Image

ഈ സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം- കന്യാസ്ത്രീകളുടെ സമരപോരാട്ടത്തെ ആദരിച്ച് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍

Published on 12 November, 2019
ഈ സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം- കന്യാസ്ത്രീകളുടെ സമരപോരാട്ടത്തെ ആദരിച്ച് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍


ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കേസില്‍ ഇരയ്ക്ക് നീതി കിട്ടാന്‍ തെരുവില്‍ സമരം നടത്തിയ സഹപ്രവര്‍ത്തകരായ അഞ്ച് കന്യാസ്ത്രീകളെ ആദരിച്ച് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍. വാഷിംഗ്ടണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്തമായ ഈ മാസിക 'സ്ത്രീകള്‍ഒരു നൂറ്റാണ്ടിലെ മാറ്റം' എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക പതിപ്പിലാണ് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ പോരാട്ടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2019 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിക്കുന്ന മാഗസിനില്‍ 'കള്‍ച്ചര്‍' വിഭാഗത്തിലാണ് ഇവരുടെ ചിത്രവും ചെറിയ കുറിപ്പും നല്‍കിയിരിക്കുന്നത്. സമരമുഖത്തുണ്ടായിരുന്ന കുറവിലങ്ങാട്ടെ അഞ്ച് കന്യാസ്ത്രീകള്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. പക്ഷേ, ബിഷപ് ഫ്രാങ്കോയുടെ പേര് മാസികയില്‍ ഒരിടത്തും പറയുന്നില്ല. 

മാഗസിന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:

'പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നിശബ്ദരായിരിക്കാനാണ് മേലധികാരികള്‍ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. എന്നാല്‍ അവര്‍ അത് നിരസിച്ചു. ഒരു ബിഷപ് തന്നെ തുടര്‍ച്ചയായി പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രീ സഭാ തലവന്മാരോട് പറഞ്ഞപ്പോള്‍ ഒന്നും സംഭവിച്ചില്ല, അതുകൊണ്ട് അവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. മാസങ്ങള്‍ക്കു ശേഷം, 2018 സെപ്തംബറില്‍, ഈ കന്യാസ്ത്രീകള്‍ കേരള ഹൈക്കോടതിക്കു പുറത്ത് രണ്ടാഴ്ച നീണ്ടുനിന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ ബിഷപ്, വൈകാതെ അറസ്റ്റിലായി. സി.ആല്‍ഫി, സി.നീന റോസ്, സി.അന്‍സിറ്റ, സി.അനുപമ, സി.ജോസഫൈന്‍ എന്നിവരാണവര്‍. കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നതിനു പകരം, പ്രതിഷേധിച്ച കന്യാസ്ത്രീകളുടെ മാസഅലവന്‍സ് റദ്ദാക്കുകയാണ് സഭ ചെയ്തത്'

ബലാത്സംഗ കേസില്‍ ബിഷപ് ഫ്രാങ്കോയുടെ വിചാരണ നടപടികള്‍ ഈ മാസം ആരംഭിക്കാനിരിക്കേ കൂടിയാണ് ഈ മാസിക കന്യാസ്ത്രീകളെ ആദരിച്ചിരിക്കുന്നത്. നടപടികള്‍ ഇന്നലെ ആരംഭിക്കേണ്ടതായിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ 30ലേക്ക് മാറ്റുകയായിരുന്നു. 

ആഗോള കത്തോലിക്കാ സഭയില്‍ തന്നെ അപൂര്‍വ്വമായി നടന്ന ഒരു പ്രതിഷേധമായിരുന്നു കന്യാസ്ത്രീകളുടെ ഈ 'സെപ്തംബര്‍ വിപ്ലവം'. ലോക മാധ്യമ ശ്രദ്ധ നേടിയ ഈ സമരത്തിന്റെ വിജയം സഭയില്‍ അത്മായ മുന്നേറ്റത്തിന് തന്നെ കാരണമായി. സഭാ നേതൃത്വത്തിന്റെ പോരായ്കളെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും അത്മായ സംഘടനകള്‍ക്ക് ഊര്‍ജം പകര്‍ന്നതും ഈ വിപ്ലവത്തിന്റെ വിജയമാണ്. 

(വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്ഃ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍)

News and photo courtesy: National Geographic Magazine
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക