Image

പൊരുത്തപ്പെടല്‍ (കവിത: കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)

Published on 06 December, 2019
പൊരുത്തപ്പെടല്‍ (കവിത: കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)
ഹേയ്, അതൊന്നും
സാദ്ധ്യമാവില്ലെന്ന്
നമ്മളൊക്കെ ചിന്തിക്കും..

ഏത് മലവെള്ളവും
എന്റെ ഉമ്മറപ്പടി
കേറില്ലെന്നാവും
നമ്മുടെയൊക്കെ
അടിയുറച്ച വിശ്വാസം ..!
എന്നാല്‍ നിനച്ചിരിക്കാതെ
എത്തുന്ന ചില അപ്രതീക്ഷിതങ്ങള്‍
നമ്മെയൊക്കെ അമ്പരപ്പിക്കും.

പല അടുക്കളകളേയും
ചിലര്‍ അടക്കി ഭരിക്കാന്‍
എത്തുമ്പോള്‍, പലരുടേയും
ഭക്ഷണ രുചിക്ക്
അവര്‍ വിലങ്ങ് വെക്കുമ്പോള്‍ ..

അപ്പോഴൊക്കെ നമ്മുടെയൊക്കെ
അടുപ്പില്‍ വേവുന്ന
ഇറച്ചിമണത്തോട്
നമുക്ക്ആര്‍ത്തിയേറും

അതുപോലൊരിക്കല്‍
ഉമ്മറപ്പടിയും കടന്ന്
ഏറെ പ്രിയപ്പെട്ട പുഴ
മലയേയും കൊണ്ട്
കിടപ്പുമുറിയിലേക്ക്
അതിക്രമിച്ചു കടക്കുമ്പോള്‍

ആദ്യമൊക്കെ വല്ലാതെ
ഞ്ഞെട്ടും, പിന്നെ തളരും
കിടപ്പറയിലെ സുഖശയനം
മറന്ന് ക്യാമ്പുകള്‍തേടി അലയും..

നമ്മുടെയൊക്കെ ഭാഷയൊക്കെ
ഒന്ന് മാറ്റിപ്പിടിക്കാന്‍
ചില അരുളപ്പാടുകള്‍
വരുമ്പോളും നമ്മള്‍ ചിരിക്കും
" ഹോ. പിന്നെ അത് പുളിക്കും" എന്നാവും
നമ്മുടെയൊക്കെ
ആദ്യ പ്രതികരണങ്ങള്‍ ..

പിന്നെ അടുക്കള തേടി
ഇറച്ചിമണം പിടിച്ചെത്തുന്നവരെ
നമ്മള്‍ ഭീതിയോടെയാവും
ഓര്‍ക്കുക, ഇറച്ചിയെ പരമാവധി വര്‍ജ്ജിക്കാന്‍ നമ്മളും നോക്കും..
ഇത് ഒരു പൊരുത്തപ്പെടലിന്റെ രീതിയാണ്.

തുടര്‍ച്ചയായി കോലായ കടന്ന് കിടപ്പുമുറിയെ
ലാക്കാക്കി വരുന്ന
മലവെളളത്തേയും
പേടിയുടെ സ്വപ്നത്തില്‍
നമ്മളുള്‍പ്പെടുത്തും
ഇതും ഒരു പൊരുത്തപ്പെടലിന്റെ
ഗണത്തില്‍പ്പെടും..

ആള്‍ക്കൂട്ടങ്ങളുടെ
അഴിഞ്ഞാട്ടത്തില്‍
തെരുവുകളില്‍ പുളയുന്ന
ചാട്ടവാറുകളും നമ്മെ
ത്തന്നെ തേടിയെത്തുന്ന
നാളുകള്‍ നമ്മുടെയൊക്കെ
കിനാവുകളെ പ്പോലും
ഭേദിച്ച് ഭീകരസത്യമായി
നമുക്കു മുമ്പില്‍ നൃത്തമാടും..

ഒടുവിലതും പൊരുത്തപ്പെടലിന്റെ
പട്ടികയില്‍ മുന്‍ നിരയില്‍
സ്ഥാനം പിടിക്കും..

പിന്നെപ്പിന്നെ നമുക്കേറ്റവും
പ്രിയപ്പെട്ട ഭാഷയെ മാത്രം
കെട്ടിപ്പിടിച്ച് നടക്കുന്നതെന്തിനെന്ന്
ചിന്തിച്ച് ചിന്തിച്ച് നമ്മള്‍
മറ്റേതോ പൊതു ഭാഷയോടും ഭംഗിയായി
പൊരുത്തപ്പെട്ടുകൊണ്ടേയിരിക്കും......
അങ്ങിനെയങ്ങിനെ
നമ്മളൊക്കെ എത്ര
എളുപ്പത്തിലാവും
പൊരുത്തപ്പെടുകളെയെല്ലാം

സ്വീകരണമുറികളിലേക്ക്
ആനയിയിച്ചു കൊണ്ടേയിരിക്കുക..?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക