Image

മഹാരാഷ്ട്ര: മഹാ അനിശ്ചിതത്വം കടന്ന് രാഷ്ട്രപതി ഭരണത്തിലേയ്ക്ക് (എ.എസ്)

എ.എസ് Published on 12 November, 2019
മഹാരാഷ്ട്ര: മഹാ അനിശ്ചിതത്വം കടന്ന് രാഷ്ട്രപതി ഭരണത്തിലേയ്ക്ക് (എ.എസ്)
മഹാരാഷ്ടയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കടുത്ത അനിശ്ചിതത്വത്തിന് വിരാമമായി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണയായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 

മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ നീക്കത്തെ എതിര്‍ത്ത് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് ബ്രേക്കിങ് ന്യൂസ്. ബി.ജെ.പിക്ക് 48 മണിക്കൂര്‍ സാവകാശം നല്‍കിയ ഗവര്‍ണര്‍ 24 മണിക്കൂര്‍ മാത്രമാണ് ശിവസേനയ്ക്ക് നല്‍കിയതെന്ന പരാതി നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് നല്‍കിയ സമയം അവസാനിച്ചതിന് പിന്നാലെ എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ പുതിയ നീക്കങ്ങള്‍ മഹാരാഷ്ട്രയില്‍ നടന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ നീക്കത്തിന് മോദി സര്‍ക്കാര്‍ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് നവംബര്‍ 12ന് 20 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഈയൊരു അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്.

ആകെ സീറ്റ്-288
ബി.ജെ.പി-105
ശിവസേന-56
എന്‍.സി.പി-54
കോണ്‍ഗ്രസ്-44
എ.ഐ.എം.ഐ.എം-2
മറ്റുള്ളവര്‍-27

ഇതാണ് മഹാരാഷ്ട്രയിലെ പുതിയ കക്ഷി നില. 288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. ഭരണത്തില്‍ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ആദ്യം ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പിന്മാറി. ഈ തീരുമാനം അവര്‍ ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയ്ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ ക്ഷണം ലഭിച്ചത്. നവംബര്‍ 11-ാം തീയതി വൈകിട്ട് 7.30 വരെ പിന്തുണ തെളിയിക്കാന്‍ ശിവസേനയ്ക്ക് സാധിക്കാത്തതിനാല്‍ ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിച്ചിരുന്നു. എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം ഇന്ന് (നവംബര്‍ 12) രാത്രി എട്ടുമണിക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഗവര്‍ണറുടെ നടപടി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ലഭിച്ചിട്ടും പിന്മാറേണ്ടി വന്നതിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേരിട്ടത് വലിയ രാഷ്ട്രീയ ദുരമാണ്. സഖ്യത്തിലെ രണ്ടാം കക്ഷിയായ ശിവസേനയുടെ കടുംപിടുത്തത്തിന് മുന്നില്‍ ബി.ജെ.പിയുടെ വഴികള്‍ അടയുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിലേക്കുള്ള അംഗബലം ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. സഖ്യത്തില്‍ നിന്ന് ശിവസേന പിന്മാറിയതോടെ തനിച്ച് ഭൂരിപക്ഷം ഇല്ലാത്ത ബി.ജെ.പി മറ്റ് കക്ഷികളെ ഒപ്പം നിര്‍ത്തിയുള്ള പരീക്ഷണത്തിന് മുതിര്‍ന്നതുമില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ബി.ജെ.പി നിരാകരിച്ചതാകട്ടെ മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ്. 

കോണ്‍ഗ്രസ്-എന്‍.സി.പി മുന്നണിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ആശംസകള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് ബി.ജെ.പി തീരുമാനം അറിയിച്ചത്. ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനമായിരുന്നു ഇതിലൂടെ ബി.ജെ.പി നടത്തിയത്. ബിജെപി പിന്മാറിയതോടെ ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പേ സഖ്യത്തില്‍  ഏര്‍പ്പെട്ടിരുന്ന ഇരുപാര്‍ട്ടികളും ഭൂരിപക്ഷം  ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ശിവസേന നേരത്തേ തന്നെ കോണ്‍ഗ്രസ്, എന്‍.സി.പി നേതൃത്വമുായി നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്‍.ഡി.എയുടെ ഭാഗമായി നിന്നുകൊണ്ടുള്ള ചര്‍ച്ചകളോട് കോണ്‍ഗ്രസും എന്‍.സി.പിയും അനുകൂല പ്രതികരണം നല്‍കിയതുമില്ല. 

എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചതില്‍ അസംതൃപ്തരാണ് പല കോണ്‍ഗ്രസ് എം.എല്‍.എമാരും. ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്ന അഭിപ്രായം അവര്‍ക്കുണ്ടായിരുന്നു. ഈ ചാഞ്ചാട്ടം കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി. എന്‍.സി.പി നേതാവ് ശരദ് പവാര്‍ പക്ഷെ, വാതിലുകള്‍ അടച്ചിട്ടില്ല. ശിവസേന എന്‍.ഡി.എയില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ മറ്റ് സാധ്യതകള്‍ തേടുന്നതിനോട് പവാറിന് വിയോജിപ്പില്ലായിരുന്നു. ആ സാഹചര്യം സംജാതമായപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും പവാറിന്റെ നീക്കങ്ങളെ പിന്തണച്ചു. ശിവസേനയുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍ഗ്രസിന്റെ മതേതര പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കും എന്ന അഭിപ്രായം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടായിരുന്നു താനും.

മഹാരാഷ്ട്ര: മഹാ അനിശ്ചിതത്വം കടന്ന് രാഷ്ട്രപതി ഭരണത്തിലേയ്ക്ക് (എ.എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക