Image

കോണ്ടിനന്റല്‍ 5500 പേരെ പിരിച്ചുവിടുന്നു

Published on 23 November, 2019
കോണ്ടിനന്റല്‍ 5500 പേരെ പിരിച്ചുവിടുന്നു


ബര്‍ലിന്‍: കാര്‍ സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ജര്‍മന്‍ കമ്പനി കോണ്ടിനന്റല്‍ 5500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. 2028 വരെ സമയമെടുത്ത് ഘട്ടംഘട്ടമായാണ് ഇതു നടപ്പാക്കുക.

പ്രതിവര്‍ഷം അഞ്ഞൂറു മില്യണ്‍ യൂറോ ലാഭിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ആഗോള കാര്‍ വിപണി നേരിടുന്ന മാന്ദ്യമാണ് കോണ്ടിനന്റലിനെയും കടുത്ത നടപടിക്കു പ്രേരിപ്പിക്കുന്നത്.

പരമ്പരാഗത കാര്‍ എന്‍ജിനുകള്‍ക്ക് ഡിമാന്‍ഡ് കുറയുകയും ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയമേറുകയും ചെയ്യുന്നതും കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെ ബാധിക്കുന്നുണ്ട്. ജര്‍മനി, ഇറ്റലി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ പരമ്പരാഗത എന്‍ജിനുകള്‍ക്ക് ആവശ്യമായിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ സാങ്കേതികവിദ്യയില്‍ പരിജ്ഞാനമുള്ളവരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയും പുരോഗമിക്കുകയാണ്.

ബവേറിയയിലെ റോഡിങ്ങിലുള്ള സൈറ്റ് തന്നെ അടച്ചുപൂട്ടാനാണ് കോണ്ടിനന്റല്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന 520 പേരാണ് തൊഴില്‍രഹിതരാകാന്‍ പോകുന്നത്. സാക്‌സണിയിലെ ലിംബാച്ച്~ഒബര്‍ഫ്രോനയില്‍ 750 പേര്‍ക്കും ജോലി നഷ്ടപ്പെടും.

2028 ആകുന്നതോടെ ഡീസല്‍ ഇന്‍ജക്ഷന്‍ പാര്‍ട്‌സ് നിര്‍മാണം പൂര്‍ണമായി അവസാനിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഹെസെയിലെ ബേബന്‍ഹോസനിലുള്ള സൈറ്റില്‍ ജോലി ചെയ്യുന്ന 2200 പേര്‍ക്ക് അതിനുള്ളില്‍ ജോലി നഷ്ടപ്പെടും.

ഇറ്റലിയിലെ പിസയില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ പെട്രോള്‍ എന്‍ജിന്‍ ഘടകങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നതോടെ 750 പേര്‍ക്കും ജോലി നഷ്ടമാകും. യുഎസിലെ ന്യൂപോര്‍ട്ട് ന്യൂസിലാണ് മറ്റൊരു 720 പേരെ ഒഴിവാക്കുന്നത്. നോര്‍ത്ത് കരോളിനയില്‍ 650 പേരെയും മലേഷ്യയില്‍ 270 പേരെയും പിരിച്ചുവിടും.

വിവിധ രാജ്യങ്ങളിലായി രണ്ടര ലക്ഷത്തോളം ജീവനക്കാരാണ് കോണ്ടിനന്റലിനുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക