Image

ആഘോഷിക്കാന്‍ അന്തിമ വിധി വരണമെന്ന് വെള്ളാപ്പളളി, വിശ്വാസികളുടെ വിജയമെന്ന് സുകുമാരന്‍ നായര്‍

Published on 14 November, 2019
ആഘോഷിക്കാന്‍ അന്തിമ വിധി വരണമെന്ന് വെള്ളാപ്പളളി, വിശ്വാസികളുടെ വിജയമെന്ന് സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമല വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരമവുമായി വെള്ളാപ്പളളി നടേശനും സുകുമാരന്‍ നായരും രംഗത്ത്. ശബരിമല വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. എന്നാല്‍ അന്തിമ വിധി വന്നാല്‍ മാത്രമേ ആഘോഷിക്കാന്‍ സാധിക്കുകയുളളൂ എന്നും വെള്ളാപ്പളളി കൂട്ടിച്ചേര്‍ത്തു.


വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകുമെന്നോ സര്‍ക്കാര്‍ യുവതികളെ എത്തിക്കാന്‍ മുന്‍കൈ എടുക്കുമെന്നോ കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ക്കേ എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുകയാണ്.


യുവതീ പ്രവേശനം അനുവദിച്ച മുന്‍ വിധി സ്റ്റേ ചെയ്തതിന് തുല്യമാണ് സുപ്രീം കോടതിയുടെ ഈ നടപടിയെന്നും വെള്ളാപ്പളളി കൂട്ടിച്ചേര്‍ത്തു. ഇത് വിശ്വാസ സമൂഹത്തിന്റെ വിധിയാണെന്നും വെള്ളാപ്പളളി പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വിധി വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും വിജയമാണെന്നാണ് പ്രതികരിച്ചത്.


യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്റ്റര്‍ 28ലെ വിധി സ്റ്റേ ചെയ്യാതെയാണ് പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിരിക്കുന്നത്. വിശാല ബെഞ്ച് അന്തിമ വിധി പറയുന്നത് വരെ യുവതീ പ്രവേശന വിധി നിലനില്‍ക്കും. ഭരണഘടന ബെഞ്ചിന്റേത് ഭൂരിപക്ഷ വിധിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കം മൂന്ന് പേരാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് വിയോജിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക