Image

അരൂപികളുടെ ആഗസ്ത്യാര്‍കൂടം (കഥ: ബിന്ദു പുഷ്പന്‍)

Published on 04 December, 2019
അരൂപികളുടെ ആഗസ്ത്യാര്‍കൂടം (കഥ:  ബിന്ദു പുഷ്പന്‍)
ചോലമരങ്ങള്‍ക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റിന് പതിവിലും തീവ്രത കൂടുതലായിരുന്നു. വന്യജീവികള്‍ വിഹരിക്കുന്ന, പേരറിയാത്ത മരങ്ങള്‍ തിങ്ങിനിറഞ്ഞ ആ നിബിഡവനത്തിലൂടെ അവള്‍ നടന്നു...

എങ്ങും..കുറ്റാകൂരിരുട്ട്!

കാടിന്‍െറ നിശബ്ദതയെ ഭേദിക്കാനെന്നോണം കടവവ്വാലുകള്‍ അവള്‍ക്ക് മീതെ ചിറകടിച്ചു പറന്നു. പ്രകൃതിയൊരു ഗൂഢമന്ദസ്മിതം പൊഴിച്ചുകൊണ്ട് അവള്‍ക്കു ചുറ്റുമൊരു നീളന്‍ കരിമ്പടം പുതച്ചുകൊണ്ട് നീണ്ടുനിവര്‍ന്നങ്ങനെ കിടന്നു. അവളൊരു അദൃശ്യവലയത്തിനുള്ളിലായിരുന്നു..പതിയെ അവിടെയാകെ പാലപ്പൂമണം പരന്നൊഴുകി..
   
ഗസ്റ്റ്‌ഹൌസിനു പിന്നിലെ പാലമരത്തില്‍ നിന്ന് താഴേക്കിറങ്ങി വന്നൊരു പ്രകാശകിരണം അവളെ മുന്നോട്ട് നയിക്കുകയാണ്.. മുന്നോട്ടുള്ള അവളുടെ ഓരോ ചുവടുവെയ്പ്പും ആ പ്രകാശവലയത്തിനൊപ്പമാണ്. നിഗൂഢതയ്ക്ക് വേദിയൊരുക്കിയ രാവൊരു പടക്കുതിരയെപ്പോലെ അവസാന യാമങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു..ആ ഘോരവനത്തിനുള്ളില്‍ നിഴലും വെളിച്ചവും ഇഴചേര്‍ന്ന് ഒളിച്ചുകളി നടത്തി.

പെട്ടെന്ന്, എവിടെനിന്നോ.. ഒരു ശംഖൊലി മുഴങ്ങി.

ഏതോ, ഭീകരകൃത്യത്തിന് സാക്ഷ്യംവഹിക്കാനായി പ്രകൃതിപോലും ശ്വാസമടക്കിപ്പിടിച്ചു നിന്നു. കാടിനു ചുറ്റും ഇരുള്‍ മൂടിക്കെട്ടികൊണ്ടു നിലാവ് കാര്‍മേഘകൂട്ടത്തിലൊളിച്ചു.കടവവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടുകളുടെ അസഹ്യമായ ഭീകരശബ്ദവും കുന്നിറങ്ങിവന്ന തണുത്ത കാറ്റിനൊപ്പം കാടിനുള്ളില്‍ പ്രതിധ്വനിച്ചു.

ആ പ്രകാശവലയത്തിനു തൊട്ടുപിന്നാലെ നടന്നവള്‍ ഒരു കൂറ്റന്‍ ആല്‍മരചുവട്ടിലെത്തി. അതിനുചുറ്റും രണ്ടുതവണ ഭ്രമണം ചെയ്തു താഴെയെന്തോ തിരയാന്‍ തുടങ്ങി. ഞൊടിയിടയില്‍ നാഗങ്ങളെപ്പോലെ ചുറ്റി പിണഞ്ഞു കിടന്നിരുന്ന വലിയ വേരുകളില്‍ തട്ടിയവള്‍ മുഖമടിച്ചു താഴേക്ക് പതിച്ചു, ഒരു വലിയ ശബ്ദത്തോടെ.. ആ വീഴ്ച്ചയുടെ ആഘാതത്തിലും കൂരിരുട്ടിലവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി. കാനന കാഴ്ച്ചകളൊക്കെ പകല്‍പോലെ വ്യക്തമായിരുന്നു. വീഴ്ച്ചയിലവള്‍ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിരുന്നില്ല. പെട്ടെന്ന്, അവളുടെ കയ്യിലെന്തോ തടഞ്ഞു. അത് കണ്ടവളുടെ മുഖം ആ കൂരിരുട്ടിലും ചെന്താമരപ്പൂപോലെ വിടര്‍ന്നു. തേടിയെത്തിയ നിധി കാലില്‍ ചുറ്റിയിരിക്കുന്നു.

ഒന്നും സംഭവിക്കാത്തതുപോലെയവള്‍ മെല്ലെ കൈകുത്തി ആല്‍മരച്ചുവട്ടില്‍ ചാരിയെഴുന്നേറ്റിരുന്നു. നല്ല ഭാരമുണ്ടായിരുന്നതിന്! വളരെ സൂക്ഷ്മതയോടെ അതെടുത്തവള്‍ മടിയില്‍വെച്ചു. അതീവ ശ്രദ്ധയോടെ ഇരുകൈകള്‍കൊണ്ടും അവളതിന്മേല്‍ മെല്ലെ പരതിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടായിരുന്നതിന്. ഒന്നില്‍നിന്നും രണ്ടായി വേര്‍പെട്ടു പോയിരുന്നത്!. പഴമയുടെ ഗന്ധം അതിനെ വലംവെച്ചു കൊണ്ടിരുന്നു. രണ്ടില്‍നിന്നും ഒന്നിലേക്കൊരു രൂപമാറ്റം സംഭവ്യമോ? അവളാലോചിച്ചു.. ഒത്തുചേര്‍ന്നാല് ലക്ഷണമൊത്തത്. അല്ലെങ്കിലോ..? പല കോണുകളില്‍ നിന്നവള്‍ അതൊത്തുനോക്കി. നാഴികകള്‍ വിനാഴികകളായി പതിയെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. നിയോഗിക്കപ്പെട്ട കര്‍മ്മത്തിന് ഹേതുവായി മാറിക്കഴിഞ്ഞിരുന്നവള്‍.

ദിവ്യപ്രകാശം വീണ്ടുമവള്‍ക്ക് വഴികാട്ടിയായി.. ഇരുകൈകളിലും അതെടുത്ത് മാറോടക്കിപ്പിടിച്ചവള്‍ വളരെ സൂക്ഷ്മതയോടെ ഓരോ ചുവടും മുന്നോട്ട് വെച്ചു നടന്നു. പരിസരത്തെക്കുറിച്ചോ സ്ഥലകാലങ്ങളെക്കുറിച്ചോ ഒട്ടും ബോധവതിയായിരുന്നില്ലവള്‍. ആരോ.. പിന്നില്‍നിന്ന് ചരടുവലിക്കുന്നതിന് അനുസരിച്ചു ആടുന്നൊരു കളിപ്പാവയായി മാറിപ്പോയിരുന്നവള്‍..

ഈ അത്ഭുതകാഴ്ചകളൊക്കെ കണ്ട് വിസ്മയത്തോടെ പാതിരാപുള്ളുകള്‍ മിഴി തുറന്നിരുന്നു. പാലപ്പൂവിന്‍െറ മനംമയക്കുന്ന രൂക്ഷഗന്ധത്തിനൊപ്പം പ്രകാശകിരണമവളെ മുന്നോട്ട് നയിക്കുകയാണ്..

ഭീമാകാരന്മാരെപ്പോലെ വളര്‍ന്നു തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷശിഖരങ്ങള്‍ തമ്മിലുരഞ്ഞു മര്‍മ്മരങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. ആ ഇലയനക്കങ്ങളൊന്നും പതിമൂന്നുവയസ്സുകാരിയെ ഒട്ടും ഭയപെടുത്തിയില്ല. ഇടതുകൈയിലേന്തിയ ഭാരമുള്ള ആ അമൂല്യനിധിയുമായ് നടന്നവള്‍ യാന്ത്രികമായി പുഴയോരത്തെത്തി.

കണ്ണാടിപോലെ വെട്ടിത്തിളങ്ങുന്ന പുഴയിലെ കുഞ്ഞോളങ്ങളവളെ നോക്കി അലകളടക്കി സ്തംളഭിച്ചു നിന്നു. കുഞ്ഞുമല്‍സ്യങ്ങള്‍ ഭയന്ന് പുഴയുടെ അഗാധതയിലേക്ക് ഊളിയിട്ടുപോയി. എല്ലാത്തിനും സാക്ഷ്യം വഹിക്കാനായി ഇടയ്‌ക്കൊന്ന് ആലസ്യലാണ്ടുപോയ പൗര്‍ണമിനിലാവും പുത്തനുണര്‍വോടെ വാനില്‍ തെളിഞ്ഞു പൂഞ്ചിരിതൂകി നിന്നു. അതിന് കൂട്ടിനെത്തിയ കുഞ്ഞുനക്ഷത്രങ്ങള്‍ അരിമുല്ലപ്പൂക്കളായി വിടര്‍ന്നുല്ലസിച്ചുകൊണ്ടു ഭൂമിയിലേക്കുറ്റു നോക്കി. ഏതോ.. അത്ഭുതക്കാഴ്ച  കാണുംപോലെ..

അതിവേഗം അവളൊരു ശില്പിയായി മാറി. അവളുടെ ശില്പചാരുതയില് നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മിത്തുറന്ന് നോക്കി.

പുഴക്കരയിലെ നനഞ്ഞ ചെളിമണ്ണ് കൂട്ടിക്കുഴച്ചവള്‍ അതിവിദഗ്ദ്ധമായി രണ്ടില്‍നിന്നും ഒന്നിലേക്കൊരു രൂപമാറ്റം സൃഷ്ടിച്ചെടുത്തു. പെട്ടെന്ന്, അവളുടെ കൈയിലിരുന്ന നിധിക്ക് ചൈതന്യം ആര്‍ജ്ജിച്ചു. ഒരഭൗമ പ്രകാശം അതിനെ വലയം ചെയ്തുകൊണ്ടിരുന്നു.

കോടമഞ്ഞുറഞ്ഞു കിടന്നിരുന്ന പുഴയിലെ തണുത്ത വെള്ളത്തിലവള്‍ ഒരുള്‍ക്കുളിരോടെ മുങ്ങി നിവര്‍ന്നു. അവളുടെ ഓരോ പ്രവൃത്തികളും തികച്ചും യാന്ത്രികമായിരുന്നു.. ഓരോന്നും ആരോ.. പറഞ്ഞു ചെയ്യിക്കുന്നതുപോലെ..

മൗനത്തിന്‍െറ കല്പ്പാടവിലിരുന്ന് ഏകാന്തതയെ നോക്കി തേങ്ങിക്കരഞ്ഞിരുന്നവള്‍ ലക്ഷണമൊത്ത നിധിയുമായി വീണ്ടും യാത്ര തുടര്‍ന്നു.. നനഞ്ഞ കാല്‍വെയ്പുകളോടെ.. ചുവന്ന പട്ടുപാവാടയിലും  ബ്ലൗസിലും ജ്വലിക്കുന്ന സൗന്ദര്യമായിരുന്നവള്‍ക്ക്. നാഴികകള്‍ വിനാഴികളായി രഥങ്ങളിലേറി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.

ആ അദൃശ്യരൂപം വഴികാട്ടിയായി അവളെ നയിച്ചുകൊണ്ടേയിരുന്നു...

ഏത്രദൂരം നടന്നെന്നറിയില്ല.. വിജനമായ കാടുംതാണ്ടി, കുത്തനെയുള്ള മണ്‍പാതവഴി അവളൊരു മലയിലേക്കാണ് നടന്ന് കയറിയത്. മലദേവന്‍െറ വിഗ്രഹപാറയില്‍..!

വഴുക്കലുള്ള കുത്തനെയുള്ള പാറകളില്‍കൂടിയവള്‍ അനായസം നടന്നു കയറി. സാധാരണ പകല്‍വെളിച്ചത്തില്‍പ്പോലും ഒരു മനുഷ്യന്‍ കയറിപ്പോകാന് മടിക്കുന്ന സ്ഥലത്തേക്ക്. കോടമഞ്ഞിലും വീശിയടിക്കുന്ന തണുത്ത കാറ്റിലും അണയാതൊരു ദീപം മലമുകളില്‍ ജ്വലിച്ചു നിന്നു. അതിനുമുമ്പില്‍ ചെമ്പട്ടില് വാഴയിലയില്‍ പൊതിഞ്ഞൊരു ചുവന്ന പുഷ്പമാല ആരോ.. ഒരുക്കി വെച്ചിരുന്നു. കാറ്റിലൊഴുകിയെത്തിയ ശംഖൊലികള്‍ക്ക് ജീവന്‍ വെച്ചു. പുഷ്പവൃഷ്ടി ചെരിഞ്ഞുകൊണ്ട് വാനില്‍ പൗര്‍ണമിനിലാവ് മൃദുമന്ദസ്മിതം തൂകിനിന്നു.

അവളാ വിഗ്രഹത്തിന് മുമ്പില്‍ മുട്ടുകുത്തിനിന്ന് നമസ്കരിച്ചു. വര്‍ഷങ്ങളായി നഷ്ടപ്പെട്ടുപോയിരുന്ന ദിവ്യചെതന്യം ആ ആദിവാസി മലയാകെ പ്രഭചൊരിഞ്ഞു നിറഞ്ഞുനിന്നു.

മലദേവന്‍ അവളില്‍ പ്രസാദിച്ചു.

പിറ്റേന്ന്, ആ സന്തോഷവാര്‍ത്തയറിഞ്ഞു ആദിവാസി ഊര് ഒന്നാകെ ഞെട്ടിത്തരിച്ചു നിന്നു. ആദിവാസി മൂപ്പനായ ശീതങ്കന്‍ മൂപ്പന്‍ പകച്ചുപോയി. വര്‍ഷങ്ങളായി നഷ്ടപ്പെട്ടുപോയിരുന്ന മലദേവന്‍െറ വിഗ്രഹമാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഒരിക്കലൊരു പ്രകൃതി ദുരന്തത്തില്‍ നഷ്ടപ്പെട്ടു പോയതാണത്. ആരാണത് പുനഃസ്ഥാപിച്ചത്..?!
അദ്ദേഹം ചിന്താമഗ്‌നനായി.

അന്നവര്‍ക്ക് ഉത്സവമായിരുന്നു..

ആഘോഷത്തിമിര്‍പ്പില്‍ ആദിവാസി ഊര് ഒന്നാകെ കൊട്ടും, കുരവയും വാദ്യഘോഷങ്ങളുമായി മതിമറന്ന് ആടിപ്പാടി. സ്ത്രീകളും വൃദ്ധരും  മലദേവന് അര്‍ച്ചനയര്‍പ്പിച്ചു കണ്ണീരോടെ തൊഴുത് പ്രാര്‍ത്ഥിച്ചു. കാടിന്‍െറ അളവറ്റ സമ്പത്തു കാത്ത് പരിപാലിക്കാനും, ഇനിയൊരിക്കലും വിശപ്പിന്‍െറ വിളിയുമായ് ഒരു കാട്ടുമക്കളും കാടിറങ്ങി നാട്ടിലേക്കെത്താന്‍ വഴിയൊരുക്കരുതേയെന്നും..! പരദൈവങ്ങളോടവര്‍ മനമുരുകി കേണപേക്ഷിച്ചു. ഊര്കാക്കുന്ന മലദൈവങ്ങള്‍ അവരില്‍ പ്രസാദിച്ചുകൊണ്ട് എന്നുമവര്‍ക്ക് തുണയായി നിന്നു...

********************
മടക്കയാത്രയില്‍ സൗപര്‍ണ്ണിക വല്ലാതെ അസ്വസ്ഥയായിരുന്നു..
അച്ഛനമ്മമാരോടൊത്തവള്‍ കാറിന്‍െറ പിന്‍സീറ്റില് മയങ്ങി കിടന്നു.

ഗസ്റ്റ്‌ഹൌസ്സിന്‍െറ പൂമുഖത്തു രാവിലെ അബോധാവസ്ഥയില്‍ കിടന്ന മകളെ കേണല്‍ പ്രഭാകരവര്‍മ്മയാണ് ആദ്യം കണ്ടെത്തിയത്..! തങ്ങളോടൊപ്പം ഉറങ്ങാന്‍ കിടന്ന മോളെങ്ങനെ ഇവിടെയെത്തി? അയാള്‍ ആശ്ചര്യപെട്ടു. അതിലേറെ അമ്പരന്നു.
 
ഏകമകളെയുംകൊണ്ട് വര്‍മ്മ കയറിയിറങ്ങാത്ത അമ്പലങ്ങളും പള്ളികളുമില്ല. ഡോക്ടര്‍മാര്‍ മെഡിക്കല്‍ എത്തിക്‌സിന്‍െറ നൂലിഴകീറി പരിശ്രമിച്ചു. നിരാശയായിരുന്നു ഫലം! ഏതോ.. ഒരുള്‍വിളിപോലെയാണ് ഇവിടേക്കു വന്നത്. ജന്മനാ സംസാരിക്കാത്ത തന്‍െറ കുട്ടി സംസാരിച്ചിരിക്കുന്നു..!!

കേണലിന്‍െറ സന്തോഷത്തിന് അതിരില്ലായിരുന്നു..

അയാളുടെ ഭാര്യ ഉഷാറാണിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു.. നിരീശ്വരവാദിയാണവര്‍! എങ്ങനെ ആകാതിരിക്കും..? ആറ്റുനോറ്റിരുന്ന് ഉണ്ടായ പൊന്നുമകള്‍ മൂകയും ബധിരയും ആയിപ്പോയില്ലേ..?  ആ അമ്മമനം വെന്തുരുകുന്നത് കാണാന്‍ ദൈവങ്ങള്‍ക്ക് കഴിഞ്ഞോ..?

നീണ്ട പതിമൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പൊന്നുമോള്‍ ‘അച്ഛാന്നു’ വിളിച്ചു കേട്ടത്. ആ സന്തോഷത്തില്‍ മതിമറന്നിരുന്നയാള്‍. ഈ ലോകം  തന്നെ പിടിച്ചടക്കിയ സന്തോഷം ആ മുഖത്തുണ്ടായിരുന്നു... ആ ദമ്പതികള്‍ അതീവ സന്തുഷ്ടരായിരുന്നു.

പച്ചപ്പിന്‍െറ നേര്‍ത്ത രാശിയുള്ള പാറയില്‍ തട്ടി കോടമഞ്ഞ് കണ്ണീരൊഴുക്കി  വെയിലില്‍ വെട്ടിത്തിളങ്ങുന്നത് ഇടയ്ക്കിടെ മിന്നിമിന്നി കാണാം. കാറ്റില്‍ കോട നീങ്ങുമ്പോള്‍ ഇടയ്ക്കത് തെളിയുന്നു..

സൗപര്‍ണ്ണിക നേര്‍ത്ത മയക്കത്തില്‍ നിന്നുണരുമ്പോള്‍...

അങ്ങകലെ തലയുയര്‍ത്തി നില്‍ക്കുന്ന അഗസ്ത്യാര്‍കൂടം. ദൂരെ ദൂരെ മഞ്ഞുമലകള്‍ ആകാശത്തിലൂടെ തെന്നി നീങ്ങി അഗസ്ത്യമലയെ തൊട്ടു തഴുകി നൃത്തം ചവിട്ടുകയാണ്. മഞ്ഞുശകലങ്ങള്‍ അഗസ്ത്യമലയെ പൊതിഞ്ഞ് അവരുടെ ദൂരകാഴ്ചകളെ അദൃശ്യമാക്കി തുടങ്ങി.

“അച്ഛാ നമുക്കിനിയും വരണംട്ടോ..”

“വരാം മോളെ.. തീര്‍ച്ചയായും വരാം..”

അത് പറയുമ്പോള്‍ കേണലിന്‍െറയും ഉഷാറാണിയുടേയും കണ്ണുകളില്‍നിന്ന് സന്തോഷാശ്രുക്കള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു...

ശുഭം

---------------------

[NB: കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ.. മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല.

Copyright protected





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക