Image

ശബരിമല വിശാല ബെഞ്ചിന്, തല്‍സ്ഥിതി തുടരുന്നതില്‍ ആശങ്ക (എ.എസ്)

എ.എസ് Published on 14 November, 2019
 ശബരിമല വിശാല ബെഞ്ചിന്, തല്‍സ്ഥിതി തുടരുന്നതില്‍ ആശങ്ക (എ.എസ്)
വൃശ്ചികം ഒന്നിന് (നവംബര്‍ 17) മണ്ഡലകാലം തുടങ്ങാനിരിക്കെ ഒമ്പതു മാസത്തിലേറെയായി കേരളം ആശങ്കയുടെ മുള്‍മുനയില്‍ കാത്തിരുന്ന ശബരിമലക്കേസ്, ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സമ്മിശ്രമായ പ്രതികരണങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചുള്ള നിര്‍ണായക ഉത്തരവില്‍ നിലവിലെ വിധിയില്‍ സ്‌റ്റേയില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. 

അതിനാല്‍ വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍ വിധിയില്‍ മാറ്റമുണ്ടാക്കില്ല. തല്‍സ്ഥിതി തുടരുമെന്നതിനാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം. ഈ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ മണ്ഡല-മകരവിളക്ക് ഉല്‍സവകാലവും കഴിഞ്ഞ വര്‍ഷത്തെപ്പോലെ സംഘര്‍ഷഭരിതമാകാനാണ് സാധ്യത. യുവതികളെ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിയുടെ ആനുകൂല്യത്തില്‍ ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കരുതെന്നും അതുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഈ നവംബര്‍ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ് നരിമാന്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍. ഇതില്‍ ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് നരിമാന്‍ എന്നിവരാണ് വിയോജന വിധി എഴുതിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ഭരണ ഘടനാ ബെഞ്ചാണ് വിധിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ അനൂകൂലിച്ച് സ്ത്രീ പ്രവേശനം വേണ്ട എന്ന് വിധിയെഴുതിയത് ശ്രദ്ധേയമായി.  

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച അപൂര്‍വം കേസുകളിലൊന്നായിരുന്നു ശബരിമല. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുനപരിശോധന ഹര്‍ജികള്‍ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും ഉള്‍പ്പെട്ടു. വിശ്വാസത്തിനുള്ള ഭരണഘടനാ അവകാശം എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നതായിരുന്നു മുന്‍ വിധിയുടെ സംഗ്രഹം. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരായിരുന്നു വിലക്കെന്ന് മുന്‍വിധിയില്‍ സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ യുക്തിചിന്തക്കതീതമായി ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജനക്കുറിപ്പെഴുതി. അതേസമയം, സ്ത്രീകളെ ഒളിപ്പിച്ച് സന്നിധാനത്തെത്തിച്ചതുള്‍പ്പെടെ വിധി നടപ്പാക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനം വലിയ കലാപങ്ങള്‍ തന്നെ സൃഷ്ടിച്ചു.

ഇത്തരുണത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തിന്റെയും നിയമയുദ്ധത്തിന്റെയും പിന്നാമ്പുറമൊന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് 1990ല്‍ ഒരു വ്യക്തി സമര്‍പ്പിച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി കേരള ഹൈക്കോടതി പരിഗണിക്കുകയുണ്ടായി. തുടര്‍ന്ന് ഹൈക്കോടതി യുവതികളുടെ ക്ഷേത്രപ്രവേശനം തടഞ്ഞു. വിധി വന്നത് 1991 ഏപ്രില്‍ അഞ്ചാം തീയതിയാണ്. നേരത്തെ സ്ത്രീകള്‍ നിയന്ത്രണമില്ലാതെ പ്രവേശിച്ചിട്ടുണ്ടെങ്കിലും ശബരിമല കയറാന്‍ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവര്‍ത്തിയായ ആചാരമാണ് എന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്. ആ നിയന്ത്രണം എല്ലാ തീര്‍ത്ഥാടന വേളയിലും നടപ്പിലാക്കേണ്ടതാണെന്നും കോടതി  നിര്‍ദ്ദേശിച്ചു. പിന്നീട് കേസ് സുപ്രീം കോടതിയിലെത്തി.

ഇന്‍ഡ്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനു വേണ്ടി, ഭക്തി പസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അല്‍ക്കാ ശര്‍മ്മ, സുധാ പാല്‍ എന്നിവര്‍, 2006ല്‍ ശബരിമലയില്‍ ഒരു പ്രായത്തിലുമുള്ള സ്ത്രീകളെ തടയരുത് എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. പ്രവേശന നിയന്ത്രണം തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3-ബി വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം. 

കേസില്‍ 2007 നവംബറില്‍ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ യുവതീ പ്രവേശത്തിന് അനുകൂലമായിട്ടും, തുടര്‍ന്ന് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഫെബ്രുവരി ആറിന് യുവതീ പ്രവേശത്തിന് എതിരായിട്ടും, പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 നവംബര്‍ ഏഴിന് യുവതീ പ്രവേശത്തിന് അനുകൂലമായിട്ടും സുപ്രീംകോടതിയില്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചു. ഭരണഘടനയുടെ അനുച്ഛേദം-2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവില്‍ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. പിന്നെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഉത്തരവുണ്ടായി. 2017 ഒക്ടോബറിലാണ് സൂപ്രീം കോടതി ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നത്. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനമില്ലാതാക്കല്‍, മത സ്വാതന്ത്ര്യം എന്നീ തത്വങ്ങളുടെ ലംഘനമാണോ എന്നതാണ് പ്രത്യേകമായി ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.

ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്. സാധാരണ പുനപരിശോധനാ ഹര്‍ജികള്‍ മുമ്പ് വിധിച്ച ജഡ്ജിമാര്‍ സര്‍ക്കുലേഷന്‍ വഴി പരിഗണിക്കുന്ന ഏര്‍പ്പാടാണ് കോടതിയില്‍ നിലവിലുള്ളത്. ഇതില്‍ നിന്ന് വിഭിന്നമായി വാദം കേട്ട ബെഞ്ച് തന്നെ സമ്മേളിക്കുകയും 45 മിനിട്ട് പുനപരിശോധന ഹര്‍ജിയുടെ നിലനില്‍പ്പിന്റെ കാര്യം ഗഹനമായി ചര്‍ച്ചചെയ്തശേഷം വിധി പുനപരിശോധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 

ശബരിമലയില്‍ 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് മുമ്പ് 10നും 50വും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്ന് പറയാനാവില്ല. തിരുവിതാംകൂര്‍ മഹാറാണിയായിരുന്ന സേതു പാര്‍വ്വതി ബായ്, യൗവനത്തില്‍ ശബരിമല ക്ഷേത്രത്തില്‍ വന്നതായി രേഖകളുണ്ടത്രേ. 1986ല്‍ 'നമ്പിനാര്‍ കെടുവതില്ലൈ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജയശ്രീ, സുധ ചന്ദ്രന്‍, അനു, വടിവുക്കരസി, മനോരമ എന്നീ നടിമാര്‍ പതിനെട്ടാം പടിയില്‍ പ്രതിഷ്ഠക്കടുത്ത് നൃത്തം ചെയ്തിരുന്നു. ഷൂട്ടിങ്ങിനെ തുടര്‍ന്ന് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസുണ്ടാവുകയും, വിലക്കപ്പെട്ട പ്രായത്തിലുള്ള നടിമാര്‍ക്കും ഫീസ് വാങ്ങി ഷൂട്ടിങിന് അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കും മജിസ്‌ട്രേറ്റ് പിഴ വിധിക്കുകയും ചെയ്തിരുന്നു. യുവതീ പ്രവേശ വിലക്ക് ഇതിന് ശേഷമാണ് കര്‍ശനമായത്.

കര്‍ണ്ണാടക മുന്‍മന്ത്രി ജയമാല, 1986ല്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും, വിഗ്രഹം തൊട്ടതായും അവകാശപ്പെട്ടിരുന്നു. ദേവസ്വം കമ്മീഷണറായിരുന്ന ജെ ചന്ദ്രികയുടെ പേരമകളുടെ ചോറൂണ് 1990ല്‍ ശബരിമലയില്‍ നടക്കുകയും, അതില്‍ യുവതികള്‍ അടക്കമുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ആ ചോറൂണിന്റെ ചിത്രമുള്ള പത്രവാര്‍ത്തയടക്കം ഹൈക്കോടതിക്ക് ചെന്ന കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചിരുന്നു. പത്തനംതിട്ട ജില്ലാകലക്ടര്‍ വത്സലാകുമാരി 1995ല്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അതേ വര്‍ഷം തന്നെ രണ്ട് യുവതികള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ കരാറുകാരനായിരുന്ന സുനില്‍ സ്വാമിയുടെ മദ്ധ്യസ്ഥതയില്‍ സ്ത്രീകള്‍ പലതവണ ശബരിമലയില്‍ എത്തിയതായി ആരോപണമുണ്ടായിട്ടുണ്ട്. മേല്‍ശാന്തിയുടെ മകള്‍ 2014ല്‍ വിഷുപൂജയ്ക്ക് ക്ഷേത്രം സന്ദര്‍ശിക്കുകയും രണ്ട് ദിവസം സന്നിധാനത്ത് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെ മേല്‍ശാന്തിയുടെ ചിലവില്‍ തന്നെ പരിഹാരക്രിയകള്‍ ചെയ്തിരുന്നു.

ഇന്നത്തെ വിധിയനുസരിച്ച് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ വിധിക്ക് സ്‌റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും ശബരിമലയ്ക്ക് പോകുമെന്ന് ശബരിമല അയ്യപ്പ ദര്‍ശനത്തിലൂടെ വിവാദ വനിതയായ കനകദുര്‍ഗ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്ക് സുപ്രീംകോടതിയില്‍ പ്രവേശിക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് സന്നിധാനത്ത് എത്തിയ ആദ്യ യുവതികളില്‍ ഒരാളാണ് കനകദുര്‍ഗ. വിധി അനുകൂലമായാല്‍ ഉടന്‍ ശബരിമലയില്‍ എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അറിയിച്ചിരുന്നു. ഇവരുടെ നിലപാടുകള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ സന്നിധാനത്തെ വീണ്ടും കലാപഭൂമിയാക്കുമെന്ന് ഭയപ്പെടുന്നവരാണ് വിശ്വാസികള്‍. 

കഴിഞ്ഞ വര്‍ഷത്തെ വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ കോളിളക്കവും സംഘര്‍ഷങ്ങളുമുണ്ടായി. വിധിയനുസരിച്ച് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ യുവതികള്‍ ആക്രമിക്കപ്പെട്ടു. ശബരിമല വിധി വന്ന 2018 സെപ്റ്റംബര്‍ മുതല്‍ സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച 2019 ജനുവരി വരെ  ഏഴ് ഹര്‍ത്താലാണ് ബി.ജെ.പി, യുവമോര്‍ച്ച, ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഹ്വാനത്താല്‍ നടത്തപ്പെട്ടത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ഹര്‍ത്താലുകള്‍ക്കിടെ വ്യാപകമായ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ആര്‍.എസ്.എസ് പിന്തുണയോടെ ബി.ജെ.പി ഭക്തരെന്ന പേരില്‍ നടത്തിയ സമരങ്ങള്‍ പലതും അക്രമാസക്തമായിരുന്നു. യു.ഡി.എഫും സമരപരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പ്രാദേശികവുമായി ഏഴ് ഹര്‍ത്താലുകളാണ് അരങ്ങേറിയത്. പമ്പയും ശബരിമലയും സന്നിധാനവുംമൊക്കെ പോലാസുകാരെക്കൊണ്ട് നിറഞ്ഞു. മണ്ഡലക്കാല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നാണ് ആക്ഷേപം. സ്ത്രീ പ്രവേശനം സംബന്ധിച്ച നിയമപ്പോര് അവസാനിക്കുന്നില്ലെന്നതിനാല്‍ ക്രമസമാധാന പ്രശ്‌നമുണ്ട് എന്നതു തന്നെ കാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക