Image

അധ്യാപകര്‍ക്ക് മാത്രമല്ല ഈ ഇന്‍ഡ്യാ മഹാരാജ്യത്ത് പ്രശ്‌നം (വെള്ളാശേരി ജോസഫ്)

Published on 16 November, 2019
അധ്യാപകര്‍ക്ക് മാത്രമല്ല ഈ ഇന്‍ഡ്യാ മഹാരാജ്യത്ത് പ്രശ്‌നം (വെള്ളാശേരി ജോസഫ്)
കഴിഞ്ഞ പതിനൊന്നു മാസത്തിനുള്ളില്‍ നാല് ഐ.ഐ.ടി. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്നാണ് ഫാത്തിമ ലത്തീഫിന്റ്റെ മരണത്തോട് അനുബന്ധിച്ചു വരുന്ന വാര്‍ത്ത. ഇത് വാസ്തവമാണെങ്കില്‍ ഒരു ഫാത്തിമ ലത്തീഫിന്റ്റെ ആത്മഹത്യയെക്കാളും വളരെ ഗുരുതരമാണ് കാര്യങ്ങള്‍. അധ്യാപകരുടെ പീഡനം ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ പോലും അത് സംഭവിക്കുന്നുണ്ട്. പരീക്ഷയില്‍ മനപ്പൂര്‍വം പരാജയപ്പെടുത്തുന്ന അധ്യാപകരുണ്ട്; ജാതിയുടേയും മതത്തിന്റ്റേയും അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിക്കുന്ന അദ്ധ്യാപകരുണ്ട്; സമ്പത്തിന്റ്റേയും നിറത്തിന്റ്റേയും കാര്യത്തില്‍ വിവേചനം കാണിക്കുന്ന അദ്ധ്യാപകരുമുണ്ട്. പക്ഷെ അധ്യാപകര്‍ മാത്രം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല നമ്മുടെ കലാലയങ്ങളില്‍ ഉള്ളത്. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയില്‍ നിന്ന് ഉളവാകുന്ന പ്രശ്‌നങ്ങളോടുള്ള അവരുടെ ആറ്റിറ്റിയൂഡും റെസ്‌പോണ്‍സും ആണ് പലപ്പോഴും അവരുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. അവരവരുടെ വാസനകള്‍ക്കനുസരിച്ചു മുന്നേറാനുള്ള ഒരു അടിസ്ഥാന ചോദന എല്ലാ വിദ്യാര്‍ഥികളിലുമുണ്ട്. പക്ഷെ അതനുവദിക്കുന്ന എത്ര മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് കൂടി നാം ചിന്തിക്കണം. മക്കളെ അക്ഷരങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമിടയില്‍ മാത്രം തളച്ചിടുന്ന നമ്മുടെ രീതികളാണ് ആദ്യം മാറേണ്ടത്.

ഇവിടെ ചില വിദ്യാഭ്യാസ ചിന്തകളാണ് നാം ആദ്യം ഉള്‍ക്കൊള്ളേണ്ടത്. പാശ്ചാത്യ തത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ പ്ലേറ്റോ ആദ്യം ജിംനാസ്റ്റിക്‌സിലൂടെ വിദ്യാര്‍ത്ഥികളുടെ ശാരീരിരിക ക്ഷമത ഉയര്‍ത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. 'റിപ്പബ്ലിക്ക്' എന്ന പ്രഖ്യാതമായ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടുള്ള പ്ലേറ്റോയുടെ വിദ്യാഭ്യാസ ചിന്തകള്‍ അല്ലെങ്കില്‍ 'പ്ലേറ്റോസ് കണ്‍സെപ്റ്റ് ഓഫ് എജുക്കേഷന്‍' എല്ലാ തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥികളും പഠിക്കുന്ന ഒന്നാണ്. അതാണ് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുടരുന്നത്. അതുകൊണ്ട് പാശ്ചാത്യ നാടുകളില്‍ 'സ്‌പോട്‌സ് ആന്‍ഡ് അത്‌ലറ്റിക്‌സ്' സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റ്റെ അല്ലെങ്കില്‍ 'കരിക്കുലത്തിന്റ്റെ' തന്നെ ഭാഗമാണ്. ഇഷ്ടം പോലെ പുരുഷ-വനിതാ അത്‌ലറ്റുകളെ പാശ്ചാത്യ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ചൂണ്ടി കാണിക്കുവാന്‍ സാധിക്കും. അവര്‍ക്കൊക്കെ ഒളിമ്പിക്‌സില്‍ ഇഷ്ടം പോലെ മെഡലുകള്‍ കിട്ടുന്നത്തിന് കാരണവും അതാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ''കാര്‍പ്പറ്റ് ബോംബിങ്ങിലൂടെ' തകര്‍ന്ന ജര്‍മനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു പിന്നില്‍ പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത് ജര്‍മന്‍ ജനത 'സ്‌പോട്‌സ് ആന്‍ഡ് അത്‌ലറ്റിക്‌സിന്' കൊടുത്ത പ്രാധാന്യമാണ്. ബോറിസ് ബേക്കര്‍, സ്റ്റെഫി ഗ്രാഫ് എന്നിങ്ങനെയുള്ള അനേകം കളിക്കാരും, ജര്‍മന്‍ ഫുട്‌ബോളും, ജര്‍മന്‍ ഹോക്കിയുമൊക്കെ ലോക നിലവാരം പുലര്‍ത്തുന്ന ഒന്നാണല്ലോ. ചുരുങ്ങിയ കാലയളവില്‍ തന്നെ 'സ്‌പോട്‌സ് ആന്‍ഡ് അത്‌ലറ്റിക്‌സിലൂടെ' ജനതയുടെ ആത്മവീര്യം വീണ്ടെടുക്കാന്‍ ജര്‍മനിക്കായി. യാഥാസ്ഥികത്വം ഇപ്പോഴും പിന്തുടരുന്ന ഇന്‍ഡ്യാക്കാര്‍ക്ക് ഒരു മെഡലും അത്‌ലറ്റിക്‌സ് മല്‍സരങ്ങളിലൊന്നും കിട്ടുന്നില്ല. 2019-ല്‍ ഖത്തറിലെ ദോഹയില്‍ നടന്ന അത്‌ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ ഇന്ത്യക്ക് മെഡലൊന്നും കിട്ടിയില്ലല്ലോ. ദോഹയിലെ ഖലീഫാ ഇന്റ്റെര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ നിന്ന് ഇന്ത് വെറുംകൈയോടെ മടങ്ങി. 31 രാജ്യങ്ങളുടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇടം പിടിക്കുന്നതേ ഇല്ലാ.

അപ്പോള്‍ അധ്യാപകര്‍ക്ക് മാത്രമല്ല ഈ ഇന്‍ഡ്യാ മഹാരാജ്യത്ത് പ്രശ്‌നം; ഇന്‍ഡ്യാ മഹാരാജ്യത്തെ വിദ്യാഭ്യാസ രീതികളും കൂടി മാറേണ്ടതുണ്ട്. മാര്‍ക്കും റാങ്കും മെഡലും വാങ്ങിക്കുന്ന കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന രീതി തന്നെയാണ് ഇന്ത്യയില്‍ പ്രഥമമായി മാറേണ്ടത്. ഒരാളുടെ ജീവിതത്തിലെ കാഴ്ചപ്പാടും, മൂല്യങ്ങളും, താല്‍പര്യങ്ങളും വിലയിരുത്താതെ സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ചും, മാതാപിതാക്കളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയും, സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് വേണ്ടിയും കരിയര്‍ തിരെഞ്ഞെടുമ്പോഴാണ് പല പ്രശ്‌നങ്ങളും സൃഷ്ടിക്കപ്പെടുന്നത്.
ഇത്തരത്തില്‍ ഐ.എ.എസ്. ഭ്രമം കാരണം എത്രയോ മിടുക്കരായ ചെറുപ്പക്കാര്‍ അവര്‍ക്ക് ഈ വലിയ ലോകത്തുള്ള സാദ്ധ്യതകള്‍ കളഞ്ഞു കുളിക്കുന്നു. മക്കളെ ഡോക്ടറാക്കാനും, എഞ്ചിനീയറാക്കാനും, വക്കീലാക്കാനും, ഐ.എ.എസ്. ഓഫീസര്‍മാര്‍ ആക്കാനുമൊക്കെയുള്ള മാതാപിതാക്കളുടെ ഭ്രമം കാരണം ജീവിതം നഷ്ടപ്പെട്ട പലരേയും നമ്മള്‍ അറിയുന്നതേ ഇല്ല.

കുറെ നാളുകളായി കേരളത്തിലും മുളച്ചു പൊങ്ങുന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്റ്ററുകളും, അവയെ പരിപോഷിപ്പിക്കുന്ന ജാതി-മത ശക്തികളും, സിവില്‍ സര്‍വീസ് ആക്കാദമി വഴി പരിശീലനം കൊടുക്കുന്ന സര്‍ക്കാരും പരാജയപ്പെട്ടവരുടെ കഥകള്‍ അന്വേഷിക്കാറില്ല; മീഡിയയില്‍ അതൊന്നും വരാറുമില്ല. ഇതൊക്കെ എഴുതുന്നതിന്റ്റെ കാരണമെന്തെന്നു വെച്ചാല്‍ ഡല്‍ഹിയിലെ ഇതെഴുതുന്നയാള്‍ പഠിച്ചിരുന്ന യൂണിവേഴ്സിറ്റിയില്‍ സിവില്‍ സര്‍വീസില്‍ പ്രവേശനം കിട്ടാതെ ഡിപ്രഷനൊക്കെ ബാധിച്ച ഒത്തിരി പേരെ കണ്ടിട്ടുള്ളതിനാലാണ്. ഇതെഴുതുന്നയാള്‍ക്ക് നേരിട്ട് അറിയാവുന്ന പലര്‍ക്കും സിവില്‍ സര്‍വീസിലെ പരാജയത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പിടിപെട്ടിട്ടുണ്ട്. പണ്ട് ഹോസ്റ്റലില്‍ എന്റ്റെ മുറിയുടെ അടുത്തു താമസിച്ചിരുന്ന ലൈഫ് സയന്‍സില്‍ ഗവേഷണം നടത്തി കൊണ്ടിരുന്ന ഒരാളെ ഇത്തരത്തില്‍ കാണാതായി. പിന്നീട് അയാളുടെ ചേട്ടന്‍ അയാളുടെ ഫോട്ടോയും കാണിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തു വന്നു. ഞങ്ങള്‍ അയാളെ ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്തത്. അത് പോലെ ആ ഹോസ്റ്റലില്‍ തന്നെ സിവില്‍ സര്‍വീസിലെ പരാജയത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം വന്ന പലരും ഉണ്ടായിരുന്നു. ഡല്‍ഹിയിലെ ജെ.എന്‍.യു. - വിനടുത്തുള്ള മുനീര്‍ക്കയിലും, ഡല്‍ഹി യൂണിവേഴ്സിറ്റിക്കടുത്തുള്ള മുഖര്‍ജി നഗറിലും സിവില്‍ സര്‍വീസ് സ്വപ്നങ്ങളുമായി രാജ്യത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ജീവിതം തുലക്കുന്ന അനേകം ചെറുപ്പക്കാരുണ്ട്. സിവില്‍ സര്‍വീസിലെ വിജയികള്‍ക്ക് സ്വീകരണങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള അനേകം പേരുണ്ടെന്നുള്ളതും കൂടി ഓര്‍ക്കേണ്ടതാണ്; പരാജയപ്പെട്ടവരേയും നമ്മെളെല്ലാവരും ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.

വിദ്യാര്‍ഥികളില്‍ മിടുക്കരെ സൃഷ്ടിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഒരു സമൂഹത്തിലെ ഏറ്റവുമധികം ഉത്തരവാദിത്വമുള്ള തൊഴില്‍ അധ്യാപനമാണെന്നുള്ളത് പല അധ്യാപകരും മറക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുണ്‍ ചന്ദ്രന്‍ 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തില്‍ തന്റ്റെ സ്‌കൂള്‍ ജീവിതകാലത്തില്‍ താന്‍ അനുഭവിച്ച വേദനകള്‍ അനുസ്മരിക്കുന്നുണ്ട്. സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ പറ്റാത്തതിന്റ്റെ പേരില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുമ്പോള്‍, ക്ലാസിന് പുറത്തു നിര്‍ത്തുമ്പോള്‍, അധ്യാപകര്‍ അടിക്കുമ്പോള്‍, കറുത്ത നിറത്തിന്റ്റെ പേരില്‍ വിവേചനം കാട്ടുമ്പോള്‍ - അതെല്ലാം ഒരു വിദ്യാര്‍ഥിയുടെ ആത്മവീര്യമാണ് നശിപ്പിക്കപ്പെടുന്നതെന്നുള്ള കാര്യം നമ്മുടെ പല അധ്യാപകരും മനസിലാക്കുന്നതേ ഇല്ലാ. വരുണ്‍ ചന്ദ്രന്റ്റെ അച്ഛന്‍ ഒരു CITU ലോഡിങ്ങ് തൊഴിലാളിയായിരുന്നു; അമ്മയാവട്ടെ 'പാടം' എന്ന കുടിയേറ്റ ഗ്രാമത്തില്‍ ഒരു ചെറിയ കട നടത്തുന്നു. ചുമട്ട് തൊഴിലാളിയുടെ മകന് മറ്റു കുട്ടികളെ പോലെ സമയത്ത് ഫീസ് കൊടുക്കാനുള്ള ശേഷിയില്ല; പക്ഷെ അത് മനസിലാക്കിയ അധ്യാപകര്‍ അന്ന് വളരെ കുറവായിരുന്നു. ഇന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറികഴിഞ്ഞപ്പോള്‍, ഒരു കോടി 2 ലക്ഷം വിലയുള്ള മേഴ്സിഡസ് ബെന്‍സില്‍ സഞ്ചരിക്കുമ്പോള്‍ പഴയ സ്‌കൂള്‍ അധികൃതര്‍ വരുണ്‍ ചന്ദ്രനെ സംസാരിക്കാനായി വിളിക്കാറുണ്ട്. പക്ഷെ തന്റ്റെ പഴയ സ്‌കൂളില്‍ പ്രസംഗിക്കാന്‍ വരുണ്‍ ചദ്രന്‍ പോകുവാന്‍ തയാറല്ല; പോയാല്‍ തന്റ്റെ സ്വഭാവമനുസരിച്ച് പണ്ടനുഭവിച്ച പീഡനങ്ങളെ കുറിച്ചെല്ലാം വിളിച്ചു പറയേണ്ടി വരും എന്നാണ് ഇന്നും വേദനയോടെ വരുണ്‍ ചദ്രന്‍ പറയുന്നത്.

അധ്യാപനം എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ലെന്നും, വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് മാത്രമാണെന്നുള്ളതും മിക്ക അധ്യാപകര്‍ക്കും അറിയില്ലാ. ആറ്റിറ്റിയൂഡും ആപ്റ്റിറ്റിയൂഡും നല്ലതുപോലെ ആവശ്യപ്പെടുന്ന ജോലിയാണത് എന്നാണ് വരുണ്‍ ചന്ദ്രനെ പോലെ വേദനിക്കുന്ന പലരുടേയും അനുഭവങ്ങളില്‍ നിന്ന് വിലയിരുത്തേണ്ടത്. നല്ലൊരു പ്രൊഫഷണല്‍ സമീപനം വരുത്തുന്ന വിദ്യാഭ്യാസ യോഗ്യത, പിന്നീടുള്ള ട്രെയിനിങ്, സ്‌ക്രീനിംഗ്, ഇവാല്യൂവേഷന്‍ - ഇതൊന്നും ഇന്ത്യയില്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് വേണ്ടി നിലവിലില്ല. മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്ന ഒരു സംവിധാനം ഇല്ലാത്തിടത്തോളം കാലം വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥ ഇവിടെ നിലനില്‍ക്കും. സമുദായ നേതാക്കന്‍മാരും, രാഷ്ട്രീയക്കാരും, നാട്ടുപ്രമാണിമാരും സ്‌കൂള്‍/കോളേജ് മാനേജര്‍മാരാകുന്നതാണ് കേരളത്തില്‍ കാണുന്നത്. കാശുകൊടുത്ത് അധ്യാപകരാകുന്നത് കേരളത്തില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണ്. കേരളത്തില്‍ സംഭവിക്കുന്നത് പോലെ സ്വത്തും, കുടുംബ പേരും അധ്യാപകരാകുന്നതിന്റ്റെ മാനദണ്ഡം ആകരുത്. വിദ്യാഭ്യാസ കച്ചവടത്തില്‍ കൂടി അങ്ങനെ ഒക്കെ സംഭവിച്ചാല്‍ പണത്തിന്റ്റേയും പദവിയുടേയും മുഷ്‌ക്ക് അവര്‍ വിദ്യാര്‍ത്ഥികളോടും കാണിക്കാന്‍ സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം ഫ്യുഡല്‍ മുഷ്‌ക്കുകള്‍ കാണിക്കുന്ന അധ്യാപകര്‍ ഇന്ത്യയില്‍ വളരെയധികം ഉണ്ട്. തങ്ങളില്‍ കുറഞ്ഞവരെ പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വരേണ്യത പ്രകടിപ്പിക്കുന്ന അധ്യാപകര്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടുവോളം ഉണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല; നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും വരെ ഫ്യുഡല്‍ മുഷ്‌ക്ക് കാണിക്കുന്നവരുണ്ട്. അവധി ചോദിച്ച അധ്യാപികക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനാല്‍ ഒരു പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു എന്നുള്ള വാര്‍ത്ത കേരളത്തില്‍ നിന്ന് വരുന്നത് ഇത്തരം ഫ്യുഡല്‍ മുഷ്‌കുകളൊക്കെ നിലനില്‍ക്കുന്നത് കൊണ്ടാണ്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക