Image

ജര്‍മന്‍ മലയാളി ജോര്‍ജ് കോട്ടേക്കുടി ചിരകാലാഭിലാഷ പൂര്‍ത്തീകരണത്തില്‍

Published on 29 November, 2019
ജര്‍മന്‍ മലയാളി ജോര്‍ജ് കോട്ടേക്കുടി ചിരകാലാഭിലാഷ പൂര്‍ത്തീകരണത്തില്‍

കൊച്ചി: മനസില്‍ കോറിയിടുന്ന വരകള്‍ വിരല്‍ തുന്പിലൂടെ പിറവിയെടുക്കുന്‌പോള്‍ ജര്‍മനിയിലെ അനുഗ്രഹീത ചിത്രകാരനായ ജോര്‍ജ് കോട്ടേക്കുടിയുടെ മുഖത്തുവിരയുന്ന പുഞ്ചിരി അതിനു ചിലപ്പോള്‍ സൂര്യനേക്കാള്‍ പ്രഭയുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മോളി കോട്ടേക്കുടി പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കാരണം ചിരകാലാഭിലാഷങ്ങള്‍ പൂര്‍ത്തിയാവുന്നത് അനുഗ്രഹ നിറവിലൂടെയാണ്. അത്തരമൊരു ധന്യമഹൂര്‍ത്തമാണ് ജോര്‍ജ് കോട്ടേക്കുടിയെ ഇപ്പോള്‍ ചാരിതാര്‍ത്ഥ്യനാക്കുന്നത്.

വിശുദ്ധ ചാവറയച്ചന്റെ ചിത്രം നിറക്കൂട്ടുകളുടെ വിന്യാസത്തില്‍ സ്വന്തം കൈകളാല്‍ മെനഞ്ഞെടുത്ത് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സിസ് ഡിക്‌സണ്‍ ഫെര്‍ണാണ്ടസിനെ കണ്ടു നേരിട്ടു നല്‍കിയതിന്റെ സന്തോഷത്തിലാണ് ജോര്‍ജ്.

ചെറുപ്പം മുതലേ നിറക്കൂട്ടുകളുടെ മാഹാത്മ്യം കണ്ടറിഞ്ഞ് ചിത്രകലയുടെ ലോകം സ്വന്തമായി ഒരുക്കിയ ജോര്‍ജ് ജര്‍മനിയിലെത്തിയിട്ടും തന്റെ സ്വാഭാവികമായ അഭിരുചി ഒട്ടും ചോരാതെ ഇപ്പോഴും ചിത്രകലാ രചനയില്‍ മുഴുകിയിരിയ്ക്കയാണ്. ജര്‍മനിയിലെ നോയസില്‍ താമസിയ്ക്കുന്ന ജോര്‍ജ് കോട്ടേക്കുടി നോയസ് നഗരത്തില്‍ നിരവധി തവണ താന്‍ മെനഞ്ഞ ചിത്രങ്ങള്‍ സ്വരുക്കൂട്ടി ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.കൂടാതെ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റെയും ചിത്രങ്ങള്‍ വരച്ചു നല്‍കിയിട്ടുണ്ട് ജോര്‍ജ്.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്‍ തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ചതും സംസ്‌കരിച്ചതും കൂനമാവിലെ സെന്റ് ഫിലോമിനാസ് ഫൊറോന പള്ളിയിലാണ്. അക്കാലത്ത് അദ്ദേഹം ഇടവക പുരോഹിതനായിരുന്നു. 2014 ല്‍ അച്ചനെ വിശുദ്ധനാക്കി കഴിഞ്ഞപ്പോള്‍ ശവകുടീരവും വിശുദ്ധന്റെ അവശിഷ്ടങ്ങളും അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലമായ മാന്നാനത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. എന്നാല്‍ 1837 ല്‍ നിര്‍മ്മിച്ച സെന്റ് ഫിലോമിനാസ് ഫൊറോന പള്ളി ചരിത്ര പ്രാധാന്യമുള്ളതും ഇപ്പോള്‍ വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രവുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക