര്‍ മൈക്കിള്‍ ഒരിക്കലും കരുതിയില്ല സ്‌കൂളിന്റെ 125ാം വാര്‍ഷികത്തില്‍ താനും അതിഥി ആയിരിക്കുമെന്ന്. 2019 ജനുവരി 22 ന് സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷം നടന്നപ്പോള്‍ അതിഥിയായി ഈ നൂറു വയസുകാരി സന്യാസിനിയും ഉണ്ടായിരുന്നു.

1965 മുതല്‍ 1980 വരെ 15 വര്‍ഷം സിസ്‌ററര്‍ മൈക്കിള്‍ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസായിരുന്നു. അക്കാലത്തായിരുന്നു പഌറ്റിനം ജൂബിലി ആഘോഷവും ജൂബിലി സ്മാരക ഓഡിറ്റോറിയം നിര്‍മാണവും.

ജീവിതത്തിന്റെ ഭൂരിഭാഗവും മൈക്കിളമ്മ സെന്റ് ജോസഫ്‌സ് സ്‌കൂളിനോടു ചേര്‍ന്നുള്ള മൗണ്ട് കാര്‍മല്‍ മഠത്തിലായിരുന്നു ശുശ്രൂഷ. ഇന്നും ചങ്ങനാശേരിയിലെ ആദ്യ പെണ്‍പള്ളിക്കൂടമായ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ വരാന്തയിലിരുന്നു സ്‌കൂളിനെക്കുറിച്ചും ശിഷ്യരെക്കുറിച്ചുമൊക്കെ പറയുന്‌പോള്‍ മൈക്കിളമ്മയ്ക്കു നൂറുനാവ്.

നിറഞ്ഞ ചിരിയോടെ ഇംഗഌഷിലും മലയാളത്തിലും സ്ഫുടമായി സംസാരിക്കുന്‌പോള്‍ കേട്ടിരിക്കുന്നവരും അതില്‍ ലയിച്ചുപോകും. കേരളത്തിലെ വിവിധ കത്തോലിക്കാ സ്‌കൂളുകളില്‍ പ്രഭാത പ്രാര്‍ഥനയായി ആലപിക്കുന്ന 'കാരുണ്യാലയം ദിവ്യസ്‌നേഹസാഗരം' പാട്ട് ഉള്‍പ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചയിതാവുകൂടിയാണ് സിഎംസി സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ മൈക്കിള്‍. ഗാനങ്ങള്‍ പലതും ഇപ്പോഴും മനഃപാഠം. അടുത്തിടെ അന്തരിച്ച പ്രശസ്ത ഭക്തിഗാന രചയിതാവ് ഫാ.ജി.റ്റി. ഊന്നുകല്ലിലിന്റെ സഹോദരിയാണ് സിസ്റ്റര്‍ മൈക്കിള്‍.

ഈ വര്‍0ഷം ജനുവരി 22 ന് സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ 125ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്കളമ്മ ഇങ്ങനെ പാടി 'നന്ദി ചൊല്ലി നിന്റെ മുന്പില്‍ നിന്നിടുന്നു ഞാന്‍..... നീയെനിക്കു ചെയ്തതെല്ലാം ഓര്‍ത്തിടുന്നു ഞാന്‍...''

ജര്‍മനിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ മാതൃസഹോദരിയാണ് പരേതയായ സിസ്റ്റര്‍ മേരി മൈക്കിള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക