Image

വെണ്‍മണി ഇരട്ടക്കൊലപാതകം:ബംഗ്ലാദേശികള്‍ ജലമാര്‍ഗം മുങ്ങാന്‍ പദ്ധതിയിട്ടിരുന്നു, ഇന്ന് വിമാനത്തില്‍ നാട്ടിലെത്തിക്കും

Published on 14 November, 2019
വെണ്‍മണി ഇരട്ടക്കൊലപാതകം:ബംഗ്ലാദേശികള്‍ ജലമാര്‍ഗം മുങ്ങാന്‍ പദ്ധതിയിട്ടിരുന്നു, ഇന്ന് വിമാനത്തില്‍ നാട്ടിലെത്തിക്കും

ചെങ്ങന്നൂര്‍: തനിച്ച്‌ താമസിക്കുകയായിരുന്ന വൃദ്ധ ദമ്ബതികളെ മണ്‍വെട്ടിക്കും കമ്ബിപ്പാരയ്ക്കും തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബംഗ്‌ളാദേശ് സ്വദേശികളായ പ്രതികളെ ഇന്ന് വൈകിട്ടോടെ വിമാനമാര്‍ഗം നെടുമ്ബാശേരിയിലെത്തിച്ച്‌ ചെങ്ങന്നൂരിലേക്ക് കൊണ്ടുവരും. മാന്നാ‌ര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രതികളുമായി നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.


കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷന് സമീപം ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്‍ (കുഞ്ഞുമോന്‍​- 75), ഭാര്യ ലില്ലി (68) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ലബ്ലു, ജുവല്‍ എന്നിവരെയാണ് റെയില്‍വേ പൊലീസിന്റെ സഹായത്തോടെ വിശാഖപട്ടണത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശേഷം ചെങ്ങന്നൂരില്‍ നിന്ന് ചെന്നൈയിലെത്തി, അവിടെ നിന്ന് ചെന്നൈ-കോറമണ്ഡല്‍ എക്‌സ്‌പ്രസില്‍ ബംഗാളില്‍ എത്തിയ ശേഷം ബംഗ്‌ളാദേശിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രതികളോടൊപ്പം കോടുവളഞ്ഞി കരോട്ടെ വാടകവീട്ടില്‍ താമസിച്ചിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്.


മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇവര്‍ കൂടെ യാത്രചെയ്തിരുന്നവരുടെ ഫോണില്‍ നിന്ന് വെണ്‍മണിയിലുള്ള സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചിരുന്നു. ഈ ഫോണ്‍വിളികള്‍ പിന്തുടര്‍ന്നാണ് ട്രെയിനില്‍ സഞ്ചരിക്കുകയാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ ട്രെയിനിലാണ് രക്ഷപ്പെടുന്നതെന്ന് മനസിലാക്കിയ പൊലീസ് മാന്നാര്‍ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്തയിലെത്തി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വിജയവാഡയില്‍ വച്ച്‌ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ട്രെയിനില്‍ വച്ച്‌ തന്നെ പ്രതികളെ പിടികൂടി വിശാഖപട്ടണത്ത് ഇറക്കി. ഇവരെ മാരിപാലം ആര്‍.പി.എഫ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു. ഇതറിഞ്ഞ് കൊല്‍ക്കത്തയില്‍ നിന്ന് വിശാഖപട്ടണത്ത് എത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി.


കൊലനടത്തിയ വീട്ടില്‍ നിന്ന് മോഷ്ടിച്ച 50 പവനോളം സ്വര്‍ണവും പണവും ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിശാഖ പട്ടണത്തുനിന്ന് പ്രതികളെ ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. കൊച്ചി റേഞ്ച് ഐ.ജി എസ്.കാളിരാജ് മഹേഷ്‌കുമാര്‍, ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഉച്ചയോടെ വെണ്മണിയില്‍ കൊണ്ടുവന്ന് തെളിവെടുത്ത ശേഷം പ്രതികളെ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.


എ.പി.ചെറിയാന്റെയും ലില്ലിയുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8.30 ഓടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനും ശുശ്രൂഷയ്ക്കും ശേഷം 11.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക