Image

നേപ്പാളിന്റെ ആത്മാവ് തേടി ഒരു യാത്ര (മിനി വിശ്വനാഥന്‍)

Published on 01 December, 2019
നേപ്പാളിന്റെ ആത്മാവ് തേടി ഒരു യാത്ര (മിനി വിശ്വനാഥന്‍)
"ഞാനിത്തവണ വെക്കേഷന് ശ്രീലങ്കയിലേക്കാണ് " ആര്‍ക്കോ കാര്യമായി മെസേജ് അയക്കുകയാണ് വിശ്വേട്ടന്‍. അതിന് പ്രതികരണമായി ഇമോജികള്‍ വീഴുന്ന ബഹളം എന്റെ ഫോണിന്റെ നിശ്ചലതയെയും ബാധിച്ചപ്പോള്‍ ഞാനൊന്ന് ഫോണിലേക്ക് പാളി നോക്കി. മൂപ്പര്‍ ഞാനും അനിയനും ഭാര്യയുമടങ്ങുന്ന ചെറുഗ്രൂപ്പിലേക്കാണ് വെക്കേഷന്‍ പ്ലാനുകള്‍ തള്ളിവിടുന്നത്. ഞാനറിഞ്ഞത് പോലുമല്ല ഒന്നും . പണ്ടെപ്പോഴോ ശ്രീലങ്കയിലെ കൂട്ടുകാര്‍ നാടുകാണാന്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നു എന്നല്ലാതെ പുതിയതായി ഒരു പ്ലാനും കഴിഞ്ഞ നിമിഷം വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. എനിക്ക് പ്രിയപ്പെട്ട ശാന്തിയുടെയും ലീലയുടെയും നാടുകൂടിയാണത്. അതു കൊണ്ട് തന്നെ ലങ്ക കാണണമെന്ന് ആഗ്രഹമില്ലാതെയല്ല. പക്ഷേ ഞാനറിയാതെ ഒരു യാത്രാ തീരുമാനം ശരിയല്ലല്ലോ, മാത്രമല്ല ബാലിദ്വീപ് കാണണമെന്ന എന്റെ ആഗ്രഹത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്താനും. ദുബായില്‍ നിന്ന് തിരിച്ചു പോവുന്നതിന് മുമ്പ് കണ്ടു തീര്‍ക്കണമെന്ന് കരുതിയ സ്ഥലങ്ങളിലൊന്നാണത്. കൂടുതലൊന്നുമാലോചിക്കാതെ "ഞാന്‍ ഈ വെക്കേഷന്‍ ബാലിദ്വീപിലേക്കാണ് " എന്ന്  ഞാനും ആ ഗ്രൂപ്പിലേക്ക് ഒരു തള്ള് തള്ളി. "ഏടത്തിയമ്മ റോക്‌സ് " എന്ന് വിനീത മെസേജ് ഇട്ടപ്പോള്‍ "നിങ്ങള്‍ വരുന്നോ " എന്ന വിശ്വേട്ടന്റെ മറു ചോദ്യത്തില്‍ ഞാന്‍ ഞെട്ടി...

ഒരു വെക്കേഷന്‍ പ്ലാന്‍ അവര്‍ക്കുമുണ്ടെന്ന് പ്രസാദ് പറഞ്ഞപ്പോള്‍ തമാശക്ക് തുടങ്ങിയ ചാറ്റ് സീരിയസായി.

ഞങ്ങളുടെ മുന്നിലൂടെ കാണാത്ത നാടുകളിലെ കാഴ്ചാ വൈചിത്ര്യങ്ങളും സ്ഥലപുരാണങ്ങളും കടന്നു പോയി.. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്ക എന്ന പ്ലാന്‍  ആദ്യം തന്നെ പുറത്തായി. ശ്രീലങ്ക അടുത്ത തവണയെന്ന ശുഭപ്രതീക്ഷയോടെ മറ്റൊരു സ്ഥലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കത്തിജ്വലിക്കുന്ന ഹിമാലയത്തിന്റെ പ്രൊഫൈല്‍ ചിത്രവുമായി എന്റെ സുഖാന്വേഷണമന്വേഷിച്ചു കൊണ്ടുള്ള സരിത രാമനാഥന്റെ വാട്‌സാപ്പ് ചാറ്റ് മുന്നിലെത്തുന്നത്.

"എനിക്ക് ഹിമാലയം കാണണം," ഞാന്‍ അലറി... കൂട്ടത്തില്‍ വിനിതയും കൂടി "എനിക്കും കാണണം ഹിമാലയം"
ഞങ്ങളുടെ ബഹളം തൊട്ടടുത്ത ചാറ്റ് ബോക്‌സിലെ സരിത പോലും കേട്ടെന്ന് തോന്നുന്നു.

ഹിമാലയത്തില്‍ രണ്ട് സെന്റ് സ്ഥലം വാങ്ങണമെന്ന പ്ലാനോടെ ജീവിക്കുന്ന സരിത ഉടന്‍ തന്നെ  ഒരു പരിഹാരം പറഞ്ഞു. "നിങ്ങള്‍ യാത്ര നേപ്പാളിലേക്ക് പ്ലാന്‍ ചെയ്യു. ട്രെക്കിങ്ങിന് പോവാനായി ഞങ്ങള്‍ നേപ്പാള്‍ തിരഞ്ഞെടുക്കാറുണ്ട്." അത് കേട്ട ഉടനെ സരിതയെയും കൂടി ഞങ്ങളാവാട്‌സാപ്പ് ചാറ്റ്  ഗ്രൂപ്പിലേക്ക് കേറ്റി. സരിതയുടെ സഹായത്തോടെ നേപ്പാള്‍ യാത്ര ഉറപ്പിച്ചു. കാണേണ്ട സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയായി. അവള്‍ പരിചയപ്പെടുത്തിത്തന്ന ട്രെക്കിങ്ങ് ഗൈഡുമായി സംസാരിച്ച് സ്ഥലങ്ങളും കാഴ്ചകളും തീരുമാനിച്ചു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ പ്ലാന്‍ ശ്രീക്കുട്ടികളോട് പറഞ്ഞപ്പോള്‍ ശ്രീപൂര്‍ണ്ണയ്ക്കും  വരണം നേപ്പാളിലേക്ക്; ഇളയവളായ ശ്രീപൂജ ക്ലാസ് കളയാന്‍ തയ്യാറല്ല, അവള്‍ക്ക് 'നീലപ്പാപ്പാത്തി'കളുടെ പബ്ലിഷിങ്ങിന് നാട്ടിലേക്ക് വരാന്‍ ലീവ് വേണമത്രെ..അടുത്തൊരു യാത്രയില്‍ അവര്‍ക്കും കൂടെ ചേരാം എന്ന പ്ലാനില്‍ അവളും ഹാപ്പിയായി.

അങ്ങിനെ ബാംഗ്ലൂരില്‍ നിന്ന് അവരും ദുബായില്‍ നിന്ന് ഞങ്ങളും നേപ്പാളിലേക്ക് യാത്ര പോവാന്‍ തീരുമാനമായി.

പുറം രാജ്യത്തേക്കു പോവുമ്പോഴുള്ള ആദ്യ കടമ്പയായ വിസ ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ സന്ദര്‍ശിക്കാന്‍  ആവശ്യമില്ല. അത്യാവശ്യ വിനിമയത്തിന് അഞ്ഞൂറ് രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സികളും ഉപയോഗിക്കാമെന്നത് മറ്റൊരു സൗകര്യം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് നേപ്പാളില്‍ വിനിമയം സാദ്ധ്യമാണെങ്കിലും നമുക്ക് നഷ്ടമാണെന്ന് ഗൈഡ് മുന്നേക്കൂട്ടി പറഞ്ഞിരുന്നു.

ഹിമാലയം ,കഞ്ചന്‍ ജംഗ മുതലായ പര്‍വ്വതങ്ങളിലേക്ക് ട്രെക്കിങ്ങിന് ഇവിടെ നിന്ന്  സൗകര്യമുള്ളത് കൊണ്ട് സാഹസ സഞ്ചാരികളുടെ പറുദീസയാണിവിടം. ദുബായിലെ വെക്കേഷന്‍ സമയമായ ജൂണ്‍ ജൂലായി മാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവിടെ ഓഫ് സീസണ്‍ കാലമാണ്. ചന്നം പിന്നം പെയ്യുന്ന മണ്‍സൂണ്‍ കാഴ്ചക്കാരായ സഞ്ചാരികളെ ബുദ്ധിമുട്ടിക്കാറില്ലെന്ന് വിശ്വേട്ടന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികള്‍ ഉറപ്പ് പറഞ്ഞു.

യോദ്ധാ എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായ നാടാണ് നേപ്പാളും ,പൊഖ്‌റയുമൊക്കെ... "ഇവിടത്തെ ഫോറസ്റ്റു മുഴുവന്‍ കാടാണല്ലോ " എന്ന പ്രസിദ്ധമായ ഡയലോഗ് അവിടത്തെ ഭൂപ്രകൃതിയുടെ ഒരു ചെറു ചിത്രം നമുക്ക് നല്‍കുന്നുണ്ട്.

നാലു ദിവസമെന്ന സമയപരിധിക്കുള്ളില്‍ പൊഖ്‌റ കണ്ടു തീര്‍ക്കാനാവില്ലെന്ന് ഗൈഡ് പറഞ്ഞിരുന്നു. മാത്രമല്ല ഇന്ത്യയില്‍ നിന്ന് കാശി വഴി പൊഖ്‌റയിലേക്കുള്ള യാത്ര എളുപ്പവുമാണ്. അടുത്ത ട്രിപ്പ് അതാവാമെന്ന് ഞാനും വിനിതയും മനസ്സില്‍ ഉറപ്പിച്ചു.

രുദ്രാക്ഷങ്ങള്‍ക്കും, കടും നിറമുള്ള കമ്പിളിക്കുപ്പായങ്ങള്‍ക്കും ,ഗൂര്‍ഖാ കത്തികള്‍ക്കും ,ബുദ്ധ വിഹാരങ്ങള്‍ക്കും പ്രശസ്തമായ നേപ്പാളിന്റെ ആത്മാവ് തേടി ഞങ്ങള്‍ യാത്ര തുടങ്ങി.ബുദ്ധവിഹാരങ്ങള്‍ക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും സമാനപ്രൗഢിയോടെ അവിടെ തലയുയര്‍ത്തി നിന്നു.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്താല്‍ തളര്‍ന്ന് പോയ ഒരു ജനതയാണത്.
ചരിത്രാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത്  സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് അവര്‍.
ബുദ്ധവിഹാരങ്ങള്‍ക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും സമാനപ്രൗഢിയോടെ അവിടെ തലയുയര്‍ത്തി നിന്നു.
ജീവിക്കുന്ന ദേവിയെന്ന് വിശ്വസിക്കുന്ന 'കുമാരി' യുടെ ദര്‍ശന പുണ്യം അവര്‍ സന്ദര്‍ശകര്‍ക്ക് പങ്ക് വെച്ചു.

ഞങ്ങള്‍ക്ക് അവിസ്മരണീയമായ ആ യാത്ര ഓര്‍മ്മകള്‍ ഞാനിവിടെ നിങ്ങളുമായും പങ്ക് വെക്കാം......



നേപ്പാളിന്റെ ആത്മാവ് തേടി ഒരു യാത്ര (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക