Image

അണ്ണാ ഡി.എം.കെയുടെ കൊടിമരം മറിഞ്ഞുവീണു; സ്‌കൂട്ടറില്‍ നിന്ന് വീണ യുവതി ട്രക്കിനടയില്‍പെട്ട് ഗുരുതരാവസ്ഥയില്‍

Published on 12 November, 2019
അണ്ണാ ഡി.എം.കെയുടെ കൊടിമരം മറിഞ്ഞുവീണു; സ്‌കൂട്ടറില്‍ നിന്ന് വീണ യുവതി ട്രക്കിനടയില്‍പെട്ട് ഗുരുതരാവസ്ഥയില്‍

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഫഌ്‌സും മൂലം തമിഴ്‌നാട്ടില്‍ അപകടങ്ങള്‍ പെരുകുന്നു. എ.ഐ.എ.ഡി.എം.കെയുടെ കൊടിമരം മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ട്രക്കിന് അടിയിലേക്ക് കയറി. ട്രക്കിന്റെ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങിയ യുവതിയുടെ രണ്ടു കാലുകളും തകര്‍ന്നു. ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലാണ്.

കോയമ്പത്തൂരില്‍ ഹൈവേയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. അനുരാധ രാജേശ്വരി (30)യാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതേ ട്രക്ക് ഇടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്.

മാതാപിതാക്കളുടെ ഏക മകളാണ് അനുരാധ. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയായ അനുരാധ രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വാഗതം ചെയ്ത് അവിനാശി ഹൈവേയില്‍ സ്ഥാപിച്ചിരുന്ന കൊടിമരമാണ് മറിഞ്ഞുവീണതെന്നും പോലീസ് അക്കാര്യം മറച്ചുവെച്ചുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ ശിവന്‍ ആരോപിച്ചു. 

സെപ്തംബറിലാണ് ചെന്നൈയില്‍ റോഡരുകില്‍ സ്ഥാപിച്ചിരുന്ന എ.ഐ.എ.ഡി.എം.കെയുടെ ഫഌ്‌സ് ബോര്‍ഡ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ ടെക്കി മരിച്ചത്. ഫഌ്‌സ് വീണതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക