Image

കേരള ക്രൈസ്തവ സഭയില്‍ നവോത്ഥാനം അനിവാര്യം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 23 November, 2019
കേരള ക്രൈസ്തവ സഭയില്‍ നവോത്ഥാനം അനിവാര്യം (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക് : ഈയിടെയായി കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ക്രൈസ്തവസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നു കാണാം. അവയിലൊന്ന് ഇന്‍ഡ്യയുടെ ചരിത്രത്തിലാദ്യമായി ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതിന്റെ പേരില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തു ജയിലിലാക്കിയതും, ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയ്ക്ക് അനുകൂലമായി ശബ്ദമുയര്‍ത്തിയതിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കാനുള്ള നടപടികളും അതുപോലെ തന്നെ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രിയ്ക്ക് ധാര്‍മ്മിക പിന്‍തുണ നല്‍കിയ പല കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്തുകയും, അവരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളുടെ സഹായത്തോടെ അവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കാനും, അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ മറുഭാഗത്തും.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, സമൂഹത്തില്‍ ചിന്തിക്കുന്ന നല്ലവരായ മനുഷ്യരുടെയും പിന്‍തുണ ലഭിക്കുന്നില്ലെങ്കില്‍ നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളുടെ നില എന്താകുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചു എന്നു മനസ്സിലാക്കിയിട്ടു കൂടി കന്യാസ്ത്രീയെ കുറ്റപ്പെടുത്തുകയും, ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭ ഇന്നും കാനോന്‍ നിയമത്തിന്റെ മറവില്‍ ഫ്രാങ്കോയെ പുണ്യവാളനാക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നിപ്പോകുന്നു.

1966-ല്‍ മാടത്തരുവിയില്‍ മറിയക്കുട്ടി എന്ന വിധവയെ ഫാദര്‍ ബനഡിക്ട് കൊന്നു എന്ന കേസ് ചാര്‍ജു ചെയ്തു സെഷന്‍സ് കോര്‍ട്ട് അദ്ദേഹത്തെ കൊലക്കുറ്റത്തിനു വിധിച്ചു എങ്കിലും അന്നത്തെ കത്തോലിക്കാ സഭാ നേതൃത്വം ഹൈക്കോര്‍ട്ടിനെ സമീപിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കിയ ചരിത്രം വിശ്വാസികള്‍ മറന്നു എങ്കിലും ഇന്റര്‍നെറ്റില്‍ ആര്‍ക്കും മായിച്ചു കളയാന്‍ പറ്റാത്തവിധത്തില്‍ ഇന്നും വ്യക്തമായി രേഖപ്പെടുത്തി വച്ചിരിക്കുന്നതു കാണാം. അതുപോലെ തന്നെ അഭയകേസ്, അങ്ങിനെ എത്രയെത്ര കേസുകള്‍ തുമ്പില്ലാതെ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. സഭയിലെ പരീശന്മാരായ കെന്നടിയെപ്പോലുള്ളവര്‍ ബലഹീനരായ കന്യാസ്ത്രികളുടെ നേരെ, പ്രത്യേകിച്ച് പൊതുവേദിയില്‍ വച്ച് സിസ്റ്റര്‍ ലൂസിക്കുനേരെ അലറുന്നതുകാണുമ്പോള്‍ യേശുക്രിസ്തുവിനെ കുരിശിലേറ്റിയതും ഇതുപോലുള്ള പരീശന്മാരായിരുന്നില്ലേ എന്നു തോന്നിപ്പോകും. കെന്നടി സിസ്റ്റര്‍ ലൂസിയോടേറ്റുമുട്ടുന്നത് യൂട്യൂബില്‍ കാണാന്‍ കഴിയും. എന്താണിതൊക്കെ. നീതിക്കുവേണ്ടി പോരാടുന്നവരെ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവോ.
മറ്റൊരു പ്രധാന വാര്‍ത്ത യാക്കോബായ വിശ്വാസികള്‍ നൂറ്റാണ്ടുകളായി കൈവശം വച്ചുകൊണ്ടിരുന്ന പള്ളികളും, സെമിത്തേരികളുമെല്ലാം നിയമത്തിന്റെ മറവില്‍ പിടിച്ചെടുക്കാനുള്ള എതിര്‍വിഭാഗത്തിന്റെ ശ്രമവും, അതിനെതിരെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന യാക്കോബായ വിശ്വാസികളും. നിമിഷനേരം കൊണ്ട് നിയമത്തിന്റെ സഹായത്തോടെ യാക്കോബായ വിശ്വാസികളുടെ ആരാധനാലായങ്ങളും, സെമിത്തേരികളുമെല്ലാം നഷ്ടപ്പെട്ടതിനാല്‍ ലക്ഷക്കണക്കിനു വരുന്ന വിശ്വാസികള്‍ മറ്റുവിശ്വാസികളോടൊത്ത് നവംബര്‍ 27ന് തിരുവനന്തപുരത്തേയ്ക്ക് മാര്‍ച്ച് ചെയ്യുന്നതും, ഗവണ്‍മെന്റിന്റെ കണ്ണുതുറപ്പിക്കാന്‍ ചര്‍ച്ച് ആക്ട് ക്രൂസേഡ് എന്ന പേരില്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഇടപെടാനും, 2009-ല്‍ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ തയ്യാറാക്കിയ കേരളാ ക്രിസത്യന്‍ പ്രോപ്പട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റയൂഷന്‍ട്രസ്റ്റ് ബില്ല് നടപ്പാക്കാന്‍ ശ്രമം നടത്താനിരിക്കുന്നതും വളരെ പ്രാധാന്യമുള്ള വാര്‍ത്തകളാണ്.

ഇതിനിടെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെട്ട ഭൂമി കുംഭകോണവും, അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും, ബിഷപ്പുമാരും, അവരുടെ സഹായികളും പണം മുടക്കി ദിവസവുമൊന്നോണം കോടതി കയറി ഇറങ്ങുന്ന സംഭവവും. സഭാ വിശ്വാസികളില്‍ നല്ലൊരു വിഭാഗം ഇത്തരത്തിലുള്ള സഭാതലവന്മാരുടെ പണത്തിനുവേണ്ടിയുള്ള കടുംപിടുത്തത്തെ ന്യായീകരിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം.

ലോകത്തിലെ ഏറ്റവും നല്ല ക്രിസ്തീയ വിഭാഗമെന്ന് അടുത്ത കാലംവരെ അറിയപ്പെട്ടിരുന്ന കേരളത്തിലെ ക്രൈസ്്തവരുടെ ഇടയിലാണ് ഇത്തരത്തിലുള്ള ലൈംഗീകാരോപണങ്ങളും, പണത്തിന്റെ പേരിലുള്ള അധികാരവടംവലികളും, കള്ളത്തരങ്ങളും, ധൂര്‍ത്തുമെല്ലാം നടക്കുന്നത് എന്നോര്‍ക്കണം. സമീപ കാലംവരെ സഭയ്ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് വിശ്വാസികള്‍ക്കു തീരെ അറിവില്ലായിരുന്നു. ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ വരെ പരസ്യമാകുന്ന സ്ഥിതി വന്നുചേര്‍ന്നു. ഒരു പക്ഷേ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു പറഞ്ഞത് എത്രയോ സത്യമാണ് എന്ന് മത്തായിയുടെ സുവിശേഷത്തില്‍ 10-ാം അദ്ധ്യായം 26-ാം വാക്യം നോക്കിയാല്‍കാണാം- മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഡമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയില്ല'. ഏത് അരമനയ്ക്കുള്ളില്‍ വച്ചു രഹസ്യമായി ചെയ്യുന്ന കാര്യവും ഇന്നു പുറത്തുവരുമെന്നുള്ളതിനു തെളിവാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെ ഇംപീച്ചു ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ എതിരാളികള്‍ ഉയര്‍ത്തികൊണ്ടുവരുന്ന രേഖകള്‍ എന്നുള്ളത് വീഡിയോ കണ്ടിട്ടുള്ളവര്‍ക്കു കാണാന്‍ കഴിയും.

അങ്ങിനെ നോക്കിയാല്‍ ക്രൈസ്തവസഭ കൂടുതല്‍ സുതാര്യമാകേണ്ടകാലം സമാഗതമായിക്കഴിഞ്ഞു എന്നു പറയാം. ഇനി പഴയതുപോലെ ഒന്നും മൂടി വയ്ക്കാതിരിക്കുന്നതാണു നല്ലത്. പ്രത്യേകിച്ച് യേശുക്രിസ്തുവിനെ പിന്‍തുടരാനുംദ്ദേശിക്കുന്ന ക്രൈസ്തവര്‍ അവര്‍ ഏതു പേരില്‍ ്അറിയപ്പെട്ടാലും പ്രശ്മില്ല.

ഇത്രയും എഴുതിയ സ്ഥിക്ക് ലൈംഗിക പീഢനത്തിനും, അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ മുമ്പോട്ടു വന്ന കന്യാസ്ത്രീകളെപ്പറ്റി അല്പം എഴുതേണ്ടത് ഉചിതമാണെന്നെനിക്കുതോന്നുന്നു. കാരണം അവര്‍ നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ്. അവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ യേശുക്രിസ്തുവില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഓരോ ക്രിസ്ത്യാനിയും പങ്കു ചേരേണ്ടതാണ്. യേശുവിന് പ്രിയപ്പെട്ടവരാണവര്‍. യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുപോലെ സഭാ നേതൃത്വത്തിലുള്ള ശക്തനായ ഒരു ബിഷപ്പിനോടാണ് ബലഹീനരായ നമ്മുടെ സഹോദരിമാര്‍ നീതിക്കുവേണ്ടി പോരാടുന്നത് എന്നോര്‍ക്കണം.

2019 നവംബര്‍ 11 ന് നടത്താനിരുന്ന ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ നവംബര്‍ 30-ന് മാറ്റി വച്ചതായി അറിയുന്നു. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടുത്തേണ്ടത് സഭാധികാരികളുടെ പ്രധാനലക്ഷ്യമാണ്. മറിയക്കുട്ടി കൊലക്കേസില്‍ കൊലക്കുറ്റത്തിന് വിധിക്കപ്പെട്ട ഫാദര്‍ ബനഡിക്ടിനെ രക്ഷിച്ചതു പോലെ എന്തു വിലകൊടുത്തും ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ സഭാനേതൃത്വം ശ്രമിക്കുമെന്ന് ഓരോ കത്തോലിക്കനുമറിയാം. അഭയാകേസ്, സൂര്യനെല്ലിക്കേസ്, സൗമ്യയെന്ന പെണ്‍കുട്ടിയെ മൃഗീയമായി റേപ്പുചെയ്തുകൊന്ന ഗോവിന്ദച്ചാമി ഇവിടെയെല്ലാം കേരളത്തിലെ നീതിന്യായ വകുപ്പ് പരാജയപ്പെട്ട സ്ഥിതിക്ക് ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് കോടതിയില്‍ നീതി ലഭിക്കുന്ന കാര്യ കണ്ടറിയണം.

കോടതിവിധി സത്യസന്ധമാണെങ്കില്‍ അത് ഒരു ചരിത്രസംഭവം തന്നെ ആയിരിക്കും. ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു കേസാണ് ബിഷപ്പ് ഫ്രാങ്കോയുടെ റേപ്പു കേസ് എന്നതാണ് സത്യം. പക്ഷേ മനുഷ്യന്റെ വിധി എന്തുമായിക്കൊള്ളട്ടെ. വ്യഭിചാരം എന്ന വാക്കിന്റെ അര്‍ത്ഥത്തെപ്പറ്റി യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് മത്തായിയുടെ സുവിശേഷത്തില്‍ അദ്ധ്യായം 5-ല്‍ 27 മുതല്‍ 30 വരെയുള്ള വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാവും. 'ഞാന്‍ നിങ്ങളോടു പറയുന്ന ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകളഞ്ഞു. വലതുകണ്ണ് നിനക്ക് പാപഹേതു വകുന്നുവെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. വലതുകരം നിനക്കു പാപഹേതുവാകുന്നുവെങ്കില്‍ അതുവെട്ടി ദൂരെയെറിയുക.'

ഒരു പക്ഷേ ഒരു മു്സ്ലീം രാ്ജ്യത്താണ് ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ നടക്കുന്നതെങ്കില്‍ അയാള്‍ രക്ഷപ്പെടുമായിരുന്നു എന്ന് ആരെങ്കിലും കരുതുന്നുവോ. പക്ഷേ കേരളത്തിലെ നിയമം ഇനിയും മാറേണ്ടിയിരിക്കുന്നു. കാരണം പണവും, പ്രതാപവും, നല്ലൊരു വക്കീലുമുണ്ടെങ്കില്‍ ഏതുപ്രതിക്കും രക്ഷപ്പെടാം. എങ്കിലും യാഥാര്‍ത്ഥക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദുഷ്ടതയ്ക്കു എതിരെയും, നീതിക്കു ദാഹിക്കുന്നവര്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുകയാണുവേണ്ടത്.

നവംബര്‍ 27-നു തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ച ആക്ട് ക്രൂസേഡ്ക്രൈസ്തവസഭയുടെ നവോത്ഥാനത്തിനു കാരണമാകുമെന്ന് കരുതാം.

പണ്ടുകാലത്ത് പണത്തിന്റെ അതിപ്രസരം ഇല്ലാതിരുന്ന കാലത്തുണ്ടായിരുന്ന വൈദികരുടെ ചരിത്രം പരിശോധിച്ചാല്‍ പലരും പുണ്യാത്മാക്കളായി, മറ്റുള്ളവെര സഹായിച്ച് ജീവിച്ചു മരിച്ചു എന്നുകാണാം. പക്ഷേ പിന്നീട് പള്ളികളോടനുബന്ധിച്ച് സ്‌ക്കൂളുകളും, കോളേജുകളും, ആതുരാലയങ്ങളുമെല്ലാം വന്നതോടെ സമ്പത്തിന്റെ അതിപ്രസരം വൈദികരെയും മെത്രാന്മാരെയും മറ്റൊരുതലത്തില്‍ കൊണ്ടുചെന്നെത്തിച്ചു. ഈ സാഹചര്യത്തില്‍ ച്രച്ച്ആക്ട് നടപ്പാക്കുന്നില്ലെങ്കില്‍ വൈദികര്‍ യൂദാസിന്റെ മാര്‍ഗ്ഗത്തിലേക്കു നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെയാണ് മത്തായിയുടെ സുവിശേഷത്തില്‍ 6-ാം അദ്ധ്യായത്തില്‍ 24-ാം വാക്യത്തില്‍ യേശുക്രിസ്തുതന്നെ പറഞ്ഞിരിക്കുന്നത് 'ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കുകഴിയുകയില്ല' എന്ന്.

വാസ്തവത്തില്‍ യേശുക്രിസ്തു ആരായിരുന്നു എന്നും എന്നാണ് പഠിപ്പിച്ചതെന്നും അറിയാന്‍ ബൈബിള്‍ മുഴുവന്‍ വായിക്കേണ്ട യാതൊരാവശ്യവുമില്ല. മത്തായി എഴുതിയ സുവിശേഷം മാത്രം വായിച്ചാല്‍ മതി. യേശുക്രിസ്തു പറഞ്ഞതും, പഠിപ്പിച്ചതുമായ കാര്യങ്ങളാണോ ഇന്ന് ക്രൈസ്തവസഭ പഠിപ്പിക്കുന്നതും, പിന്‍തുടരുന്നതും. ഒന്നു ചിന്തിക്കേണ്ട വിഷയമാണ്. ഇന്നത്തെ വൈദികവിദ്യാര്‍ത്ഥികള്‍ 15 വര്‍ഷം സെമിനാരിയില്‍ പഠിച്ചശേഷമാണ് വൈദികരാകുന്നത്. പക്ഷേ വൈദികരായി പുറത്തിറങ്ങുന്നവര്‍ യേശുക്രിസ്തുവിന്റെ വാക്കുകള്‍ക്കു മുന്‍തൂക്കം കൊടുക്കാതെ മറ്റു കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ വഴിതെറ്റിക്കാന്‍ പോലും കാരണമാകുന്നു.

ചുരുക്കത്തില്‍ 2019 നവംബര്‍ മാസം കേരള ക്രൈസവസഭയുടെ നവോത്ഥാനത്തിന്റെ തുടക്കമായി മാറട്ടെ എന്നും 2020-ല്‍ യേശുക്രിസ്തുവിനു പ്രാധാന്യം കൊടുത്തുക്കൊണ്ടുള്ള പുതിയൊരു അദ്ധ്യായം ഉണ്ടാവട്ടെ എന്നും പ്രത്യാശിക്കുന്നു. അതോടൊപ്പം നീതിക്കു വേണ്ടിയുള്ള കേരള ക്രൈസ്തവവിശ്വാസികളുടെ പോരാട്ടത്തിന് എല്ലാവിധഭാവുകങ്ങളും നേരുന്നു.

തോമസ് കൂവള്ളൂര്‍ 
കേരള ക്രൈസ്തവ സഭയില്‍ നവോത്ഥാനം അനിവാര്യം (തോമസ് കൂവള്ളൂര്‍)
Join WhatsApp News
josecheripuram 2019-11-23 21:19:39
what,s happening in our society,i'am worried,is there any safety?
M. A. ജോർജ്ജ് 2019-11-24 12:59:30
സ്വീകാര്യമല്ലാത്ത ഒരു വിധി വരുമ്പോൾ അതു അരുടെയൊക്കയോ സ്വാധീനം കൊണ്ടാണ് നേടിയതെന്നു സമർത്ഥിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. Fr. ഓണംകുളം തെറ്റു ചെയ്തോ ഇല്ലയോ എന്ന് നിയമം പഠിച്ചവർ വിചാരണ നടത്തി വിധി പ്രസ്ഥാവിച്ചു. സെഷൻസ് കോർട്ടിൽ വിധിച്ച വധശിക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞു. അഭയ കേസിലും നിങ്ങൾക്കൊരു മുൻ വിധിയുണ്ട്. കോട്ടൂരും, പൂതൃക്കയിലും, സ്റ്റെഫി യും ശിക്ഷിക്കപ്പെടുന്നില്ല എങ്കിൽ സഭയുടെ സ്വാധീനം കൊണ്ടായിരിയ്ക്കും അങ്ങനെ ഒരു വിധി ഉണ്ടായതെന്ന് നിങ്ങൾ പറയും. തെളിവുണ്ടെങ്കിൽ കോടതി ശിക്ഷിക്കും. ഇല്ലെങ്കിൽ വെറുതെ വിടും. നിയമം അനുശാസിക്കുന്ന വിധത്തിൽ ശിക്ഷ നടപ്പിലാക്കും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം, അതു റോബിൻ ആയാലും ഫ്രാങ്കോ അയാലും. ഫ്രാങ്കോ തെറ്റുകാരനെന്ന് സോഷ്യൽ മീഡിയാ വിധിച്ചു കഴിഞ്ഞു. ഇനി കോടതി വിധിക്കു വേണ്ടി കാത്തിരിക്കുക. അതു വരെ ഒന്നു കാത്തിരുന്നു കൂടെ?
John 2019-11-24 15:51:14
ശ്രി എം എ ജോർജിനോട് യോജിക്കുന്നു. സഭയുടെ നാശം ആഗ്രഹിക്കുന്നവർ ഇതുപോലെ ഓരോ കഥകളുമായി വരും. കെന്നഡി കരിമ്പുംകാല, പി സി ജോർജ് തുടങ്ങിയ സഭാസ്നേഹികൾ ആണ് ഒരാശ്വാസം. സഹന ദാസൻ ബെനഡിക്ട് ഓണംകുളം വിശുദ്ധ പദവിയിലേക്ക് ഉയരാതിരിക്കാൻ വേണ്ടിയുള്ള ഗൂഢ തന്ത്രം ആണ് ആ കേസ്സു പൊക്കിക്കൊണ്ട് വരുന്നത്. മാറിയക്കുട്ടിയുടെ അവിഹിത സന്തതിയുടെ പിതാവ് ഓണംകുളം അച്ഛനല്ല എന്ന് ഡി എൻ എ പരിശോധനയിലൂടെ ഹൈ കോടതിക്ക് മനസ്സിലായതാണ്. സുപ്രീം കോർട്ട് അഡ്വക്കേറ്റ് ചാരി നയാപ്പൈസ പ്രതിഫലം വാങ്ങാതെ ആണ് ആ കേസ് വാദിച്ചു നിരപരാധിയായ വൈദികനെ വെറുതെ വിട്ടത് എന്നും ഓർക്കുക. അഭയ എന്ന ഒരു കന്യാസ്ത്രീ കാൽ വഴുതി കിണറിൽ വീണതാവാം. അല്ല ഇനി വൈദികർ തല്ലിക്കൊന്നു കിണറിൽ തള്ളിയെന്നു വക്കുക. അത് തെളിയിക്കാൻ പോലീസും കോടതിയും ഉണ്ടല്ലോ. ഇരുപത്തഞ്ചു കൊല്ലം കാത്തിരുന്നെങ്കിൽ കൊറച്ചു നാൾ കൂടെ കാത്തിരുന്നു കൂടെ. സത്യം പുറത്തു വരട്ടെ. ഫ്രാങ്കോ എന്നൊരു മെത്രാൻ പീഡിപ്പിച്ചു എന്നും പറഞ്ഞു എന്തായിരുന്നു പുകില്. തെളിവുണ്ടെങ്കിൽ അതിലും സത്യം പുറത്തു വരും വരെ കാത്തിരിക്കാതെ നിരപരാധികളെ വേട്ടയാടുന്നത് ഇന്നൊരു ഫാഷൻ ആയി മാറിയിട്ടുണ്ട്.
George V 2019-11-24 16:30:44
ശ്രി MA ജോർജിനോട് സഹതാപം തോന്നുന്നു. മറിയക്കുട്ടി കൊലക്കേസ്സിനെ കുറിച്ച് അക്കാലത്തു ജീവിച്ചിട്ടുള്ള അരി ആഹാരം ഒരു നേരം കഴിച്ചിട്ടുള്ള മലയാളിക്കറിയാം പണം മുടക്കി ഇന്ത്യയിലെ ഒന്നാമനായി വക്കീലിനെ വച്ച്, കമ്മ്യൂണിസ്റ് സർക്കാരിനെ സ്വാതീനിച്ചു സർക്കാർ അഭിഭാഷകൻ മിണ്ടാതിരുന്നു നേടിയ വിധി. യാതൊരു ഉളുപ്പുമില്ലാതെ ബെനഡിക്ട് ഓണംകുളത്തിനെ ന്യായീകരിക്കുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്‍റെ കണക്കുകള്‍ താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന്‍ അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്?? 1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന ദുരൂഹ സാഹചര്യത്തില്‍ മടത്തിനുള്ളില്‍ കൊല്ലപ്പെട്ടു. തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില്‍ ആയിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയാം. 1993ല്‍ സിസ്റ്റര്‍ മേഴ്‌സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍മരിച്ചു. വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തിയതും നമ്മള്‍ കണ്ടതാണ്!! പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭാധികൃതര്‍ പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നത് മുകളില്‍ പറഞ്ഞ മാടന്‍ അരമനക്ക് ഉള്ളില്‍തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന്‍ ഉപകരിക്കും..!! കൊലപാതകങ്ങള്‍ ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്‍കുട്ടികളെയും കന്യാസ്ത്രീകള്‍ ആകാന്‍ പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്‍കുട്ടികള്‍ തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്‍ആണ്. ഇത്തരം പീഡനങ്ങള്‍ അസഹനീയമായതിന്‍റെ പരിണിത ഫലങ്ങളാണ് മുകളില്‍ പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള്‍ മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള്‍ ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്‍ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്‍ക്കുവേണ്ടി??? (Copied )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക