Image

ഗവര്‍ണറുടെ ശിപാര്‍ശയ്ക്ക് അംഗീകാരം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

Published on 12 November, 2019
 ഗവര്‍ണറുടെ ശിപാര്‍ശയ്ക്ക് അംഗീകാരം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി


ന്യുഡല്‍ഹി:  രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണറുടെ ശിപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. 
മഹാരാഷ്ട്രയില്‍ ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയപരിധി അവസാനിക്കുന്നതിനു മുന്‍പാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കുന്നത്. ഭരണഘടനാ അനുഛേദം 356 പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധിയാണ്. കുതിരക്കച്ചവടത്തിന് ഇടനല്‍കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്നു ഉച്ചയ്ക്കു ചേര്‍ന്ന കേന്ദ്രമന്ത്രിയുടെ അടിയന്തര യോഗത്തില്‍ രാഷ്ട്രപതി ഭരണത്തിന് ധാരണയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 2.15ന് ബ്രസീലിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര മാറ്റിവച്ചാണ് മന്ത്രിസഭാ യോഗം വിളിച്ചത്. 

എന്‍.സി.പി നേതാവ് ശരത് പവാര്‍ ചില ബി.ജെ.പി നേതാക്കളെ പിന്തുണ തേടി വിളിച്ചതായി കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് അടിയന്തരമായി തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയം രാത്രി 8.30ന് അവസാനിക്കാനിരിക്കേയാണ് ഗവര്‍ണറുടെ ശിപാര്‍ശ.

ബി.ജെ.പിയുടേത് നിയമവ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ബി.ജെ.പി ഭരണഘടനയെ കശാപ്പ് ചെയ്യുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി വിമര്‍ശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക