Image

നിഴലുകള്‍- (ഭാഗം: 5- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 07 December, 2019
നിഴലുകള്‍- (ഭാഗം: 5- ജോണ്‍ വേറ്റം)
സംഭവദിവസം ഉച്ചകഴിഞ്ഞ് പോലീസിനൊപ്പം തറവാട്ടിലെത്തി. ഇന്‍സ്‌പെക്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് അവിടെയുള്ള സ്ത്രീകളെ പരിശോധിച്ചു മൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചു. തറവാട്ടമ്മയും വേലക്കാരിയും പൂര്‍ണ്ണമായി സഹകരിച്ചു. ഓരോരുത്തരേയും മുറിയില്‍ വിളിച്ചിരുത്തിയിട്ടായിരുന്നു സംസാരം. എന്നാല്‍, മകള്‍ അടുത്തുവരാന്‍ മടിച്ചു. മറ്റൊരു മുറിക്കുള്ളിലിരുന്നു. അതിന്റെ കാരണം അമ്മയോട് ചോദിച്ചു. മകള്‍ക്ക് മാസമുറവന്നെന്നും, അതുകൊണ്ടാണ് മുന്നില്‍ വരാത്തതെന്നും അമ്മ പറഞ്ഞു. അപ്പോള്‍, എനിക്ക് ജിജ്ഞാസ ഉണ്ടായി. മകളോട് സംസാരിക്കണമെന്നു പറഞ്ഞിട്ടും അവള്‍ വന്നില്ല. അക്കാര്യം ഞാന്‍ ഇസ്‌പെക്റ്ററെ അറിയിച്ചു. അയാള്‍  കക്ഷിയുടെ അച്ഛനുമായി സംസാരിച്ചു. അച്ഛനും അമ്മയും നിര്‍ബന്ധിച്ചപ്പോള്‍, അവള്‍ വരാന്തയില്‍ വന്നുനിന്നു. എങ്കിലും, എന്റെ നിര്‍ദ്ദേശമനുസരിച്ചു രഹസ്യസംഭാഷണത്തിന് മുറിക്കുള്ളിലിരുന്നു. അവളുടെ മുഖം വിളറിയും  ഭയപ്പെട്ടതുപോലെയുമിരുന്നു. മൂന്ന് ദിവസം മുമ്പ് പോകാറില്ലെന്നും അവള്‍ പറഞ്ഞു. അതു സത്യമോ കളവോയെന്നു തിട്ടം വരുത്തുവാന്‍ അവളുടെ അടിവസ്ത്രം അഴിച്ചു കാണിക്കണമെന്നു പറഞ്ഞപ്പോള്‍ അവള്‍ കോപിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മുറിയില്‍നിന്നും ഇറങ്ങിപ്പോകുവാന്‍ എന്നോട് പറഞ്ഞു. അക്കാര്യവും ഞാന്‍ ഇസ്‌പെക്ടററ്റോടു പറഞ്ഞു.

യുവതി പ്രസവിച്ചുവെന്നും അത് മറച്ചുപിടിക്കാനാണ് ഞാന്‍ പറഞ്ഞത് അനുസരിക്കാത്തതെന്നും ഞാന്‍ സംശയിച്ചു.' ഇക്കാര്യം എന്തുകൊണ്ട് സത്യവാങ്മൂലത്തില്‍ ചേര്‍ത്തില്ല എന്ന് വര്‍ക്കിവക്കീല്‍ ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും ഒഴിവാക്കണമെന്നും' പോലീസ് ഉപദേശിച്ചുവെന്ന് സാക്ഷി പറഞ്ഞു. വര്‍ക്കിചോദ്യം തുടര്‍ന്നു. യുവതിക്ക് മാസമുറവന്നുവെന്ന് അവളും വീട്ടമ്മയും പറഞ്ഞതു ഡോക്ടര്‍ വിശ്വസിച്ചില്ല. പക്ഷേ, അവിശ്വസിക്കുകയും സംശയിക്കുകയും ചെയ്തു. എന്നാല്‍, ആ യാഥാര്‍ത്ഥ്യം സത്യവാങ്ങ്മൂലത്തില്‍ ചേര്‍ത്തില്ല. കാണാത്തത് കണ്ടെന്നും കേള്‍ക്കാത്തത് കേട്ടെന്നും കല്‍പിച്ചതുപോലെ, സത്യവിരുദ്ധമായൊരു കാര്യമാണ് സാക്ഷ്യപ്പെടുത്തിയത്. അങ്ങനെ ചെയ്താല്‍ ആരെങ്കിലും ഉപദേശിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് രംഗനാഥക്കുറുപ്പ് ജഡ്ജിയെ നോക്കിക്കൊണ്ട് വാദിച്ചു:

ഇപ്പോള്‍ പ്രതിഭാഗം ഉന്നയിച്ചതെല്ലാം വെറും അതിശയോക്തിയാണ്. മാസമുറയാണെന്ന് കക്ഷി പറഞ്ഞതും, അടിവസ്ത്രം അഴിക്കാന്‍ വിസമ്മതിച്ചതും, കുടുംബത്തിലുള്ളവര്‍ കൂടിയാലോചിച്ചു തീരുമാനിച്ചപ്രകാരമെന്നുകരുതണം. കുളത്തില്‍ നിന്നും കിട്ടിയ ശിശുവിന് ഒരു ദിവസം പ്രായമുണ്ടെന്നും പ്രസവത്തോടെ മരിച്ചതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതുകൊണ്ട് നട്ടുവളര്‍ത്തിയതും വെട്ടിനീക്കിയതും ഒരിടത്ത് തന്നെയെന്ന് കരുതണം.' അത്രയും കേട്ടുകഴിഞ്ഞപ്പോള്‍ വര്‍ക്കിവക്കീല്‍ ശാന്തമായി ജഡ്ജിയോട് ഇങ്ങനെ പറഞ്ഞു: സത്യം പറഞ്ഞ, നിര്‍ദ്ദോഷിയായ ഒരു യുവതിയെ സംശയിക്കുകയും കുറ്റവാളിയാണെന്ന് ആരോപിക്കയും ചെയ്തിരിക്കുന്നു. അതൊരു വഞ്ചനയാണ്. സ്ത്രീ പ്രസവിച്ചുവെന്ന് കരുതുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിട്ടുള്ളത്. എന്തുകൊണ്ട് അങ്ങനെ നിശ്ചയിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. ഇവയാണ് ഈ കേസിലെ പ്രധാനപ്രശ്‌നവിഷയം. ഇതിന്റെ പിന്നിലുള്ളത് ദുരുദ്ദേശമാണ്. പ്രതികാരമാണ്. യുവതി പ്രസവിച്ചുവെന്നും കുളത്തില്‍ കിടന്ന കുഞ്ഞ്  തൊണ്ടി മുതലാണെന്നും ആരും തെളിയിച്ചിട്ടില്ല. തെളിയിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഇതൊരു കള്ളക്കേസാണ് അത് തെളിയിക്കുവാന്‍ ബഹുമാനപ്പെട്ട കോടതി അനുവദിക്കണം' വിചാരണ തുടരുവാന്‍ ജഡ്ജി അനുവദിച്ചു.

വര്‍ക്കി വാദം തുടര്‍ന്നു. കക്ഷിയോട് സംസാരിച്ചപ്പോള്‍, അവള്‍ ഏത് നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നുവെന്നു ഓര്‍ക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് ചുവന്ന പൂക്കളുള്ള നീലപ്പാവാടയും മഞ്ഞനിറമുള്ള ബ്ലൗസും ധരിച്ചിരുന്നുവെന്ന് ഡാക്ടര്‍ ഉത്തരം നല്‍കി. കക്ഷി അനുസരിക്കുന്നില്ലെന്നും ധിക്കരിച്ചുവെന്നും പറഞ്ഞപ്പോള്‍ പോലീസ് ഇന്‍സ്‌പെക്റ്റര്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന്' എങ്ങനെയെങ്കിലും സംഗതി അറിയണമെന്ന് നിര്‍ദ്ദേശിച്ചുവെന്നായിരുന്നുമൊഴി. സംഗതിയെന്നു സൂചിപ്പിച്ചത് കക്ഷി പ്രസവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്തുകയെന്നതല്ലെ യെന്നു ചോദിച്ചപ്പോഴും അതെയെന്ന് പറഞ്ഞു. ഇന്‍സ്‌പെക്ടറുടെ ഉപേേദശപ്പെട്ടപ്പോള്‍, ചിത്തവൈവശ്യത്തോടെ സാക്ഷി ഇങ്ങനെ പറഞ്ഞു: ഞാന്‍ വീണ്ടും അവളുടെ അടുത്ത് ചെന്നു. ഒരു ഡോക്ടറെ അടിവസ്ത്രം അഴിച്ചുകാണിക്കുന്നതിന് നാണിക്കേണ്ടെന്നും, അഴിച്ചുകാണേണ്ടത് ഒരാവശ്യവുമാണെന്നും, അനുസരിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യിച്ചു പരിശോധിക്കുമെന്നും പറഞ്ഞു. അപ്പോള്‍ അവള്‍ എന്റെ കരണത്തടിച്ചു; പുറത്തേക്ക് തള്ളി.' ഇക്കാര്യം ഇന്‍സ്‌പെക്ടറെ അറിയിച്ചുവോ എന്ന ചോദ്യത്തിന് അടികൊണ്ട വിവരം പറയാന്‍ അഭിമാനം അനുവദിച്ചില്ലെന്നും, ഞാന്‍ മുഖാന്തിരെ അവള്‍ അറസ്റ്റ് ചെയ്യപ്പെടരുതെന്ന് വിചാരിച്ചുവെന്നും മൊഴിഞ്ഞു. കോടതി മുമ്പാകെ സത്യമേ പറയൂ എന്ന് സത്യം ചെയ്തിട്ടാണ് ഡാക്ടര്‍ മൊഴിനല്‍കുന്നതെന്ന് ഓര്‍മ്മപ്പെടുത്തി, വര്‍ക്കി തുടര്‍ന്നു. പ്രസവിച്ചിട്ടുണ്ടോയെന്ന് അവളോട് തന്നെ ചോദിച്ചുവോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു മറുപടി. കക്ഷി പ്രസവിച്ചുവോ ഇല്ലയോ എന്ന് അറിയുന്നതിനു വേണ്ടിയാണ് അടിവസ്ത്രം അഴിക്കേണ്ടതെന്നും അവളോട് പറഞ്ഞില്ലെ' എന്ന ചോദ്യത്തിനും 'പറഞ്ഞില്ല' എന്നായിരുന്നു ഉത്തരം. യുവതി കരണത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് മൊഴി നല്‍കി. എന്നാല്‍, കരണത്തടിക്കുന്നതുമുമ്പായി അവളെ കോപിപ്പിക്കാന്‍ ഡാക്ടര്‍ എന്തെങ്കിലും ചെയ്തതായി ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, സാക്ഷി കുഴങ്ങി. നിശ്ശബ്ദയായി നിന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, മടിപ്പോടെ വ്യക്തമാക്കി: 'ഏറെ നിര്‍ബന്ധിച്ചിട്ടും അവള്‍ അനുസരിച്ചില്ല. എന്റെ ക്ഷമകെട്ടു. ദേഷ്യം വന്നു. ഞാനവളുടെ പാവാട ഉയര്‍ത്തി. അടിവസ്ത്രം അഴിക്കാന്‍ ശ്രമിച്ചു'. പെട്ടെന്ന് വര്‍ക്കി ചോദിച്ചു: അപ്പോള്‍ അവള്‍ അടിച്ചു. അങ്ങനെയാണോ സംഭവിച്ചത്? സാക്ഷി സ്തംഭിച്ചുനിന്നു. ഒരു സ്ത്രീയുടെ സമ്മതം കൂടാതെ, അവളുടെ അടിവസ്ത്രം അഴിക്കാനുള്ള അധികാരമോ അവകാശമോ ഡാക്ടര്‍ക്കുണ്ടോ?  വസ്ത്രാക്ഷേപം നടത്താനല്ലെ ശ്രമിച്ചത്? ഈ സംഭവവും, അവളോടുള്ള വെറുപ്പും, വിദ്വേഷവും, യഥാര്‍ത്ഥസംഭവവും മറച്ചുകൊണ്ട്, കക്ഷി പ്രസവിച്ചുവെന്ന് വരുത്തിവയ്ക്കാന്‍ ശ്രമിച്ചു. ഇങ്ങനെ ചെയ്യുന്നതിന് മാര്‍ഗ്ഗദര്‍ശനം ലഭിച്ചി്ടുണ്ടെന്നു സമ്മതിക്കാമോ എ്ന്ന് ചോദിച്ചപ്പോഴും ഡോക്ടര്‍ പറയാതെ പരുങ്ങിനിന്നു. അതു കണ്ട് രംഗനാഥക്കുറുപ്പ് എഴുന്നേറ്റു. ജഡ്ജിയെ നോക്കി വാദിച്ചു.

"ക്രിമിനലന്യായം നടത്തുന്ന ഒരു അഭിഭാഷകനെന്ന നിലയില്‍ ബഹുമാനപ്പെട്ട കോടതിമുമ്പാകെ വസ്തുനിഷ്ഠമായൊരു കാര്യം ബോധിപ്പിക്കുവാനുണ്ട്. ഈ കേസിലെ മുഖ്യസാക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്തയും നിയമാനുസൃതമായി അന്വേഷണത്തിന് ചുമതലപ്പെട്ട ഡാക്ടറുമാണ്. ഒരു തറവാട്ടുകുളത്തില്‍ ചത്തുകിടന്ന ഒരു ശിശുവാണ് അന്വേഷണത്തിന്റെ ആധാരം. സംശയിക്കപ്പെട്ട സ്ത്രീക്ക് രക്തസ്രാവം ഉണ്ടെന്ന് അവള്‍ സമ്മതിച്ചിട്ടുമുണ്ട്. അത് പ്രസവത്തോടെ ഉണ്ടായ സ്രവണമോ അല്ലയോ എന്ന് തിട്ടപ്പെടുത്താനുള്ള ഒരു പ്രാഥമിക അന്വേഷണത്തിനായിരുന്നു സാക്ഷിയുടെ നീക്കം. ഉത്തരവാദിത്തമുള്ള ഒരു പോലീസ് ഓഫീസറുടെ സഹകരണത്തോടെയാണ് അതു ചെയ്തത്. അതൊരു കയ്യേറ്റമോ മാനഭംഗപ്പെടുത്താനുള്ള ഉദ്യമമോ അല്ലായിരുന്നു. പിന്നെയോ, നീതിനിഷ്ഠവും നിയമപരവുമായോ നടപടിയായിരുന്നു. അതിനെ വസ്ത്രാക്ഷേപശ്രമമെന്നു പറഞ്ഞു പറന്നകലാന്‍ ശ്രമിക്കയാണ് പ്രതിഭാഗം. അന്വേഷണത്തിനു ചെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ചതും, ദേഹോപദ്രവമേല്‍പിച്ചതും, തന്ത്രപൂര്‍വ്വം മറച്ചുവച്ചിരിക്കുന്നു. പ്രസ്തുത കയ്യേറ്റം പോലീസിനെ അറിയിച്ചിരുന്നുവെങ്കില്‍, തത്സമയത്ത് തന്നെ കക്ഷിയെ കസ്‌റ്റെഡിയില്‍ എടുക്കുമായിരുന്നു. അപ്രകാരം പരാതിപ്പെടാഞ്ഞതുതന്നെ, കക്ഷിയെ ദ്രോഹിക്കരുതെന്ന സദ്മനോഭാവം സാക്ഷിക്കുണ്ടെന്ന് തെളയിക്കുന്നു. സംശയം സംബന്ധിച്ച പ്രത്യയശാസ്ത്രം പഠിപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ വേറൊരു വിരോധാഭാസം. കള്ളന്മാരും കള്ളികളും ചേര്‍ന്നുള്ള നാടകമാണ് ഇവിടെ അരങ്ങേറിയത്. കുളത്തില്‍ ചത്തുകിടന്ന കുഞ്ഞ് ഈ കേസ്സിലെ തൊണ്ടിമുതലാണ്. അത്, കുളത്തില്‍ അവതരിച്ചതല്ല. ആകാശത്ത് നിന്നും പൊഴിഞ്ഞുവീണതുമല്ല. അതിനെ ഒരു ദുഷ്ട സ്ത്രീ പെറ്റതാണ്. കൊന്നു കുളത്തിലെറിഞ്ഞതാണ്! അത് തെളിയിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും, ചോദ്യം ചെയ്യാന്‍ കക്ഷികളെ വിട്ടുകൊടുത്തില്ല. ചോദ്യം ചെയ്യാന്‍ പോലീസ് അനുവദിച്ചിരുന്നുവെങ്കില്‍, കുറ്റവാളികളെ കണ്ടെത്തുവാന്‍ ഇത്രത്തോളം പ്രയാസപ്പെടേണ്ടിവരുമായിരുന്നില്ല. അതിനാല്‍, തൊണ്ടിമുതലും, സാക്ഷിമൊഴിയും സാഹചര്യത്തെളിവും പരിഗണിച്ച്, ന്യായവിധി നടപ്പാക്കണമെന്ന് ബോധിപ്പിക്കുന്നു.'

(തുടരും....)

നിഴലുകള്‍- (ഭാഗം: 5- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക