Image

ശബരിമല യുവതി പ്രവേശനം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌. 7 അംഗ ബഞ്ചിന്‍റെ പുനഃപരിശോധനയ്‌ക്ക്‌ വിട്ടു

Published on 14 November, 2019
ശബരിമല യുവതി പ്രവേശനം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌. 7 അംഗ ബഞ്ചിന്‍റെ പുനഃപരിശോധനയ്‌ക്ക്‌ വിട്ടു
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനും ജസ്റ്റിസുമാരായ റോഹിങ്ങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എന്‍ ഖാന്‍വില്‍കര്‍ എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനു വിലക്ക് ഉണ്ടാവില്ല.

മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനവും സംബന്ധിച്ച കേസുകളും ഏഴംഗ വിശാല ബെഞ്ചിന് കൈമാറി. ഇവയുംവിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും വിയോജിച്ചു.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, വൈക്കം ഗോപകുമാര്‍, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോന്‍, പി.സി. ജോര്‍ജ്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാര്‍ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റ്, ഓള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചത്.

പൊതുസ്ഥലത്തെ തുല്യത ആരാധനാലയങ്ങളില്‍ ബാധകമല്ലെന്നും ചരിത്ര പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്ന് കോടതി നിലപാട് സ്വീകരിച്ചതെന്നും ആണ് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയത്. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും ശബരിമല ക്ഷേത്രം തന്ത്രി വാദം ഉന്നയിച്ചത്.

 അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണെന്നും അത് കോടതിക്ക് നിഷേധിക്കാനാകില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്.

നൈഷ്ഠിക ബ്രഹ്മചര്യം പ്രതിഷ്ഠയുടെ പ്രത്യേകതയാണെന്നും പ്രതിഷ്ഠക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നുംപന്തളം രാജകുടുംബം വാദിച്ചപ്പോള്‍, നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ മാറ്റേണ്ടത് ആക്ടിവിസ്റ്റുകളല്ലെന്ന് ബ്രാഹ്മണസഭയും ചൂണ്ടിക്കാട്ടി.

തുല്യതയാണ് ശബരിമല വിധിയുടെ ആധാരം. കോടതി വിധി പൗരന്റെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്. പുനഃപരിശോധനാ ഹരജികള്‍ തള്ളണം. വിധിയില്‍ ആശയകുഴപ്പം ഉണ്ടാക്കാനാണ് പുനഃപരിശോധനാ ഹരജികളിലെ ശ്രമമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 

യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്നുവെന്നും മാറ്റം എല്ലാവരും അംഗീകരിക്കണമെന്നുമുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ചത്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും ആര്‍ത്തവമുള്ളതിനാല്‍ യുവതികള്‍ക്ക് 41 ദിവസം വ്രതം നോക്കാനാവില്ലെന്നുമുള്ള വാദങ്ങള്‍ അംഗീകരിച്ച് ഹൈകോടതി 1991 ഏപ്രില്‍ അഞ്ചിന് യുവതികള്‍ക്ക് ശബരിമല പ്രവേശനം വിലക്കി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹരജിയിലാണ് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അംഗീകരിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക