Image

ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം `ദയ' ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം പുറത്തിറക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2011
ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം `ദയ' ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം പുറത്തിറക്കുന്നു
ന്യൂജേഴ്‌സി: ഈസ്റ്റ്‌മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ ഗായകസംഘം അഭിമാനപുരസരം അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്‌ചവെയ്‌ക്കുന്ന ഭക്തിഗാന സമാഹാരം `ദയ' 2011 ജൂലൈ പത്താം തീയതി ഈസ്റ്റ്‌മില്‍സ്റ്റോണ്‍ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച്‌, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു.

ക്രിസ്‌തീയ ഭക്തിഗാനങ്ങള്‍ക്ക്‌ പുതിയ രൂപവും ഭാവവും നല്‍കിയ ജോസുകുട്ടി, ഗാനരചനയിലും സംഗീതത്തിലും വളരെ പുതുമ നല്‍കി ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയ, തന്റെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച 12 ഗാനങ്ങളാണ്‌ `ദയ' എന്ന ആല്‍ബത്തിലുള്ളത്‌. ആലാപനശൈലിയിലുള്ള വൈവിദ്ധ്യത ഓരോ ഗാനത്തിലും പ്രകടമാണ്‌.

ആത്മവിശ്വാസം നഷ്‌ടപ്പെട്ട്‌, പാപമാര്‍ഗ്ഗങ്ങളില്‍ പതിച്ച്‌, ദുഖത്തില്‍ ഉഴലുന്നവര്‍ക്ക്‌ ദയാവായ്‌പായി, ആടുകള്‍ക്ക്‌ സ്വയമേകിയ നല്ലയിടയന്‍ കൂടെയുണ്ടെന്ന്‌ ഉത്‌ബോധിപ്പിക്കുന്ന, മനുഷ്യമനസ്സിന്റെ ആര്‍ദ്രഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍ `ദയ' ആല്‍ബത്തെ മറ്റു ഭക്തിഗാന ആല്‍ബങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു.

മലയാള ചലച്ചിത്ര ലോകത്തെ അത്ഭുതപ്രതിഭാസം, സംഗീത സംവിധായനകന്‍ എം. ജയചന്ദ്രന്‍ `ദയ' ആല്‍ബത്തില്‍ പാടി എന്നതും, ഒരു ദേവാലയം ഒരുക്കുന്ന ആദ്യത്തെ ആല്‍ബമെന്നതിലും `ദയ' പ്രത്യേകം ശ്രദ്ധനേടുന്നു.

പ്രശസ്‌ത പിന്നണിഗായകരായ കെസ്റ്റര്‍, അഫ്‌സല്‍, ജ്യോത്സന, ശ്വേത എന്നിവര്‍ക്കൊപ്പം അനുഗ്രഹീത ഗായകന്‍ പിറവം വില്‍സണും ഗായിക സൗമ്യയും ഗാനങ്ങള്‍ ആലപിക്കുന്നു. അതിരുകളില്ലാത്ത സ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്ന അഞ്ചു ഗാനങ്ങള്‍ക്ക്‌ ജോസുകുട്ടിയുടെ ഗാനരചനാപാടവം വിളിച്ചോതുന്നതാണ്‌. തന്റെ പൊന്‍തൂലികയില്‍ വിരിഞ്ഞ ഓരോ ഗാനവും തന്റെ ആത്മാവിന്റെ സംഗീതത്തില്‍ ലയിച്ചപ്പോള്‍ `ദയ'യിലെ ഗാനങ്ങളെല്ലാം സ്വര്‍ഗ്ഗീയപൂര്‍ണ്ണമായി.

തികച്ചും ദൈവ വചനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ഗാനങ്ങളില്‍ സങ്കീര്‍ത്തനത്തില്‍നിന്ന്‌ രൂപംകൊണ്ട `കൂരിരിളില്‍ പാത തെളിക്കും....' എന്ന ഗാനവും, `ഓരോ നാവും നിന്റെ നാമം വാഴ്‌ത്തും....' എന്ന ഗാനവും ഇതിന്‌ മകുടോദാഹരണങ്ങളാണ്‌.

കുര്‍ബാനസ്വീകരണ വേളയില്‍ ആലപിക്കാവുന്ന കെസ്റ്റര്‍ ആലപിച്ച `ഈശോ എന്നെ സ്‌നേഹിക്കുന്നു....' എന്ന ഗാനവും, വചനശുശ്രൂഷകള്‍ക്കുമുമ്പായി ആലപിക്കാവുന്ന പിറവം വില്‍സണ്‍ പാടിയ `കാതുകള്‍ തുറക്കാം....വചനം ഗ്രഹിച്ചിടാം...' എന്ന ഗാനവും, ക്രിസ്‌മസ്‌ ഗാനവും, കേട്ടാലും കേട്ടാലും മതിവരാത്ത `ഇത്രയേറെ നന്മയെനിക്കേകാന്‍ അത്രയെന്നെ സ്‌നേഹിക്കുന്നു.....' എന്ന ഗാനവും `ദയ'യെ ഈവര്‍ഷത്തെ ഏറ്റവും നല്ല ഭക്തിഗാന ആല്‍ബം എന്ന്‌ വിധിയെഴുതിയാല്‍ അത്ഭുതപ്പെടാനില്ല.

ഈസ്റ്റ്‌മില്‍സ്റ്റോണ്‍ ദേവാലയത്തിലെ ഗായകസംഘത്തിന്റെ അര്‍പ്പണ മനോഭാവവും, അശ്രാന്തപരിശ്രമവുമാണ്‌ `ദയ' ആല്‍ബത്തിന്‌ പിന്നിലെ രഹസ്യം. തങ്ങളുടെ ഈ ആദ്യസംരംഭം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന്‌ കരുതുന്നതായി സംഘാടകര്‍ അറിയിച്ചു.

ആര്‍ദ്രമനസ്സുകളെ തൊട്ടുണര്‍ത്തുന്ന ആല്‍ബത്തിലെ 12 ഗാനങ്ങളും, ദുഖത്തില്‍ സാന്ത്വനമായി, നിരാശയില്‍ പ്രത്യാശയായി, കൂരിരുളില്‍ വെളിച്ചമായി, ഏകാന്തതയില്‍ കൂട്ടായി, വരണ്ടമനസ്സുകളില്‍ തെളിനീരായി, പൂവുകളെ തഴുകിയെത്തുന്ന പൂന്തെന്നലായി നമ്മുടെ ഓരോരുത്തരുടേയും ചുണ്ടുകളില്‍ തത്തിക്കളിക്കുമെന്ന്‌ നിസ്സംശയം പറയാം.

കൂടുതല്‍ വിവരങ്ങള്‍ക്കും സിഡി ഓര്‍ഡര്‍ ചെയ്യുന്നതിനും സമീപിക്കുക: ഫാ. തോമസ്‌ കടുകപ്പള്ളില്‍ (വികാരി) 908 837 9484, 732 470 4647, ട്രസ്റ്റിമാരായ അജിത്‌ ചിറയില്‍ (609 532 4007), സിറിയക്‌ ആന്റണി (908 531 9002). സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം `ദയ' ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം പുറത്തിറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക