Image

ആത്മാക്കള്‍ക്ക് ഉറങ്ങാന്‍ ഒരിടം- (സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 29 November, 2019
ആത്മാക്കള്‍ക്ക് ഉറങ്ങാന്‍ ഒരിടം- (സുനീതി ദിവാകരന്‍)
സമയമെത്തും മുമ്പ് ജീവിതം ഒടുക്കിയവരുടെ
ആത്മാക്കളെ പരാതികളില്ലാതെ
ഭയമില്ലാതെ നെഞ്ചിലേറ്റിയിരുന്നു
ഇവിടത്തെ പുഴകളും, മരങ്ങളും
മലകളുടെ താഴ വരകളും.
പുഴകളില്‍ ആഴവും, ചുഴികളും
മണലുമില്ലാതായപ്പോള്‍
അവശേഷിച്ച വരണ്ട കുഴികളിലെ
പൊള്ളുന്ന ചൂട് സഹിയ്ക്കാതായപ്പോള്‍
ആത്മാക്കള്‍ പിടഞ്ഞെണീറ്റ് ഓടുകയാണ്
തലചായ്ക്കാന്‍ മറ്റൊരു കൂടുതേടി അലയുകയാണ്.
മലകള്‍ നിരന്നപ്പോള്‍, താഴ് വരകള്‍
കല്ലുവെട്ടുന്ന ശബ്ദത്തില്‍ മുങ്ങിയപ്പോള്‍
അവിടെയും ആത്മാക്കള്‍ക്ക് സ്വസ്ഥതയില്ലാതായി
തൂങ്ങി ആടിയായി ഉറങ്ങിയ  മരങ്ങള്‍
നിലം പൊത്തിയപ്പോള്‍ ആത്മാക്കള്‍ക്ക്
കുടിയൊഴിയേണ്ടി വന്നു വീണ്ടും
അവരിന്ന് സ്വസ്ഥമായൊന്നുറങ്ങാന്‍
ഒരിടമില്ലാതെ അലയുകയാണ്
ഉറക്കില്‍ അരികത്തൊരനക്കം
തോന്നിയാല്‍ ഒന്നു നീങ്ങിക്കിടന്ന്
അവര്‍ക്കിത്തിരി സ്ഥലമൊരുക്കുക
എല്ലാം മറന്ന് ഇത്തിരിനേരം
അവരും ഒന്നുറങ്ങട്ടെ.

Join WhatsApp News
ആത്മരോദനം 2019-11-29 13:21:48
എന്റെ ശരീരത്തിൽ നിന്ന് ഞാൻ 
സ്വതന്ത്രനായപ്പോൾ, അന്നാണ് 
ഞാൻ ഏറ്റവും സന്തോഷിച്ചത് 
കാരണം യഥാർത്ഥ സ്വാതന്ത്ര്യത്തിന്റ 
തേൻകണങ്ങൾ അന്നാണ് 
ഞാൻ നുണയാൻ തുടങ്ങിയത് . 
പക്ഷെ അധികനാൾ എനിക്ക് 
അതിന് കഴിഞ്ഞില്ല 
അതിനു മുൻപേ അവർ എന്നെ 
ഒരു വലിയ പാലമരത്തിൽ 
ആണി അടിച്ചു തറച്ചു നിറുത്തി 
എന്നെ ഇപ്പോൾ കണ്ടാൽ 
ക്രൂശിൽ തൂങ്ങി നിൽക്കുന്ന 
യേശു ദേവനെപ്പോലെയുണ്ട് 
എന്റെ ചുറ്റും രക്ഷപ്പെടാൻ 
കൊതിക്കുന്ന ഒത്തിരി ആത്മാക്കൾ 
തൂങ്ങി നിൽക്കുന്നു.
ഞങ്ങൾ എല്ലാവരും കൂടി 
ചിലപ്പോൾ ഈ പാല മരം പിടിച്ചു 
കുലുക്കാറുണ്ട് പക്ഷെ ആരു കേളക്കാനാണ്. 
ചില ചീട്ടുകളിക്കാർ ഇരുന്നു 
പറയുന്നത് കേൾക്കാം ഈ അലമരത്തറയിൽ 
എപ്പഴും നല്ല കാറ്റാണെന്ന് 
അവർക്കറിയുമോ ഞങ്ങൾ ആണി ഇളക്കാൻ 
ആൽമരം ഒരുമിച്ചു പിടിച്ചു കുലുക്കുന്നത്തതാണെന്ന് 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക