Image

പറയാതൊരു പ്രണയം(കവിത: ഡോ.എസ് രമ)

ഡോ.എസ് രമ Published on 19 November, 2019
പറയാതൊരു  പ്രണയം(കവിത: ഡോ.എസ് രമ)
ഒരു വാക്കില്‍ നിന്നും..
ഒരു നോക്കില്‍ നിന്നും..
ഒരു സന്ദേശത്തില്‍ നിന്നും..
ശരീരഭാഷകളില്‍ നിന്നും...
പറയാതെ പറയുന്ന
ഒരു പ്രണയത്തെ വായിച്ചെടുക്കണം...

ഭാവനയുടെ അനന്തവിഹായസ്സിലെ...
 സങ്കല്പങ്ങളുടെ വെണ്‍മേഘങ്ങളായവ....
പറന്നു നടക്കും...

ശയ്യാഗൃഹത്തിന്റെ ഇരുളിലേക്ക് നിപതിക്കുന്ന
 നക്ഷത്രക്കൂട്ടത്തെ പോലെയാണത്...
മിന്നാമിന്നി കൂട്ടത്തെ
പോലെയത് നിങ്ങളെ
പൊതിയും...
നിങ്ങളറിയാതൊരു
നിദ്ര നിങ്ങളെ തേടിയെത്തും...
സ്വപ്നങ്ങള്‍  സങ്കല്പങ്ങള്‍ക്ക്
ജീവന്‍ കൊടുക്കുന്ന നിദ്ര...
നിങ്ങളെയൊരു പ്രണയിനിയാക്കും...

പ്രണയം.... പറയാതെ പറയുമ്പോഴാണ്
തിരക്കിനിടയിലൊരു..  ലക്ഷ്മണരേഖ വരച്ചതി
നുള്ളില്‍ നിങ്ങളൊരു  
ഏകാന്തതയുടെ ഉദ്യാനംതീര്‍ക്കുന്നത്...
ഭാവനകളുടെ പൂക്കളെ
തിരഞ്ഞു സങ്കല്പങ്ങളുടെ
വര്‍ണ്ണ തുമ്പികള്‍ പിടി
തരാതെ പറക്കുന്നത്...

പ്രണയം...
 പറയാതെ പറയുമ്പോഴാണ്
കൈകള്‍ക്കുള്ളില്‍ നിന്നും
തെന്നി മാറിയൊരു വര്‍ണ്ണ
മല്‍സ്യമാ ജലാശയത്തിന്റെ
തെളിമയില്‍  നീന്തി ത്തുടിച്ചത്...

പറയാതെ പറയുന്ന പ്രണയം
സിരകളില്‍ ഉന്മാദം പടര്‍ത്തി
മനസ്സില്‍ പെയ്തിറങ്ങുന്ന
മോഹങ്ങളുടെ മധുമഴയാണത്....

പറയാതൊരു  പ്രണയം(കവിത: ഡോ.എസ് രമ)
Join WhatsApp News
വിദ്യാധരൻ 2019-11-24 22:57:37
പറയാതെ ഞാൻ പ്രണയുമായി 
കറങ്ങി നടന്നു ഏറെ നാളിൽ 
ഒടുവിൽ .അവളു. വിവാഹിതയായി 
പടപട കുട്ടികൾ നാലുമായി .
വിവാഹിതാനായി ഞാൻ പിതാവുമായി 
'അവളുടെ' പ്രണയം ദീപ്തം ഉള്ളിലിന്നും 
ഇണചേരും നേരം, ഞാൻ, ഭാര്യയുമായി 
പ്രണയിനി 'അവൾ' ഉടനെ അവിടെയെത്തും 
പറയണമായിരുന്നു അവളോടന്നെൻ പ്രണയം 
പറയാതിരുന്നതിനാൽ സുഖവും പോയി 
ഒരാളിൽ പ്രണയം ജനിച്ചുവെന്നാൽ 
പറയാതിരിക്കരുത് ഒരുനാളുമത് 
വരുമതല്ലെങ്കിൽ ഇടയ്ക്ക് കേറി 
സുരതരസം മോന്തി കുടിക്കുംനേരം 
പറയാനുള്ളത് ഞാൻ പറഞ്ഞു 
അറിവുള്ളോർ ഗ്രഹിച്ചാൽ അവർക്കു കൊള്ളാം 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക