Image

മോദിക്കാശ്വാസമായി റഫാല്‍ കേസിന്റെ ക്ലീന്‍ചിറ്റ് വിധി (ശ്രീനി)

ശ്രീനി Published on 14 November, 2019
 മോദിക്കാശ്വാസമായി റഫാല്‍ കേസിന്റെ ക്ലീന്‍ചിറ്റ് വിധി (ശ്രീനി)
സുപ്രീംകോടതിയുടെ ഇന്നത്തെ വിധി ദിനത്തില്‍ ശബരിമലക്കേസിന് പിന്നാലെ, വിവാദമായ റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികള്‍ തള്ളപ്പെട്ടത് മോദി സര്‍ക്കാരിന് വലിയ ആശ്വാസമായി. കേസില്‍ കേന്ദ്ര സര്‍ക്കാരിന് ശുദ്ധിപത്രം നല്‍കിയ വിധി സുപ്രീംകോടതി ഇന്ന് ശരിവയ്ക്കുകയായിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടു പോകുന്നതില്‍ തടസമില്ലെന്ന് 2018 ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവയ്ക്കുകയും റിവ്യൂ ഹര്‍ജികള്‍ തള്ളുകയുമാണ് പരമോന്നത കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പുനപരിശോധനാ ഹര്‍ജികള്‍. ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അഭിഭാഷകരായ എം.എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ.എ.പി. നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി. നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനപരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വന്‍ വിവാദമായിരുന്നു റഫാല്‍ അഴിമതി. രാഹുല്‍ ഗാന്ധി പ്രധാനമായും പ്രചാരണത്തില്‍ ഉന്നയിച്ച വിഷയവും ഇതുതന്നെയായിരുന്നു. ''കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പരഞ്ഞു...'' എന്ന പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കോടതിയലക്ഷ്യക്കേസെടുത്തത്. തുടക്കത്തില്‍ ഖേദപ്രകടനം നടത്തിയ രാഹുലിന്റെ അഭിഭാഷകന്‍ പിന്നീട് നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി കോടതിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ച സംഭവത്തില്‍ നടപടിയെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ചെയ്യരുതായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമാണെന്നും ഭാവിയില്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിവാദമായ റഫാല്‍ ഇടപാട് എന്താണ്...? 'റഫാല്‍' എന്ന വാക്കിനര്‍ത്ഥം 'കാറ്റിന്റെ പ്രവാഹം' എന്നാണ്. റഫാല്‍ യുദ്ധവിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2223 കിലോമീറ്ററാണ്. 10 ടണ്‍ ഭാരമുള്ള വിമാനത്തിന് 24,500 കിലോഗ്രം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. 3700 കിലോമീറ്ററാണ് റെയ്ഞ്ച്. 2012 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റഫാല്‍. ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധ വിമാനങ്ങളാണിവ. ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റഫാല്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ടുമായി ചര്‍ച്ചകള്‍ നടത്താനാണ് സര്‍ക്കാര്‍ തയ്യാറായത്.

അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ദസോ ഏവിയേഷനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. ഇതില്‍ 18 വിമാനങ്ങള്‍ പൂര്‍ണമായി നിര്‍മിച്ചവയും, 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ എ.കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഈ ചര്‍ച്ച കരാറിലെത്തിയില്ല.

പിന്നീട് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.  ഇതുസംബന്ധിച്ച് 2016 സെപ്റ്റംബറില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കറാറില്‍ ഒപ്പു വച്ചു. ഇതാണ് റാഫേല്‍ യുദ്ധവിമാന കരാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കരാറില്‍ ചില ഭേദഗതികള്‍ വരുത്തി. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി കുറച്ചു. 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. 

പക്ഷേ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല. 28 സിംഗിള്‍ സീറ്റ് വിമാനങ്ങളും എട്ട് ഡബിള്‍ സീറ്റ് വിമാനങ്ങളുമാണുള്ളത്. 2020 മെയ്മാസത്തോടെ ആദ്യ ബാച്ചിലെ നാല് വിമാനങ്ങളും 2022 സെപ്റ്റംബറോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നതാണ് കരാര്‍. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവയാണ് ഇന്ത്യയ്ക്ക് പ്രത്യേകമായി വിമാനത്തില്‍ സജ്ജീകരിക്കുക.

ഇരുരാജ്യങ്ങലും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 715 കോടി രൂപയില്‍ നിന്ന് 1,600 കോടി രൂപയായി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ റഫാല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും വ്യക്തമാക്കി.

മീഡിയാര്‍പാര്‍ട്ട് എന്ന സ്വതന്ത്ര ഫ്രഞ്ച് ഓണ്‍ലൈന്‍ അന്വേഷണ, അഭിപ്രായ ജേണലിന് നല്‍കിയ അഭിമുഖത്തില്‍ റാഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ പങ്കാളിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാര്‍ ആണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍, തങ്ങള്‍ക്ക് കമ്പനികളെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന് പ്രസ്താവനയിറക്കി. അതുപോലെ ഡസോള്‍ട്ട് ഏവീയേഷന്‍, അനില്‍ അംബാനിയുടെ കമ്പനി തങ്ങളുടെ നിര്‍ദ്ദേശമാണെന്നും അറിയിച്ചു. എന്നാല്‍ കാനഡയില്‍ വെച്ച് ഫ്രാന്‍സ്വ ഒലാദ് തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വെളിപ്പെടുത്തി.

ദസോ ഏവിയേഷന് വേണ്ടി തദ്ദേശീയ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് കേന്ദ്ര സര്‍ക്കാരല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. ദസോയുടെ നടപടിയാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ഹര്‍ജിക്കാര്‍ എതിര്‍ത്തു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നേട്ടമാകുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ യുദ്ധവിമാനത്തിന്റെ വില പരസ്യപ്പെടുത്തിയാല്‍ എങ്ങനെയാണ് ദേശസുരക്ഷയെ ബാധിക്കുക എന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തു. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 

രേഖ കോടതിക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയം അംഗീകരിക്കാത്തതും ഒപ്പുവയ്ക്കാത്തതുമായ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി കഴിഞ്ഞ ഡിസംബറില്‍ വിധി പറഞ്ഞതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹര്‍ജിക്കാര്‍ ഹാജരാക്കി. ഈ രേഖകള്‍ ഉദ്ധരിച്ച് ഹിന്ദു പത്രം ഫെബ്രുവരിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഈ വാദം സുപ്രീംകോടതി കഴിഞ്ഞ മെയ് മാസത്തില്‍ വാദം കേള്‍ക്കവെ അംഗീകരിച്ചിരുന്നില്ല. കോടതിയുടെ ഈ നിലപാട് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നെങ്കിലും അന്തിമ വിധി കേന്ദ്രത്തിന് അനുകൂലമായി വരികയായിരുന്നു.

 മോദിക്കാശ്വാസമായി റഫാല്‍ കേസിന്റെ ക്ലീന്‍ചിറ്റ് വിധി (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക