Image

യുവതീ പ്രവേശനമനുവദിക്കാതെ ഇക്കുറി 'ശരണ'വഴിയില്‍ സര്‍ക്കാര്‍ (ശ്രീനി)

ശ്രീനി Published on 16 November, 2019
 യുവതീ പ്രവേശനമനുവദിക്കാതെ ഇക്കുറി 'ശരണ'വഴിയില്‍ സര്‍ക്കാര്‍ (ശ്രീനി)
ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന 2018 സെപ്റ്റംബര്‍ 28-ാം തീയതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം അത് നടപ്പാക്കാന്‍ എന്തെന്നില്ലാത്ത വര്‍ധിത ആവേശം കാട്ടിയ പിണറായി സര്‍ക്കാര്‍ ഇക്കുറി, മണ്ഡല-മകരവിളക്ക്  ഉല്‍സവകാലം ആരംഭിച്ചിരിക്കെ പ്ലേറ്റ് മാറ്റിയിരിക്കുന്നു, അഥവാ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കോലാഹലത്തില്‍ കൈയും മെയ്യും പൊള്ളിയ സര്‍ക്കാര്‍ ഇപ്പോള്‍ നവോത്ഥാനവുമൊക്കെ തക്കത്തിന് മാറ്റിവച്ച് ഭക്തസമൂഹത്തിന്റെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. 2018ല്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്തെത്തിച്ച് സുപ്രീം കോടതി വിധി നടപ്പാക്കിയെന്ന ആക്ഷേപം കേട്ട സര്‍ക്കാര്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവാതിരിക്കാന്‍ കടുത്ത വ്രതത്തിലാണ്.

'വിശ്വാസം വിശാല ബെഞ്ചിന്' വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ എങ്ങും തൊടാതെയുള്ള വിധിയില്‍ സര്‍ക്കാരും നിയമജ്ഞരും വിശ്വാസികളും പൊതു സമൂഹവുമെല്ലാം കടുത്ത കണ്‍ഫ്യൂഷനില്‍ നിര്‍ക്കുമ്പോഴാണ് പിണറായി സര്‍ക്കാരിന് ആശ്വാസമായി നിയമോപദേശം കിട്ടിയത്. ശബരിമലയിലെ യുവതീ പ്രവേശം അനുവദിക്കുന്ന വിധി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും നവംബര്‍ 14-ാം തീയതിയിലെ സുപ്രീം കോടതി വിധി 'സ്‌റ്റേയ്ക്ക് തുല്യമായി' കരുതാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ്, നിയമ സെക്രട്ടറി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത തുടങ്ങിയവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി 15ന് കൂടിക്കാഴ്ച നടത്തി നിയമോപദേശം നല്‍കിയത്.

വിശാല ബെഞ്ചിന്റെ വിധി വന്നശേഷം പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതുമാറി. ഫലത്തില്‍ യുവതീപ്രവേശം അനുവദിച്ച 2018ലെ വിധി മരവിപ്പിക്കുന്നതിന് തുല്യമാണിത്. ഈ സാഹചര്യത്തില്‍ 2018 സെപ്റ്റംബര്‍ 28ലെ വിധിക്കുമുമ്പുള്ള സ്ഥിതി നിലനില്‍ക്കുന്നുവെന്ന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചത്. 

സുപ്രീം കോടതിയുടെ പുതിയ വിധി വന്നശേഷം ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയും കനകദുര്‍ഗയും മലകയറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദര്‍ശനത്തിനായി നൂറിലധികം യുവതികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സകഴിഞ്ഞ വര്‍ഷത്തെപ്പോലെ സര്‍ക്കാര്‍ സഹായത്താല്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഈശ്വറും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ശിവസേനക്കാരും ഒക്കെ എന്തും നേരിടാന്‍ തയ്യാറെടുക്കുകയാണെന്ന സൂചനയും നല്‍കി.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ശബരിമല സംഘര്‍ഷഭൂമിയാകുമെന്ന് ഏവും കരുതിയത് സ്വാഭാവികം. വിഷയം സര്‍ക്കാരിന് കീറാമുട്ടിയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുനപ്പരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് മുന്നിലേക്ക് ഭരണഘടനാബെഞ്ച് കൈമാറിയത്. നാളെ (നവംബര്‍ 17) ആരംഭിക്കുന്ന മണ്ഡലമാസത്തിന് മുന്നോടിയായി അന്തിമതീരുമാനം ആകാതെ വന്നതോടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വീണ്ടുമൊരു അഴിയാക്കുരുക്കായി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സ്വീകരിച്ച സര്‍ക്കാര്‍ തല്‍ക്കാലം സ്ത്രീപ്രവേശനത്തെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞു.

ഇതിനിടെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ, ആക്ടിവിസ്റ്റുകളെ പ്രകാപിപ്പിക്കുന്ന പ്രസ്താവന വന്നത്.  ''ശബരിമലയില്‍ കയറണമെന്ന് നിര്‍ബന്ധമുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെ. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ല. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. തൃപ്തി ദേശായിയെപ്പോലുള്ളവരുടെ ലക്ഷ്യം സ്വന്തം പ്രചാരണം മാത്രമാണ്. നാടിന്റെ സമാധാനത്തിനായി മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം...'' 

കടകംപള്ളിയുടെ വാക്കുകള്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ചൊടിപ്പിച്ചു. ''ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല...'' തൃപ്തി ദേശായി പറഞ്ഞു.

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. നവംബര്‍ 16ന് കേരളത്തില്‍ എത്തിയ അവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇറങ്ങാന്‍ പോലും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഒരു പകല്‍ മുഴുവനും വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായി ഒടുവില്‍ ശബരിമലയില്‍ കയറാന്‍ വന്ന മറ്റുള്ളവരുമായി തൃപിതിയാകാതെ മടങ്ങി. ശബരിമല പ്രവേശനത്തിനായി എത്തിയ നാലു ഭിന്നലിംഗക്കാരെ പൊലീസ് തിരിച്ചയച്ചത് വിവാദമായി. പൊലീസ് അപമാനിച്ചെന്നും പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ എത്താനും ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. പിന്നീട് പൊലീസിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഇവരെ രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോള്‍ ദര്‍ശനത്തിന് അധികൃതര്‍ അനുവദിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ മനിതി വനിതാ വിമോചന പ്രവര്‍ത്തകര്‍ക്കും കയറാനായില്ല. ചെന്നൈയില്‍ നിന്നന്നെത്തിയ 11 സ്ത്രീകള്‍ക്ക് പമ്പയില്‍ നിന്നും 100 മീറ്റര്‍ മാത്രമാണ് മലകയറാന്‍ കഴിഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യശ്രമം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതമായി. വീണ്ടും ശ്രമം നടത്തിയെങ്കിലും പൊലീസ് പിന്തിരിപ്പിച്ചെന്ന് ഇവര്‍ ആരോപിച്ചു. പിന്നാലെ കനകദുര്‍ഗയും ബിന്ദുവുമെത്തി ദര്‍ശനം സാധ്യമാകാതെ മടങ്ങി. ഒടുവില്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിച്ച വനിതാമതിലിന് പിന്നാലെ കനകദുര്‍ഗയും ബിന്ദുവും വീണ്ടുമെത്തി (സര്‍ക്കാര്‍ പോലീസിനെക്കൊണ്ട് ഒളിപ്പിച്ച് കടത്തിയെന്ന് ആക്ഷേപം) പേരിന് ദര്‍ശനം നടത്തി. അതാകട്ടെ സംസ്ഥാനത്തെ യുദ്ധക്കളമാക്കുകയും ചെയ്തു.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ 2018ല്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന്റെ പിറ്റേന്നാണ് സുപ്രീം കോടതി വിധി നടപ്പിലാക്കിയത്. യുവതികളെ പ്രവേശിപ്പിച്ച് നവേത്ഥാനം ഉറപ്പിക്കാനാണോ വനിതാ മതില്‍ സംഘടിപ്പിച്ചത് എന്ന ചോദ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒരുപോലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് തക്കം നോക്കി സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നുവത്രേ. 

അങ്ങനെ അവസരം കാത്തിരുന്ന്, വ്യക്തമായ ആസൂത്രണത്തോടെ, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഓപറേഷനിലൂടെയായിരുന്നു മഫ്റ്റി പോലീസ് സുരക്ഷയില്‍ യുവതികളെ സന്നിധാനത്തെത്തിച്ചത്. ഏഴ് ദിവസം നീണ്ട ആസൂത്രണത്തിലൂടെയാണ് യുവതികളെ പ്രതിഷേധക്കാര്‍ ഒഴിഞ്ഞ സമയത്ത് ശബരിമലയില്‍ എത്തിച്ചത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതുമെന്നായിരുന്നു ആക്ഷേപം. തലശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് സി.പി.എം കുടുംബാഗമായ ബിന്ദു അമ്മിണി. ആനമങ്ങാട് മാവേലി സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനക ദുര്‍ഗ. സി.ഐ.ടിയു അംഗമാണ് ഇവര്‍.

ഏതായാലും കഴിഞ്ഞ വര്‍ഷത്തെ പോലെ ശബരിമലയില്‍ ശക്തിപ്രയോഗം നടത്തേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനെ ഉപദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ നിലപാടാണ് നല്ലതെന്നാണ് സെക്രട്ടേറിയറ്റ് നിലപാട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം നേതൃത്വമാണ് പിണറായി വിജയന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയത്. കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കിയ നിലപാട് ഇക്കുറി ആവര്‍ത്തിച്ച് പ്രകോപനം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടായിരിക്കും ഈ വര്‍ഷം പിന്തുടരുകയെന്ന് സര്‍ക്കാര്‍ പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. നിയമോപദേശം കൂടി കിട്ടിയതോടെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉല്‍സവം സമാധാനപരമായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

കൂടാതെ, വിധിയിലെ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് വിവരം. തൃപ്തി ദേശായി അടക്കമുള്ള സ്ത്രീകള്‍ ശബരിമല പ്രവേശം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്. കൂടാതെ, ശബരിമലയിലേക്ക് വരനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നായിരുന്നു വിധി വരുന്നതിനു മുന്‍പുള്ള സര്‍ക്കാര്‍ നിലപാട്.  വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്നും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

 യുവതീ പ്രവേശനമനുവദിക്കാതെ ഇക്കുറി 'ശരണ'വഴിയില്‍ സര്‍ക്കാര്‍ (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക