Image

ഗവർണർ ഉറങ്ങാത്ത മഹാരാഷ്ട്ര; പ്രസിഡൻറ്റ് ഉറങ്ങാത്ത ഡൽഹി (വെള്ളാശേരി ജോസഫ്)

Published on 25 November, 2019
ഗവർണർ ഉറങ്ങാത്ത മഹാരാഷ്ട്ര; പ്രസിഡൻറ്റ് ഉറങ്ങാത്ത ഡൽഹി (വെള്ളാശേരി ജോസഫ്)
എപ്പോഴാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി. തങ്ങളെ പിന്തുണയ്ക്കുന്ന എം.എൽ.എ.-മാരുടെ ലിസ്റ്റ് ഗവർണർക്ക് നൽകിയത്? എപ്പോഴാണ് പ്രസിഡൻറ്റ് കേന്ദ്ര ക്യാബിനെറ്റിൻറ്റെ ശുപാർശയിൽ മഹാരാഷ്ട്രയിലെ തൻറ്റെ ഭരണം പിൻവലിച്ചത്? ആരുമറിയാതെ അതിരാവിലെ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ ക്ഷണിച്ചത് എങ്ങനെയാണ്? ഇൻഡ്യാ മഹാരാജ്യത്ത് ഇനിയിപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല.

ഇപ്പോൾ സുപ്രീം കോടതി പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു എന്ന് സംശയിക്കണം. സുപ്രീം കോടതിയുടെ മഹാരാഷ്ട്ര വിഷയത്തിൽ ഉത്തരവ് നീളുന്നതിൻറ്റെ കാരണമെന്താണ്? വിവിധ പാർട്ടികൾ അവരുടെ താൽപര്യത്തിനായി വാദങ്ങൾ ഉന്നയിക്കുമ്പോൾ അടിയന്തിരമായി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുവാൻ ആവശ്യപ്പെടുകയല്ലേ സുപ്രീം കോടതി ചെയ്യേണ്ടത്? അതല്ലേ നീതിബോധം? നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കുന്നതാണ് ജനാധിപത്യ മര്യാദ. 24 മണിക്കൂറിനുള്ളിൽ ഫ്ലോർ ടെസ്റ്റ് നടത്തുകയാണ് സത്യത്തിൽ വേണ്ടത്. അതിനു പകരം ഓരോരോ കാരണങ്ങൾ പറഞ്ഞു സുപ്രീം കോടതി മഹാരാഷ്ട്ര വിഷയത്തിൽ ഉത്തരവ് നീട്ടി വെക്കുന്നു. ഫലത്തിൽ ഈ വിഷയത്തിലുള്ള കോടതിയുടെ നിലപാടില്ലായ്മാ കുതിരക്കച്ചവടത്തിനുള്ള സകല സാധ്യതകളും ഒരുക്കുന്നു. സമയം നീട്ടിക്കൊടുക്കുന്നത് വഴി എം.എൽ.എ. - മാരെ വിലക്കെടുക്കുവാനുള്ള സമയമാണ് കിട്ടുന്നത് എന്നുള്ളത് കേവലം സാമാന്യ യുക്തി മാത്രമാണ്.  

'അച്ഛാ ദിൻ' സമാഗതമായപ്പോൾ ബി.ജെ.പി. പരസ്യമായി  MLA-മാരെയും, MP-മാരെയും വിലക്കെടുക്കുകയാണ്. ആർക്കും ഒരു പരാതിയും ഇല്ലാ. കർണാടകത്തിൽ കുറച്ചു നാൾ മുമ്പ് നടന്ന 'ഓപ്പറേഷൻ താമരയിൽ' ശതകോടികളാണ് മറിഞ്ഞത്. ഇങ്ങനെ ശതകോടികളും, സഹസ്ര കൊടികളും പരസ്യമായി മറിയുമ്പോൾ മാധ്യമങ്ങളും കോടതികളും ഒന്നും മിണ്ടുന്നില്ല. പണ്ട് കോൺഗ്രസിനെ അഴിമതി കാര്യത്തിൽ വിമർശിക്കുവാൻ മുൻകൈ എടുത്തിരുന്ന ആം ആദ്മി പാർട്ടിക്കാരും, കമ്യൂണിസ്റ്റുകാരും ശതകോടികളും, സഹസ്ര കൊടികളും മറിയുന്നത് നോക്കി നിൽക്കുകയാണ്. ബി.ജെ.പി. പരസ്യമായി MLA-മാരെയും, MP-മാരെയും വിലക്കെടുക്കുമ്പോൾ കുറഞ്ഞപക്ഷം പ്രസ്താവനകളിലൂടെ എങ്കിലും ഒന്ന് വിമർശിക്കേണ്ട ധാർമിക ഉത്തരവാദിത്ത്വം അഴിമതി വിരുദ്ധ പ്രതിച്ഛായ കാത്തു സംരക്ഷിക്കുന്ന ഈ പാർട്ടികൾക്കില്ലേ?

1989 - ൽ സി.പി.ഐ. -യുടെ മിത്രാസെൻ യാദവ് അയോദ്ധ്യ ഉൾപ്പെടെയുള്ള ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് ലോക്സഭാ എം.പി. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. AlTUC/ CITU / CPI(M), CPI - എന്നീ പ്രസ്ഥാനങ്ങളുടെ ചെങ്കൊടികൾ ഒരുകാലത്ത് അയോധ്യയിൽ പാറിപ്പറന്നിട്ടുണ്ട്. ജാതി-മത ശക്തികൾ  1990-നു ശേഷം ഇന്ത്യയിൽ പിടി മുറുക്കിയപ്പോൾ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്. ബീഹാറിൽ ലാലു പ്രസാദ് യാദവും, ഉത്തർപ്രദേശിൽ മുലായം സിങ്ങും മായാവതിയുമെല്ലാം അധികാരം പങ്കിട്ടെടുത്തപ്പോൾ പിന്നോക്കം പോയത് ഒരുകാലത്ത് ഇന്ത്യയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷമാണ്. ആസൂത്രിതവും സംഘടിതവുമായി ചാപ്പ അടിച്ച് ജെ.എൻ.യു. - വിനേയും, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയേയും, ജാദവ്പൂർ യൂണിവേഴ്‌സിറ്റിയേയും ഒക്കെ മോശമാക്കുമ്പോഴും നഷ്ടം സംഭവിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്. സുപ്രീം കോടതിയുടെ അയോദ്ധ്യ കേസിലുള്ള വിധിയും ഏറ്റവും വലിയ നഷ്ടം സമ്മാനിക്കുന്നത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്. അതൊക്കെ അവർ തിരിച്ചറിയുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്.

കമ്യുണിസ്റ്റ്കാരുടെ ഒരു ധാരണ കേരളത്തിലെ പോലെ 'അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സിലൂടെ' ബി.ജെ.പി. - യേയും, സംഘ പരിവാറിനേയും നേരിടാം എന്നാണ്. അതാണെന്ന് തോന്നുന്നു കമ്യൂണിസ്റ്റ്കാർ കോൺഗ്രസിനെതിരെ എന്ന പോലെ ബി.ജെ.പി. - യുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന മുടിഞ്ഞ അഴിമതിയോട് പ്രതികരിക്കാത്തത്. സത്യത്തിൽ പശ്ചിമ ബംഗാളിലെ മമതാ ബാനർജിയെക്കാൾ വലിയ അപകടകാരിയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാർക്ക് ബി.ജെ.പി. - യും, സംഘ പരിവാറും. അത് അവർ ഇപ്പോഴും തിരിച്ചറിയുന്നില്ല. സംഘ പരിവാർ ശക്തികൾ പൂർണ അർഥത്തിൽ വളർന്നാൽ അവർ കമ്യൂണിസ്റ്റ്കാരേയും കൊണ്ടേ പോകൂ. എല്ലാ വലതു പക്ഷ പാർട്ടികളും, മത പാർട്ടികളും കമ്യൂണിസത്തിനും, യുക്തി വാദത്തിനും എതിരാണ്. ഹിറ്റ്ലറിൻറ്റെ ജെർമനിയിലും, അയൊത്തൊള്ള ഖൊമേനിയുടെ ഇറാനിലും ലക്ഷകണക്കിന് കമ്യൂണിസ്റ്റ്കാരെയാണ് കൊന്നൊടുക്കിയത്. നാസികൾ വളർന്നപ്പോൾ റോസാ ലക്സംബർഗിനടക്കം പലർക്കും ജീവൻ നഷ്ടപ്പെട്ടു. പാക്കിസ്ഥാനിലും ഇറാനിലും ഒരുകാലത്ത് കമ്യുണിസ്റ്റ് പാർട്ടി സജീവമായിരുന്നു. ഇന്ന് അവരുടെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ അതുപോലെ തന്നെ ബി.ജെ.പി. - യും, സംഘ പരിവാറുകാരും കമ്യൂണിസ്റ്റ്കാരോട് ഒരു മമതയും കാണിച്ചിട്ടില്ല. യുക്തി വാദികളായ അനേകം പേർ കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടു. അത് കൂടാതെ അർബൻ നക്സലുകളെ ഉൻമൂലനം ചെയ്യുക എന്നുള്ളത് സംഘ പരിവാറുകാരുടെ പ്രഖ്യാപിത നയമാണ്. അർബൻ നക്സലുകൾ എന്ന് വിളിപ്പേരുള്ളവർ കേരളത്തിലെ മാവോയിസ്റ്റുകളെ പോലെ ആയുധമേന്തി നടന്നവർ അല്ലാ; മറിച്ച് കമ്യുണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചർ മാത്രമാണെന്നുള്ളത് പ്രത്യേകം ഓർമിക്കേണ്ടതാണ്. ആ വകുപ്പിൽ വിചാരണ പോലും ആരംഭിക്കാതെ പലരും രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൊല്ലംകാരൻ റോണാ വിൽസണും ആ കൂട്ടത്തിലുണ്ട്. ജെയിലിൽ കിടക്കുന്ന കൂട്ടാളികളെ എങ്കിലും കമ്യൂണിസ്റ്റ്കാർ വല്ലപ്പോഴുമെങ്കിലും ഓർക്കണം.

ദേശീയ മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്തിരിക്കുന്നതുകൊണ്ട് ബി.ജെ.പി.-ക്ക് പല  പരസ്യമായ അഴിമതി കഥകളൊക്കെ വാർത്തകളാകാതെ  മൂടി വെക്കാൻ സാധിക്കുന്നുണ്ട്. പക്ഷെ കണ്മുന്നിൽ കാണുന്നത് നിഷേധിക്കാൻ എങ്ങനെ പറ്റും? കർണാടകത്തിൽ 'ഓപ്പറേഷൻ താമര' നടപ്പാക്കിയപ്പോൾ കൂറുമാറിയ MLA-മാരെ താമസിപ്പിച്ചത് ഒരു മുംബൈ ഹോട്ടലിൽ ആയിരുന്നു. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ശിവകുമാർ ആ ഹോട്ടലിൽ ചെന്നപ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫഡ്‌നാവിസ് വൻ പോലീസ് സന്നാഹം വിന്യസിപ്പിച്ച് ശിവകുമാറിനെ MLA-മാരെ കാണുന്നതിൽ നിന്നകറ്റി. ഇപ്പോൾ ഒരുമിച്ചു മത്സരിച്ചിട്ടും ശിവസേന ബി.ജെ.പി.-ക്ക് എതിരായത് എന്തുകൊണ്ടാണ്? ശിവസേന കൂടുതൽ ഡിമാൻഡുകൾ വെച്ചപ്പോൾ ബി.ജെ.പി. MLA-മാരെ വിലക്കെടുക്കാൻ നോക്കി. ഒരു MLA-ക്ക് 50 കോടി വരെ ആയിരുന്നു വാഗ്ദാനം ചെയ്തത് എന്നാണ് ശിവസേന നേതാക്കൾ പരസ്യമായി പറയുന്നത്. കർണാടകത്തിൽ നിന്നുള്ള MLA-മാർക്ക് 200 കോടി വരെ ആയിരുന്നു ഓഫർ എന്ന് ചില TV  ചാനലുകളിലൊക്കെ വാർത്ത വന്നിരുന്നു. പിന്നീട് ആ വാർത്തയൊക്കെ മുക്കി. ഈയിടെ കർണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അമിത് ഷാ ആയിരുന്നു ആ കൂറുമാറ്റത്തിനുള്ള എല്ലാ ആസൂത്രണവും നടത്തിയത് എന്ന് പരസ്യമായി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിൽ ബി.ജെ.പി. ചെലവഴിക്കുന്നത് പോലെ പണം മറ്റാരും ചെലവഴിക്കുന്നത് ആർക്കും കാണാൻ കഴിയില്ല. നേതാക്കൾക്ക്   ഹെലികോപ്ട്ടറിലും, ചാർട്ടേർട് വിമാനങ്ങളിലും പറന്നു നടക്കാൻ ഉള്ള പണം, മുഴുവൻ ദേശീയ പത്രങ്ങളിലും രണ്ടും മൂന്നും പേജ് നീളത്തിൽ പരസ്യം ചെയ്യാനുള്ള പണം, വൻ തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ, റാലികൾ, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം - ഇതിനൊക്കെ ഉള്ള പണം ബി. ജെ.പി.-ക്ക് എവിടുന്നു വരുന്നു? ഇതിനെക്കുറിച്ചൊക്കെ ചോദിക്കുകയാണെങ്കിൽ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ചായയടി മാഹാത്മ്യം പറയാൻ തുടങ്ങും. കക്ഷി മുഖ്യ മന്ത്രിയായതിൽ പിന്നെ ചാർട്ടേഡ് ഫ്ളൈറ്റിൽ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ഇപ്പോഴാകട്ടെ സഞ്ചരിക്കുന്നത് 7 സ്റ്റാർ സൗകര്യമുള്ള വിമാനത്തിലും. പിന്നെ ഈ ചായയടി പോലുള്ള വിലകുറഞ്ഞ മറുപ്രചാരണം നയിക്കുന്നത് സിമ്പതി പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ അടവാണെന്ന് ആർക്കാണ് അറിയാത്തത്? അല്ലെങ്കിൽ തന്നെ ഇന്ത്യൻ കോർപ്പറേറ്റുകളോട് ഏറ്റവും അടുപ്പമുള്ള ഒരു നേതാവും, പാർട്ടിയും എങ്ങനെയാണ് ദരിദ്രർ ആകുന്നത്? ബി.ജെ.പി. തിരഞ്ഞെടുപ്പുകളിൽ ചിലവാക്കുന്ന പൈസയും, മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കാൻ ഒഴുക്കുന്ന ഭീമമായ തുകയും നോക്കിയാൽ ഈ ദാരിദ്രാവസ്ഥയുടെ പൊള്ളത്തരം ആർക്കും വ്യക്തമാകില്ലേ? മറ്റു പാർട്ടികളിൽ അഴിമതി ആരോപിച്ച് കള്ളപ്പണത്തിൻറ്റെ കുത്തക സ്വയം ഏറ്റെടുക്കക എന്ന രാജ്യസേവനം മാത്രമേ ബി.ജെ.പി. ഇന്ത്യയിൽ ചെയ്തു കൂട്ടിയിട്ടുള്ളൂ.

പണ്ട് ഡോക്ടർ മൻമോഹൻ സിങ്ങിനെയാണെങ്കിൽ നെയ്യഭിഷേകം, പാലഭിഷേകം എന്നൊക്കെ പറയുന്നത് പോലെ സോഷ്യൽ മീഡിയയിൽ കൂടി സംഘ പരിവാറുകാർ തെറിയഭിഷേകം നടത്തുമായിരുന്നു. പണ്ട് ഡോക്ടർ മൻമോഹൻ സിങ്ങിനെ സംഘ പരിവാറുകാർ പരസ്യമായി വിളിച്ച തെറികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്നുണ്ട്. മോഡി തന്നെ ഡോക്ടർ മൻമോഹൻ സിങ്ങിനെ പലവട്ടം പരസ്യമായി കളിയാക്കി. എല്ലാ ബി.ജെ.പി. നേതാക്കളും മാറി മാറി അദ്ദേഹത്തെ കളിയാക്കി. അപ്പോഴും മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്നു. ഇപ്പൊ പ്രധാനമന്ത്രിക്കെതിരെ ചെറിയ ഒരു വിമർശനം വരുമ്പോഴേക്കും അവരൊക്കെ രാജ്യദ്രോഹികൾ!!! ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ആധാർ പദ്ധതി അമേരിക്കയുടെ സെൻട്രൽ ഇൻറ്റലിജൻസ് ഏജൻസിക്ക് വേണ്ടിയാണെന്നായിരുന്നു (സി.ഐ.എ.-ക്ക്) ഒരു പ്രധാന ആക്ഷേപം. ഇങ്ങനെ ആക്ഷേപിച്ച ബി.ജെ.പി. തന്നെ ഇപ്പോൾ ആധാർ നെഞ്ചോട് ചേർക്കുന്നു. എല്ലാ സർക്കാർ പദ്ധതികൾക്കും ആധാർ നിർബന്ധമാക്കുന്നു. വളരെ വിചിത്രമല്ലേ ഇപ്പോൾ കാര്യങ്ങൾ???

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക