Image

ഓര്‍മ്മ മുള്ള് (കഥ: റാണി ബി മേനോന്‍)

Published on 23 November, 2019
ഓര്‍മ്മ മുള്ള് (കഥ: റാണി ബി മേനോന്‍)
ഒരു നഴ്‌സിന് രോഗികളുമായി ആത്മബന്ധം വേണ്ടതില്ല, ഇല്ലാതിരിക്കുന്നതാണ് നന്ന്. ആദ്യത്തെ കടുത്ത ആത്മാര്‍ത്ഥതാ കാലത്തിനു ശേഷം സ്വയമെടുത്ത തീരുമാനമാണ്.

അന്ന്, എമര്‍ജന്‍സിയില്‍ വന്ന്  ICUല്‍ നിന്നും വാര്‍ഡിലേയ്ക്കു മാറ്റിയ രോഗിയെ ശ്രദ്ധിച്ചതപ്പോഴാണ്. ബൈസ്റ്റാന്റേഴ്‌സില്ലാത്തതിനാല്‍ ചെറിയൊരസ്വാരസ്യം തോന്നിയിരുന്നു. സ്വയം വണ്ടിയോടിച്ച് ചെക്കപ്പിന് വന്ന് എമര്‍ജന്‍സി കേസ് ആയി മാറിയ ആളാണ്!
ചെറിയ ലോഹ്യങ്ങള്‍ മാത്രം! ഒരിയ്ക്കല്‍ എന്തോ ആവശ്യത്തിന് ബൈ സ്റ്റാന്ററെ അന്വേഷിച്ചതാണ്. ചോദ്യം നാട്ടുനടപ്പനുസരിച്ച് "വൈഫെവിടെ" എന്നായി, അന്‍പതിന് മേല്‍ പ്രായമുള്ള ഒരു ഹൃദ്രോഗിയോടതു ചോദിയ്ക്കുമ്പോള്‍, ഒരു സാധാരണ കാര്യം മാത്രമായിരുന്നു
"എന്തിനാ?"
എന്ന് മറു ചോദ്യം!
"ഒരു പേപ്പറില്‍ ഒപ്പുവയ്ക്കണം.''
"ഞാന്‍ വച്ചാല്‍ മതിയോ?"
ഒന്നാലോചിച്ച്, ഫോര്‍മാലിറ്റിയ്ക്കു വേണ്ടി മാത്രമുള്ള ഒരു പേപ്പറായിരുന്നതിനാല്‍ ഒപ്പുവാങ്ങി പോന്നു.
വീണ്ടും ചെല്ലുമ്പോള്‍ ആരെയും കൂടെ കാണാതിരുന്നപ്പോഴാണ് അതേ ചോദ്യം വീണ്ടും ചോദിച്ചത്.
"ഇല്ല" എന്ന ഉത്തരത്തിനു മുന്നില്‍ അല്പം അമ്പരന്നു, അപ്പോഴവിടില്ലെന്നാണോ വൈഫേ ഇല്ലെന്നാണോ എന്ന ഒരു തമാശച്ചോദ്യം ചോദിയ്ക്കാന്‍ പറ്റിയ ഇടമല്ല ആശുപത്രി വാര്‍ഡുകള്‍ എന്നതിനാല്‍ ചോദ്യം റദ്ദുചെയ്തു.
കണ്‍ഫ്യൂഷന്‍ മനസ്സിലാക്കിയെന്നോണം അയാള്‍ സംശയം ദുരികരിച്ചു.
"ഭാര്യയില്ല"
"ഓ! ആം സോറി"
"എന്തിന്'' അയാള്‍ ചിരിച്ചു.
ചെറിയൊരു ചളിപ്പുതോന്നി.

വാര്‍ഡിലേയ്ക്ക് മാറ്റി. പല പ്രൊസിജ്യേഴ്‌സിനിടയില്‍ പൊട്ടും പൊടിയുമായി തെളിഞ്ഞ ഒരു ജീവിതം!

അസാധാരണമെന്നു തോന്നിച്ച, അതീവ സാധാരണമെന്ന് അയാള്‍ വിശേഷിപ്പിച്ച ആ ജീവിതം വിചിത്രമായി തോന്നി!
സര്‍വ്വം സമര്‍പ്പിച്ച ഒരു ജീവിതത്തെ പുറം കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ്, പല ജീവിതങ്ങളിലൂടെ, പല സ്‌നേഹങ്ങളിലൂടെ ഉഴന്നു നടന്ന് മെന്റല്‍ അസൈലത്തിലാക്കപ്പെട്ട ആ സ്ത്രീ തികച്ചും പരിഹാസ്യയായി തോന്നി.

അങ്ങിനെ കരുതേണ്ടതില്ല.
അദ്ദേഹത്തിന്റെ ശബ്ദം അതീവ ശാന്തമായിരുന്നു.
നമുക്കുള്ളില്‍ നമുക്കറിയാത്ത, നമ്മളറിയാന്‍ ശ്രമിയ്ക്കാത്ത, നമുക്കറിയാന്‍ സാധിയ്ക്കാത്ത, നമുക്കറിയേണ്ടതില്ലാത്ത, ഒരുപാടു പേര്‍ കുടി പാര്‍ക്കുന്നുണ്ടെന്നറിയണം.

മുറിവേറ്റു തളര്‍ന്നു പോയൊരു പറവ, വീണ്ടും പറക്കാനുള്ള ശ്രമത്തില്‍ വിജയിച്ച്, മരക്കൊമ്പില്‍ നിന്നും, മുറിവേറ്റ നാളുകളില്‍ ശുശ്രൂഷിച്ച നിങ്ങളെ സ്‌നേഹപൂര്‍വ്വം തിരിഞ്ഞു നോക്കി, ഇങ്ങിനി വരില്ലെന്ന് ഇരുവരിലുമുള്ള ഉറപ്പോടെ പാറിപ്പോയിരിയ്ക്കുന്നത് കണ്ടിരിയ്ക്കുന്നുവോ നിങ്ങള്‍?

തളര്‍ന്നുപോയ കാലുകള്‍ നൃത്തത്തെ പുണരുന്നതും, വികൃതമെങ്കിലും, ആ ചുവടുവയ്പ്പുകള്‍ ഇരുവരില്‍ സന്തോഷം നിറയ്ക്കുന്നതും കണ്ടിരിയ്ക്കുന്നുവോ നിങ്ങള്‍?

......എങ്കില്‍, എങ്കില്‍ മാത്രം നിങ്ങള്‍ക്കതു മനസ്സിലാവും.

സംശയം! ഓരോ അണുവിലും സംശയം നിറയുന്ന ഒന്നിനെ നിരന്തരം തള്ളി മാറ്റേണ്ടി വരും. പക്ഷെ, കരുതലും, വാത്സല്യവും, സ്‌നേഹവും അഴിച്ചു കളയാനാവാതെ......

...ഇടയ്‌ക്കെപ്പോഴോ, അത്രമേലപ്രിയമാവും പ്രിയങ്ങളും!

"ജീവിതം, വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണുപോകുന്നത്, ചുറ്റിപ്പിടിയ്ക്കാനാവാതെ നാേക്കി നിന്നു !
നിസ്സംഗതയോടെ,
ആ ജീവന്റെ തിരഞ്ഞെടുപ്പ് ഞാനെല്ലെന്ന അറിവോടെ.....
ഒരു തരം സമാധാനം എന്നില്‍ നിറഞ്ഞു."

''ചില കാര്യങ്ങള്‍ നമുക്ക് നമ്മോടു തന്നെ വിശദീകരിയ്‌ക്കേണ്ടതുണ്ട്.
ഞാന്‍ ശരിയ്ക്കും അവരെ സ്‌നേഹിയ്ക്കുക തന്നെയായിരുന്നോ എന്ന് എനിയ്ക്ക് എന്നെത്തന്നെ മനസ്സിലാക്കിയ്ക്കണമായിരുന്നു. ഒരു പക്ഷെ ഞാനാ വിശദീകരണം ജീവിതം കൊണ്ടു തന്നെയാവും ചെയ്തിട്ടുണ്ടാവുക. ബുദ്ധിമാനായൊരാള്‍ നിമിഷാര്‍ദ്ധത്തില്‍ ചെയ്യുന്ന ഒരു കാല്‍ക്കുലേഷന്‍, ബുദ്ധി കുറഞ്ഞതുകൊണ്ടാവണം ചെയ്യാനേറെ സമയമെടുത്തു. ഉത്തരം ഏറെക്കുറെ പ്രതീക്ഷിച്ചതു തന്നെയായിരുന്നു!"
അയാള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

ചില തിരിച്ചറിവുകളുണ്ട് നമുക്കു മാത്രം മനസ്സിലാവുന്നവ!
ഇനിയൊരാളോട് പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവ!
നടന്നു തുടങ്ങവെ വഴികള്‍ തെളിയും പോലെ ആ തിരിച്ചറിവുകള്‍ യാഥാര്‍ത്ഥ്യമായി തെളിഞ്ഞു വരും!
നമ്മള്‍ മാത്രം അതിന്റെ വിങ്ങലറിയും!
ചിലരുടെ നിയോഗമാണത്!
ഉള്‍ക്കാഴ്ച്ചകള്‍ എത്ര അപകടകാരികളാണെന്ന് അതു അനുഭവിയ്ക്കുന്നവര്‍ക്കേ അറിയൂ!
അറിയമ്പോഴും മാറി നടക്കാന്‍ കഴിയാത്ത വഴി!
മായക്കാഴ്ച്ചയിലെന്ന പോല്‍ ഉച്ചവെയിലിന്റെ തിളക്കത്തില്‍ നാം നടന്നു വീഴുന്ന കുഴികളെ കുറിച്ച് നമ്മള്‍ കുറ്റപ്പെടുത്തലേറ്റു വാങ്ങിക്കൊണ്ടിരിയ്ക്കും, പക്ഷെ അപ്പോഴും നമുക്കറിയാം, അതൊഴിവാക്കാനാവില്ലെന്ന്! ബോധപൂര്‍വ്വമല്ലെന്ന്!
ആരും വിശ്വസിയ്ക്കില്ലെങ്കിലും....
അതൊരു നിയോഗം മാത്രമാണ്!
ഒരുവനു മേല്‍, അയാളടിച്ചേല്‍പ്പിച്ചതെന്ന പോല്‍ കാണപ്പെടുന്ന, അയാളുടേതല്ലാത്ത തീരുമാനം!

"നിയതിയങ്ങിനാണ്"
മറ്റൊരിയ്ക്കല്‍ ഇഞ്ചക്ഷനു വേണ്ടി വെയിന്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നതിനിടയിലാണയാളതു പറഞ്ഞ് "തലയുയര്‍ത്തിപ്പിടിച്ച് ജീവിതത്തിന്റെ പടിവാതില്‍ കടന്ന് പുറത്തുപോവാനവളാരെയും അനുവദിയ്ക്കില്ല".
നിങ്ങള്‍ (നിങ്ങളുടെ നിര്‍വ്വചനത്തിലെ) തെറ്റു ചെയ്യില്ലെന്നു വാശി പിടിയ്ക്കൂ. സംഭ്രമജനകമായ ഒരു രവമലെ നൊടുവില്‍ പ്രാണനു വില പറഞ്ഞു കൊണ്ട് അതു നിങ്ങളെ ഒരു ബൈനറിയ്ക്കു മുന്നില്‍ നിര്‍ത്തും. നിങ്ങള്‍ക്കെന്തു വേണമെങ്കിലും തീരുമാനിയ്ക്കാമെന്ന ന്യായേന.
നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടിലൊന്നു മാത്രം. ഒന്നുകില്‍ പ്രാണന്‍ അല്ലെങ്കില്‍ ആദര്‍ശം.
ആദര്‍ശം തിരഞ്ഞെടുത്താല്‍ പിന്നെ നിങ്ങളില്ല. പ്രാണന്‍ നഷ്ടപ്പെട്ട്, നിങ്ങള്‍ ആദര്‍ശവാനായൊരു വിഡ്ഢിയായി, ചരിത്രത്തില്‍ ഒരു തെളിമയില്ലാ ചിത്രമായി കുറച്ചു കാലം നിന്നേക്കാം, പുതിയ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കി, ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് വീണുപോകും വരെ.
ഇനി നിങ്ങള്‍ ആദര്‍ശമുപേക്ഷിച്ച് പ്രാണന്‍ സംരക്ഷിച്ചു വെന്നിരിയ്ക്കട്ടെ, ജീവിതത്തിന്റെ ചൈതന്യം നഷ്ടപ്പെട്ട്, ജീവനോത്സവത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട്, ഉള്‍നീറ്റത്തോടെ, പരിഹാസപാത്രമായി നിങ്ങള്‍ സമൂഹത്തിനു മുന്നില്‍ നില്‍ക്കും.
മഹാപാപിയായൊരുവന്‍ ആദ്യത്തെ കല്ലെറിയും. ആത്മനിന്ദയാലും, കുറ്റബോധത്താലും നീറി നിങ്ങള്‍ക്ക് ചരിത്രത്തിലേയ്ക്ക് മായാം.

ഇനി, നിങ്ങള്‍ തെറ്റു ചെയ്യുക എന്ന ഓപ്ഷനാണെടുക്കുന്നതെന്നിരിയ്ക്കട്ടെ, നിങ്ങളോ, സമൂഹമോ, പലപ്പോഴും രണ്ടും ചേര്‍ന്നോ നിങ്ങളെ വിധിയ്ക്കുകയായി.
അവസാന യാത്ര അതേ വഴിയിലൂടെ തന്നെ.
അതെ, എവിടെ വഴി പിരിഞ്ഞു പോയാലും, ആത്മനിന്ദയാല്‍, നിരാശയാല്‍ തല താഴ്ത്തി, ഇടുങ്ങിയ ഇടവഴികളിലൂടെ, എവിടെ, എവിടെ, എവിടെയാണു കണക്കുകൂട്ടലുകള്‍ പിഴച്ചു പോയതെന്നാലോചിച്ച്.......

"നിങ്ങളൊന്ന് എന്റെ ഹൃദയത്തോട് ചെവി ചേര്‍ത്തു വയ്ക്കുമോ!"
ഒരിയ്ക്കല്‍ അയാള്‍ തന്റെ ഡയറി മടക്കിവച്ചു കൊണ്ട് പറഞ്ഞു
"അതിന്റെ മിടിപ്പിലെനിയ്ക്കവരാേടുള്ള സ്‌നേഹമുണ്ട്"
അയാളുടെ കണ്ണിലെ തിളക്കം കണ്ണീരിന് ചിരി കൊണ്ട് വിളക്കു വച്ചപ്പോഴുണ്ടായ ഒന്നായി തോന്നി

"എനിയ്‌ക്കൊരുപകാരം ചെയ്യുമോ?"
"എന്താണെന്നു പറയൂ"
"ഒരു വക്കീലിനെ കണ്ടു പിടിച്ചു തരണം. വില്‍പത്രം എഴുതി വയ്ക്കാനാണ്!"
"നോക്കട്ടെ, നേരിട്ടു പരിചയമില്ല, അന്വേഷിയ്‌ക്കേണ്ടി വരും"
"ആയ്‌ക്കോട്ടെ"
പിന്നീട് അറിഞ്ഞു, ഭീമമായ സ്വത്തിന്റെ നേര്‍ പാതി, നല്ലപാതിയാവാന്‍ അദ്ദേഹം കണ്ടെടുത്ത ആള്‍ക്ക്!
മറുപാതി, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കും.
കേട്ടു നിന്ന എന്റെ കണ്ണുപൊള്ളി, മൂക്കു നീറി, തൊണ്ട വിറച്ചു....

പിറ്റേന്ന്, ഇരുപത്തിയേഴു മുതല്‍ തുടങ്ങിയ ഒരു പരീക്ഷണം അമ്പതുകളുടെ പടിയും താണ്ടി, ചലനമറ്റ് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്നു, പരീക്ഷണം തകര്‍ത്ത ഹൃദയവുമായി.

ദേഹം പൊതുശ്മശാനത്തിലേയ്ക്ക്!
ആരുമില്ലാത്തൊരാള്‍ക്ക് കൂട്ടു പോകണമെന്നു തോന്നിയതിനാല്‍ മൃതദേഹത്തെ അനുഗമിച്ചു.

തിരിച്ചു വരുമ്പോള്‍ വാര്‍ഡില്‍ നിന്ന് അയാളുടെ ചെറിയ ചെറിയ സാധനങ്ങള്‍ ആരോ മേശപ്പുറത്തു വച്ചിരുന്നു. കണ്ണട, വാച്ച്, പഴ്‌സ്, ഡയറി...

അലസമായി ഡയറിയുടെ പേജുകള്‍ മറിച്ചു. മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് ഒളിച്ചു നോക്കുമ്പോഴുള്ള ജാള്യതയുണ്ടായിരുന്നു.

മറക്കാതിരിക്ക,
സ്‌നേഹത്താല്‍ തടുത്തവരെ!
(നീ) തോല്‍ക്കുമ്പോള്‍ ഉള്ളു നൊന്തു പിടഞ്ഞു പോയവരെ
ഞാന്‍ തന്നെ നീയെന്നും,
അല്ലാ എനിക്കെന്നേക്കാള്‍ മേലെയാണു നീ
എന്നും ചൊല്ലാതെ ചൊന്നവരെ
മറക്കാതിരിക്ക!

ജന്മനക്ഷത്രങ്ങള്‍ തോറും ദേവതകള്‍ക്കു മുന്നില്‍ കരഞ്ഞു നിലവിളിച്ചു പ്രാര്‍ത്ഥിച്ചത് ലക്കുകെട്ട ഓട്ടത്തിനിടയില്‍ വീണുപോവല്ലെ എന്നായിരുന്നു.
ദിനവും പലവട്ടം പല രൂപത്തില്‍ എഴുതിയും ജപിച്ചും പേരോതിയത് നീണ്ട ആയുസ്സിനു വേണ്ടിയായിരുന്നു.
എന്നിട്ടും യമധര്‍മ്മന്‍ നിന്നെ മുന്നേ കൂട്ടിപ്പോയാല്‍ പാതാള ലോകത്തു വന്നു തിരിച്ചു കൊണ്ടുവരണമെന്ന തിരുമാനമുണ്ടായിരുന്നു.
ദൈവങ്ങള്‍ വിചിത്രസ്വഭാവികളാണ്. ശിക്ഷ വിധിയ്ക്കുകയും, ഇളവു ചെയ്യുകയും ചെയ്യും.
മെമ്മോ ഇഷ്യു ചെയ്യുകയും അതിന്റെ മറുപടി സ്വയം തയ്യാറാക്കിത്തരികയും ചെയ്യുന്ന കൂട്ടര്‍.

നോവൊരാള്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നെങ്കില്‍, ഞാനതു നിന്നില്‍ നിന്നു നിര്‍ബന്ധമായും ഏറ്റുവാങ്ങിയേനെ.
അപരിചിതത്വം നിറഞ്ഞ നിന്റെ നോട്ടത്തിനു മുന്നില്‍ പതറിപ്പോവുന്നത് സത്യമേത് മിഥ്യയേതെന്ന തിരിച്ചറിവില്ലാഞ്ഞാണ്.

ഓരോ തവണയും ഭാവങ്ങളൊന്നും പൂക്കാത്തൊരാ കണ്ണിലേയ്ക്ക് നോക്കി യാത്ര പറഞ്ഞിറങ്ങുമ്പോഴും അരക്കിട്ടുറപ്പിയ്ക്കും,
ഇല്ല ഇനിയില്ലീ തണുപ്പിലേയ്ക്ക്, നിശ്ചലതയിലേയ്ക്ക്, വ്യര്‍ത്ഥമാം ജീവിതത്തിലേയ്ക്ക്, സംഭാഷണങ്ങള്‍ തളിര്‍ക്കാത്ത, പൂക്കാത്ത മുള്‍ക്കാട്ടിലേയ്ക്ക്......
പക്ഷെ, ഒരേകാകിയുണ്ടവിടെ, ഹൃദയം തുറക്കാത്ത, തുറക്കാനറിയാത്ത, തുറക്കാമെന്നു പോലുമറിയാത്തൊരാള്‍...
പിന്‍തുടര്‍ന്നെത്തുന്ന ഏകാകിയുടെ പൊള്ളുന്ന നോട്ടം......
ആ തണുത്ത മരുഭൂമിയില്‍ തനിച്ചിരുത്തിപ്പോരാനാകില്ല...
വീണ്ടും യാത്രകള്‍, വ്യര്‍ത്ഥത, തണുപ്പ്, നിശ്ചലത.....
,നിരാസത്തിന്റെ നോവ് പൊള്ളിച്ചുകൊണ്ടേയിരിയ്ക്കും.
പുറമെ ഒരു തിണര്‍പ്പുപോലും കാണാനാവില്ല. അനുഭവസ്ഥനു മാത്രം വേദ്യമാവുന്ന ചുട്ടു നീറ്റല്‍.
ചിരി കൊണ്ടതിനെ പുതപ്പിയ്ക്കൂ, ചുളിവു വീണ ചിരി നിങ്ങള്‍ കാണും.
കണ്ണീരാല്‍ കഴുകിയാല്‍, കണ്ണുനീരാവി നിങ്ങള്‍ കാണും.
കനത്ത മൗനത്തിലതിനെയടച്ചാല്‍, ഉള്ളിലതുഴറിപ്പറക്കുന്ന ചിറകടിയൊച്ച നിങ്ങളെ ഉറങ്ങാനനുവദിയ്ക്കാതുയരും.
നിങ്ങള്‍ സ്വയം ചോദിച്ചു കൊണ്ടേയിരിയ്ക്കും,
എന്തിന്?
എന്തുകൊണ്ട്??
ഉത്തരമൊരിയ്ക്കലും ലഭിയ്ക്കില്ല നിങ്ങള്‍ക്ക്.

നിരാസം, വെറും തിരസ്ക്കാരം മാത്രമായതിനാല്‍.
അതിനൊരുത്തരം ആരുടെയും ഭാരമല്ലാത്തതിനാല്‍.

നീയെന്തിനാണെന്നെയിങ്ങനെ പരിഹാസപ്പെരുമഴയില്‍ നിര്‍ത്തിയിരിയ്ക്കുന്നത്?
നീ മറന്നുകളഞ്ഞൊരെന്നെ,
ഞാനോര്‍ക്കുന്നതെന്തിനാണ്?

ഭൂതത്തിന്റെ ഭാരം ചുമക്കാതെ യാത്ര ചെയ്യൂ, യാത്ര സുഖകരമാവും എന്ന് ആരോ...
ഭൂതം രൂപപ്പെടുത്തിയ വര്‍ത്തമാനത്തില്‍ ഭൂതത്തെ മറക്കുവതെങ്ങിനെ?
മറന്നാലും ഓര്‍മ്മിപ്പിച്ചു കൊണ്ട് മുള്‍പ്പൂക്കള്‍ വഴി നീളെ വാരി വിതറിയിട്ടുണ്ടവ, അതു ചവിട്ടാതെ നടക്കാനാര്‍ക്കാവും?
വലതു പിരിഞ്ഞൊഴുകുന്ന ആറിന്റെ കരയിലെ കല്‍പ്പടവില്‍ തനിയെ ഇരുന്നു. ഒരിയ്ക്കലും തനിച്ചു വരില്ലെന്നു തീരുമാനിച്ചതായിരുന്നു. ഇനി തനിച്ചേയുള്ളൂ എന്ന അറിവില്‍..... ചെയ്യാനുള്ളതൊന്നും ബാക്കി വയ്ക്കരുതെന്ന നിര്‍ബ്ബന്ധത്തോടെ വന്നതാണ്
കല്‍പ്പടവിലൊന്നിലൂടെ കടന്നുപോയ കാറ്റുമൊഴിയുന്നു
"ഐ ഹാവ് ബീന്‍ ഇന്‍റ്റോക്‌സിക്കേറ്റഡ് ഫോര്‍ ദിസ് ഫോര്‍ ഇയേര്‍സ്...."
തൊണ്ടയടയ്ച്ചു പോയി....
മനസ്സില്‍ തെളിഞ്ഞത് ഭാവ രഹിതമായ ഇന്നത്തെ നോട്ടം.
നന്നായി പരിശീലിച്ച് വിദഗ്ദ്ധമായി അവതരിയ്പ്പിയ്ക്കുന്ന പോലെ തോന്നുന്ന ഒന്ന്.
കൃത്യമായി എവിടെ അടിയ്ക്കണം വേദന കൊണ്ട് പുളഞ്ഞു പോകാന്‍ എന്നറിയുന്ന വൈദഗ്ദ്ധ്യം.
ഓടക്കുഴലുമായി ഇരുവര്‍ തിരിച്ചു നടന്ന വഴിയിലൂടെ തനിച്ചു നടക്കുമ്പോള്‍ കാലില്‍ തറച്ചൊരു മുള്ള്.....
ഓര്‍മ്മമുള്ള്.

നീ പതിപ്പിച്ചു പോയ കാലടിപ്പാടുകള്‍, ജീവിത മഴയൊഴിയും നേരത്ത്.
നിന്നില്‍ നിന്നടര്‍ന്നു വീണ വിയര്‍പ്പുതുള്ളികള്‍
ജീവിത വേനലകലും കാലത്ത്
നിന്നില്‍ നിന്നടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍
ജീവിത ശിശിരം പിരിഞ്ഞു പോം കാലത്ത്.
നിന്റെ പുഞ്ചിരി, ജീവിത വസന്തമകന്നു പോം കാലത്ത്....
ഇനിയൊരല്‍പ്പദൂരം, വളരെ കുറഞ്ഞ നേരം....
തനിയെ നടന്നു തീര്‍ത്തോളാം.
നന്ദി പറയാന്‍ മറന്നുവെന്നാലോ എന്ന് കഴിഞ്ഞില്ലെന്നാലോ എന്ന്...
നേരത്തേ കുറിച്ചു പോകുന്നു.
നാലു ഋതുക്കളാലുമെന്നെ പുതപ്പിച്ചതിന്, എന്‍ ജീവനേ നന്ദി.

പറയുക,
എങ്ങിനെയാണ് നാം നമ്മെ അടയാളപ്പെടുത്തുക?
പുരാതനമായൊരാചാരത്താല്‍ ബന്ധിതരെന്നോ?
പരസ്പരം കൊളുത്തിയ തിരിനാളങ്ങളെന്നോ?
തമ്മില്‍ കുളിര്‍പ്പിച്ച തീത്തുള്ളികളെന്നാേ?
അതോ,
പരസ്പരം അടയാളപ്പെടുത്തേണ്ടതില്ലാത്തവരെന്നോ നാം?

ഇറങ്ങിപ്പോവുമ്പോള്‍ അടയാളങ്ങള്‍ അവശേഷിപ്പിയ്ക്കരുത്!
പാദമുദ്രകള്‍ മായ്ക്കാന്‍ കടലിനെ പിന്‍ നടത്തുക!
കാഴ്ചകളുടെ തുടര്‍ച്ചയകറ്റാന്‍, സ്വന്തം വിഴുപ്പിന്റെ മാറാപ്പ് ചുമന്ന്, ജീവിതഗന്ധങ്ങളകറ്റി, ഇടിമിന്നലിനു മുന്നേ നടക്കുക
ശബ്ദമുദ്രകള്‍ മുക്കാന്‍ ഇടിയൊച്ചകള്‍ ധാരാളം !
പിന്‍തിരിഞ്ഞു നോക്കരുത്, മുന്നോട്ടു മാത്രം നോക്കുക!
പിന്‍വിളികള്‍ക്ക് കാതോര്‍ക്കരുത്!
ഓര്‍മ്മകള്‍ മായ്ക്കാന്‍.......
ജാലകങ്ങളെല്ലാം കൊട്ടിയടച്ച്, വാതില്‍ തഴുതിട്ട് മാത്രം പടിയിറങ്ങുക!
പുതിയ കാല്‍ത്തളിരുകള്‍ പതിയാന്‍, ഭൂമിയെ കഴുകിയിട്ട് കടന്നു പോകുമ്പോള്‍ അടയാളങ്ങളേതുമവശേഷിപ്പിയ്ക്കാതെ തന്നെ പോവുക!

കണ്ണീരു നിറഞ്ഞ് അക്ഷരങ്ങള്‍ മായാന്‍ തുടങ്ങിയപ്പോള്‍ അതിനെ നെരിപ്പോടിലിട്ട് എരിയിച്ചു കളഞ്ഞു.
അന്നെടുത്ത ശപഥമാണ്!
രോഗികളോട് ആത്മ ബന്ധമരുത്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക